ജനവഞ്ചനയും സംഘപരിവാർ ദാസ്യവും


പിണറായി വിജയൻ
Published on Nov 18, 2026, 01:00 AM | 3 min read
യുഡിഎഫ് സർക്കാരിന്റെ ആറ് മാസത്തെ പ്രവർത്തനങ്ങളെ പ്രതിപക്ഷ നേതാവ് വിലയിരുത്തുന്നു
യുഡിഎഫ് സർക്കാർ അധികാരത്തിലേറി വെറും ആറുമാസം പൂർത്തിയാകുമ്പോൾ, കേരളത്തിന്റെ ചരിത്രത്തിലെ വലിയ ജനവഞ്ചനയ്ക്കാണ് നാട് സാക്ഷ്യംവഹിക്കുന്നത്. "പുതുയുഗ കർമപദ്ധതി’എന്ന പേരിൽ ഭരണനേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ, മറഞ്ഞിരിക്കുന്നത് വഞ്ചനയുടെയും നാടിനെ വിറ്റുതുലയ്ക്കാനുള്ള ഗൂഢാലോചനയുടെയും യാഥാർഥ്യങ്ങളാണ്. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽനിന്നെല്ലാം നിർലജ്ജം ‘യു -ടേൺ’ അടിച്ചിരിക്കുകയാണ് ഈ സർക്കാർ. കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാർ ഈ നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിന്ന് പടുത്തുയർത്തിയ ജനകീയ ബദലുകളെ നിഷ്കരുണം തകർത്തെറിയാനാണ് ആറുമാസമായി ശ്രമിക്കുന്നത്.
വിഭവങ്ങളെല്ലാം കോർപറേറ്റുകൾക്ക്
ഭരണപരമായ പ്രായോഗികതയുടെയും നിയമപരമായ ബാധ്യതകളുടെയും പേരിൽ പൊള്ളയായ അബദ്ധന്യായങ്ങൾ നിരത്തി, സംഘപരിവാറിന്റെ കോർപറേറ്റ്–വർഗീയ അജൻഡകൾക്ക് കേരളത്തിൽ ചുവപ്പുപരവതാനി വിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ധനകാര്യ പ്രതിസന്ധിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണും കടലും വിഭവങ്ങളും സ്വകാര്യ കുത്തകകൾക്ക് അടിയറവയ്ക്കുന്നു. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ കിഫ്ബിയെ തകർക്കുക എന്നതാണ് ഈ സർക്കാരിന്റെ പ്രധാന അജൻഡ. കിഫ്ബി വഴിയുള്ള സുപ്രധാന പദ്ധതികളെ സുധാപിള്ള സമിതിയെ മറയാക്കി സ്തംഭിപ്പിച്ചിരിക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കി, പഞ്ചവത്സരപദ്ധതികളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള നീക്കം കേരളത്തിന്റെ വികസനമാതൃകയോടുള്ള വെല്ലുവിളിയാണ്.
സമുദ്ര നയത്തിലൂടെയും മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെയും നമ്മുടെ തീരദേശവും കരിമണൽസമ്പത്തും കുത്തകകൾക്ക് കൈമാറാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവഴി മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾ തകർക്കുകമാത്രമല്ല, തീരപ്രദേശങ്ങളിൽനിന്ന് അവരെ തുരത്തുകയും ചെയ്യും. ഇതിനുപുറമെ സരൾ ബില്ലിലൂടെ കേരളത്തിന്റെ വിഭവസമ്പത്തും ഭൂമിയും പൂർണമായും കോർപറേറ്റുകൾക്ക് അടിയറവയ്ക്കാൻ അവസരമൊരുക്കുകയാണ്. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്ന നിയമങ്ങൾ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു. നിയന്ത്രണാതീതമായി, തോന്നുന്നപോലെ സ്വകാര്യ കുത്തകകൾക്ക് എന്തും ചെയ്യാനുള്ള അവസരമാണ് ഇൗ സർക്കാർ ഒരുക്കുന്നത്. പൗരർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി സിവിൽ കോടതികളെ സമീപിക്കാനുള്ള അടിസ്ഥാന അവകാശം ഉൾപ്പെടെ ഈ നിയമത്തിലൂടെ നിഷേധിക്കപ്പെടുകയാണ്.
