ചീഞ്ഞതെല്ലാം വളമാക്കുന്നവരോട്


സി കെ ദിനേശ്
Published on Sep 02, 2025, 10:44 PM | 2 min read
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. നിയമസഭയിൽ എത്തിച്ച് ‘എംഎൽഎ’ യുടെ പണി സുഗമമായി ചെയ്യിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തുന്ന അഭ്യാസങ്ങളും നാട് കാണുന്നു. ഇതെല്ലാം ഓരോരോ നേതാക്കൾ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന വാചകമടിയോ പ്രവർത്തനങ്ങളോ അല്ല. കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി, ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. പക്ഷേ, എത്ര തേച്ച് കുളിപ്പിച്ചാലും വെളുപ്പിക്കാൻ കഴിയുന്ന അപരാധമല്ല ഈ യൂത്ത് കോൺഗ്രസ് നേതാവ് ചെയ്തതെന്ന സത്യമല്ലേ വെളിപ്പെടുന്നത്.
അടൂർ പ്രകാശിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിന്റെ വാക്കുകൾ കേരളത്തിന്റെ ഹൃദയത്തെയാണ് മുറിപ്പെടുത്തുന്നത്. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ എഐ സാങ്കേതികവിദ്യയിൽ തീർത്തതാണെന്നും കുറച്ചുനാൾ കഴിയുമ്പോൾ ആരോപണങ്ങളെല്ലാം തേഞ്ഞുമാഞ്ഞ് പോകുമെന്നും ഇവിടത്തെ സ്‌ത്രീകളുടെ മുഖത്തുനോക്കി പറയാൻ തെല്ലും ഉളുപ്പില്ലാതായിരിക്കുന്നു യുഡിഎഫ് കൺവീനർക്ക് !
അതേസമയം, ചീഞ്ഞതെല്ലാം പേറി വളമാക്കി എത്രനാൾ കോൺഗ്രസിന് മുന്നോട്ട് പോകാനാകുമെന്ന് സാധാരണ പ്രവർത്തകർക്ക് നല്ല ബോധ്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ആഹ്വാനം ചെയ്ത ഭവനസന്ദർശനം മാത്രമെടുത്താൽ മതി അതറിയാൻ. ജനങ്ങളെ സമീപിക്കാൻ അവർ മടിക്കുന്നു. നേതൃത്വം വിളിച്ചുകൂവുന്നതല്ല അണികളുടെ മനസ്സിലുള്ളതെന്ന് വ്യക്തം.

നിയമസഭയിൽ മറ്റുള്ളവരെപ്പോലെ രാഹുൽ മാങ്കൂട്ടത്തിലിനും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നാണ് അടൂർ പ്രകാശിന്റെ പുതിയ വാദം. തീർന്നില്ല, പീഡന പരാതിക്കാർ വേറെയും സഭയിലുള്ളതിനാൽ രാഹുലിനും ഇരിക്കാമെന്ന്. പീഡനക്കേസിൽ കോൺഗ്രസിന്റെ മറ്റ് രണ്ടംഗങ്ങൾകൂടിയുള്ളതിനാൽ സഭയിൽ ഇരിക്കാമെന്ന് തെളിച്ച് പറയുന്നതായിരുന്നു ഭംഗി. ഒരു കാര്യം ഓർക്കണം, മറ്റൊരു കേസുമായും രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനപരമ്പരയെ താരതമ്യം ചെയ്യാനാകില്ല. ആ ശ്രമവും വിജയിക്കില്ല.
