പുനലൂർ എന്തുകൊണ്ട് ചൂടാകുന്നു?


വലിയശാല രാജു
Published on Apr 22, 2026, 12:57 AM | 2 min read
കേരളത്തിന്റെ കാലാവസ്ഥാഭൂപടത്തിൽ പാലക്കാടിനൊപ്പംതന്നെ ഇപ്പോൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന പേരാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ വനങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട ഈ പട്ടണം എന്തുകൊണ്ടാണ് സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ഇടമായി മാറുന്നത്. വനമുണ്ടെങ്കിൽ തണുപ്പുണ്ടാകണമെന്ന ലളിതമായ യുക്തിക്ക് പുനലൂർ ഒരു വെല്ലുവിളിയാകുന്നത് എന്തുകൊണ്ടാണ്. ഈ വൈരുധ്യത്തിനുപിന്നിലെ ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ബേസിൻ ഇഫക്ട്
പുനലൂരിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഭൂപ്രകൃതിതന്നെയാണ്. ഒരു വലിയ പാത്രത്തിന്റെ ആകൃതിയിൽ നാലുപുറവും ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട താഴ്ന്ന പ്രദേശമാണിത് (Basin). ഈ പ്രത്യേകത പുനലൂരിനെ ഒരു ‘ഹീറ്റ് ട്രാപ്പ്' അഥവാ ‘താപക്കെണി'യാക്കി മാറ്റുന്നു. കടലിൽനിന്നുള്ള കുളിർകാറ്റിനെ ഈ മലനിരകൾ തടഞ്ഞുനിർത്തുന്നതോടെ വായുസഞ്ചാരം പരിമിതപ്പെടുകയും അന്തരീക്ഷത്തിലെ ചൂട് പുറത്തേക്ക് പോകാനാകാതെ അവിടെത്തന്നെ കെട്ടിനിൽക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി ഇതിനെ ‘എയർ സ്റ്റാഗ്‌നേഷൻ' (Air Stagnation) എന്ന് വിളിക്കാം.
ആര്യങ്കാവ് ചുരവും വരണ്ട കാറ്റും
പാലക്കാട് ചുരത്തിലൂടെ തമിഴ്‌നാട്ടിലെ ചൂടുകാറ്റ് വരുന്നതുപോലെതന്നെ ആര്യങ്കാവ് ചുരംവഴി കിഴക്കൻ മേഖലയിലെ വരണ്ട വായു പുനലൂരിലേക്ക് പ്രവേശിക്കുന്നുണ്ട്. പശ്ചിമഘട്ടം കടന്നെത്തുന്ന ഈ കാറ്റ് അതിന്റെ ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിയതാകുന്നതിനാൽ (Foehn Effect), അത് പ്രദേശത്തെ താപനില പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നു. മറ്റു മലയോരമേഖലകളിൽനിന്ന് വ്യത്യസ്തമായി പുനലൂർ അനുഭവിക്കുന്ന ഈ വരണ്ട കാലാവസ്ഥയ്ക്കുപിന്നിൽ ഈ ‘ചുരം സ്വാധീനം' വലുതാണ്. വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പുനലൂരിലെ അന്തരീക്ഷത്തിൽ ആർദ്രത (Humidity) കൂടുതലായിരിക്കും. ഉയർന്ന ചൂടും ഈർപ്പവും ഒന്നിച്ചുചേരുമ്പോൾ ഉണ്ടാകുന്ന ‘ഹീറ്റ് ഇൻഡക്സാ'ണ് പുനലൂരിനെ കൂടുതൽ ദുസ്സഹമാക്കുന്നത്. തെർമോമീറ്ററിൽ കാണിക്കുന്ന ഡിഗ്രിയേക്കാൾ നാലോ അഞ്ചോ ഡിഗ്രി കൂടുതൽ ചൂട് നമ്മുടെ ശരീരത്തിന് അനുഭവപ്പെടും. വിയർപ്പ് ബാഷ്പീകരിക്കപ്പെടാത്ത ഈ സാഹചര്യം മനുഷ്യശരീരത്തെ വേഗത്തിൽ തളർത്തുന്നു.
വന നശീകരണവും മൈക്രോ ക്ലൈമറ്റും
പുനലൂരിന്റെ സ്വാഭാവിക വനശേഖരത്തിന് കാലക്രമേണ വന്ന മാറ്റങ്ങൾ ഈ പ്രതിഭാസത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ട്. സ്വാഭാവിക കാടുകൾക്കുപകരം റബർപോലുള്ള ഏകവിള തോട്ടങ്ങൾ, എണ്ണപ്പന തോട്ടങ്ങൾ എന്നിവ ഭൂമിക്ക് ലഭിച്ചിരുന്ന സ്വാഭാവികതണൽ നഷ്ടമാക്കി. വേനലിൽ ഇലപൊഴിക്കുന്ന റബർ തോട്ടങ്ങൾ തണുപ്പിനുപകരം ഭൂമിയിലേക്ക് നേരിട്ട് വെയിൽ പതിക്കാനാണ് കാരണമാകുന്നത്. കൂടാതെ, പാറക്കെട്ടുകൾ പൊട്ടിക്കുന്നതും വർധിച്ചുവരുന്ന കോൺക്രീറ്റ് നിർമാണങ്ങളും പകൽസമയത്തെ ചൂട് ആഗിരണം ചെയ്യുകയും രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നതിലൂടെ പ്രദേശത്തെ ‘മൈക്രോ ക്ലൈമറ്റി’നെത്തന്നെ മാറ്റിമറിച്ചു.
ആഗോള മാതൃകകൾ
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കാണാം. അമേരിക്കയിലെ പ്രസിദ്ധമായ ‘ഡെത്ത് വാലി' (Death Valley) ഇതിന് സമാനമായ ഒന്നാണ്. ചുറ്റുമുള്ള മലനിരകൾ ചൂടിനെ തടഞ്ഞുനിർത്തുന്ന ആ ഭൂപ്രകൃതിതന്നെയാണ് അവിടെയും വില്ലനാകുന്നത്. ചുരുക്കത്തിൽ, പുനലൂരിലെ ചൂട് കേവലം ഒരു കാലാവസ്ഥാവ്യതിയാനമല്ല. മറിച്ച് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മനുഷ്യനിർമിതമായ ഇടപെടലുകളും ചേർന്നൊരുക്കുന്ന സങ്കീർണ പ്രതിഭാസമാണ്. വനമുണ്ടായിട്ടും ചൂട് കൂടുന്ന ഈ അവസ്ഥയെ"ഭൂമിശാസ്ത്രപരമായതാപക്കെണി’ എന്ന് വേണമെങ്കിൽ (Geographical Heat Trap) നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതിയെ അറിഞ്ഞുള്ള നിർമാണരീതികളും സ്വാഭാവികവനങ്ങളുടെ വീണ്ടെടുപ്പും മാത്രമാണ് ഈ താപക്കെണിയിൽനിന്നുള്ളഏകമോചനം.
(ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമാണ് ലേഖകൻ)