തകർക്കപ്പെടുന്ന ക്ഷേമപദ്ധതികൾ
സാധാരണക്കാരുടെ അതിജീവനത്തിന് നിർണായക പിന്തുണ നൽകുന്ന ക്ഷേമപദ്ധതികളെ തകർത്തു എന്നതാണ് ഈ സർക്കാരിന്റെ മറ്റൊരു ‘നേട്ടം’. അധികാരവികേന്ദ്രീകരണത്തിന്റെ കേരളമാതൃകയെ തകർക്കുന്നവിധത്തിൽ, തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം 599 കോടിയിൽനിന്ന് 177 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ അഭിമാനകരമായ ലൈഫ് ഭവനപദ്ധതി, ബഡ്സ് സ്കൂളുകൾ, കോവിഡ് കാലത്ത് നാടിന് താങ്ങായ ജനകീയ ഹോട്ടലുകൾ, സാന്ത്വനപരിചരണ കേന്ദ്രങ്ങൾ എന്നിവയെല്ലാം പൂർണമായും സ്തംഭിച്ചു. ലൈഫ് മിഷനിൽ ഒരുലക്ഷം രൂപ ഗുണഭോക്തൃവിഹിതം അടിച്ചേൽപ്പിച്ച സർക്കാർ, പാവപ്പെട്ടവരുടെ വീടുകളിൽ കേന്ദ്രസർക്കാരിന്റെ മുദ്ര പതിപ്പിക്കാൻ അനുമതി നൽകിയതിലൂടെ അവരുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിക്കുന്നത്. തൊഴിലാളിവിരുദ്ധതയിലും ഈ സർക്കാർ ഒട്ടും പിന്നിലല്ല. ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ട് അവഗണിക്കുകയും കേന്ദ്രം കൊണ്ടുവന്ന കരിനിയമങ്ങളായ പുതിയ തൊഴിൽ ചട്ടങ്ങൾ നടപ്പാക്കാൻ തിടുക്കംകാട്ടുകയും ചെയ്യുന്നതിലൂടെ തൊഴിലാളികളെ കുത്തകമുതലാളിമാർക്കുമുന്നിൽ എറിഞ്ഞുകൊടുക്കുകയാണ്.
വൈദ്യുതി–ആരോഗ്യ മേഖലകളെ സ്വകാര്യവൽക്കരിക്കാൻ ശ്രമം
രാജ്യത്തിനുതന്നെ മാതൃകയായിരുന്ന നമ്മുടെ പൊതുജനാരോഗ്യ, വൈദ്യുതി മേഖലകളെ സ്വകാര്യവൽക്കരിക്കാൻ ഗൂഢനീക്കമാണ് നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാമരുന്നുകൾപോലും ഇല്ലാത്ത അവസ്ഥയുണ്ടായി. എൻഎച്ച്എം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് ആരോഗ്യരംഗത്തെ സ്തംഭിപ്പിച്ചു. വൈദ്യുതിമേഖലയിൽ കൃത്രിമപ്രതിസന്ധി സൃഷ്ടിച്ചതിലൂടെ, കേരളത്തിലെ ആശുപത്രികളിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തേണ്ട ദുരവസ്ഥവരെ ഉണ്ടായി എന്നത് നാണക്കേടാണ്. കെഎസ്ഇബിയിലെ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും പരസ്പരവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് സർക്കാരിന്റെ ജീർണതയാണ് വ്യക്തമാക്കുന്നത്.
മനുഷ്യത്വരഹിത മുഖം
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലൊന്നുമില്ല. നോർക്കയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചും ഇൻഷുറൻസ് വിഹിതം കൂട്ടിയും പ്രവാസികളെ ദുരിതത്തിലാക്കി. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ, 308 ആദിവാസി അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി, വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നവരോടുള്ള സർക്കാരിന്റെ നിസ്സംഗത എന്നിവയെല്ലാം ഈ സർക്കാരിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് വെളിവാക്കുന്നത്.
