വർഗീയതയോട് സന്ധിയില്ല


പിണറായി വിജയൻ
Published on Jan 19, 2026, 10:50 PM | 4 min read
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാ അത്ത് സംഘടിപ്പിച്ച കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിന്റെ പ്രസക്തഭാഗം
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുന്പ് നയിച്ച യാത്രകളും അവ മുന്നോട്ടുവച്ച പ്രമേയങ്ങളും കേരളം ഗൗരവത്തോടെ ചർച്ച ചെയ്തവയാണ്. ഇപ്പോഴാകട്ടെ, ‘മനുഷ്യർക്കൊപ്പം' എന്ന അർഥവത്തായ സന്ദേശമാണ് ഉയർത്തിയത്. എല്ലാ അർഥത്തിലും കാലോചിതമായ സന്ദേശമാണ്. മനുഷ്യരെ മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ഒക്കെ പേരിൽ വേർതിരിക്കാനും അകറ്റിനിർത്താനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതിന് സാമൂഹ്യപ്രസക്തി. എല്ലാ മതങ്ങളും മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്; മനുഷ്യത്വത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, മതതത്വസംഹിതകളെ ദുർവ്യാഖ്യാനം ചെയ്ത് ചിലർ മതത്തെത്തന്നെ മനുഷ്യത്വവിരുദ്ധമാക്കാൻ ദുഷ്ടലാക്കോടെ ശ്രമിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും മാത്രമല്ല, ഭരണഘടനാപരമായ അവകാശങ്ങൾപോലും കനത്ത വെല്ലുവിളി നേരിടുകയാണ്. മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി മുദ്രകുത്താനും പൊതുധാരയിൽനിന്ന് മാറ്റിനിർത്താനുമുള്ള ശ്രമങ്ങൾ അരങ്ങേറുകയാണ്. പൗരത്വനിയമങ്ങളിലെ ഭേദഗതികൾമുതൽ ആരാധനാലയങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾവരെ ഇതിന്റെ ഭാഗമാണ്.
വിവേചനമില്ലാത്ത കേരളം
കേന്ദ്രസർക്കാരും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണസംവിധാനങ്ങളും മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിതനീക്കങ്ങൾ ആശങ്കാജനകമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിനുപകരം വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവിടങ്ങളിലെല്ലാം നിലനിൽക്കുന്നത്. ഇഷ്ടവസ്ത്രത്തിന്റെയും ഇഷ്ടഭക്ഷണത്തിന്റെയും പേരിൽ മനുഷ്യർ വേട്ടയാടപ്പെടുകയാണ്. ഓരോ പ്രത്യേക മതവിഭാഗത്തെ ക്രിമിനലുകളായി ചിത്രീകരിക്കാനും അവരുടെ സ്വത്തുവകകൾ തകർക്കാനും ശ്രമമുണ്ടാകുന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന വ്യാജേന മുസ്ലിം ആരാധനാലയങ്ങളെയും വീടുകളെയും ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുകയാണ്.

ദർഗകൾവരെ തകർക്കപ്പെടുന്നു. സൂഫി വര്യന്മാരുടെ മക്ബറകൾ വിഭജനകാലത്തുപോലും ആക്രമിക്കപ്പെട്ടിട്ടില്ല; ഇപ്പോൾ അതും ഉണ്ടാകുന്നു. പതിറ്റാണ്ടുകളായി വീടുവച്ച് താമസിക്കുന്നവരെ ബുൾഡോസർ കൊണ്ടുവന്ന് തുടച്ചുനീക്കുന്നു. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. വഖഫ് സ്വത്ത് പിടിക്കാൻ നിയമനിർമാണം നടക്കുന്നു. അതിനെ ഫലപ്രദമായി രാജ്യത്ത് എതിർത്തത് ഇടതുപക്ഷം മാത്രമാണ്. നേരത്തേ മുസ്ലിം സമുദായത്തിലെ പ്രമുഖ വിഭാഗങ്ങളെ സർക്കാർ സമിതികളിൽനിന്ന് മാറ്റിനിർത്തിയ ചില ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ആ വിവേചനവും വേർതിരിവും ഇല്ലാതെയാണ് അത്തരത്തിലുള്ള എല്ലാ സമിതികളും കേരളത്തിൽ പ്രവർത്തിക്കുന്നത്. ഹജ്ജ് കമ്മിറ്റി, മൈനോറിറ്റി കമീഷൻ, വഖഫ് ബോർഡ്, ഓർഫനേജ് കൗൺസിൽ ഇവയുടെയെല്ലാം ഘടന നോക്കിയാൽത്തന്നെ വ്യത്യാസം വ്യക്തമാകും.
