ad
Deshabhimani

Articles

പിഎം ശ്രീ

യുഡിഎഫിന്റെ പരിവാർസേവ

PM Shri Fund
avatar
വി ശിവൻകുട്ടി

Published on Jun 19, 2026, 12:00 AM | 2 min read

2022 സെപ്തംബർ ഏഴി-നാണ് പിഎം ശ്രീ (പിഎം സ്കൂൾസ് ഫോർ റൈസിങ്‌ ഇന്ത്യ) എന്ന കേന്ദ്രാവിഷ്കൃതപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 14,500 സ്കൂളുകളെ 2020-ലെ ദേശീയ വിദ്യാഭ്യാസനയം പ്രകടമാക്കുന്നവയാക്കി മാറ്റിക്കൊണ്ട്‌ ചുറ്റുമുള്ള മറ്റ് സ്കൂളുകൾക്ക് സഹായങ്ങൾ നൽകുന്ന എക്സംപ്ലറായി അവയെ ഉയർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് കേന്ദ്രം വിവരിക്കുന്നത്. 2022-മുതൽ 2027 മാർച്ച് 31 വരെയാണ് പദ്ധതി നിലനിൽക്കുന്നത്. അതായത്, പദ്ധതികാലാവധി അവസാനിക്കാൻ വളരെ കുറഞ്ഞ സമയംമാത്രമേ ശേഷിക്കുന്നുള്ളൂ.


നിലവിൽ സമഗ്രശിക്ഷാ പദ്ധതി (എസ്‌എസ്‌കെ) വഴിയുള്ള പരിപാടികളാണ് പിഎം ശ്രീ സ്കൂളുകളിലും നടപ്പാക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിലവിൽ എല്ലാ സ്കൂളുകളിലും ലഭ്യമാണെങ്കിലും പിഎം ശ്രീ സ്കൂളുകളിൽ സമഗ്രശിക്ഷാ പദ്ധതി നടത്തുന്ന മറ്റെല്ലാ ഇടപെടലുകളുംതന്നെയാണ് നടത്തുന്നത്. ഈ പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവുമായി ധാരണപത്രത്തിൽ ഒപ്പിടേണ്ടതുണ്ട്. തുടർന്ന് രണ്ടു ഘട്ടങ്ങളിലായി നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളുകളെ സംസ്ഥാനം കണ്ടെത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തെ അറിയിച്ച് അനുമതി ലഭിച്ചശേഷം, സമഗ്രശിക്ഷാ പദ്ധതി മുഖേന ഫണ്ടിനായുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കണം.


തുടക്കംമുതൽതന്നെ കേന്ദ്രസർക്കാർ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ പദ്ധതിയിൽ ചേരാൻ കത്തുകൾ മുഖേനയും നിരന്തരമായ റിവ്യൂ മീറ്റിങ്ങുകൾവഴിയും സമ്മർദത്തിലാക്കി. എന്നാൽ, ഈ സംസ്ഥാനങ്ങൾ പങ്കുചേരേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പ്രതികാരമായി 2023-–24 മുതൽ സമഗ്രശിക്ഷാ പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ചു. 2024 ജൂലൈ പത്തി-ലെ റിവ്യൂ മീറ്റിങ്ങിലും പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന്റെ ഫണ്ട് തടഞ്ഞതായി കേന്ദ്രം വ്യക്തമാക്കി. എല്ലാ വർഷവും ഓഡിറ്റ് റിപ്പോർട്ടുകളും അപേക്ഷകളും കൃത്യമായി സമർപ്പിച്ചിട്ടും ഫണ്ട് നിഷേധിച്ചതോടെ കഴിഞ്ഞ മൂന്നുവർഷമായി എസ്എസ്‌കെ ജീവനക്കാരുടെ ശമ്പളം കൊടുത്തതും മറ്റു പ്രവർത്തനങ്ങളും നടത്തിയതും സംസ്ഥാന സർക്കാരാണ്. കേന്ദ്രം തടഞ്ഞുവച്ച 1158 കോടി രൂപയുടെ വിഹിതം ലഭ്യമാക്കാനാണ്‌ കേരളം ഒടുവിൽ ധാരണപത്രത്തിൽ ഒപ്പിട്ടത്. പിഎം ശ്രീ സ്കൂൾ പദ്ധതി എന്ന കേന്ദ്രാവിഷ്കൃതപദ്ധതി നടപ്പാക്കാനുള്ള തുടർനടപടികളൊന്നും കേരളം സ്വീകരിച്ചില്ല.


