Articles

ഏറ്റവും കൂടുതൽ കുട്ടിക്കുറ്റവാളികൾ കൂടുന്നത് വികസിത രാജ്യങ്ങളിൽ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളിൽ വർധിക്കുന്ന കുറ്റകൃത്യങ്ങളും കേരളത്തിന്റെ ബദലും

adolescence
അഞ്ജലി ഗംഗ

Published on Oct 09, 2025, 10:23 AM | 4 min read

നക്ഷത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച നാലുമുറി ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന ഒരു കുട്ടിക്ക്‌ എങ്ങനെയാണ് നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്യാനാവുക? സ്‌കൂളിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരിയെ ഏഴുതവണ കത്തി കുത്തിയിറക്കി കൊല്ലാൻ ആവുക? നെറ്റ്‌ഫ്ലിക്‌സിലൂടെ പുറത്തിറങ്ങിയ അഡോളസെൻസ് എന്ന ബ്രിട്ടീഷ്‌ സീരീസിൽ ചർച്ച ചെയ്ത പ്രമേയം ഇതാണ്. 13 എമ്മികൾ കരസ്ഥമാക്കിയ ഇ‍ൗ സീരിസ്‌, മെച്ചപ്പെട്ട സാമൂഹിക, സാംസ്കാരിക ചുറ്റുപാടിൽ വളരുന്ന കുഞ്ഞുങ്ങൾ പോലും അതിക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് എങ്ങനെ വഴുതിവീഴുന്നു എന്നാണ്‌ ചർച്ച ചെയ്യുന്നത്‌.


കൗമാരക്കാരുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങളും ഓൺലൈൻ ലോകത്തെ നി​ഗൂഢതകളും സ്ത്രീവിരുദ്ധതയുമെല്ലാം ആധുനിക കാലത്തെ സാഹചര്യങ്ങളോട്‌ താരതമ്യപ്പെടുത്തിയാണ്‌ അഡോളസെൻസ്‌ ചർച്ചയുടെ വാതിലുകൾ തുറന്നിടുന്നത്‌. 13കാരൻ നടത്തിയ കൊലപാതകത്തിന്‌ പിന്നിൽ സമൂഹമാധ്യമങ്ങളിലെ കളിയാക്കലുകളും ആൻഡ്രൂ ടേറ്റ്‌ എന്ന അമേരിക്കയിലെ സ്‌ത്രീവിരുദ്ധന്റെ ചിന്തകളും സ്വാധീനിച്ചിട്ടുണ്ടെന്ന്‌ സിരീസ്‌ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്ക്‌ തിരിച്ചറിയാനാകും. സിം​ഗിൾ ഷോട്ടിലുള്ള നാല് എപ്പിസോഡുകൾ എടുത്ത് ലോകപ്രസിദ്ധിയാർജിച്ച സീരീസ് ഇന്ത്യയിലും വർധിച്ച്‌ വരുന്ന കുട്ടികുറ്റവാളികളെപ്പറ്റി കാര്യമായി പഠിക്കേണ്ടതുണ്ടെന്നാണ്‌ ഓർമിപ്പിക്കുന്നത്‌.


ലോകത്ത് ഏറ്റവും കൂടുതൽ കുട്ടിക്കുറ്റവാളികൾ കൂടുന്നത് വികസിത രാജ്യങ്ങളിൽ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലേയും ജർമനിയിലേയും ഓസ്‌ട്രേലിയയിലേയും വർധനവ്‌ ക്രമാതീതമാവുകയാണ്‌. ഗ്യാങ്ങ്‌ വയലൻസിന്റെ സ്വാധീനവും ഓൺലൈൻ ലോകത്തെ തെറ്റായ പ്രവണതകളുമാണ്‌ ഈ അപകടകരമായ പ്രതിസന്ധിയ്ക്ക്‌ വഴിയൊരുക്കുന്നതെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു.

juvenile usa

അയർലൻഡിൽ, കുട്ടികൾ കുറ്റവാളികൾ ആകുന്ന കേസുകളിൽ 29.1 ശതമാനം വർധന ഉണ്ടായപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. കുഞ്ഞുങ്ങൾ ആക്രമവാസനയിലേക്ക്‌ പോകാതിരിക്കാനായി യൂത്ത്‌ ജസ്റ്റിസ്‌ സ്ട്രാജി പോലെയുള്ള പ്രത്യേക പദ്ധതികൾ അടിയന്തിരമായി ആവിഷ്‌കരിച്ചു.


എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ്‌ ഇന്ത്യയിലെ കാര്യങ്ങൾ. സെപ്‌തംബർ 25ന്‌ ഗുജറാത്തിലുണ്ടായ ഒരു സംഭവം എടുത്തു പറയേണ്ടതുണ്ട്‌. മരിച്ചുപോയ മുത്തച്ഛനെക്കുറിച്ചുള്ള സ്റ്റോറിക്ക് സ്മൈലി അയച്ചതിന്‌ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നുവെന്നാണ്‌ വാർത്ത. മുത്തച്ഛനെ ഓർത്ത്‌ ഇട്ട സ്റ്റോറിക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജി അയച്ചതിനാണ്‌ ബീഹാർ സ്വദേശിയായ പ്രിൻസ് കുമാർ (20) സുഹൃത്ത് ബിപിൻ കുമാറിനെ കുത്തിക്കൊന്നത്‌. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും നമ്മുടെ ചുറ്റിനും സാമൂഹ്യമാധ്യമങ്ങൾ കാരണം കുറ്റകൃതൃങ്ങളുണ്ടാകുന്നത്‌ ഏറിവരികയാണ്‌.


Related News

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ (എൻസിആർബി) 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ, കുട്ടികൾ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. 2000ൽ രജിസ്റ്റർ ചെയ്ത കേസുകൾ 0.9 ശതമാനമായിരുന്നത്‌ 2022 ആയപ്പോഴേക്കും 6.9 ശതമാനത്തിലേക്കെത്തി. ഇതിൽ 90 ശതമാനവും മോഷണം, പീഡനം, കൊലപാതകം എന്നിവയാണ്‌ ഉൾപ്പെട്ടിരിക്കുന്നത്. 16 മുതൽ 18 വയസ്സുള്ളവരാണ് 75 ശതമാനം കേസുകളിലും പ്രതികളാകുന്നത്‌. അതിൽ തന്നെ 99 ശതമാനവും ആൺകുട്ടികളുമാണ്. ജുവനൈൽ ജസ്റ്റിസ്‌ ആക്ട് പ്രകാരം 16-18 വയസ്സുള്ള കുട്ടിക്കുറ്റവാളികളെ മുതിർന്നവരായി പരിഗണിക്കണം എന്ന് നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും 16 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതും ഇന്ത്യയിൽ പ്രതിദിനം വർധിക്കുകയാണ്.

juvenile2

2017-ൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൗമാരക്കാരുടെ എണ്ണം 37,402 ആയിരുന്നെങ്കിൽ, 2022ൽ 33,261 ആയി കുറഞ്ഞു. എന്നാൽ, അതിക്രൂര കുറ്റകൃതൃങ്ങൾ (കൊലപാതകം, പീഡനം, കൊലപാതശ്രമം) അറസ്റ്റ് ചെയ്യപ്പെട്ട കൗമാരക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്‌ കടുത്ത ആശങ്കകൾക്ക്‌ വഴിവയ്ക്കുന്നു.


2017-2022 കാലയളവിൽ ഇന്ത്യയിൽ സംസ്ഥാനങ്ങളിൽ ഉടനീളം കൗമാരക്കാർ നടത്തിയ അതിക്രൂരമായ കുറ്റകൃതൃങ്ങൾ പരിശോധിച്ചാൽ, മധ്യപ്രദേശ് ആണ് ഒന്നാമത് എത്തുന്നത്. ആകെ കേസുകളുടെ 20 ശതമാനം ആയിരുന്നു കുട്ടികൾ പ്രതികളായ കേസുകൾ. മഹാരാഷ്ട്ര (18 ശതമാനം) രണ്ടാം സ്ഥാനത്തുണ്ട്. രാജസ്ഥാൻ (9.6 ശതമാനം), ഛത്തീസ്ഗഢ് (8.4 ശതമാനം), തമിഴ്നാട് (5 ശതമാനം) എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലാണ്.


ഡൽഹിയുടെ കാര്യവും പ്രത്യേകം പരാമർശിക്കണം. താരതമ്യേന ചെറിയ ഭൂവിസ്തൃതിയുള്ള രാജ്യതലസ്ഥാനം രാജ്യത്തെ അതിക്രൂര കൗമാര കുറ്റകൃതൃങ്ങളുടെ കേന്ദ്രമാവുകയാണ്‌. 2022ൽ 2336 കേസുകളാണ്‌ രജിസ്റ്റർ ചെയ്തത്‌. ഇത്‌ 2021നേക്കാൾ 42 ശതമാനം അധികമാണ്‌. കൊലപാതകം(92 കേസുകൾ), കൊലപാതകശ്രമം (154), പീഡനം(86), മോഷണം(235) എന്നിങ്ങനെയാണ്‌ രജിസ്റ്റർ ചെയ്ത കേസുകൾ.


