രാഷ്ട്രീയഭീരുത്വത്തിന്റെ തൂഫാൻ വേർഷൻ


ഐ ബി സതീഷ്
Published on Aug 14, 2026, 01:30 AM | 3 min read
ലഹരി മാഫിയക്കെതിരെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായ തൂഫാന് നേതൃത്വം വഹിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. ലഹരിക്കടത്ത് പിടികൂടുന്നതും അനുബന്ധ സംഭവങ്ങളും വാർത്തയാക്കിയും സമൂഹമാധ്യമങ്ങൾ വഴി ആഘോഷിച്ചും വരികയായിരുന്നു. ഇതിനിടെയാണ് തൂഫാൻ ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ എംഡിഎംഎ കടത്തുന്നതിനിടെ പിടിയിലാകുന്നത്. മുഖ്യമന്ത്രിയുടെ ഏതോ ആരാധകൻ മാത്രമാണ് പ്രതിയെന്ന മട്ടിൽ ഗൗരവം കുറയ്‌ക്കാൻ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ രംഗത്തുവന്നു.
എംഡിഎംഎ വ്യാപാരികളുടെ ഇരിപ്പിടം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നത് അത്യന്തം അപകടകരമായ ഒന്നാണ്. യുഡിഎഫ് വിലയ്‌ക്കെടുത്ത മാധ്യമങ്ങൾ ഈ വാർത്ത ഒതുക്കാൻ കഴിയുന്നത്ര ശ്രമിച്ചെങ്കിലും സമൂഹമാധ്യമങ്ങൾ വഴി ഇത് പ്രചരിച്ചു. മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും വിരൽചൂണ്ടുന്ന ഈ വാർത്ത ഫെയ്‌സ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, വാട്‌സാപ് തുടങ്ങി സമൂഹമാധ്യമങ്ങളുടെ ഉടമസ്ഥരായ ‘മെറ്റ’ ഇവയിൽനിന്നെല്ലാം ഒഴിവാക്കി. ഇത് അത്യന്തം രാഷ്ട്രീയമാനങ്ങളുള്ളതും കേരളരാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്തതുമാണ്.
സമൂഹമാധ്യമത്തിൽ വരുന്ന ഏതെങ്കിലും പോസ്റ്റ് നീക്കണമെങ്കിൽ മെറ്റയോ അതിന്റെ സംവിധാനങ്ങളോ നേരിട്ട് വിചാരിക്കണം.
മെറ്റയെ ആ തീരുമാനത്തിലേക്ക് എത്തിക്കുന്നതിന് കൃത്യവും നിയതവുമായ മാനദണ്ഡങ്ങളുമുണ്ട്. അതിലൊന്ന് മെറ്റയുടെ നിബന്ധനകൾ ലംഘിക്കപ്പെട്ടെന്ന് ബോധ്യപ്പെടണം എന്നതാണ്. ആരെങ്കിലുമോ കൂട്ടായോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ നിർമിതബുദ്ധിയുടെ സഹായത്തോടെ സമൂഹമാധ്യമത്തിൽനിന്ന് ആ ഉള്ളടക്കം നീക്കാം. ഭീകരവാദം, കൊലപാതകം, ആത്മഹത്യാ പ്രേരണകൾ, ജാതി–മത–ലിംഗ വിവേചനങ്ങളുടെ അടിസ്ഥാനത്തിൽ പ്രകോപനം സൃഷ്ടിക്കുന്ന ഉള്ളടക്കം, വ്യക്തി അധിക്ഷേപങ്ങൾ ഇവയാണ് മെറ്റ സാധാരണയായി നീക്കം ചെയ്യാറുള്ളത്. തൂഫാനിൽപ്പെട്ട പ്രതിയുടെ കാര്യത്തിൽ ഇതൊന്നും ബാധകമല്ല.
തങ്ങൾക്കെതിരെ വരുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങളെ കേന്ദ്രത്തിലെ ബിജെപി സർക്കാർ സൈബറിടങ്ങളിൽനിന്ന് നീക്കുന്നതിന്റെ വിവരങ്ങൾ കർഷക, വിദ്യാർഥി പ്രക്ഷോഭവേളകളിൽ രാജ്യം കണ്ടതാണ്. രാജ്യത്ത് കേന്ദ്ര സർക്കാർ ഇത് പതിവാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വന്ന വസ്തുതാപരമായ വാർത്ത സമൂഹമാധ്യമങ്ങളിൽനിന്ന് പരാതിയോ അന്വേഷണമോ ഇല്ലാതെ ഔദ്യോഗികമായി നീക്കം ചെയ്‌തുവെന്നത് നാം കേട്ടിട്ടില്ല.
2021ലെ ഐടി നിയമത്തിലെ 69എ വകുപ്പനുസരിച്ച് കേന്ദ്രസർക്കാരിന് നേരിട്ട് ‘ബ്ലോക്ക്’ ചെയ്യുകയോ പ്രത്യേക ഭൂപരിധിയിൽ ദൃശ്യമാക്കാതിരിക്കുകയോ ചെയ്യാം.
