സംഘപരിവാര്‍ നയങ്ങളും യുഡിഎഫിന്റെ നടത്തിപ്പും

പുത്തലത്ത് ദിനേശൻ
Published on Nov 16, 2026, 11:26 PM | 3 min read
യുഡിഎഫ് സര്‍ക്കാര്‍ ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലിക്ക് പരീക്ഷ നടത്താൻ സ്കൂളുകള്‍ വിട്ടുനല്കിയെന്ന വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഫാസിസ്റ്റ് അജൻഡകളുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഘപരിവാറെന്ന രാഷ്ട്രീയനിലപാട് യുഡിഎഫ് കൈയൊഴിഞ്ഞുവെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. വന്ദേമാതരം പൂര്‍ണമായും പാടി സത്യപ്രതിജ്ഞാവേളയില്‍ നടത്തിയ കുഴലൂത്തിന്റെ തുടര്‍ച്ചമാത്രമാണിത്.
നയപ്രഖ്യാപനത്തിലും ബജറ്റിലും കേന്ദ്രത്തിനൊപ്പം
കേന്ദ്രസര്‍ക്കാരിന്റെ ഒരു നയത്തെപ്പോലും വിമര്‍ശിക്കാനോ തുറന്നുകാട്ടാനോ തയ്യാറല്ലാത്ത യുഡിഎഫിന്റെ നയപ്രഖ്യാപനപ്രസംഗം ഇതിന് പരവതാനി ഒരുക്കുന്നതായിരുന്നു. ബജറ്റ് പ്രസംഗവും അതേ വഴിയിലൂടെയാണ് നീങ്ങിയത്. ബിജെപിയുടെ വാലായി യുഡിഎഫ് മാറാന്‍ പോകുന്നതിന്റെ പ്രഖ്യാപനമായിരുന്നു യഥാര്‍ഥത്തില്‍ ഇത്. ബിജെപി വോട്ട് വാങ്ങി അധികാരത്തിലെത്തിയ, ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനുമുന്നില്‍ കുമ്പിട്ട വ്യക്തിയെ മുഖ്യമന്ത്രിയുമാക്കിയ മന്ത്രിസഭയില്‍നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കാന്‍ നമുക്കാകില്ല.
സാമ്പത്തികനയങ്ങളും ബിജെപിയുടേത്
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ അജൻഡയും അപ്പടി സംസ്ഥാന സര്‍ക്കാർ ഏറ്റുവാങ്ങി. കോർപറേറ്റുകൾക്കുവേണ്ടി പാരിസ്ഥിതിക അട്ടിമറി നടത്തുന്ന സരള്‍ ബില്ലും കരിമണൽ അടക്കം സ്വകാര്യ മേഖലയ്ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമെല്ലാം ഇതിന്റെ ഭാഗമാണ്. ചങ്ങാത്തമുതലാളിത്തത്തിന്റെ ഭാഗമായി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദാനിതന്നെയാണ് യുഡിഎഫ് മന്ത്രിസഭയുടെ മുഖ്യ സ്പോണ്‍സറെന്നും വ്യക്തമായി. വിവാദമായ മംഗളൂരു യാത്രയും വിഴിഞ്ഞം തുറമുഖ ഓഹരി വില്‍പ്പനയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടും ഇത് തുറന്നുകാട്ടുന്നതാണ്. ബിജെപിയുടെയും യുഡിഎഫിന്റെയും നയം മാത്രമല്ല, സ്പോണ്‍സര്‍മാരും ഒന്നാണെന്ന് വ്യക്തമായിരിക്കുകയാണ്.