ഇതിൽ തന്നെ ക‍ൗമാരക്കാരിൽ സൈബർ കുറ്റകൃതൃങ്ങളും കൂടുന്നുണ്ട്‌. 2021ൽ 1376 കേസുകൾ മാത്രം ഉള്ളിടത്ത്‌ 2022 ആകുന്പോഴേക്കും 32 ശതമാനം വർധിച്ച്‌ 1823 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതിൽ 1171 അശ്ലീലചിത്രങ്ങളുമായി ബന്ധപ്പെട്ടതാണ്‌. 158 കേസുകൾ സൈബറിടത്തിലെ ശല്യപ്പെടുത്തൽ, 416 മറ്റ്‌ സൈബർ കുറ്റകൃതൃങ്ങൾ എന്നിങ്ങനെയാണ്‌ വേർതിരിവുകൾ. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നത്‌. അതേസമയം കേരളത്തിൽ കുഞ്ഞുങ്ങൾ സൈബറിടത്തിൽ കുറ്റവാളികളാകുന്ന കേസുകൾ വളരെ അപൂർവമാണെന്നാണ്‌ എൻസിആർബി ഡേറ്റ തന്നെ സൂചിപ്പിക്കുന്നത്‌.


വേറിട്ട കേരളം


എൻസിആർബിയുടെയും പൊലീസ്‌ റെക്കോർഡ്‌സിന്റേയും കണക്കുകൾ അനുസരിച്ച്‌ ഏറ്റവും കൂടുതൽ എഫ്‌ഐആർ ഇടുന്ന സംസ്ഥാനം കേരളമാണ്‌. എന്നാൽ കേരളത്തിൽ ജനസംഖ്യാ അനുപാതത്തിൽ കുട്ടികൾ കുറ്റവാളികളാകുന്ന കേസുകൾ വർധിക്കുന്നില്ല എന്നതാണ്‌ വസ്‌തുത. ഒരു ലക്ഷത്തിൽ 2.1 കുട്ടികൾ മാത്രമാണ്‌ കേരളത്തിൽ കുറ്റകൃതൃങ്ങളിൽ ഏർപ്പെടുന്നത്‌.


കേരളത്തിലെ സ്റ്റുഡന്റ്‌സ്‌ പൊലീസ്‌ കേഡറ്റ്‌ പോലെയുള്ള പദ്ധതികൾ കുട്ടികൾ കുറ്റകൃതൃങ്ങളിലേക്ക്‌ പോകാതിരിക്കാനായി നല്ലൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌. കുറ്റകൃതൃങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ കൂടാതെ കേസുകളിൽ കൃതൃമായ നിയമനടപടി സ്വീകരിക്കാൻ കഴിയുന്നതിനാലാണ്‌ കേരളത്തിൽ കേസുകൾ കുറയുന്നത്‌. കേരളത്തിൽ കുട്ടികൾ ഉൾപ്പെടുന്ന കേസിൽ ശിക്ഷിക്കപ്പെടുന്നത്‌ 79 ശതമാനമാണ്‌, പക്ഷേ ദേശീയ ശരാശരി പരിശോധിക്കുകയാണെങ്കിൽ ഇത്‌ കേവലം 64 ശതമാനവും.

spc

രാജ്യത്തെ നിലവിലുള്ള സ്ഥിതിയ്ക്ക്‌ ബദലാണ്‌ കേരളത്തിന്റെ മാതൃക. കേരളത്തിൽ കുട്ടികൾ ഒരുതവണ ശിക്ഷിക്കപ്പെട്ടാൽ വീണ്ടും കുറ്റകൃതൃത്തിൽ ഏർപ്പെടുന്നതും കുറവാണ്‌. സർക്കാരിന്റെ കാവൽ പദ്ധതിയിലൂടെ ജുവൈനൽ ജസ്റ്റിസ്‌ ബോർഡിന്റെ മുന്നിലേക്കെത്തുന്ന കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നുണ്ട്‌. നിംഹാൻസിന്റെ പങ്കാളിത്തമുള്ള പദ്ധതിയിൽ കുട്ടികളെ ആവശ്യമായ കൗൺസിലിങ്ങിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കാനും പരിശ്രമിക്കുന്നു. ഈ പദ്ധതിയിലൂടെ 2024ൽ ഒരു തവണ ശിക്ഷിക്കപ്പെടുന്ന കുട്ടികൾ വീണ്ടും കുറ്റകൃതൃത്തിൽ ഏർപ്പെടുന്നത്‌ 13 ശതമാനത്തിൽ നിന്ന്‌ 3.8 ശതമാനമായി കുറയ്ക്കാനായി സാധിച്ചു.


