'അശ്വമേധം' പൊളിച്ച ജനാധിപത്യമുന്നേറ്റം


ഡോ. ജോൺ ബ്രിട്ടാസ്
Published on Aug 17, 2026, 01:30 AM | 5 min read
മഹാനായ ലെനിന്റെ വിഖ്യാതമായ ഒരു വാക്യമുണ്ട്: "ഒന്നും സംഭവിക്കാതെ കടന്നുപോകുന്ന പതിറ്റാണ്ടുകളുണ്ട്. പതിറ്റാണ്ടുകൾ സംഭവിക്കുന്ന ആഴ്ചകളുമുണ്ട്.' മാറിമറിയുന്ന ദേശീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തെ അപഗ്രഥിക്കുമ്പോൾ ലെനിന്റെ വാക്കുകൾ പ്രതിധ്വനിക്കുകയാണ്.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഉരുണ്ടുകൂടിയ, അല്ലെങ്കിൽ നിർമിക്കപ്പെട്ട രാഷ്ട്രീയ യാഥാർഥ്യങ്ങൾ എന്തൊക്കെയായിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപി നേടിയ ചരിത്രവിജയം, പ്രബലമെന്ന് കരുതിയ തൃണമൂൽ കോൺഗ്രസിന്റെ ശൈഥില്യം, എംഎൽഎമാരും എംപിമാരും ബിജെപി പക്ഷത്തേക്ക് നടത്തിയ കൂറുമാറ്റം, ഒരുകാലത്ത് മോദിക്ക് വെല്ലുവിളിയുയർത്തിയ കെജ്‌രിവാളിന്റെ തളർച്ച, അദ്ദേഹത്തിന്റെ എംപിമാർ ബിജെപി പക്ഷത്തേക്ക് നടത്തിയ പ്രയാണം, ഉദ്ധവ് താക്കറെയുടെ ശിവസേനാ പാർലമെന്ററി പാർടിയിലെ പിളർപ്പും എൻഡിഎയിലേക്കുള്ള ചേക്കേറലും... ബിജെപി കൂടാരത്തിലേക്ക് പ്രതിപക്ഷ എംപിമാരുടെയും എംഎൽഎമാരുടെയും ഒഴുക്കായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതിനും തൊട്ടുമുമ്പത്തെ ബജറ്റ് സമ്മേളനത്തിൽ വനിതാ സംവരണത്തിന്റെ മറപിടിച്ച് കൊണ്ടുവന്ന മണ്ഡല പുനർനിർണയ ബിൽ മൂക്കുകുത്തി വീണതിനും മോദി മധുരപ്രതികാരം വീട്ടിയെന്ന് ദേശീയ മാധ്യമങ്ങൾ പെരുമ്പറ മുഴക്കി. ഇനിയും പല പ്രതിപക്ഷ പാർടികളും പിളർപ്പിന്റെ അറക്കവാളിൽ തുമ്പിലാണെന്ന് പ്രവചനങ്ങൾ വന്നു. മണ്ഡല പുനർനിർണയ ബിൽ പുനർജനിക്കുന്നുവെന്നും വർഷകാല സമ്മേളനം മോദിയുടെ, തടുക്കാൻ കഴിയാത്ത അശ്വമേധമായിരിക്കുമെന്നും ഉള്ള നിരീക്ഷണങ്ങൾ അന്തരീക്ഷത്തിൽ ഘനീഭവിക്കുന്ന ഘട്ടത്തിലാണ് ലെനിൻ പറഞ്ഞതുപോലെ "ആഴ്-ചകളിലെ പതിറ്റാണ്ടുകൾ' ഇന്ദ്രപ്രസ്ഥത്തിലെ ജന്തർമന്തറിൽ അനാവരണം ചെയ്യപ്പെട്ടത്.
