ഓർമയിൽ എന്നും സ്നേഹവാത്സല്യങ്ങൾ


പി രാജീവ്
Published on Aug 03, 2025, 12:15 AM | 2 min read
അവസാന നിമിഷംവരെ കർമനിരതനായിരുന്നു സാനുമാഷ്. ജൂലൈ 14–-ാം തീയതിയാണ് മാഷുമൊന്നിച്ച് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. അത് മാഷ് ഏറെ കാലമായി ആഗ്രഹിച്ച പരിപാടിയായിരുന്നു. മാഷ് പ്രചോദനമായി നിൽക്കുന്ന എസ്എൻവി സദനത്തിന്റെ സ്ഥലത്തിനുള്ള പട്ടയം കൈമാറുന്ന ചട്ടങ്ങായിരുന്നു. മന്ത്രി കെ രാജനും ഒപ്പമുണ്ടായിരുന്നു. അന്ന് മാഷ് തപസ്വിനി അമ്മയെക്കുറിച്ചാണ് സംസാരിച്ചത്. സദനം സ്ഥാപിക്കാൻ മുൻകൈയെടുത്ത അവരെക്കുറിച്ച് മാഷ് എഴുതിയ ജീവചരിത്രവും സമ്മാനിച്ചു. അധികം വിവരങ്ങളും രേഖകളും ലഭ്യമല്ലാത്തതിനാൽ കുറച്ച് ദുഷ്കരമായിരുന്നു എഴുത്തെന്ന് മാഷ് സൂചിപ്പിച്ചു. 15 മിനിറ്റിലധികം മാഷ് സംസാരിച്ചു.
എസ്എഫ്ഐ ജില്ലാകേന്ദ്രത്തിൽ ഞാൻ പ്രവർത്തിക്കുമ്പോഴാണ് മാഷെ പരിചയപ്പെടുന്നത്. അക്ഷരങ്ങളിലൂടെ പരിചിതമായിരുന്ന പേര്, പിന്നീട് ജീവിതത്തിന്റെ ഭാഗമായി. കേരളത്തിൽ പലയിടങ്ങളിലായി എത്രയെത്ര വേദികൾ ഒന്നിച്ച് പങ്കിട്ടു. ആശയത്താൽ സമ്പന്നവും ഭാഷയാൽ ലളിതസൗന്ദര്യവും നിറഞ്ഞ പ്രസംഗങ്ങൾ ചിന്തയുടെ പുതിയ ലോകം തുറന്നിട്ടു.
വിദ്യാർഥിസമരത്തിൽ പരിക്കുപറ്റി മെഡിക്കൽ ട്രസ്റ്റിൽ കിടക്കുമ്പോൾ വാത്സല്യത്തോടെ കൈകൾ കൈയിലെടുത്ത് അടുത്തിരുന്ന മാഷെ ഇന്നലെയെന്നപോലെ ഓർമയുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യരുള്ളപ്പോൾ വൈകുന്നേരങ്ങളിൽ സദ്ഗമയ ഒരു പ്രധാന കേന്ദ്രമായിരുന്നു. കൂട്ടിന് ഡോക്ടർ സി കെ രാമചന്ദ്രനുമുണ്ടാകും. ഈ മൂവർസംഘം ദർബാർ ഗ്രൗണ്ടിലെ വൈകുന്നേരങ്ങളെ മഹനീയമാക്കി. സാഹിത്യവും രാഷ്ട്രീയവും സംസാരിച്ചിരുന്ന മണിക്കൂറുകൾ. ഒരിക്കൽ വിദ്യാർഥികാലത്തെ അനുഭവങ്ങൾ വിവരിക്കുമ്പോൾ തങ്ങൾ കുട്ടികളായിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കുകയില്ലായിരിക്കുമെന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
ഞാനാദ്യം മത്സരിക്കുമ്പോൾ എത്രയോ തെരുവുയോഗങ്ങളിൽ മാഷ് സംസാരിച്ചു. മാഷ് സംസാരിക്കാത്ത ഒരു പ്രധാനയിടവും എറണാകുളത്ത് ഉണ്ടാകാനിടയില്ല. നാടിന്റെ ശബ്ദമായിരുന്നു മാഷ്. ചെറുതെന്നോ വലുതെന്നോ നോക്കാതെ ഏതു പരിപാടിക്കും സമയമുണ്ടെങ്കിൽ മാഷ് പോകും. പ്രസംഗമാണ് മാഷെ യുവാവാക്കി നിലനിർത്തുന്നതെന്ന് ഞങ്ങൾ എപ്പോഴും പറയും. മാഷുടെ പ്രഭാഷണത്തിലും എഴുത്തിലും രാഷ്ട്രീയമുണ്ടായിരിക്കും. അവ പ്രകാശം പരത്തിക്കൊണ്ടിരിക്കും. ഈ പ്രായത്തിലും ഒരു കുറിപ്പുപോലുമില്ലാതെ ലോകസാഹിത്യത്തിൽനിന്നുംമറ്റും മാഷ് ഉദ്ധരിക്കുന്നത് കേൾവിക്കാരെ അത്ഭുതപരതന്ത്രരാക്കും.
