ad
Deshabhimani

Articles

‘ആസാദി’; സ്വതന്ത്ര ഇന്ത്യയുടെ വീണ്ടെടുപ്പ്‌

‘ആസാദി’; സ്വതന്ത്ര ഇന്ത്യയുടെ വീണ്ടെടുപ്പ്‌

India Independence Day
avatar
സുനില്‍ പി ഇളയിടം

Published on Aug 15, 2026, 12:13 AM | 4 min read

ന്ത്യൻ സ്വാതന്ത്ര്യത്തിന് 79 വർഷം തികയുന്നു. സ്വാതന്ത്യ്രപ്രാപ്‌തിയുടെ 80–ാം വാർഷികത്തിലേക്ക് ചുവടുവയ്‌ക്കുന്ന ഇന്ത്യ എന്ന ജനാധിപത്യ, -മതനിരപേക്ഷ റിപ്പബ്ലിക്ക് നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന വർത്തമാനചിത്രം ഏതാണ്. കോർപറേറ്റ് മൂലധനതാൽപ്പര്യങ്ങൾക്കും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും കീഴ്പ്പെട്ട ഇന്ത്യൻ ഭരണകൂടം ഭാവിയിലേക്ക് അവശേഷിപ്പിക്കുന്ന രാഷ്ട്രസ്വരൂപമെന്താണ്. ജനാധിപത്യവാദികളായ ഇന്ത്യക്കാർക്കു മുന്നിൽ ഈ സ്വാതന്ത്ര്യദിനം ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.​


ഇന്ത്യൻ സ്വാതന്ത്ര്യം അർഥപൂർണമാകാൻ, അത് മൂന്നുതരം ജനാധിപത്യപ്രയോഗങ്ങളുടെ സംയോജിത രൂപമാകണമെന്ന് അംബേദ്‌കർ കരുതിയിരുന്നു. രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഒത്തുചേർന്ന ത്രിത്വപദ്ധതിയായാൽ മാത്രമേ സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന് ശരിയായ നിലനിൽപ്പുണ്ടാകൂ എന്ന്‌ അദ്ദേഹം നിരന്തരം പറഞ്ഞു. കോളനി അധികാരത്തിൽനിന്നുള്ള വിടുതിയാണ് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‌ അടിസ്ഥാനം. അതോടൊപ്പം സഹസ്രാബ്‌ദങ്ങളായി തുടരുന്ന ജാതിവ്യവസ്ഥയിൽനിന്നുള്ള വിമോചനവും ഇന്ത്യയുടെ സ്വാതന്ത്ര്യസാക്ഷാൽക്കാരത്തിന്റെ അനിവാര്യ മുന്നുപാധിയാണ്. ജാതിയോ മതമോ ഭാഷയോ സംസ്‌കാരമോമൂലം വ്യക്തികൾക്ക്‌ സാമൂഹ്യമായ ഒരുവിധ വിവേചനവും അനുഭവിക്കേണ്ടിവരാത്ത സ്ഥിതിവിശേഷത്തെയാണ് സാമൂഹ്യ ജനാധിപത്യം എന്നതുകൊണ്ട് അർഥമാക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യവുമായ ജനാധിപത്യത്തോടൊപ്പം വിഭവവിതരണത്തിന്റെ നീതിപൂർണമായ വഴികൾ ഉറപ്പുവരുത്തുന്ന സാമ്പത്തിക ജനാധിപത്യവും ഇന്ത്യയിലെ സ്വാതന്ത്ര്യ സാക്ഷാൽക്കാരത്തിന് അനിവാര്യമാണ്. വ്യവസായങ്ങളുടെ ദേശസാൽക്കരണംമുതൽ ഭൂപ്രഭുക്കളിൽനിന്ന് കൃഷിഭൂമി ഏറ്റെടുത്ത് ഭൂരഹിത കർഷകർക്ക് വിതരണം ചെയ്യുന്നതുവരെ ഇതിനാവശ്യമാണെന്ന് അംബേദ്‌കർ കരുതിയിരുന്നു. മാർക്‌സിസത്തോട് വിമർശനാത്മകസമീപനം നിലനിർത്തിയപ്പോഴും സോഷ്യലിസ്റ്റ് രാഷ്ട്രദർശനം അദ്ദേഹത്തിന് അന്യമായിരുന്നില്ല.​

ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ ഉപസംഹരിച്ച്‌ 1949 നവംബർ 25ന് നടത്തിയ വിഖ്യാതപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെ സംബന്ധിക്കുന്ന ചില സുപ്രധാന സൂചനകൾ അംബേദ്‌കർ നൽകുന്നുണ്ട്. ഒരാൾക്ക് ഒരു വോട്ടും എല്ലാ വോട്ടിനും തുല്യ മൂല്യവുമുള്ള പുതിയ വ്യവസ്ഥയിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യർക്കും തുല്യമൂല്യമുള്ള സാമൂഹ്യവ്യവസ്ഥയിൽനിന്ന് നാം കാതങ്ങൾ അകലെയാണെന്ന്‌ അതിനുപിന്നാലെ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തു. എല്ലാ വോട്ടുകൾക്കും തുല്യമൂല്യമുള്ള ഔപചാരിക ജനാധിപത്യത്തിൽനിന്ന്‌ എല്ലാ മനുഷ്യർക്കും തുല്യമൂല്യവും തുല്യ അവകാശവുമുള്ള സാമൂഹ്യവ്യവസ്ഥയിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുന്നതാണ്‌ സ്വാതന്ത്ര്യത്തെ അർഥപൂർണമാക്കുക. അതിനു കഴിഞ്ഞില്ലെങ്കിൽ ഏറെ പണിപ്പെട്ട് നാം പടുത്തുയർത്തിയ രാഷ്ട്രസൗധം തകർന്നടിയുമെന്ന്, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിനാശകരമായ പതനത്തെ പൂർവദർശനം ചെയ്‌തുകൊണ്ടെന്നപോലെ, അംബേദ്‌കർ പറയുകയും ചെയ്തു. വിനാശകരമായ ആ പതനത്തെയാണ് സ്വാതന്ത്യ്രപ്രാപ്‌തിയുടെ 80–ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ അഭിമുഖീകരിക്കുന്നത്.​


സ്വാതന്ത്യ്രപ്രാപ്തിക്കു ശേഷമുള്ള എട്ട്‌ പതിറ്റാണ്ടിൽ ഇന്ത്യൻ ജനാധിപത്യം സഞ്ചരിച്ചത് അംബേദ്‌കർ സൂചിപ്പിച്ച ത്രിത്വപദ്ധതിയെ പിൻപറ്റിക്കൊണ്ടല്ല. സാമൂഹ്യ ജനാധിപത്യത്തെയും സാമ്പത്തിക ജനാധിപത്യത്തെയും രാഷ്ട്രജീവിതത്തിൽനിന്ന് പടിപടിയായി പുറന്തള്ളിയും രാഷ്ട്രീയ ജനാധിപത്യത്തെ കേവല ഭൂരിപക്ഷവാദത്തിന്റെ രൂപത്തിലുള്ള കോർപറേറ്റ് വർഗീയ ഫാസിസമായി പരിവർത്തനപ്പെടുത്തിയും ജനാധിപത്യത്തെ നിർവീര്യവും നിരർഥകവുമാക്കുന്ന നിലയിലേക്കാണ് എട്ട്‌ പതിറ്റാണ്ടുകൊണ്ട് ഇന്ത്യ നടന്നെത്തിയത്. ജാതിവിവേചനത്തിന്റെ പരമ്പരാഗതരീതികൾ സ്വതന്ത്ര ഇന്ത്യയിൽ തുടച്ചുമാറ്റപ്പെട്ടില്ല. മാത്രമല്ല അത് പടിപടിയായി സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്‌തു. ദേശീയപ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച മതസാഹോദര്യഭാവന ഇന്ന് അങ്ങേയറ്റം പരിക്ഷീണമാണ്. മതവിദ്വേഷത്തെ രാഷ്ട്രീയ ഭൂരിപക്ഷത്തിനുള്ള ഉപാധിയാക്കുന്ന വർഗീയ ഫാസിസ്റ്റ് സമീപനമാണ് സമകാലിക ഇന്ത്യയിലെ രാഷ്ട്രജീവിതത്തിന്റെ കേന്ദ്രാധികാരം കൈയാളുന്നത്. സാമ്പത്തിക ജനാധിപത്യമെന്ന ആശയം അതിന്റെ വിദൂരഛായപോലും ശേഷിപ്പിക്കാത്ത വിധത്തിൽ പിൻവാങ്ങിയിരിക്കുന്നു. മൂന്നര പതിറ്റാണ്ടിനപ്പുറം തുടക്കംകുറിച്ച നവഉദാരവൽക്കരണ നയങ്ങൾ സാമ്പത്തിക ജനാധിപത്യമെന്ന അടിസ്ഥാനതത്വത്തിന്റെ മരണമണിയായിരുന്നു. ഇപ്പോഴാകട്ടെ ഫാസിസത്തെക്കുറിച്ച്‌ മുസോളിനിയുടെ നിരീക്ഷണത്തെ സാക്ഷാൽക്കരിക്കുന്ന നിലയിൽ ഭരണകൂടവും മൂലധനവും തമ്മിലുള്ള സമ്പൂർണ താദാത്മ്യത്തിലൂടെയാണ് രാഷ്ട്രം കടന്നുപോകുന്നത്‌. ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറിയിരിക്കുന്നെന്ന ഭരണകൂടത്തിന്റെ തമ്പേറുകൾക്കിടയിൽത്തന്നെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 102–ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് (2025-ലെ കണക്ക്) അതിന്റെ പ്രത്യക്ഷ അടയാളമാണ്.​


സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രസംവിധാനത്തിന്റെ ആധാരശിലകളായി വിഭാവനം ചെയ്യപ്പെട്ടത് മൂന്ന് സ്ഥാപനമായിരുന്നു. പാർലമെന്റ്‌, എക്സിക്യൂട്ടീവ് അഥവാ ഭരണനിർവഹണ വിഭാഗം, ജുഡീഷ്യറി അഥവാ നീതിനിർവഹണ സംവിധാനം– ഇവ മൂന്നിന്റെയും സ്വതന്ത്രവും ഇതരാപേക്ഷയില്ലാത്തതുമായ നിലനിൽപ്പാണ് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ നിലനിൽപ്പ്‌ ഉറപ്പുവരുത്തുക എന്നാണ് ഭരണഘടന വിഭാവനം ചെയ്‌തത്. ഇപ്പോഴാകട്ടെ ഈ അടിസ്ഥാനശിലകളിൽ രണ്ടെണ്ണവും അങ്ങേയറ്റം ദുർബലമായി. പാർലമെന്റിനെ പുറന്തൊണ്ട്‌ മാത്രമാക്കുന്ന ഭരണനിർവഹണമാണ് ഇന്ത്യയിൽ ഇന്ന് അരങ്ങേറുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ വരണമെന്ന് ആവശ്യപ്പെട്ട്‌ പാർലമെന്റ്‌ അംഗങ്ങൾക്ക് നിരന്തരം പ്രതിഷേധിക്കേണ്ടി വരുന്നതിലേക്ക് ഭരണനിർവഹണത്തെ തരംതാഴ്‌ത്താൻ വർഗീയ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ്‌ സമ്മേളിക്കുന്ന ദിവസങ്ങൾ നാമമാത്രമാക്കിത്തീർത്തതുമുതൽ പാർലമെന്റിന്റെ ഉപസമിതികളെയപ്പാടെ നിഷ്‌പ്രയോജകമാക്കുന്നതുവരെയുള്ള നാനാതരം നടപടികളിലൂടെയാണ് വർഗീയ ഭരണകൂടം ഇത് നടപ്പാക്കിയത്. പേരും പ്രഹസനവുമെന്ന് അംബേദ്കർ താക്കീത് ചെയ്‌തതിലും മാരകവും വിനാശകരവുമായ പരിണതിയിലേക്കാണ് ഇന്ത്യ ഇപ്പോൾ കാലൂന്നിയിരിക്കുന്നത്. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷത്താൽ പകരംവച്ച്‌ ജനാധിപത്യത്തെ ഭൂരിപക്ഷവാദമായും അതുവഴി ഫാസിസത്തിന്റെ പരോക്ഷനിർവഹണ സ്ഥാനമായും രൂപാന്തരപ്പെടുത്താൻ ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ കമീഷൻമുതൽ ജുഡീഷ്യറിവരെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ ഭരണകൂടാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ആന്തരിക സത്തയെ വീണ്ടെടുക്കേണ്ട നിർണായക സന്ധിയിലാണ് സ്വാതന്ത്ര്യപ്രാപ്‌തിയുടെ 80–ാം വാർഷികത്തിൽ നാം എത്തിനിൽക്കുന്നത്.​