പരമ്പരാഗത –സമൂഹമാധ്യമ ആക്രമണോത്സുകതകളിൽ വൻ മേധാവിത്വം പുലർത്തുന്ന ബിജെപിയെ അന്ധാളിപ്പിച്ചുകൊണ്ടാണ് യുവജനങ്ങൾ ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയത്. ആദ്യമൊക്കെ, അവരെ അവഗണിച്ച് സമരം അവസാനിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. പിന്നീട്, അവഹേളിച്ച് തുരത്തിയോടിക്കാൻ ഗോദി മാധ്യമങ്ങളെ രംഗത്തുകൊണ്ടുവന്നു. ഈ തന്ത്രങ്ങളെയൊക്കെ ഫലപ്രദമായി കോക്രോച്ച് പാർടിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രതിരോധിക്കുന്ന ഘട്ടത്തിലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ പ്രഥമദിനത്തിൽ വിദ്യാർഥി പ്രക്ഷോഭകരുടെ മാർച്ചോടുകൂടി സാമ്രാജ്യതുല്യമായ കേന്ദ്രഭരണം അക്ഷരാർഥത്തിൽ വിറകൊണ്ടു. ജനാധിപത്യത്തിന്റെ മാതാവെന്ന് ബിജെപി കൊട്ടിഘോഷിക്കുന്ന ഇന്ത്യയുടെ, തലസ്ഥാനനഗരിയിൽ പൊലീസ് –കേന്ദ്രസേനാ കവചങ്ങളെ നിഷ്ഫലമാക്കി, ഭയത്തിന്റെ കനത്ത പാളികളെ വകഞ്ഞുമാറ്റി, വിദ്യാർഥി പ്രക്ഷോഭകർ പാർലമെന്റ് കവാടംവരെ എത്തി. അവർക്കെതിരെ നടന്ന നരനായാട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽപ്പോലും ചൂടുള്ള വാർത്തകളും സംവാദങ്ങളും സൃഷ്ടിച്ചു. പിന്നീട്, പാർലമെന്റിന്റെ വർഷകാല സമ്മേളനം മോദിയുടെയും കൂട്ടരുടെയും വാട്ടർ ലൂ ആയിരുന്നു.
വർഷകാല സമ്മേളനം 19 ദിനം ചേർന്നു. അവസാനദിനം വന്ദേമാതരം പാടി പിരിയുന്ന വേളയിൽ മാത്രമാണ് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പാർലമെന്റിൽ തലവെട്ടം കാണിക്കാൻ ധൈര്യമുണ്ടായത്. പാർലമെന്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും കേന്ദ്രമന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും ഇതുപോലെ ഒളിച്ചോടിയിട്ടുണ്ടാകുക. പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ ആയുധങ്ങൾക്ക് ഒരു ക്ഷാമവും ഉണ്ടായില്ല. വിദ്യാർഥി പ്രക്ഷോഭത്തെ എകെ -47 പോലും ഉപയോഗിച്ച് നേരിട്ട രീതി, അയോധ്യയിലെ വൻ കൊള്ള, എഥനോൾ പെട്രോളിന്റെ പേരിലുള്ള കുംഭകോണം എന്നിങ്ങനെ ഭരണപക്ഷത്തിനെതിരെ വില്ലുകുലയ്ക്കാൻ ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ടായിരുന്നു.