2025 ഒക്ടോബർ 23-ന് ഒപ്പിട്ട ധാരണപത്രം നടപ്പാക്കില്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനോ പിഎം ശ്രീ സ്കൂളുകൾ ആരംഭിക്കാനോ താൽപ്പര്യമില്ലെന്ന് 2025 നവംബർ പത്തിന് മന്ത്രിതലസംഘം കേന്ദ്രത്തെ അറിയിച്ചു. കേരളം ഇതിനകംതന്നെ കൈവരിച്ച അക്കാദമിക മികവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, അധിക ഫണ്ടോ  കൂടുതൽ അക്കാദമിക നേട്ടങ്ങളോ ഒന്നും സംഭാവന ചെയ്യാൻ കഴിയാത്ത ഈ പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങൾ പണയംവയ്‌ക്കാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറുമല്ലായിരുന്നു. ഈ സാഹചര്യത്തിൽ, ധാരണപത്രം ഒപ്പിട്ടതിനുപിന്നാലെ നവംബർ 12-നുതന്നെ, അത് നടപ്പാക്കുന്നത് നിർത്തിവയ്‌ക്കുന്നതായി കത്ത്‌ നൽകി.


എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത് വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. പിഎം ശ്രീ നടപ്പാക്കില്ലെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയശേഷം ഇപ്പോൾ അതിനു മുതിരുന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാരിനു കീഴടങ്ങലാണ്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിന് ഫണ്ട് ലഭിച്ചതെന്ന വാദം തെറ്റാണ്. 2023-–24 മുതൽ 2025–-26 വരെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള പാഠപുസ്തകത്തിന്റെയും യൂണിഫോമിന്റെയും ഫണ്ട് സംസ്ഥാനം ചെലവാക്കി. ഈ ഇനത്തിൽ 205 കോടി രൂപയാണ് കേന്ദ്രവിഹിതമായി ലഭിക്കേണ്ടത്. ഈ തുക ലഭിച്ചത് സംസ്ഥാനത്തിന്റെ നിരന്തരമായ ഇടപെടലുകൾകൊണ്ടാണ്. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട തുകയായതുകൊണ്ട് ഇത് നിർബന്ധമായും തന്നേ തീരൂ. പിഎം ശ്രീയുമായി അതിന് ബന്ധമില്ല.


ദേശീയ വിദ്യാഭ്യാസനയം (എൻഇപി) കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയെ തകർക്കുമെന്ന ആശങ്ക പൊതുവെയുണ്ട്. ചെറിയ സ്കൂളുകളെ അടച്ചുപൂട്ടി വലിയ സ്കൂളുകളോടൊപ്പം ചേർക്കുന്ന ‘റാഷണലൈസേഷൻ' നടപടി കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കും. കൂടാതെ സ്കൂൾ കോംപ്ലക്സ്, അക്രഡിറ്റേഷൻ തുടങ്ങിയവ വഴി വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണവും കേന്ദ്രീകരണവും നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 5+3+3+4 എന്ന പുതിയ ഘടന നടപ്പാക്കുന്നത് അധ്യാപകരുടെ തസ്തികകളെ ബാധിക്കുകയും അമിതമായ കേന്ദ്രീകരണം സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുകയും ചെയ്യും. ചുരുക്കത്തിൽ, എൻഇപി പ്രാവർത്തികമാക്കാനുള്ള പ്രവേശനകവാടമാണ് പിഎം ശ്രീ പദ്ധതി. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണവും മതാന്ധതയും ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽത്തന്നെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണം.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home