ആണവകരാറും പ്രതികാരച്ചുങ്കവും


കെ രാജേന്ദ്രൻ
Published on Aug 19, 2025, 12:00 AM | 3 min read
കമ്യൂണിസ്റ്റുകാർ അന്ധമായ യുഎസ് വിരോധികളെന്നും രാജ്യതാൽപ്പര്യം മാറ്റിവച്ച്, സോവിയറ്റ് യൂണിയനും ചൈനയ്ക്കും കുടപിടിക്കുന്നവരുമെന്നതാണ് പാടിപ്പഴകിയ കമ്യൂണിസ്റ്റ് വിരുദ്ധ പഴമൊഴി. കമ്യൂണിസ്റ്റുകാർ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയെന്ന് , ഡോണള്‍ഡ് ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവ പ്രഖ്യാപനത്തോടെ രാജ്യവും ലോകവും തിരിച്ചറിഞ്ഞിരിക്കുന്നു. അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി ഇന്ത്യക്കാരെ കൈയാമം വച്ച് സൈനിക വിമാനത്തിൽ കൊടും കുറ്റവാളികളെപ്പോലെ കൊണ്ടുവന്ന് തള്ളിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചുണ്ടനക്കിയില്ല. ഇന്ത്യ–പാക് സംഘർഷത്തെത്തുടർന്ന് അമേരിക്കയിലെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ ഡോണൾഡ് ട്രംപ് ഉച്ചഭക്ഷണ വിരുന്നൊരുക്കി സ്വീകരിച്ചപ്പോഴും മോദി എതിർത്തൊരക്ഷരം ഉരുവിട്ടില്ല. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം പ്രതികാര തീരുവ ചുമത്തിയപ്പോൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയാണ് ഇന്ത്യ പ്രതികരിക്കേണ്ടത്. പക്ഷേ, "ഡിയർ ഫ്രണ്ട്’ ട്രംപിനെതിരെ ചുണ്ടനക്കാൻ ‘വിശ്വഗുരു’വിന് ധൈര്യമില്ല.
ഇന്ത്യ–പാക് സംഘർഷ സമയത്ത് പാകിസ്ഥാന് സൈനികവും നയതന്ത്രപരവുമായ പിന്തുണ നൽകിയ രാജ്യമാണ് ചൈന. 2020 മേയില്‍ ചൈന അതിര്‍ത്തിയിലെ ഇന്ത്യൻ ഭൂപ്രദേശം കൈയേറി. ഒരിഞ്ച് സ്ഥലംപോലും തിരിച്ചുപിടിക്കാൻ മോദി സർക്കാരിന് സാധിച്ചിട്ടില്ല. മോദിയാകട്ടെ, ഇപ്പോൾ ചൈനയ്ക്കെതിരെയും വായനക്കുന്നില്ല. മോദി ഭരണത്തിന് കീഴിൽ ഇന്ത്യ–ചൈന ബന്ധവും ഏറെ വഷളായി. മുറിവുണക്കാനായി മോദി ഉടനെ ചൈനയിലേക്ക് പറക്കും. സാർവദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ ഇത്രകണ്ട് ഒറ്റപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല. അയൽ രാജ്യങ്ങളിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യയുടെ ഏക സുഹൃദ് രാജ്യം.
ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരാഗാന്ധി പ്രതികരിച്ചതുപോലെ എന്തുകൊണ്ട് മോദി അമേരിക്കയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്നില്ല എന്നതാണ് കോൺഗ്രസുകാരുടെ ചോദ്യം. അന്ന് ഇന്ത്യക്ക് പിറകിൽ അചഞ്ചലമായിനിന്ന ഒരു രാജ്യം ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന സോവിയറ്റ് യൂണിയൻ. സോവിയറ്റ് യൂണിയനും ശക്തമായ ഒരു കമ്യൂണിസ്റ്റ് ചേരിയും ഉണ്ടായിരുന്നെങ്കിൽ പലസ്തീനിലെ ഇസ്രയേൽ വംശഹത്യയോ, റഷ്യ–ഉക്രയ്‌ൻ യുദ്ധമോ അമേരിക്കയുടെ പ്രതികാരതീരുവയോ ഉണ്ടാകുമായിരുന്നില്ല.