ഏതെല്ലാം തരത്തിലാണ് ദേശീയതലത്തിൽ വിവേചനം ഉണ്ടായതെന്ന് ശ്രദ്ധിച്ചാൽ മതി. മുത്തലാഖ് നിയമംതന്നെ എടുത്താൽ; ഇതിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു പുരുഷൻ വിവാഹബന്ധം വേർപെടുത്തിയാൽ സിവിൽ കേസിനുപുറമെ ക്രിമിനൽ കേസ്. എന്നാൽ, മറ്റ് വിഭാഗങ്ങൾക്കൊന്നും അതില്ല. ഇനി പൗരത്വ നിയമഭേദഗതിയുടെ കാര്യമെടുത്താലോ? മറ്റു മതക്കാർ ഇങ്ങോട്ടുവന്നാൽ അവർക്ക് പൗരത്വം, എന്നാൽ, മുസ്ലിം വിഭാഗങ്ങൾക്ക് പൗരത്വനിഷേധം. ഇതിൽപ്പരം വിവേചനം വേറെ കാണാനാകുമോ. പ്രത്യേകപദവി എടുത്തുകളഞ്ഞ് കശ്മീരിനെ വിഭജിച്ചത് എന്ത് ലാക്കോടെയാണെന്ന് മതനിരപേക്ഷ ഇന്ത്യ കൃത്യമായി മനസ്സിലാക്കിയതാണ്. ആ ഘട്ടത്തിൽ ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുന്ന സമീപനമാണ് കശ്മീർജനത പ്രകടിപ്പിച്ചിരുന്നത് എന്നതും നാം പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. ഇതിനെല്ലാം ഇടയിലാണ് രാജ്യവ്യാപകമായി മുസ്ലിം ന്യൂനപക്ഷം വേട്ടയാടപ്പെടുന്നത്.
ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷം
ഉത്തർപ്രദേശിൽ അഞ്ചു ജനപ്രതിനിധികൾ ജയിലിലാണ്. ഒരു മുസ്ലിം എംഎൽഎ ജയിലിൽ കിടന്ന് മരിച്ചു. ഒരു മുൻ എംപി പൊലീസ് കാവലിരിക്കെ കൊല്ലപ്പെട്ടു. അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഇത്തരം കാര്യങ്ങളിലായാലും വിവേചനപരമായ ഓരോ നിയമനിർമാണത്തിന്റെ കാര്യത്തിലായാലും ന്യൂനപക്ഷത്തിനുവേണ്ടി ശബ്ദമുയർത്തുന്നത്, അവർ വേട്ടയാടപ്പെടുന്നിടങ്ങളിലേക്ക് ഓടിയെത്തുന്നത് ഇടതുപക്ഷമാണ്. അടുത്തിടെ ക്രൈസ്തവസമൂഹത്തിനുനേരെയും മുന്പെങ്ങും ഇല്ലാത്തവിധം ആക്രമണം വർധിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽവന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവരെ ആക്രമിക്കാനോ അവരെ ദ്രോഹിക്കാനോ ഉള്ള ആയുധമാവുകയാണ്. ന്യൂനപക്ഷങ്ങൾ, മുസ്ലിം–ക്രിസ്ത്യൻ ജനവിഭാഗങ്ങൾ എന്നിവർക്ക് ജീവിതം ദുസ്സഹമാകുന്ന നാടായി നമ്മുടെ രാജ്യം മാറി.
ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല എന്നത് കൃത്യമായി നാം മനസ്സിലാക്കണം. വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത രൂപംകൊണ്ടാൽ അത് വർഗീയതയെ ശക്തിപ്പെടുത്തുകമാത്രമേ ചെയ്യൂ
എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം മതനിരപേക്ഷ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ മതനിരപേക്ഷത ശക്തമായി നിലനിൽക്കേണ്ടതുണ്ട്. വർഗീയതയുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സ്വീകരിക്കാൻ പാടില്ല. വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ അകറ്റിനിർത്താൻ കഴിയണം. ഇവിടെ രാജ്യത്തുണ്ടായ ഒട്ടേറെ ദുരനുഭവങ്ങളുണ്ട്. ഇവിടെയും അത്തരത്തിലുള്ള ഒട്ടേറെ അനുഭവങ്ങൾ കാണാൻ കഴിയും. പക്ഷേ, ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല എന്നത് കൃത്യമായി നാം മനസ്സിലാക്കണം. വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത രൂപംകൊണ്ടാൽ അത് വർഗീയതയെ ശക്തിപ്പെടുത്തുകമാത്രമേ ചെയ്യൂ. ഇവിടെ ഭൂരിപക്ഷവർഗീയത വലിയതോതിൽ അഴിഞ്ഞാടി ഒട്ടേറെ ക്രൂരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, ആ വർഗീയതയെ ഞങ്ങൾതന്നെ നേരിട്ടുകൊള്ളാമെന്ന് ഏതെങ്കിലും ന്യൂനപക്ഷവിഭാഗത്തിലെ ഒരുകൂട്ടർ കണക്കാക്കി, അങ്ങനെയൊരു ന്യൂനപക്ഷവർഗീയതയ്‌ക്ക് രൂപംകൊടുത്താൽ തീർത്തും ആത്മഹത്യാപരമായിരിക്കും.
വർഗീയത നാടിനാപത്ത്
ഒരു വർഗീയതയെ മറ്റൊരു വർഗീയതകൊണ്ട് നേരിടാനാകില്ല. ഈ രണ്ട് വർഗീയതയും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുകയാണ് ചെയ്യുക. മതനിരപേക്ഷസമൂഹമാകെ വർഗീയതയെ എതിർക്കാൻ തയ്യാറാകണം. നമ്മുടെ രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ–-ന്യൂനപക്ഷ വ്യത്യാസമില്ലാതെ, ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലും മഹാഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. ആ മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ വർഗീയതയുടെ കനലെരിയുമ്പോഴും കേരളം ഒരു ശാന്തിതീരമായി നിലകൊള്ളുകയാണ്. നമ്മൾ പുലർത്തിവരുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുകളാണ് ഇതിന് കാരണം.
കേരളത്തിലും വർഗീയപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലേ? വർഗീയകലാപങ്ങൾ ഉണ്ടായിട്ടില്ലേ? ഞാൻ ആദ്യം എംഎൽഎ ആകുന്നത് 1970 കാലത്തായിരുന്നു. 1971-ലാണ് തലശേരി കലാപം നടന്നത്. ആ കലാപം വലിയ സംഘർഷം സൃഷ്ടിക്കപ്പെട്ടു. ഒരു ജീവൻ നഷ്ടപ്പെട്ടു; അത് ഞങ്ങളുടെ ഒരു സഖാവിന്റെയായിരുന്നു. മെരുവമ്പായി പള്ളിക്ക് കാവൽ നിന്ന വളന്റിയർമാരുടെ നേതാവ് യു കെ കുഞ്ഞിരാമൻ. വലിയ കലാപമാണ് മട്ടാഞ്ചേരിയിൽ ഒരു കാലത്ത് നടന്നത്. പൊലീസിന് വെടിവയ്‌ക്കേണ്ടിവന്നു. ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് കലാപം ഉണ്ടായപ്പോൾ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ് നശിപ്പിച്ചത്. വെടിവയ്‌പുണ്ടായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുള്ള കുട്ടി വെടിയേറ്റു മരിച്ചു. പൂന്തുറയിൽ ആറുപേരായിരുന്നു കലാപത്തിൽ കൊല്ലപ്പെട്ടത്. മട്ടാഞ്ചേരിയിൽ മൂന്നുപേർ കൊല്ലപ്പെട്ട ഒരു കലാപം വീണ്ടുമുണ്ടായി. കാസർകോട്, ബേക്കൽ, മഞ്ചേശ്വരം എന്നിവിടങ്ങളിലെ വർഗീയസംഘർഷത്തിലും ഏഴുപേർ കൊല്ലപ്പെട്ടു. ഇതിനുപുറമെ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതെല്ലാം നമ്മുടെ നാട്ടിൽ വിവിധ ഘട്ടങ്ങളിൽ നടന്ന കാര്യങ്ങളാണ്. തൊട്ടുപിറ്റത്തെ വർഷം വീണ്ടും കാസർകോട്ട് സംഘർഷം, കലാപം. നാലുപേർ കൊല്ലപ്പെട്ടു. ഇതിനെല്ലാംശേഷം മാറാട് ഒന്നും രണ്ടും കലാപങ്ങളുണ്ടായി. ഒന്നാംകലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടുവർഷം പിന്നിടുമ്പോൾ മാറാട് രണ്ടാംകലാപത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. പൂവാർ സംഘർഷം ഉണ്ടായി. കാസർകോട്ട് വീണ്ടും സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ചെറിയ തുറയിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. കുറച്ചുവർഷം കഴിഞ്ഞപ്പോൾ കാസർകോട്ട് വീണ്ടും കലാപം, രണ്ടുപേർ കൊല്ലപ്പെട്ടു.
