മുതിർന്നവരേ ഇതിലേ ഇതിലേ...


സി കെ ദിനേശ്
Published on Jul 15, 2025, 10:58 PM | 2 min read
കോൺഗ്രസിൽ വളരെ സജീവമായി ഉയർന്നുവരുന്ന പ്രശ്നമാണ് തലമുറകളുടെ ഏറ്റുമുട്ടൽ. പല രൂപത്തിലും അത് പൊതുചർച്ചയാക്കി മാറ്റാനും ശ്രമിക്കുന്നുമുണ്ട്. ദീർഘകാലത്തെ അനുഭവമുള്ള നേതാക്കളുടെ രാഷ്‌ട്രീയ പാഠങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോട് വിമുഖത തുടങ്ങിയത് പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തിയതുമുതലാണെന്ന ആരോപണം മുൻപേയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസിന്റെതന്നെ മുഖങ്ങളാകുന്നുവെന്ന് വന്നതോടെ തലമുറമാറ്റം മറ്റൊരു സ്വഭാവത്തിലേക്കാണ് പോകുന്നത്. ആരെയും കൂസാതെ തീരുമാനങ്ങളെടുത്തു പോകാനും ചോദ്യം ചെയ്താൽ എത്ര മുതിർന്ന നേതാവായാലും അധിക്ഷേപിക്കാനും മടിയില്ലാത്ത കാലമെന്ന് പാർടിയിൽനിന്നുതന്നെ മുറുമുറുപ്പ് !
കെ സുധാകരനെ എല്ലാവരും ചേർന്ന് ചാക്കിൽ കേറ്റി. മുല്ലപ്പള്ളിയും സുധീരനും നേരത്തേ ചാക്കിലാണ്. പി ജെ കുര്യനും എം എം ഹസ്സനും കെ സി ജോസഫും തിരുവഞ്ചൂരും മാത്രമല്ല, കെ മുരളീധരൻ, ബെന്നി ബെഹനാൻ, രമേശ് ചെന്നിത്തല... ക്യു നീണ്ടതാണ്. ‘പുതിയ ടീം, പുത്തൻ കാമ്പയിൻ’ എന്ന കനുഗോലു ഉപദേശമാകാം പിന്നിൽ !
പി ജെ കുര്യനെ ഫെയ്‌സ്ബുക്കിലൂടെ ഒരു കെഎസ്‌യു നേതാവ് ആക്ഷേപിച്ചത് ഇങ്ങനെ: ‘ഇന്നോവ കാറിൽ ഗ്ലാസിട്ട് പോകുമ്പോൾ സമരം കാണാൻ കഴിയില്ല, എസി മുറിയിലിരുന്ന് വാർത്ത കാണുമ്പോൾ കണ്ണട തുടച്ചുവച്ച് കാണണം. ‘സാറിന്' ഞങ്ങളുമായൊന്നും ഒരു ബന്ധവും ഇല്ലാത്തതുകൊണ്ട് ഒരുപക്ഷേ ഇപ്പോൾ ജയിലിൽ കിടക്കുന്നവരെ അറിഞ്ഞെന്ന് വരില്ല.’
രണ്ട് പതിറ്റാണ്ടോളം ലോക്‌സഭാംഗവും ആറുവർഷം രാജ്യസഭ ഡെപ്യൂട്ടി ചെയർമാനുമായിരുന്നയാളാണ്. യൂത്ത്‌കോൺഗ്രസും കെഎസ്‌യുവും ഇങ്ങനെയൊന്നും പോര, എസ്‌എഫ്‌ഐയെ കണ്ടു പഠിക്കൂവെന്ന് പറഞ്ഞതാണ് രാഹുൽ മാങ്കൂട്ടത്തിൽ സംഘത്തെ പ്രകോപിപ്പിച്ചത്. 1970ൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ നിയമസഭയിൽ മത്സരിച്ചതും സമരങ്ങളിൽ പങ്കെടുത്തതും ഓർമിപ്പിച്ച കുര്യനോട് അതിന്റെ പേരിലും പുച്ഛം ! മുതിർന്നവരോട് കളിച്ചാൽ ഫലം എന്താകുമെന്ന് ഏതായാലും തിരുവഞ്ചൂർ കർശനമായി പറഞ്ഞുവച്ചിട്ടുണ്ട്.
ആരുടെ ‘വിശിഷ്ടൻ ’
കൊടിയ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ആർഎസ്എസ് നേതാവ് സദാനന്ദനെ രാഷ്‌ട്രപതി ‘വിശിഷ്ട അംഗത്വം’ നൽകി രാജ്യസഭയിലേക്ക് അയച്ചതിൽ കോൺഗ്രസ് നേതൃത്വത്തിന് തെല്ലും ആശങ്കയില്ലെന്നത് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. വി ഡി സതീശന്റെ ആർഎസ്‌എസ് ബന്ധം പല തരത്തിൽ പ്രശസ്തമാണെങ്കിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിക്കാത്തതെന്തെന്ന് കോൺഗ്രസിൽത്തന്നെ ചർച്ചയാണ്. ക്രിസംഘികളുടെ പിന്നാലെ പോകാൻ തയ്യാറല്ലെന്ന് ദീപിക പത്രം വൈകിയെങ്കിലും മുഖപ്രസംഗമെഴുതിയിട്ടുണ്ട് ! ഇനിയെന്താണ് കോൺഗ്രസ് ഭയക്കുന്നത്.
സദാനന്ദനെ രാഷ്‌ട്രീയ അക്രമത്തിന്റെ ഇരയെന്ന് വിശേഷിപ്പിച്ച് വിശുദ്ധനാക്കി അവതരിപ്പിച്ച മാധ്യമങ്ങൾ ആരെയൊക്കെയാണ് ഈ വകുപ്പിൽ രാജ്യസഭയിലേക്ക് അയക്കാവുന്നത് എന്നത് മറച്ചുവച്ചു. ഭരണഘടന പറയുന്നത് ഇതാണ്:
‘‘ The members to be nominated by the President under sub - clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely - Literature, science, art, and social service. ’’
ആർഎസ്‌എസിന് ഭരണഘടനാ ലംഘനമാകാം എന്നാണോ മാധ്യമങ്ങൾ കൽപ്പിച്ചിട്ടുള്ളത് ?