വര്‍ഗീയവല്‍ക്കരണത്തിനും യുഡിഎഫ് കൂട്ട്
വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിച്ചാല്‍ സമൂഹത്തെയാകെ വര്ഗീയവല്ക്കരിക്കാമെന്ന ഫാസിസ്റ്റ് സമീപനത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയിൽ ഇടപെടുന്നത്. അതിനെ മതനിരപേക്ഷനിലപാടുകളില് നിന്നുകൊണ്ട് പ്രതിരോധിക്കുന്നതിനുപകരം വർഗീയ അജൻഡയുടെ നടത്തിപ്പുകാരായി യുഡിഎഫ് സർക്കാർ മാറുന്ന അനുഭവമാണ് കേരളത്തിൽ ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല ഒഴിച്ച് എല്ലാ സര്‍വകലാശാലകളിലും സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഗവര്‍ണര്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാര്‍ ചുമതലയേറ്റു കഴിഞ്ഞു. സംഘ പരിവാർ അധ്യാപകസംഘടനയുടെ അംഗങ്ങള്‍തന്നെയാണ് താല്‍ക്കാലിക വിസിമാരായി മഹാത്മാഗാന്ധി സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും നിയമിക്കപ്പെട്ടിരിക്കുന്നത്. ഈ ഗൗരവമുള്ള അവസ്ഥ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുപകരം ഇതിനെയെല്ലാം പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തിറങ്ങുന്നതാണ് നാം കാണുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം. സർവകലാശാല സ്വയംഭരണത്തിന്റെ ഭാഗമായി സിന്‍ഡിക്കറ്റും സെനറ്റും അക്കാദമിക് കൗണ്‍സിലുമൊക്കെ അതിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങളാണ്. വൈസ് ചാന്സലര്മാര്ക്കുപുറമെ ഇവയും സംഘിവല്ക്കരിക്കുകയാണ്. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് 16 പേരെയും ഡീന്‍മാരായി 10 പേരെയും ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാലയിലാകട്ടെ സെനറ്റിലേക്ക് 19 പേരെയും ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് 105 പേരെയും ഡീന്‍മാരായി മൂന്നുപേരെയും ഇതേ തരത്തില്‍ നിയമിച്ചു.
കലിക്കറ്റ് സര്‍വകലാശാലയിൽ ഒമ്പതുപേരെ സെനറ്റിലേക്കും 40 പേരെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കും എട്ടുപേരെ അക്കാദമിക് കൗണ്‍സിലിലേക്കും നിയമിച്ചുകഴിഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലാകട്ടെ സെനറ്റിലേക്ക് ഏഴുപേരെയും അക്കാദമിക് കൗണ്‍സിലിലേക്ക് ഒമ്പതുപേരെയും ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് മുപ്പതിൽപ്പരം പേരെയും ഡീന്‍മാരായി 11 പേരെയും ഗവര്‍ണര്‍ നിയമിച്ചു.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാണിജ്യവല്ക്കരണനയവും അതേപോലെ സ്വീകരിക്കുകയാണ്. സ്വാശ്രയ അണ് എയ്ഡഡ് കോളേജുകള്‍ക്കും ഓട്ടോണമസ് കോളേജുകള്‍ക്കും കോഴ്സ് തുടങ്ങുന്നതിനും സീറ്റ് വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ എൻഒസി വേണ്ടെന്ന തീരുമാനം ഇതിന്റെ ഭാഗമാണ്. ഇത് സാമൂഹ്യനീതിയെയും മെറിറ്റിനെയും തകര്‍ക്കുകയും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. പിഎസ്സി മുഖാന്തരം തൊഴില്‍ ലഭിക്കാനുള്ള സാധ്യതയും ഇതോടെ ഇല്ലാതാകും.
ഏകീകൃത സര്‍വകലാശാല നിയമം വീണ്ടും കൊണ്ടുവരുന്നത് സര്‍വകലാശാലകളുടെ സമ്പത്ത് ലോകബാങ്കിന് പണയപ്പെടുത്തി 2000 കോടി രൂപ കടമെടുക്കുന്നതിനാണ്. നയപരമായ വിഷയങ്ങളില്‍ ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ഇടപെടാനുള്ള സാധ്യതയിലേക്ക് ഇത് നയിക്കും. യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നീ ഏജന്‍സികളെയെല്ലാം ഒഴിവാക്കുകയാണ്. പകരം, രാഷ്ട്രപതി നിയമിക്കുന്ന 12 പേരിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയുടെ അധികാരം മുഴുവന്‍ എത്തിക്കുന്ന വിബിഎസ്എ കൗണ്‍സില്‍ നിയമം പാസാക്കാനുള്ള നടപടികള്‍ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. അതിലൂടെ കാവിവല്‍ക്കരണ അജൻഡകള്‍ രാജ്യത്താകമാനം കൊണ്ടുവരാനാണ് ശ്രമം.
