ad
Deshabhimani

Articles

ജനമനസ്സിലുള്ളത്‌ തുടർവികസനം

ജനമനസ്സിലുള്ളത്‌ തുടർവികസനം

Pinarayi Vijayan.jpg

ജനമനസ്സിലുള്ളത്‌ തുടർവികസനം

avatar
സി കെ ദിനേശ്‌

Published on Apr 07, 2026, 01:15 AM | 4 min read

വ്യാജ ആരോപണങ്ങളുന്നയിച്ച്‌ കുടുംബത്തെവരെ ആക്രമിച്ച്‌ വ്യക്തിപരമായി പിണറായി വിജയനെ തളർത്താൻ നോക്കി. രാഷ്‌ട്രീയ വിരോധംകൊണ്ട്‌ യുഡിഎഫും കേന്ദ്ര ബിജെപി സർക്കാരും കേരളത്തിന്റെ വികസനത്തോടുതന്നെ അയിത്തം കൽപ്പിച്ചു. അപ്പോഴും ഒരു കുലുക്കവുമില്ലാതെ പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനവും ക്ഷേമപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോയി. 10 വർഷം ഒരു വർഗീയവാദിയും തലപൊക്കാൻ ധൈര്യം കാണിച്ചില്ല. ഇക്കാലത്ത്‌ കേരളത്തിലുണ്ടായ മാറ്റം ആരെയും പറഞ്ഞ്‌ ബോധ്യപ്പെടുത്തേണ്ടതുമില്ല.


കേരളം പോളിങ്‌ ബൂത്തിലേക്ക്‌ പോകുമ്പോൾ ഇ‍ൗ നില കൂടുതൽ ശക്തമായി തുടരാനാകുമെന്ന നിറഞ്ഞ ആത്മവിശ്വാസമാണ്‌ പിണറായി വിജയനുള്ളത്‌. മുഖ്യമന്ത്രി ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖം.

തയ്യാറാക്കിയത്‌: ദേശാഭിമാനി തിരുവനന്ത
പുരം ബ്യൂറോ ചീഫ്‌ സി കെ ദിനേശ്‌​


 ഒരു മാറ്റം വേണ്ടേ, മാറിക്കൊടുക്കൂ എന്നാണ്‌ പ്രതിപക്ഷ പ്രചാരണം


​■ എന്തിലേക്കാണ് മാറേണ്ടത് എന്നതാണ് മറുചോദ്യം. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്തെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വികസനമുരടിപ്പിന്റെയും ഇരുണ്ട നാളുകളിലേക്കാണോ നാട് തിരികെ നടക്കേണ്ടത്. ദേശീയപാത വികസനം ഉപേക്ഷിച്ച് ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടിപ്പോയ, ഗെയിൽ പൈപ്പ്‌ലൈൻ അസാധ്യമെന്നു പറഞ്ഞ് ഉപേക്ഷിച്ച, ക്ഷേമ പെൻഷൻ 600 രൂപയായിട്ടുപോലും 18 മാസം കുടിശ്ശിക വരുത്തിയ, പവർകട്ടുള്ള കാലത്തേക്കാണോ ഈ മാറ്റം അവർ ആവശ്യപ്പെടുന്നത്.


നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ രാജ്യത്ത് ഒന്നാമത്, ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം, മികച്ച ആരോഗ്യ–വിദ്യാഭ്യാസ സൂചികകൾ, പൂർത്തിയാകുന്ന ദേശീയപാതയും വിഴിഞ്ഞം തുറമുഖവും ഇതൊക്കെയാണ് പിന്നിടുന്ന 10 വർഷത്തിന്റെ ബാക്കിപത്രം. നാടിനെ പിന്നോട്ടുവലിക്കാൻ ശ്രമിക്കുന്ന യുഡിഎഫ്‌–ബിജെപി സഖ്യത്തിന്റെ അധികാരക്കൊതിക്കല്ല, മറിച്ച് വികസനത്തിന്റെയും ക്ഷേമത്തിന്റെയും തുടർമുന്നേറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

 ആരോഗ്യകരമായ ചർച്ചയ്ക്ക്‌ തയ്യാറാകാതെ, വ്യാജ ആരോപണങ്ങളിൽമാത്രം പ്രതിപക്ഷ പ്രചാരണം ഉ‍ൗന്നിയത്‌ എന്തുകൊണ്ടായിരിക്കും

■ വേറെയെന്താ, വികസനം ചർച്ച ചെയ്യാൻ ഭയമാണ്. കാരണം, കണക്കുകൾ നിരത്തിയുള്ള ഒരു വികസനസംവാദത്തിന് നിന്നാൽ പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടപ്പെടും.