സംഭവബഹുലമായ വർഷകാല സമ്മേളനത്തിൽ ക്രിയാത്മക സംവാദം നടന്നത് ഒറ്റ ബില്ലിൽ മാത്രമായിരുന്നു, -പൊതുപരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ. പൊതുപരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കുമേൽ രണ്ടുവർഷം മുമ്പ് ഇരുസഭകളിലും പാസാക്കിയ നിയമത്തിന്റെ ഭേദഗതിയായിരുന്നു ഈ ബിൽ. നിയമം വരുന്നതോടെ എല്ലാ കേന്ദ്രപരീക്ഷകളും കുറ്റമറ്റതാകും എന്നായിരുന്നു അന്നത്തെ അവകാശവാദം. സംഭവിച്ചതോ, മറിച്ചും. ക്രമക്കേടുകൾ വ്യാപകമായി വർധിക്കുകയാണുണ്ടായത്. ബിജെപി അധികാരത്തിൽ കയറിയശേഷം 154 പൊതുപരീക്ഷാ കുംഭകോണങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഒന്നര ലക്ഷം കോടി രൂപയുടെ വാർഷിക ഇടപാടുള്ള മേഖലയായി പരീക്ഷാ പരിശീലനം മാറിയതുതന്നെ കേന്ദ്ര ഭരണകക്ഷിയുടെ പ്രോത്സാഹനത്തിലാണ്. സിബിഎസ്ഇ, നീറ്റ്, നെറ്റ്, സിയുഇടി തുടങ്ങി എല്ലാ പരീക്ഷകളും അഴിമതിക്കുരുക്കിൽപ്പെട്ടതോടെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പന്താടപ്പെട്ടത്. നീറ്റ് പരീക്ഷയിലെ കുംഭകോണംമൂലം 22 കുട്ടികൾ ആത്മഹത്യയിൽ അഭയംതേടി. ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരീക്ഷാ ബില്ലിന്റെ ചർച്ച നടന്നതെങ്കിലും ഡൽഹി പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷാ ആ വഴിക്കേ വന്നില്ല. ഇരുസഭകളിലേക്കും അദ്ദേഹം തിരിഞ്ഞുനോക്കിയതേയില്ല. അമിത് ഷാ ഭയന്നോടുന്നെന്ന മുദ്രാവാക്യം ശക്തിപ്പെട്ടത് ഈ ഘട്ടം മുതലാണ്. പ്രതിപക്ഷത്തിന്റെ എതിർപ്പോടെ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങൾ കേന്ദ്ര ഭരണകക്ഷിക്ക് ഒട്ടും ശുഭകരമായിരുന്നില്ല.
പ്രതിപക്ഷ പ്രതിഷേധം കാരണം ഇരുസഭകളും പൂർണമായി സ്തംഭിച്ച സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. പാർലമെന്റിനുള്ളിലെ പ്രതിഷേധം ഡൽഹി തെരുവുകളിലും പ്രതിഫലിച്ചു. പാർലമെന്റ് മന്ദിരകവാടത്തിൽ പെരുമഴയെ കൂസാതെ പ്രതിപക്ഷം പ്രക്ഷോഭത്തിന്റെ പന്തം തെളിച്ചു. മുൻകാലങ്ങളിൽ നടന്നതുപോലെ, പ്രതിഷേധത്തിനിടയിലും ബില്ലുകൾ പാസാക്കി തടിതപ്പുക എന്ന വഴിയാണ് പിന്നീട് ബിജെപി അവലംബിച്ചത്. 12 ബില്ലുകളാണ് ഇരുസഭകളും പാസാക്കിയത്. അവയിൽ പലതും ദൂരവ്യാപക ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്നവയായിരുന്നു. എന്നിട്ടും, ദോശ ചുടുന്നതുപോലെ അവ പാസാക്കാൻ ബിജെപിക്ക് തെല്ലും മടിയുണ്ടായില്ല.
ഇതിനിടയിലും, കേന്ദ്ര ഭരണകക്ഷിയുടെ വിശ്വസ്തനെന്നു കരുതപ്പെടുന്ന ഉപരാഷ്ട്രപതിയിൽനിന്ന് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ സഭാതലത്തിലുണ്ടായി. ആഭ്യന്തരമന്ത്രി സഭയിൽ വരണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി തുറന്നസഭയിൽ നിർദേശം നൽകിയത് സർക്കാരിനെ അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലാക്കി. മലയാളിയുടെ വസ്ത്രധാരണത്തെ മുൻനിർത്തി ഈ ലേഖകനെ അവഹേളിക്കാൻ ഒരു ബിജെപി അംഗം മുതിർന്നതിലും രാജ്യസഭാധ്യക്ഷന്റെ റൂളിങ് വന്നു.
