ഡോ. കെ ടി അഗസ്തി മാഷ് ഒരു ഓർമ പുസ്തകം

ഡോ. കെ ടി അഗസ്തി

ബി റാം
Published on Mar 12, 2026, 09:44 PM | 2 min read
മണ്ണിൽ നിന്നു വന്നവൻ മണ്ണിലേക്ക് എന്ന പോലെ മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച അധ്യാപകൻ, പ്രകൃതിപാലകൻ, മനുഷ്യസ്നേഹി, എഴുത്തുകാരൻ, കവി ബഹുമുഖമായ വർണനകൾ അദ്ദേഹത്തെ അർഹനാകുന്നു. എല്ലാത്തിനുമുപരി നിസ്വാർത്ഥതയുടെ പര്യായം എന്ന് ശിഷ്യർക്ക് അവകാശപ്പെടാൻ അല്പം പോലും ആശങ്കപ്പെടേണ്ട ആവശ്യമില്ലാത്ത മനുഷ്യൻ. താൻ വായിച്ച പുസ്തകങ്ങൾ പലതും ശിഷ്യർക്ക് പ്രയോജനകരമാകാൻ വേണ്ടി നൽകുമായിരുന്ന അദ്ധ്യാപകൻ. തുളസി പോലുള്ള ഹൃദയവും കർമ്മവും അതായിരുന്നു അഗസ്തി മാഷ് എന്ന മനുഷ്യൻ.
ഒരു തലമുറയെ വാർത്തെടുക്കുന്നതിനോടൊപ്പം വരാനിരിക്കുന്ന തലമുറകളെപ്പറ്റി ദീർഘ ദർശനം ഉണ്ടായിരുന്ന മാഷിന് അവകാശപ്പെടാൻ ധാരാളം അംഗീകാരങ്ങൾ തേടി വന്നിട്ടുണ്ട്. മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ പരിപാലിക്കുന്ന കാര്യത്തിൽ നിരന്തരം പ്രവർത്തനസജ്ജമായിരുന്നു അഗസ്തി മാഷ്.
പൊതുസ്ഥലത്ത് പുകവലി എന്ന വിപത്തിനെ നിശിതമായി വിമർശിക്കുകയും തൊണ്ണൂറുകളിൽ മാഷിന്റെ സുഹൃത്ത് ഡോ. ഉമ്മൻ വി ഉമ്മനോടൊപ്പം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്ലക്കാർഡുമായി പൊതുസ്ഥലത്തെ പുകവലിക്കെതിരെ ഒരു ദിവസം മുഴുവൻ നിരാഹാരം ഇരുന്ന അഗസ്തി മാഷ് ക്ലാസ്സിൽ അദ്ദേഹത്തിന്റെ ശിഷ്യരിൽ അനേകം പേരുടെ പുകവലി നിർത്താൻ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ സമര രീതികൾ വളരെ വ്യത്യസ്തമായിരുന്നു. അതിനായി അദ്ദേഹം എടുത്ത നിലപാടുകളും വളരെ സ്വാധീനം ചെലുത്തുന്നതായിരുന്നു. ഒരുപക്ഷേ ആയിരം തിരികൾ തെളിയുന്നത് ഒരു വിളക്കിൽ നിന്നാണ് എന്ന ആശയം പോലെ അഗസ്തി മാഷ് കൊണ്ടുവന്ന ആശയം ഹൈക്കോടതി വരെ എത്താൻ ധാരാളം മനുഷ്യർ അദ്ദേഹത്തോടൊപ്പം അണിചേർന്നു. അതിന്റെ ഫലമായിരുന്നു പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്.
ഗാന്ധിയൻ ജീവിതശൈലിയിൽ ഒരു പരിധിവരെ ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. വിവിധ വിഷയങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവും അറിയാനുള്ള ആകാംഷയും അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും പരിസ്ഥിതിക്ക് വേണ്ടിയും ഔഷധസസ്യങ്ങൾക്ക് വേണ്ടിയും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ട ആവശ്യകതയെ പറ്റിയുമുള്ള രചനകൾക്ക് വേണ്ടി ആയിരുന്നു ചിലവഴിച്ചത്. ചിക്കൻഗുനിയ പടർന്നു പിടിച്ച കാലത്ത് വെളുത്തുള്ളി, മഞ്ഞൾ, ഇഞ്ചി എന്നിവ ചേർത്ത് അദ്ദേഹം തയ്യാറാക്കിയ പ്രതിരോധ മരുന്ന് വളരെ പ്രശംസനീയമായിരുന്നു.
കേരള അക്കാദമി ഓഫ് സയൻസ് സ്ഥാപിക്കുന്നതിൽ മുൻപന്തിയിൽ അദ്ദേഹം നിൽക്കുകയും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പേരിൽ വിദ്യാർത്ഥികൾ എന്റോൻമെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളും, ലേഖനങ്ങളും, ചരിത്രരചനകളും വളരെ ശ്രദ്ധേയമായിരുന്നു. തിരുവനന്തപുര നഗരത്തിലെ പ്രധാന കവിയരങ്ങുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു . കാലികപ്രസക്തിയുള്ളതും പരിസ്ഥിതിയെയും മനുഷ്യനെയും കോർത്തിണക്കി ശാസ്ത്ര വിഷയങ്ങളിലുമുള്ള കവിതകൾ അദ്ദേഹം പാടുന്നതും ഓർമ്മകൾക്ക് മാറ്റുകൂട്ടുന്നു.
പല സംഘടനകളും വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന രചനാ മത്സരങ്ങളുടെ വിഷയത്തിന്റെ തെരഞ്ഞെടുപ്പിൽ പോലും വ്യത്യസ്തത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മാഷ്. ഏതൊരു വിഷയവും എഴുതുന്നതിലൂടെ സമൂഹത്തിനും വരും തലമുറയ്ക്കും പ്രയോജനം ഉണ്ടാകണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും തലമുറയ്ക്കും വേണ്ടി ജീവിച്ച അഗസ്തി മാഷിന്റെ വിയോഗം എന്നും ശിഷ്യർക്ക് തീരാ നഷ്ടം എന്നത് നിസംശയം കുറിക്കാം.
