എത്രയോ മഹാന്മാരായ മനുഷ്യരുടെ ജീവിതത്തെ മാഷ് മലയാളിക്ക് പരിചിതമാക്കി. ശ്രീനാരായണഗുരുവും ചങ്ങമ്പുഴയും സഹോദരൻ അയ്യപ്പനും ഡോ. പൽപ്പുവും മാഷിന്റെ ഭാഷയിൽ നക്ഷത്രഭാജനങ്ങളായി. മാഷ് എന്നും പുരോഗമന മതനിരപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിന്നു. ഇടതുപക്ഷത്തെ വിമർശിച്ചാൽ കിട്ടുന്ന മാധ്യമപരിലാളന സാനുമാഷിനെ സ്പർശിച്ചതേയില്ല. അതുകൊണ്ട് പത്മ പുരസ്കാരങ്ങൾക്ക് മാഷ് തൊട്ടുകൂടാത്തവനായി.
എല്ലാവരുമായി മാഷ് സൗഹൃദം സൂക്ഷിച്ചു. എന്നാൽ, സൗഹൃദവും സന്ദർശനങ്ങളും നിലപാടിനെ തെല്ലും സ്പർശിച്ചതേയില്ല. ജസ്റ്റിസ് കൃഷ്ണയ്യർ ചെയർമാനും ഞാൻ ജനറൽ കൺവീനറുമായും പ്രവർത്തിച്ച കൊച്ചി വികസനസമിതിയിൽ മാഷ് സജീവമായിരുന്നു. ഞങ്ങൾ ഒന്നിച്ച് കൊച്ചി മെട്രോയ്‌ക്കും കൊച്ചി ക്യാൻസർ സെന്ററിനുംവേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്നു. ജനറൽ ആശുപത്രിയിലെ വികസനകാര്യങ്ങളിലും ഒന്നിച്ചുനിന്നു. കൃഷ്ണയ്യർ സ്വാമിയുടെ പിറന്നാൾവൈകുന്നേരം, സദ്ഗമയിൽ സാനുമാഷുമൊന്നിച്ച് ഫിൽട്ടർ കാപ്പി കുടിച്ചിരിക്കുകയായിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് രോഗികൾക്ക് സൗജന്യഭക്ഷണം കൊടുക്കുന്ന ആധുനിക കിച്ചൻ നിർമിച്ച് പദ്ധതി തുടക്കംകുറിക്കുമ്പോൾ ആദ്യസംഭാവനയായി തന്റെ പിറന്നാൾസമ്മാനത്തിൽനിന്ന് രണ്ടുലക്ഷം രൂപ സാനുമാഷിന്റെയും എന്റെയും കൈകളിലേക്ക് സ്വാമി കൈമാറിയത് ഇപ്പോഴും ഓർക്കുന്നു.
യുക്തിഭദ്രമായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ സവിശേഷ കഴിവുണ്ടായിരുന്നു. പുരോഗമന മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കാവലാളായിരുന്നു. ഒരുതവണ എറണാകുളത്തുനിന്ന് എംഎൽഎയുമായി മാഷ് എല്ലാ മേഖലയിലും നിറസാന്നിധ്യമായി. എല്ലാവരോടും മാഷ് തുല്യതയോടെ പെരുമാറി. അടിമുടി ലളിതമായിരുന്ന ജീവിതം. ഒരുദിവസം ഞങ്ങൾ ദീർഘമായ സംഭാഷണം നടത്തി. ഡോ. സി കെ രാമചന്ദ്രന്റെ വീടായിരുന്നു വേദി. ജോൺപോളുമുണ്ടായിരുന്നു. മാഷുടെ കുട്ടിക്കാലവും അധ്യാപനകാലവും തുടങ്ങി ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ സംഭാഷണത്തിൽ നിറഞ്ഞുനിന്നു. ജോൺപോൾ മുൻകൈയെടുത്താണ് സാനുമാഷുടെ പേരിൽ ഫൗണ്ടേഷൻ ആരംഭിച്ചത്.
എന്റെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ മാഷുണ്ടായിരുന്നു. തെരഞ്ഞെടുത്ത ലേഖനസമാഹാരം ഹരിതം ബുക്സിന്റെ പ്രതാപൻ പ്രസിദ്ധപ്പെടുത്തിയപ്പോൾ പ്രകാശനത്തിന് മാഷ് എത്തി. അന്നത്തെ പ്രഭാഷണത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൺവൻഷനിൽ മാസങ്ങൾക്കുമുമ്പ് ഞാൻ നടത്തിയ പ്രസംഗം ഓർമിപ്പിക്കുകമാത്രമല്ല, അതിലെ ചില ഭാഗങ്ങൾ മാഷ് സൂചിപ്പിക്കുകയും ചെയ്തു. എത്ര സൂക്ഷ്‌മമായാണ് മറ്റുള്ളവരുടെ പ്രസംഗങ്ങളെവരെ മാഷ് പിന്തുടരുന്നത്! ഏതു പരിപാടി ആലോചിക്കുമ്പോഴും ആദ്യം വിളിച്ചിരുന്നത് മാഷിനെയായിരുന്നു. ഇനി ആരാണ് അങ്ങനെ വിളിക്കാൻ അവശേഷിക്കുന്നത്? പകരംവയ്ക്കാനില്ലാത്ത ജീവിതം.