20,000 മെഗാവാട്ട് ആണവോര്‍ജം എവിടെ
2008 ഒക്ടോബര്‍ 8ന് ആണ് ഇന്ത്യ അമേരിക്കയുമായി ആണവ സഹകരണ കരാറില്‍ ഒപ്പുവച്ചത്. 1991ല്‍ പി വി നരസിംഹറാവു സര്‍ക്കാര്‍ തുടക്കമിട്ട നവഉദാര നയങ്ങളുടെ ചുവടുപിടിച്ചാണ് ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ആണവകരാറില്‍ ഒപ്പുവച്ചത്. ഒപ്പിടാനുളള നീക്കങ്ങളില്‍നിന്ന് പിന്‍മാറണമെന്ന ആവശ്യം തള്ളിയതോടെ ഇടതുപക്ഷം മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആണവകരാറിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉച്ചസ്ഥായിയിലെത്തിനിൽക്കെ 2007 ആഗസ്ത് 13 ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ലോക്‌സഭയില്‍നടത്തിയ പ്രസംഗം ഇങ്ങനെയാണ് ഉപസംഹരിച്ചത്–" ഞാന്‍ പെരുപ്പിച്ച് പറയുകയോ സ്വയം അഭിനന്ദിക്കുകയോ അല്ല. ആണവകരാറിനെക്കുറിച്ച് ചരിത്രം വിധി പറയും. അമേരിക്ക മാത്രമല്ല, എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് ആഗ്രഹിക്കുന്നു. അമേരിക്കയുമായുള്ള ആണവകരാര്‍ പുതിയ വാതായനങ്ങള്‍ തുറക്കും. വരുന്ന തലമുറകള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ചരിത്ര സംഭവമായ ഈ കരാറിന്റെ പ്രാധാന്യം അവര്‍ അംഗീകരിക്കും’

ആണവകരാറില്‍നിന്ന് പിന്‍മാറേണ്ടിവന്നാല്‍ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായും അതിനുമുന്നിൽ മുന്നില്‍ സോണിയഗാന്ധി മുട്ടുമടക്കിയതായും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു " ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രണ്ടാം യുപിഎ ഭരണകാലത്ത് സ്പെക്‌ട്രം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി എന്നിവയിൽ മുങ്ങിത്താണപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് ഒരിക്കല്‍പ്പോലും രാജിചിന്ത ഉണ്ടായിരുന്നില്ല. രാഹുല്‍ഗാന്ധി മന്‍മോഹന്‍സിങ്ങിനെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും അദ്ദേഹത്തിന് രാജി ചിന്ത ഉണ്ടായില്ല.
ആണവകരാറില്‍ ഒപ്പിട്ടാല്‍ 2020ഓടെ ഇന്ത്യക്ക് 20,000 മെഗാവാട്ട് ആണവോര്‍ജം ലഭിക്കുമെന്നതായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവകാശവാദം. വര്‍ഷം 2025 ആയിട്ടും ആണവകരാറിലൂടെ ഒരു മെഗാവാട്ട് വൈദ്യുതിപോലും ഇന്ത്യയില്‍ പുതിയതായി ഉൽപ്പാദിപ്പിക്കാനായില്ല. മാത്രമല്ല, ലോകം അതിവേഗം മാലിന്യമുക്തവും പ്രകൃതിസൗഹൃദവുമായ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലേക്ക് മാറുകയാണ്. അമേരിക്കയിലെ സ്വകാര്യ ആണവോര്‍ജ ഭീമന്‍മാരാകട്ടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവരെ സഹായിക്കാനുളള ദൗത്യം ഏറ്റെടുത്തിരിക്കുന്നതാകട്ടെ ഇന്ത്യ ഭരിക്കുന്ന മോദി സര്‍ക്കാരും. ഇന്ത്യയില്‍ സ്വകാര്യ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും ആണവ റിയാക്ടറുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതിനായി 1962ലെ ആണവോര്‍ജനിയമവും ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് വിദേശ കമ്പനികളെ പൂര്‍ണമായും ഒഴിവാക്കുന്നതിനായി 2010 ലെ ആണവ അപകട സിവില്‍ ബാധ്യതാ നിയമവും മോദി സര്‍ക്കാര്‍ തിരക്കിട്ട് ഭേദഗതി ചെയ്യുകയാണ്.