ഗൂഗിൾ പേയും ഫോൺ പേയും പോലുള്ള ഡിജിറ്റൽ വിനിമയങ്ങളിൽ (യുപിഐ) ഉപയോക്താക്കളുടെ മേൽ ഭാരംചുമത്താൻ കൊണ്ടുവന്ന തോല എന്ന ഓമനപ്പേരിലുള്ള ടാക്സേഷൻ ആൻഡ് അദർ ലോസ് അമെന്റ്മെന്റ് ബിൽ (നികുതി, മറ്റ് നിയമഭേദഗതി ബിൽ) ഈ ലേഖകൻ രാജ്യസഭയിൽ സ്റ്റാറ്റ്യൂട്ടറി പ്രമേയത്തിലൂടെ പ്രതിരോധിച്ചിരുന്നു. ഇത് ധനമന്ത്രി നിർമല സീതാരാമനുമായുള്ള തീവ്രമായ വാഗ്വാദത്തിന് വഴിവച്ചു. എക്കാലത്തും യുപിഐ സംവിധാനം സൗജന്യമായിരിക്കുമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം ലംഘിക്കുന്നതാണ് നിയമഭേദഗതി. നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ നമുക്കൊക്കെ ഡിജിറ്റൽ വിനിമയത്തിലേക്ക് പ്രവേശിക്കാം എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. അങ്ങനെ സർക്കാരിന്റെ വാക്കുകേട്ട് 55 കോടി പേരാണ് യുപിഐ വരിക്കാരായത്.
ചായ കുടിച്ചാൽപ്പോലും നിലവിൽ ഗൂഗിൾ പേയിലോ ഫോൺ പേയിലോ ആണ് ഇവർ പണം നൽകുന്നത്. 314 ലക്ഷം കോടി രൂപയുടെ ഇടപാടാണ് കഴിഞ്ഞ വർഷം ഈ സംവിധാനത്തിൽ നടന്നത്. ഇതിനിടയിൽ ഒരുകാര്യം നമ്മളെല്ലാം വിട്ടുപോയി. യുപിഐ സംവിധാനങ്ങൾ ആശ്രയിക്കുന്ന ഗൂഗിൾ പേയും ഫോൺ പേയും അമേരിക്കൻ കമ്പനികളാണ്. അവർക്കാണ് വിപണിയുടെ 80 ശതമാനം പങ്കും. ഈ കാരണംകൊണ്ടുതന്നെ അമേരിക്ക ഏറെക്കാലമായി യുപിഐ സേവനത്തിന് ചാർജ് ചുമത്തണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. അതിനുകൂടി വഴങ്ങിയാണ് നിർമല സീതാരാമൻ തോല കൊണ്ടുവന്നത്. പുതിയ സേവന ചാർജ് വിവരണാതീതമായ ഭാരം സാധാരണ ഉപയോക്താക്കൾക്കുമേൽ ചുമത്തുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ധനമന്ത്രി വിറളി പിടിക്കുകയാണ് ചെയ്‌തത്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാനാണ് മന്ത്രി തുനിഞ്ഞത്. എന്നാൽ, ഒരു ധനമന്ത്രിക്ക് കിട്ടാവുന്ന വലിയ അവഹേളനമാണ് സഭ അവർക്കായി കാത്തുവച്ചത്. അത്തരം പരാമർശങ്ങളെല്ലാം സഭാരേഖകളിൽനിന്ന് മാറ്റപ്പെട്ടു എന്നത് കാവ്യനീതിയാകാം.
ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ഒരിക്കൽക്കൂടി പാർലമെന്റിൽ നിയമനിർമാണ രൂപത്തിൽ പ്രതിഫലിക്കുന്നതിനും വർഷകാല സമ്മേളനം സാക്ഷ്യംവഹിച്ചു. ദേശീയഗാനമായ ജനഗണമനയ്ക്കൊപ്പം വന്ദേമാതരത്തെ പ്രതിഷ്ഠിക്കാൻ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ഭേദഗതി ബിൽ (ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ബിൽ) കൊണ്ടുവന്നത് ഇൗ ലക്ഷ്യത്തോടെയാണ്. എന്നാൽ, വന്ദേമാതരം പൂർണമായി പാടണമെന്ന വ്യവസ്ഥ ഈ ബില്ലിൽ ഇല്ല. വന്ദേമാതരം ആലപിക്കുമ്പോൾ ബോധപൂർവം തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വർഷത്തെ തടവ് ശിക്ഷയ്-ക്ക് കാരണമാകും എന്ന വ്യവസ്ഥയും അനുബന്ധമായ ഉപവ്യവസ്ഥകളുമാണ് പാസാക്കിയ ബില്ലിൽ ഉള്ളത്.