മതനിരപേക്ഷവിരുദ്ധ നിലപാട്
ഭരണനിർവഹണ തലത്തിലും നിയമ തലങ്ങളിലും യോഗ്യതയ്ക്കുപകരം സംഘപരിവാർ വിധേയത്വമാണ് ഇപ്പോൾ നിയമനങ്ങൾക്കുള്ള മാനദണ്ഡം. അഡ്വക്കറ്റ് ജനറൽ ഓഫീസ് മുതൽ ചരിത്ര ഗവേഷണ കൗൺസിൽവരെ എല്ലായിടത്തും സംഘപരിവാർ-, ഗവർണർ അനുകൂലികളെ തിരുകിക്കയറ്റുകയാണ്. യുജിസി ചട്ടങ്ങളുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണമായും ഗവർണർക്ക് അടിയറവ് വച്ചു. മുന്പ് കേരളം ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതും പൊതുവിദ്യാലയങ്ങളിൽ ബാലഗോകുലം പരീക്ഷയ്ക്ക് അനുമതി നൽകിയതും സവർക്കറെ വാഴ്ത്തുന്ന ചോദ്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതും വഖഫ് ബോർഡ് പിരിച്ചുവിട്ടതും സർക്കാരിന്റെ മതനിരപേക്ഷവിരുദ്ധ നിലപാടുകൾക്ക് പകൽപോലുള്ള തെളിവുകളാണ്.
ജനങ്ങൾ മറുപടി നൽകും
സ്വന്തം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംപോലും ഇല്ലാതാക്കി ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഈ ജനവഞ്ചനയ്ക്കും കോർപറേറ്റ്–-വർഗീയ ദാസ്യത്തിനും ഏകാധിപത്യഭരണത്തിനുമെതിരെ നോക്കിനിൽക്കാൻ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയില്ല. കേരളത്തിന്റെ നേട്ടങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത ജനകീയപോരാട്ടങ്ങളുമായി എൽഡിഎഫ് മുന്നോട്ടുപോകും. സമരങ്ങളിലൂടെയാണ് ഈ നാട് അവകാശങ്ങൾ നേടിയെടുത്തത്; ആ സമരച്ചൂളയിൽ ഈ ജനവിരുദ്ധ സർക്കാരിനും ജനങ്ങൾ മറുപടി നൽകും.
സമ്പന്നർക്ക് സ്റ്റേഷൻ ജാമ്യം, സാധാരണക്കാർക്ക് ക്രൂരമർദനം
പൊലീസിനെ അടിമുടി ജനവിരുദ്ധമാക്കി മാറ്റിയതാണ് മറ്റൊരു ദുരന്തം. സമ്പന്നർക്ക് സ്റ്റേഷൻ ജാമ്യവും സാധാരണക്കാർക്ക് ക്രൂരമർദനവും എന്ന ഇരട്ടനീതിയാണ് കേരളത്തിൽ നടപ്പാകുന്നത്. പാലത്തായി കേസിലെ പ്രോസിക്യൂഷൻ വീഴ്ചകളും ശബരിമല സ്വർണക്കൊള്ള കേസിൽ സംഘപരിവാർ പശ്ചാത്തലമുള്ള അഭിഭാഷകനിയമനവും കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് നൽകിയ സഹായങ്ങളും വിരൽചൂണ്ടുന്നത് അഴിമതിക്കാർക്കും വർഗീയവാദികൾക്കും സർക്കാർ നൽകുന്ന പരസ്യമായ സംരക്ഷണത്തിലേക്കാണ്. ജനാധിപത്യസമരങ്ങളെ മൃഗീയമായി അടിച്ചമർത്തുകയും സമൂഹമാധ്യമങ്ങളിലെ വിമർശങ്ങളെപ്പോലും തടഞ്ഞ് അപ്രഖ്യാപിത സൈബർ അടിയന്തരാവസ്ഥ നടപ്പാക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി.