ഭരണഘടനാ നിർമാണസഭയിൽ പങ്കാളിയാകുന്നതിനെച്ചൊല്ലിയുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണനിർവഹണത്തിന്റെ ആധാരതത്വമായി പരിഗണിക്കേണ്ട സുവർണനിയമം അദ്ദേഹം നിർദേശിച്ചത്. ഭരണഘടനാ നിർമാണത്തെ സത്യാന്വേഷണമായി കാണണമെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഏത്‌ നിയമനിർമാണത്തിന്റെയും ഭരണനിർവഹണപരമായ ഏത്‌ നടപടിയുടെയും സന്ദർഭത്തിൽ സുപ്രധാന തത്വം അധികാരികളുടെ മനസ്സിലുണ്ടാകണമെന്ന് ഗാന്ധിജി നിർദേശിച്ചു. "നിങ്ങൾ ഇക്കാലംവരെ കണ്ടതിൽവച്ച് ദരിദ്രരിൽ ദരിദ്രനായ ഒരാളെ മനസ്സിൽ കാണുക. അയാൾക്ക് ഗുണകരമാണെങ്കിൽമാത്രം അതു നടപ്പാക്കുക'. അന്ത്യജൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അവസാനത്തെ മനുഷ്യനായിരുന്നു ഗാന്ധിജിയുടെ ഉരകല്ല്. ഭരണപരമായ ഏതു പ്രവൃത്തിയുടെയും ആധാരശിലയായി മാറേണ്ട ഉരകല്ലായി അദ്ദേഹം അതിനെ ഉയർത്തിപ്പിടിച്ചു.

​ഗാന്ധിജിയുടെ ആ "അവസാനത്തെ മനുഷ്യൻ' നമ്മുടെ രാഷ്ട്രജീവിതത്തിന്റെ ചക്രവാളസീമയിലെ വിദൂരദൃശ്യമായിപ്പോലും ശേഷിക്കാത്ത ചരിത്രഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. ഭരണനിർവഹണത്തിന്റെയോ നിയമനിർമാണത്തിന്റെയോ സന്ദർഭങ്ങളിലൊന്നിലും ഒരിടവുമില്ലാത്ത, ധൂളീസദൃശ്യരായി പാറിപ്പോകുന്ന കീടജന്മങ്ങളുടെ നാടായി കോർപറേറ്റ് വർഗീയഭരണം ഇന്ത്യയെ മാറ്റിത്തീർത്തിരിക്കുന്നു. നിയമനിർമാണത്തിന്റെ ഒരു പടവിലും "അവസാനത്തെ മനുഷ്യർ' മാനദണ്ഡമായി ഉയർന്നുവരുന്നില്ല. അതിനുപകരം അവസാനത്തെ മനുഷ്യരെ തെരഞ്ഞുപിടിച്ച് പുറന്തള്ളുന്ന പ്രക്രിയയായി ഭരണനിർവഹണം മാറിക്കൊണ്ടിരിക്കുന്നു. പ്രമുഖ സാമൂഹ്യചിന്തകനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയതുപോലെ, വോട്ടർമാർ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിനുപകരം സർക്കാർ വോട്ടർമാരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായമായി ഇന്ത്യൻ ജനാധിപത്യം മാറിയിരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരായ സമരമുഖത്ത് കോടാനുകോടി ഇന്ത്യക്കാരെ അണിനിരത്തിയ ഒരു ഗീതത്തെ ജനങ്ങളെ വിഭജിക്കുന്നതിനുള്ള ഉപകരണമായി വർഗീയവാദികൾ ഉപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യദിനത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മദ്രസകളിലടക്കം ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കണമെന്ന ബംഗാൾസർക്കാർ ഉത്തരവ് ഈ വിഭജനയുക്തിയെ വർഗീയ ഫാസിസ്റ്റുകൾ ഏതളവുവരെ വ്യാപിപ്പിക്കും എന്നതിനുള്ള തെളിവുകൂടിയാണ്. ഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കുന്നതിനുള്ള ഉപകരണമായി ഭരണനിർവഹണത്തെ ഉപയോഗപ്പെടുത്തുന്നതിന്‌ തെളിവാണിത്.​