കേരളത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബിൽ ഏകകണ്ഠമായാണ് ഇരുസഭകളും പാസാക്കിയത്. അതേസമയം, കേരളം എന്നത് മോദിയുടെ സംഭാവനയാണെന്ന ധാരണ സൃഷ്ടിക്കാൻ ബിജെപി അംഗങ്ങൾ തുനിഞ്ഞു. രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുത്ത വി ശിവദാസൻ, എ എ റഹിം, പി സന്തോഷ് കുമാർ തുടങ്ങിയവർ നമ്മുടെ സംസ്ഥാനത്തിന്റെ ആവിർഭാവവും പ്രാധാന്യവും നിസ്തുലമായ സംഭാവനകളും നമ്മളോട് ബിജെപി കാണിക്കുന്ന പകപോക്കലും വ്യക്തമായി വരച്ചുകാട്ടിയത് ബിജെപി അംഗങ്ങളെ അസ്വസ്ഥരാക്കി.
വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ദേശീയ സഹകരണ വികസന കോർപറേഷൻ (ഭേദഗതി) ബിൽ, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ എന്നിവ കാര്യമായ ചർച്ചകൂടാതെ പാസാക്കി. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്ന ബില്ലുകളാണ് ഇവ.
സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ് സഹകരണ മേഖല. ആ മേഖലയിൽ സംസ്ഥാനാധികാരങ്ങൾ പിടിച്ചെടുത്ത് കേന്ദ്രത്തിന് നൽകുന്നതാണ് ഒന്നാമത്തെ ബിൽ. സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള മേൽനോട്ട– മാർഗനിർദേശ അധികാരങ്ങൾ ഈ ബിൽ ഇല്ലാതാക്കുന്നു. എൻസിഡിസി സാമ്പത്തികസഹായം നൽകിയിരുന്നത് സംസ്ഥാന സർക്കാരുകൾ മുഖാന്തരമോ സഹകരണ ബാങ്കുകൾ വഴിയോ ആയിരുന്നു. പുതിയ എൻസിഡിസി നിയമഭേദഗതിയിലൂടെ സാമ്പത്തികസഹായം എൻസിഡിസിക്ക് നേരിട്ട് സഹകരണ സൊസൈറ്റികൾക്കോ മൂന്നാം കക്ഷികൾക്കോ നൽകാം. ഇത് അധികാര കേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്‌ക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ നീക്കമാണിത്.
ഖനി നിയമഭേദഗതി ബിൽ, ഖനനം നടത്തുന്നതിന് സംസ്ഥാനങ്ങൾ നികുതിയോ മറ്റ് രീതിയിലുള്ള ലെവിയോ ചുമത്തുന്നത് അവസാനിപ്പിക്കുന്നു. ഇങ്ങനെ, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നു. ഖനനം സ്വകാര്യകമ്പനികൾക്ക് കൈയടക്കാനാകുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതുമാണ് ഈ ബിൽ.
പാർലമെന്റിനെ ബിജെപി എങ്ങനെ കാണുന്നുവെന്ന് മനസ്സിലാക്കാൻ ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ വാക്കുകൾ ഓർത്തെടുത്താൽ മതി. "ജനാധിപത്യം ഞങ്ങൾക്കു നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചുതന്നെ ഈ വ്യവസ്ഥയെ വകവരുത്തലാണ് ഞങ്ങളുടെ ലക്ഷ്യം' എന്നാണ് ഹിറ്റ്‌ലറുടെ ഉറ്റതോഴൻ ഗീബൽസ് പരസ്യമായി പറഞ്ഞത്. ഇന്ത്യൻ പാർലമെന്റിലെ നിയമനിർമാണ പ്രക്രിയയിലേക്ക് കണ്ണുപായിക്കുമ്പോൾ ഗീബൽസിന്റെ രൂപം സ്ഫടികംപോലെ തെളിഞ്ഞുവരുന്നു.