മറ്റൊരു മാർഗം സമൂഹമാധ്യമത്തിലെ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന സർക്കാരുകൾ എഫ്‌ഐആർ ഇട്ട് അതുവഴിയോ കോടതി ഉത്തരവുപ്രകാരമോ സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസ് മെറ്റയ്‌ക്ക് റിപ്പോർട്ട് ചെയ്യണം. കേരളത്തിലെ നോഡൽ ഓഫീസ് പൊലീസിന്റെ സൈബർ സെൽ ആണ്. സൈബർ സെൽ അങ്ങനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ മെറ്റയ്‌ക്ക് റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല. അപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനു നേർക്ക് ചാട്ടുളിപോലെ തറയ്‌ക്കുന്ന ചോദ്യങ്ങളൊഴിവാക്കാൻ മെറ്റയെ സമീപിച്ചത് ആരെന്ന് നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഐടി നിയമം 69എ അനുസരിച്ച് ഏഴ് മാനദണ്ഡമാണ് കേന്ദ്ര സർക്കാർ ഇടപെടലിന് കാരണമായി പറയുന്നത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം എന്നിവയെ ബാധിക്കുന്നവ, കലാപം, വർഗീയ ലഹള,കുറ്റകൃത്യം എന്നിവ ചെയ്യാൻ പ്രേരിപ്പിക്കുന്നവ, അന്വേഷണത്തെ ബാധിക്കുന്ന, കോടതിയിലുള്ള കേസുകൾ, അശ്ലീലം, പകർപ്പവകാശ ലംഘനം, തട്ടിപ്പ് മുതലായവയാണത്.
ഈ കാരണങ്ങളിലേതെങ്കിലും ബാധകമാകുന്നെങ്കിൽ കേന്ദ്ര സർക്കാർ ആഭ്യന്തരമന്ത്രാലയംവഴി നേരിട്ട് ഉത്തരവ് നൽകണം, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള അവലോകന സമിതി ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. മെറ്റ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയവയുമായി നിരന്തരം ബന്ധപ്പെട്ട് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളുടെ നിരീക്ഷണവലയം കാക്കുന്ന ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിൽനിന്ന് മുഖ്യമന്ത്രിക്കു വേണ്ടി മെറ്റയിലേക്ക് സന്ദേശമെത്തിച്ചത് എന്തിനായിരിക്കും എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
കേന്ദ്രത്തിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി വി ഡി സതീശന് സംരക്ഷണകവചമൊരുക്കി, സദാ ജാഗരൂകരായി കേരള രാഷ്ട്രീയത്തെ ഉറ്റുനോക്കുന്നെന്ന യാഥാർഥ്യം മറനീക്കി പുറത്തുവരികയാണ്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ചില വാർത്താ ചാനലുകൾ അവരുടെ ഫെയ്‌സ്‌ബുക്ക് പേജിൽ നൽകിയിരുന്നു. അവയും മെറ്റ നീക്കംചെയ്‌തു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്പ് വി ഡി സതീശൻ ചാർട്ടേഡ് ഫ്ലൈറ്റിൽ നടത്തിയ നിഗൂഢമായ മംഗലാപുരം യാത്രയും സത്യപ്രതിജ്ഞാവേദിയിൽ വന്ദേമാതരത്തിന്റെ പൂർണമായ ആലാപനം, ടി ജി മോഹൻദാസിന് ജാമ്യം ലഭിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചത് തുടങ്ങിയ സംഭവങ്ങൾ ഇൗ പശ്‌ചാത്തലത്തിൽ പ്രസക്തമാകുന്നു. മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ആർഎസ്‌എസ്– ബിജെപി കേന്ദ്രങ്ങളുടെ ഉൽപ്പന്നമാണ് വി ഡി സതീശൻ സർക്കാർ. ബിജെപി സർക്കാരിന് ദാസ്യവേല ചെയ്യാനാണ് യുഡിഎഫ് സർക്കാർ ഈ മൂന്നു മാസം തയ്യാറായതെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ബിജെപി സർക്കാർ എങ്ങനെയാണോ കേന്ദ്രം ഭരിക്കുന്നത് ആ തെറ്റായ മാതൃകയെ അനുകരിക്കുന്ന സമീപനമാണ് വി ഡി സതീശൻ സർക്കാർ കേരളത്തിൽ സ്വീകരിച്ചുവരുന്നത്. ബിജെപി എങ്ങനെയാണോ അധികാരത്തിലെത്തിയത് അതേ മാതൃകയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെയും -സമൂഹമാധ്യമങ്ങളെയും വിലയ്‌ക്കെടുത്ത് ഇടതുപക്ഷത്തിനെതിരെ ദുഷ്-പ്രചാരണങ്ങൾ അഴിച്ചുവിട്ട് ജനവിധി യുഡിഎഫ് അട്ടിമറിച്ചത്. ഇപ്പോഴിതാ നരേന്ദ്ര മോദിക്കെതിരായ വാർത്തകൾ നീക്കം ചെയ്യുന്ന, ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത മാധ്യമ അടിയന്തരാവസ്ഥയിലേക്ക് വി ഡി സതീശനും കടക്കുകയാണ്. ഇത് തികഞ്ഞ രാഷ്‌ട്രീയഭീരുത്വമാണ്.