മാധ്യമപ്രവർത്തക ലക്ഷ്‌മി പത്മ നടത്തിയ വെളിപ്പെടുത്തൽ ഒന്നുമാത്രം മതി കോൺഗ്രസ് നേതാക്കളുടെ വെളുപ്പിക്കൽ നീക്കം വ്യാമോഹം മാത്രമാണെന്ന് തിരിച്ചറിയാൻ. പീഡനത്തിനു പുറമെ രാഹുൽ നടത്തിയ നിർബന്ധിത ഗർഭഛിദ്രവും വധഭീഷണിയുമടക്കമുള്ള കൊടുംക്രൂരതകൾമൂലം ഇരുട്ടറയിൽ കഴിയുകയാണ് ആ പെൺകുട്ടി. അവരെ നേരിൽ കണ്ട് സംസാരിച്ച ലക്ഷ്‌മി പത്മ പറഞ്ഞത് മറന്നോ: ‘‘ അങ്ങനെ ഒരു പെൺകുട്ടി ഉണ്ട്. അവർ വളരെ അധികം മാനസികാഘാതത്തിലാണ്. ആ ബന്ധത്തിൽനിന്ന് അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കിൽക്കൂടിയും മനസ്സ് ഇപ്പോഴും അയാളിൽ കുടുങ്ങിക്കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിലാണ് അവർ. അശാസ്ത്രീയമായ ഗർഭഛിദ്രം, തുടർ ആരോഗ്യപ്രശ്നങ്ങൾ. ചുറ്റും നടക്കുന്ന അധിക്ഷേപങ്ങൾ. ഇതിനൊക്കെ ഇടയിൽ ആകെ പകച്ചുനിൽക്കുന്ന ഒരാളെയാണ് ഞാൻ കണ്ടത്. മര്യാദയ്‌ക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ പല നാളായ ഒരാൾ. അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്തുവന്നത് വഴി സമൂഹത്തിൽ കുറച്ച് സ്ത്രീകളെങ്കിലും ചതിക്കുഴികളിൽനിന്ന് രക്ഷപ്പെടാൻ ഇടയാക്കുന്നെങ്കിൽ അതിൽ ആശ്വാസം കണ്ടെത്തുകയാണ് അവർ. ’’
ഇനിയും അടൂർ പ്രകാശിന് ഇതെല്ലാം എഐ സാങ്കേതികവിദ്യയെന്നു തോന്നുന്നെങ്കിൽ ഈ മാധ്യമ പ്രവർത്തകയുമായി ഒരു സംവാദത്തിന് തയ്യാറാകണം. വിശദമായി നാടറിയട്ടെ, സ്‌ത്രീകളോടുള്ള യുഡിഎഫ് കൺവീനറുടെ സമീപനങ്ങൾ.
തുരങ്കത്തിൽ ഹർജിയില്ലേ
ജനങ്ങളുടെ ജീവിത വികസനത്തിന് ഏറെ സഹായകമാകുന്ന മറ്റൊരു പദ്ധതിയുടെ നിർമാണത്തിനുകൂടി എൽഡിഎഫ് സർക്കാർ തുടക്കമിട്ടുകഴിഞ്ഞു. കേരളത്തിന് പൊതുവെയും വയനാടിന് പ്രത്യേകിച്ചും ഏറെ പ്രയോജനകരമായ തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. അപ്പോൾ, പൊതുവെ ഉയർന്ന ചോദ്യം ഈ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയില്ലേ എന്നാണ്. കാരണം, കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികൾ ഒന്നൊഴിയാതെ തടസ്സപ്പെടുത്താനാണല്ലോ പ്രതിപക്ഷം ശ്രമിച്ചത്. കിഫ്‌ബി, ദേശീയപാത, കെ ഫോൺ, ഗെയിൽ പൈപ്പ് ലൈൻ, എഐ കാമറ... ഒന്നുകിൽ ഹർജി അല്ലെങ്കിൽ നിസ്സഹകരണം, സമരനാടകം, അതുമല്ലെങ്കിൽ കേരളത്തെ ഞെക്കിഞെരുക്കുന്ന കേന്ദ്രത്തെ പിന്തുണച്ച് പ്രതികാരം. ഇത് എൽഡിഎഫിനെതിരെയല്ല നാട്ടിലെ ജനങ്ങൾക്കെതിരെ തിരിയുന്ന സമീപനമാണ്.
പക്ഷേ, ഇനി ഇത്തരം ഹർജിയുമായി ഹൈക്കോടതിയുടെ പടി കടക്കാൻ പ്രതിപക്ഷ നേതാവിനും മുൻ പ്രതിപക്ഷ നേതാവിനും ധൈര്യം വന്നേക്കില്ല. എഐ കാമറ, കെ ഫോൺ പദ്ധതികൾക്കെതിരായ പ്രതിപക്ഷ ഹർജികൾ ദൂരെയെറിഞ്ഞ അനുഭവം അത്ര പെട്ടെന്ന് ജനവും മറക്കില്ല. ‘‘ഈ ഹർജികൾ പബ്ലിക് ഇന്ററസ്‌റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്‌റ്റോ’’ എന്ന് ചോദിച്ച കോടതിയുടെ മുന്നിൽ പോയി ‘ഹൂ കെയേഴ്‌സ്’ എന്നുകൂടി പ്രതിപക്ഷം പറഞ്ഞാൽ പൂർത്തിയായി.