2011-–16ലെ അവരുടെ ഭരണകാലവും 2016 മുതൽ ഇങ്ങോട്ടുള്ള എൽഡിഎഫ് ഭരണകാലവും തമ്മിലുള്ള താരതമ്യം അവർക്ക് ചിന്തിക്കാൻപോലും കഴിയില്ല. കിഫ്ബിയെ ഇല്ലാതാക്കാൻ നോക്കിയവരാണ്. അഞ്ചുലക്ഷത്തിലധികം പാവങ്ങൾക്ക് വീട് നൽകിയ ലൈഫ് മിഷനെതിരെ സിബിഐയെയും ഇഡിയെയും വിളിച്ചുവരുത്തി പദ്ധതി മുടക്കാൻ നോക്കിയവരാണവർ.


കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന നടപടികൾ തുടർന്നപ്പോൾ, അതിനെതിരെ ഒരക്ഷരം മിണ്ടാതെ പിന്തുണച്ചു യുഡിഎഫ് എംപിമാർ. നാടിന്റെ വികസനത്തെ തുരങ്കംവച്ച ഈ ചരിത്രം ജനങ്ങൾക്ക് അറിയാം. ബിജെപിയാകട്ടെ, പണത്തിന്റെ ഹുങ്കിലും വർഗീയതയുടെ വിഷപ്രചാരണങ്ങളിലും നേട്ടമുണ്ടാക്കാമെന്നാണ് മോഹിക്കുന്നത്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ വികസനവിരുദ്ധ രാഷ്ട്രീയത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

പ്രകടനപത്രികയിൽ വിശ്വസിക്കാമെന്ന ഉറപ്പ്‌ എൽഡിഎഫ് തെളിയിച്ചുകഴിഞ്ഞു. യുഡിഎഫും ചില സ‍ൗജന്യങ്ങളും വാഗ്ദാനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്‌.

■ അധികാരത്തിലെത്തിയാൽ പ്രകടനപത്രിക ചവറ്റുകുട്ടയിലെറിയുന്ന സംസ്കാരമാണ് യുഡിഎഫിന്റേത്. 2016ൽ എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580ഉം നിറവേറ്റി. 2021ൽ നൽകിയ 900 വാഗ്ദാനങ്ങളിൽ ഏകദേശം 97 ശതമാനവും പൂർത്തിയാക്കി. എന്നാൽ, യുഡിഎഫിന്റെ കാര്യമോ? 600 രൂപമാത്രമുണ്ടായിരുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ വകയില്ലാതെ ഒന്നരവർഷം ജനങ്ങളെ ദ്രോഹിച്ചവരാണ്.


​പ്രായോഗികമല്ലാത്ത, ജനങ്ങളെ കബളിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് സ്റ്റണ്ടുമാത്രമാണ് യുഡിഎഫിന്റെ എക്കാലത്തെയും വാഗ്ദാനങ്ങൾ. പറയുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഭരിക്കുമ്പോഴാണ് ജനങ്ങൾക്ക് പ്രകടനപത്രികയിലുള്ള വിശ്വാസം വർധിക്കുന്നത്. ആ വിശ്വാസ്യതയാണ് ഞങ്ങളുടെ വലിയ മൂലധനം. ചെയ്യാൻ പറ്റുമെന്ന് ഉറപ്പുള്ളതേ പറയാറുള്ളൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും. പ്രകടനപത്രികയെ ഗൗരവത്തോടെയാണ് എൽഡിഎഫ് കാണുന്നത്.

 ഇരുപതിലധികം മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. മിക്കദിവസവും വാർത്താസമ്മേളനം. അപ്പോഴും പ്രതിപക്ഷനേതാവ്‌ പറയുന്നു മുഖ്യമന്ത്രി റേഡിയോ ആണ്, ചോദ്യങ്ങൾക്ക് മറുപടിയില്ല എന്ന്


■ തങ്ങൾ ഉണ്ടാക്കിവിടുന്ന വ്യാജ നിർമിതികൾക്കും നുണക്കഥകൾക്കും മുഖ്യമന്ത്രി ദിവസവും മറുപടി പറയണം. അതുവഴി തങ്ങളുടെ അജൻഡകൾ മാധ്യമങ്ങളിൽ സജീവമായി നിർത്തണം എന്നതാണ് പ്രതിപക്ഷലക്ഷ്യം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും കേന്ദ്ര അവഗണനയെക്കുറിച്ചും വ്യക്തമായി ജനങ്ങളോട് സംവദിക്കുക എന്നതാണ് പ്രധാനം. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളും തുടർച്ചയായ വാർത്താസമ്മേളനങ്ങളും ഈ സുതാര്യതയുടെ തെളിവാണ്.