സ്കൂള്‍ മേഖലയിലും സംഘപരിവാര്‍ നയം
സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന സംഘപരിവാര്‍ നയനിർവഹണത്തിന്റെ പശ്ചാത്തലത്തില്‍ വേണം പിഎം ശ്രീ നടപ്പാക്കുമെന്നുള്ള പ്രഖ്യാപനത്തെ കാണാന്‍. കേന്ദ്രനയങ്ങള്‍ അതേപോലെ നടപ്പാക്കുന്ന സര്‍ക്കാരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഇക്കാര്യത്തിലും പ്രതീക്ഷിക്കേണ്ടതില്ല. ഗാന്ധി വധക്കേസിലെ പ്രതി സവര്‍ക്കറെ സ്കൂൾ കുട്ടികൾക്കിടയിൽ വീരനായകനാക്കാന്‍ കൂട്ടുനില്‍ക്കുന്ന നിലയും ഉണ്ടായിരിക്കുകയാണ്. ആര്‍എസ്എസ് അധ്യാപകസംഘടനയായ എന്‍ടിയു നേതാവിനെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്തിയത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഇതിന്റെ അധ്യക്ഷന്‍ വിദ്യാഭ്യാസമന്ത്രിയാണെന്നുകൂടി നാം കാണേണ്ടതുണ്ട്.
കേരളത്തെ തകര്‍ക്കാന്‍ ബിജെപിക്കൊപ്പം
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ എങ്ങനെയൊക്കെയാണോ ബിജെപി ഇടപെട്ടത് അതേ വഴിയില്‍ത്തന്നെയാണ് യുഡിഎഫിന്റെയും യാത്ര. കിഫ്ബിയെ തകര്ക്കാനെടുക്കുന്ന നിലപാടും കേന്ദ്ര ഏജന്‍സികള്‍ക്ക് പരവതാനി വിരിക്കുന്ന യുഡിഎഫ് നയവും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്. കോര്‍പറേറ്റുകള്‍ക്ക് ബദലൊരുക്കാന്‍ കരുത്തുള്ള സഹകരണ മേഖലയ്ക്കെതിരായുള്ള നീക്കങ്ങളെയും യുഡിഎഫ് പിന്തുണയ്ക്കുകയാണ്. ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് ആസൂത്രണം ഇല്ലാതാക്കിയ കേന്ദ്രനയവും കേരളത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ്.
പ്രതിരോധമുയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍
യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്ക് കടകവിരുദ്ധമായാണ് കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ പ്രവര്‍ത്തിച്ചത്. കേന്ദ്രനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനപ്രസംഗം വായിക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെയാണ് അവരുമായുള്ള ഏറ്റുമുട്ടലിലേക്ക് എൽഡിഎഫ് സര്‍ക്കാരിന് കടക്കേണ്ടിവന്നത്.
സംസ്ഥാനങ്ങളെ അവഗണിക്കുന്ന നയം കേന്ദ്രം സ്വീകരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അണിനിരത്തിയുള്ള സമരംതന്നെ ഡല്‍ഹിയില്‍ നടത്തി. ഗവര്‍ണര്‍ എല്ലാ ഭരണഘടനാ കാഴ്ചപ്പാടുകളെയും കാറ്റില്‍പ്പറത്തിയുള്ള നിലപാട് സ്വീകരിച്ചപ്പോള്‍, സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തിയതും എൽഡിഎഫ് സര്‍ക്കാരായിരുന്നു. എസ്ഐആറിനെതിരെ കോടതിയില്‍ പോരാട്ടം നടത്തിയെന്നുമാത്രമല്ല, കേരളീയര്‍ക്കായി സിറ്റിസണ്‍ കാര്‍ഡ് പ്രഖ്യാപിച്ച് ബദലുയര്ത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രനയത്തിനെതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് പ്രതിരോധംതീര്ക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍പന്തിയില്‍ നിന്നു. ഉന്നതവിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ കാല്ക്കീഴില് കൊണ്ടുപോകുന്നതിനെതിരെ സര്‍വകലാശാലകൾക്ക് അകത്തും പുറത്തും പ്രക്ഷോഭസമരങ്ങള്മാത്രമല്ല, നിയമപോരാട്ടങ്ങളും നടത്തി മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് ചെയ്തത്.
അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നു
പൊതുമേഖലയെയും മതനിരപേക്ഷതയെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു നെഹ്റുവിന്റേത്. അദ്ദേഹത്തിന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവര്‍ ആ നിലപാടിൽനിന്ന് വ്യതിചലിച്ച് സംഘപരിവാറിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിച്ച ഈ പ്രശ്നം നമ്മുടെ കണ്മുന്നില് യാഥാര്‍ഥ്യമാകുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം വളര്‍ത്തിയെടുക്കേണ്ടത് കേരളത്തിന്റെ നേട്ടങ്ങളെയും മതനിരപേക്ഷസമൂഹത്തെയും സംരക്ഷിക്കുന്നതിന് പ്രധാനമാണ്.