സംഘർഷങ്ങളില്ലാത്ത നാട്
കേരളം വർഗീയസംഘർഷം ഒരുകാലത്തും ഇല്ലാതിരുന്ന നാടല്ല. വിവിധ ഘട്ടങ്ങളിൽ വർഗീയസംഘർഷം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വർഗീയസംഘർഷം തീർത്തും മാറ്റിനിർത്താൻ കഴിഞ്ഞിട്ടുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഒരു വർഗീയതയെയും പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. എല്ലാ വർഗീയതയോടും കർക്കശമായ നിലപാട് സ്വീകരിക്കണം. അങ്ങനെമാത്രമേ വർഗീയതയെ ശമിപ്പിക്കാൻ പറ്റൂ. ഒരു ദശാബ്ദമായി കേരളത്തിൽ ഒരുതരത്തിലുള്ള വർഗീയസംഘർഷവും ഇല്ല. അത് ഇത്തരം ഒരു സമീപനത്തിന്റെ ഭാഗമായാണ്. ആ സമീപനം സ്വീകരിക്കുന്നവരോട് വർഗീയശക്തികൾക്ക് സ്വാഭാവികമായിട്ടും വിരോധമുണ്ടാകും. അവർ പലതരം വേഷത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കും. പക്ഷേ, അതുകൊണ്ടൊന്നും വർഗീയതയ്‌ക്ക് അന്തിമവിജയം നേടാനാകില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ ഭയാശങ്കയോടെയാണ് കഴിയുന്നത്. എന്നാൽ, കേരളത്തിൽ അന്തസ്സോടെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം നമ്മൾ ഉറപ്പാക്കിയിട്ടുണ്ട്. വിവേചനത്തിന്റെയോ വിദ്വേഷത്തിന്റെയോ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമുണ്ടാകില്ലെന്ന ഉറച്ച നിലപാടാണ് നാം സ്വീകരിക്കുന്നത്.
ന്യൂനപക്ഷസംരക്ഷണത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസ -സാമൂഹിക പുരോഗതിയുടെ കാര്യത്തിലും വ്യക്തമായ ബദൽകാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് സംസ്ഥാനം നീങ്ങുന്നത്. ഭൂരിപക്ഷവർഗീയതയായാലും ന്യൂനപക്ഷവർഗീയതയായാലും സന്ധിയില്ല. തീവ്രവാദത്തെയും ഭീകരവാദത്തെയും പൂർണമായി തള്ളിപ്പറഞ്ഞാണ് കേരളം മുന്നോട്ടുപോകുന്നത്. ഈ യാത്രയിലുടനീളം കാന്തപുരം അബൂബക്കർ മുസ്ലിയാർ ഈ കാര്യം അദ്ദേഹത്തിന്റെ ഭാഷയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഏതായാലും നമ്മുടെ നാട്ടിൽ മാതൃകാപരമായ രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്, മതനിരപേക്ഷത കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ്. അതിന് എല്ലാ ഘട്ടത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണം.