ഇന്ത്യയിൽത്തന്നെ ആദ്യമായി എല്ലാ വർഷവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കുമുന്നിൽ വയ്‌ക്കുന്ന ഭരണസംവിധാനം നമ്മുടേതാണ്. റേഡിയോ എന്ന് ആക്ഷേപിക്കുന്നത്, കൃത്യമായ രാഷ്ട്രീയവും വികസന അജൻഡയും ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന നിരാശയിൽനിന്നാണ്. അർഥമില്ലാത്ത വിവാദങ്ങളോട് മൗനംപാലിക്കുകയും എന്നാൽ നാടിന്റെ വികസനവിഷയങ്ങളിൽ ജനങ്ങളോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ശൈലിയാണ് ഈ സർക്കാരിന്റേത്. അത് തുടരുകതന്നെ ചെയ്യും.

 തുടർഭരണം നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാകും. എവിടെയൊക്കെയാകും ഊന്നൽ

■ എന്തൊക്കെ ചെയ്യുമെന്ന് വിശദമാക്കുന്ന പ്രകടനപത്രിക എൽഡിഎഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 വർഷംകൊണ്ട് പടുത്തുയർത്തിയ കരുത്തുറ്റ അടിത്തറയിൽ നിന്നുകൊണ്ട് വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും ഉയരങ്ങളിലേക്ക് നാടിനെ നയിക്കുക എന്നതാണ് എൽഡിഎഫ്‌ ലക്ഷ്യം. പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കി.

അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങളും ജീവിതനിലവാരവും വികസിതരാഷ്ട്രങ്ങൾക്കുസമാനമായി ഉയർത്തുക എന്നതാണ് കാഴ്ചപ്പാട്. പശ്ചാത്തലസൗകര്യങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് പ്രധാന ഊന്നൽ. നൂതന സാങ്കേതികവിദ്യകളിൽ ഊന്നിയുള്ള ഐടി വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും ആകർഷിച്ച് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമാണ്. ഇതിനൊപ്പം നമ്മുടെ കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭ്യമാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസമേഖലയെ ഉടച്ചുവാർക്കും. സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ ലാബുകളും അന്താരാഷ്ട്രനിലവാരമുള്ള ഗവേഷണകേന്ദ്രങ്ങളും സ്ഥാപിച്ച് പഠനവും തൊഴിലും തമ്മിലുള്ള വിടവ് നികത്തും.


അടിസ്ഥാനസൗകര്യ വികസനത്തിലും വലിയ കുതിപ്പാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ അതിനെ ബന്ധിപ്പിച്ചുള്ള വൻകിട ലോജിസ്റ്റിക്സ് ഇടനാഴികൾ, ഔട്ടർ റിങ്‌ റോഡ് എന്നിവ പൂർത്തിയാക്കി വ്യാവസായികക്കുതിപ്പ് സാധ്യമാക്കും. കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി, ഡിജിറ്റൽ സയൻസ് പാർക്ക്, തീരദേശ–മലയോര ഹൈവേകൾ, വേഗമേറിയ യാത്രാസംവിധാനങ്ങൾ എന്നിവ യാഥാർഥ്യമാക്കി നാടിന്റെ മുഖച്ഛായ മാറ്റും.


​ഇതോടൊപ്പം ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കും. ലൈഫ് മിഷനിലൂടെ ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്‌നം സമ്പൂർണമാക്കാനും ഭൂരഹിതരായ എല്ലാവർക്കും ഭൂമി ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷനുകൾ കൃത്യമായി നൽകാനും ആരോഗ്യ–വിദ്യാഭ്യാസ മേഖലകളെ പുതിയ പദ്ധതികളിലൂടെ കൂടുതൽ വിപുലപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളും തുടരും.


​ചുരുക്കത്തിൽ, വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കാനും അതേസമയം, ജനങ്ങളുടെയാകെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനും സാധിക്കുന്ന സമഗ്രവും സമത്വപൂർണവുമായ നവകേരള നിർമിതിയുടെ മുന്നേറ്റമാകും തുടർഭരണം. അതാണ് പ്രകടനപത്രികയിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളത്.



Deshabhimani
Home