കൃതൃമായ മാനസിക പിന്തുണയും, പഠനം പുനരാരംഭിക്കാൻ ഉതകുന്ന സാഹചര്യവുമെല്ലാം സർക്കാർ സംവിധാനത്തിലൂടെ നടപ്പാക്കുന്നുണ്ട്‌. കേരളത്തിൽ കുട്ടികൾക്കിടയിൽ മയക്കുമരുന്ന്‌ ഉപയോഗം വർധിക്കുന്നത്‌ വഴി കുറ്റകൃതൃങ്ങൾ കൂടുന്നുവെന്നായിരുന്നു വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചരണം. എന്നാൽ 2022 ലെ എൻസിആർബിയുടെ റിപ്പോർട്ട്‌ ഈ പ്രസ്‌താവന പച്ചക്കള്ളമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. ജനസംഖ്യാനുപാതത്തിനനുസരിച്ച്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ കുട്ടിക്കുറ്റവാളികൾ വർധിക്കുമ്പോഴും കേരളത്തിൽ യുവജനങ്ങളിലെ ലഹരി ആസക്തി തടയാൻ സർക്കാർ ആവിഷ്‌കരിച്ച വിമുക്തി പദ്ധതി സംസ്ഥാനത്ത്‌ വൻ വിജയമായത്‌ ഇ‍ൗ വലതുപക്ഷ ആഖ്യാനത്തെ തകർക്കുന്നതായിരുന്നു.


ഇതുകൂടാതെ സർക്കാർ തലത്തിലും കൃതൃമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്‌. കേരളാ പൊലീസിന്റെ വിവിധ പദ്ധതികളായ കിഡ് ഗ്ല‍ൗവ്‌ പ്രോഗ്രാം, കുഞ്ഞുങ്ങളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള ഡി – ഡാഡ്‌ പദ്ധതി, കുട്ടികൾക്ക്‌ ക‍ൗൺസിലിങ്‌ നൽകുന്ന ചിരി പദ്ധതി, പല കാരണങ്ങളാൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി കുഞ്ഞുങ്ങൾക്ക്‌ വിദ്യാഭ്യാസം തുടരാൻ കൊണ്ടുവന്ന ഹോപ്‌ പദ്ധതി, കുറ്റകൃതൃം ചെയ്ത കുഞ്ഞുങ്ങളെ മുഖ്യധാരയിലേക്ക്‌ മടക്കികൊണ്ടുവരുന്ന സാമൂഹ്യ നീതി വകുപ്പിന്റെ സ്‌നേഹ പദ്ധതി, ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ എന്നിവയുടെ കാര്യക്ഷമമായ ഇടപെടൽ എന്നിവ കേരളത്തിൽ കുറ്റകൃതൃങ്ങൾ കുറയ്ക്കാൻ സാധിക്കുന്നുണ്ട്‌.


കുഞ്ഞുങ്ങൾക്ക്‌ നേരെയുണ്ടാകുന്ന കുറ്റകൃതൃം മുൻകൂട്ടി തടയാൻ കഴിയുന്ന സോഫ്‌റ്റ്‌വെയർ നിർമിക്കാനാണ്‌ ഇക്കുറി കേരള പൊലീസിന്റെ ഹാക്ക്‌ കെപി അന്താരാഷ്‌ട്ര ഹാക്കത്തോണും ലക്ഷ്യമിടുന്നത്‌.

hackathon

എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത വേണമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനവും, സ്‌കൂളുകളിലെ സൈബർ അവബോധ ക്ലാസുകളും രക്ഷിതാക്കളുടെ കൃതൃമായ ബോധ്യവും കാരണം കേരളത്തിൽ കുഞ്ഞുങ്ങൾ കുറ്റവാളികൾ ആകുന്ന കുറവാണ്‌ എന്ന്‌ തന്നെ പറയേണ്ടിയിരിക്കുന്നു. കേരളത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാൽ സൈബറിടങ്ങളിൽ നടത്തുന്ന പദ്ധതികളൊക്കെ തന്നെയും നാളെ രാജ്യവും മാതൃകയാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.



deshabhimani section

Dont Miss it

Recommended for you

Home