മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം


പിണറായി വിജയൻ
Published on Aug 03, 2025, 01:37 AM | 2 min read
കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു എം കെ സാനു. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ജീവിതത്തിനാണ് തിരശ്ശീല വീണത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണിത്.
കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. ശ്രേഷ്ഠനായ അധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർഥനായ സാമൂഹ്യ സേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളം.
സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളർന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന വിഷമതകൾ തന്റെ മാത്രം വിഷമതകളല്ല എന്നും അതിൽ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസ്സിലാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. അതു പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകളിൽ തെളിഞ്ഞു കാണാനും കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഈ ദർശനങ്ങളിലുണ്ടെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.

വി ടി ഭട്ടതിരിപ്പാടിനും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർക്കുമൊപ്പം
സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടുകൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂൾ അധ്യാപകനായി ചേർന്നശേഷം പിന്നീട് കോളേജ് അധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേർന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. എന്റെ വിദ്യാർഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാർഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദർഭങ്ങളിൽ വേദനിക്കുന്ന സാനുമാഷിനെ കണ്ടിട്ടുണ്ട്. പിൽക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാൻമാത്രം കരിക്കാമുറിയിലെ ‘സന്ധ്യ' വീട്ടിൽ എത്തിയിട്ടുണ്ട്.
സഖാവ് ഇ എം എസുമായി സംവാദാത്മകമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ്, കോളേജ് അധ്യാപനത്തിൽനിന്ന് വിരമിച്ചശേഷം, ഇ എം എസ്സിന്റെ അപേക്ഷ പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറായത്. എറണാകുളം നിയമസഭാ മണ്ഡലത്തിൽ അദ്ദേഹം നേടിയ വിജയം ശ്രദ്ധാർഹമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർഥികളും സഹപ്രവർത്തകരുമായിരുന്നവരുടെ വലിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് സമയത്ത് കണ്ടത്. എല്ലാവരോടും സൗമ്യമായിമാത്രം ഇടപെടുകയും വിനയത്തോടെമാത്രം പെരുമാറുകയും അതേസമയം, സ്വന്തം നിലപാടുകൾ തുറന്നുപറയുകയും ചെയ്യുന്ന പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാംഗയി നാലുവർഷം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
എഴുത്തും വായനയും രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യസേവനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുകയാണ് അദ്ദേഹം ചെയ്തത്. സാംസ്‌കാരിക, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ രാഷ്ട്രീയം ഉയർത്തിപ്പിടിക്കരുതെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. കലാകാരൻ ഏതെങ്കിലും പക്ഷം പിടിച്ചാൽ കല ദുഷിച്ചു പോകും എന്നതാണ് അവർ ഉപയോഗിക്കുന്ന വാദം. എന്നാൽ, അത് അങ്ങനെയല്ലായെന്ന് തെളിയിക്കുന്നതാണ് സാനുമാഷിന്റെ ജീവിതം. ലോകക്ഷേമം സ്വപ്നം കാണുന്നവരാണ് ഭാവിയുടെ വിധാതാക്കൾ എന്ന വിശ്വാസമാണ് തന്റെ രാഷ്ട്രീയമെന്നും, ആ വിശ്വാസമാണ് തന്നെ ഇടതുപക്ഷത്തോട് ചേർത്തുനിർത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ദർശനം ആഴത്തിൽ പഠിക്കാനും ഉൾക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ ദർശനത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതി. ശ്രീനാരായണ ദർശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ച കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ വേർപെട്ടുപോയത്
ജീവചരിത്രകാരൻ എന്ന നിലയിൽ ശ്രദ്ധേയരായ നിരവധി വ്യക്തികളെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി. ശ്രീനാരായണഗുരു, കുമാരനാശാൻ, ചങ്ങമ്പുഴ, എം ഗോവിന്ദൻ തുടങ്ങി കേസരി ബാലകൃഷ്ണപിള്ളവരെ എത്തിനിൽക്കുന്നു ആ ജീവചരിത്ര ശേഖരം. ശ്രീനാരായണഗുരുവിന്റെ ദർശനം ആഴത്തിൽ പഠിക്കാനും ഉൾക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ ദർശനത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതി. ശ്രീനാരായണ ദർശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ച കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ വേർപെട്ടുപോയത്.
ശ്രീനാരായണ ദർശനത്തോടൊപ്പം മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ആ ആശയത്തെ എക്കാലവും അദ്ദേഹം മുറുകെ പിടിച്ചു.
ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താൻ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേർക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.