അതുകൊണ്ട് സ്വാതന്ത്യ്രപ്രാപ്‌തിയുടെ 80–ാം വർഷത്തിലേക്കുള്ള ഇന്ത്യയുടെ യഥാർഥ ചുവടുവയ്‌പ്, ഔപചാരിക വാർഷികദിനാചരണത്തിന്റേതല്ല. മറിച്ച് റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനായുള്ള സമരങ്ങളുടേതാണ്. ഇന്ത്യ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരങ്ങളുടേതാണ്. കേവലമൊരു ഭൂപ്രദേശവും അതിനെ നിർവചിക്കുന്ന അതിർത്തിയും എന്നതിനപ്പുറം ഇന്ത്യ എന്ന പേര് സവിശേഷമായൊരു രാഷ്ട്രസങ്കൽപ്പത്തെ ഉൾക്കൊള്ളുന്നുണ്ട്. ഭരണഘടനയുടെ ആമുഖം രാഷ്ട്രജീവിതത്തിന്റെ അടിസ്ഥാനങ്ങളായി പറയുന്ന സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യഭാവനയുടെയും സാക്ഷാൽക്കാരമാണ് ഇന്ത്യയെന്ന ആശയം. അതൊരത്തിർത്തിയോ ഭരണകൂടമോ രാഷ്ട്രരൂപംപോലുമോ അല്ല. മറിച്ച് മേൽപ്പറഞ്ഞ ഭരണഘടനാമൂല്യങ്ങളിൽ അടിയുറച്ച ജീവിതബോധമാണ്.


​ഇന്ത്യയെന്ന ആ ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള നാനാതരം സമരങ്ങളാൽ രാജ്യം മുഖരിതമായിരിക്കുന്ന സന്ദർഭത്തിലാണ് സ്വാതന്ത്യ്രപ്രാപ്‌തിയുടെ 80–ാം വാർഷികദിനത്തിലേക്ക് നാം ചുവടുവയ്‌ക്കുന്നത്. കർഷകരും അസംഘടിത തൊഴിലാളികളുംമുതൽ വിദ്യാർഥികളും പുതുതലമുറയുംവരെ കോർപറേറ്റ് വർഗീയ ഫാസിസത്തെ വെല്ലുവിളിച്ച്‌ ഇന്ന് ഇന്ത്യൻ തെരുവുകളിലുണ്ട്. അധൃഷ്യമെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഭരണകൂടാധികാരം ഉലയുന്നുണ്ട്. ദുരധികാരത്തിന്റെ ഏതു കോട്ടയും നിലംപൊത്തുമെന്ന ചരിത്രത്തിലെ ഏറ്റവും വലിയ പാഠത്തിന്റെ മുഴക്കം നാടെമ്പാടുമുണ്ട്. "ആസാദി' എന്ന വാക്ക് അതിന്റെ പ്രാഥമികാർഥത്തെ മറികടന്ന്, പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സ്രോതസ്സായി ഇന്ത്യയിലെ തെരുവുകളിലുടനീളം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. അലയടിക്കുന്ന ആ പ്രതിഷേധസ്വരമാണ്, ഇന്ത്യ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള എണ്ണമറ്റ സമരങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശരിയായ വർത്തമാനമുഖം. നമ്മുടെ സ്വാതന്ത്യ്രത്തിന്റെ സാക്ഷാൽക്കാരത്തിന്റെ വഴിയും അതാണ്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home