ഇടതുപക്ഷത്തെ ഉന്‍മൂലനം ചെയ്യാന്‍
ആണവകരാര്‍ ഇന്ത്യയെ അമേരിക്കയുടെ ദാസ്യരാജ്യമാക്കിമാറ്റുമെന്ന മുന്നറിയിപ്പോടെയാണ് ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. അന്ന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് 60 എംപിമാര്‍ ഉണ്ടായിരുന്നു. നിയമം പാസാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം അന്ന് അമേരിക്ക നേരിട്ടേറ്റെടുത്തു. തുടക്കത്തില്‍ ആണവകരാറിനെ എതിര്‍ത്തിരുന്ന സമാജ് വാദി പാര്‍ടി അമര്‍സിങ്ങിന്റെ അമേരിക്കന്‍ യാത്രയ്ക്ക് പിന്നാലെ നിലപാട് മാറ്റി. ഏത് വിധേനയും ഇടതുപക്ഷത്തെ ഉന്‍മൂലനം ചെയ്യാനുള്ള പദ്ധതികള്‍ അക്കാലത്ത് യുഎസ് സര്‍ക്കാര്‍ തയ്യാറാക്കി. നന്ദിഗ്രാം പ്രശ്നം മുന്‍ നിര്‍ത്തി വിമോചന സമര കാലത്ത് കേരളത്തില്‍ നടത്തിയതിന് സമാനമായ ഇടപെടലുകള്‍ അവർ പശ്ചിമ ബംഗാളില്‍ നടത്തി. സിപിഐ എം ഭരണത്തിന് കീഴില്‍ പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വലിയ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായി 2008 മാര്‍ച്ച് 14ന് യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. ലോകത്തുടനീളം ലക്ഷക്കണക്കിന് നിരപരാധികളെ വംശഹത്യ നടത്തുന്ന അമേരിക്കയുടെ നന്ദിഗ്രാം അജൻഡയ്ക്ക് പിന്നിലെ ലക്ഷ്യം ആണവകരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ ഇന്ത്യയില്‍നിന്ന് ഉന്മൂലനം ചെയ്യുക എന്നതായിരുന്നു.
ഇടതുപക്ഷത്തെ മാത്രമല്ല, രാജ്യതാൽപ്പര്യം മുന്‍നിര്‍ത്തി സത്യസന്ധമായ നിലപാടുകള്‍ കൈക്കൊണ്ട കോണ്‍ഗ്രസ് നേതാക്കളെയും മന്‍മോഹന്‍സിങ്ങും സോണിയഗാന്ധിയും വെറുതെവിട്ടില്ല. മണിശങ്കര്‍ അയ്യരായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ പെട്രോളിയം മന്ത്രി. രാജ്യം നേരിടുന്ന ഊര്‍ജക്ഷാമത്തിന് പരിഹാരമാകുമായിരുന്ന ഇറാന്‍–പാകിസ്ഥാന്‍–ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അയ്യര്‍ ശ്രമമാരംഭിച്ചു. ഇറാന്‍ ഉന്നതതല സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തി. പിന്നാലെ അയ്യരെ മാറ്റി, അമേരിക്കയുടെ വിശ്വസ്തനായ മുരളി ദേവ്റയെ നിയമിച്ചു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തുടങ്ങിയ അമേരിക്കന്‍ വിധേയനയത്തിന്റെ തുടര്‍ച്ചയാണ് മോദി നടപ്പിലാക്കുന്നത്. ഈ ദാസ്യനയംകൊണ്ട് രാജ്യത്തിന് നേട്ടമല്ല, കോട്ടമാണെന്ന് ട്രംപിന്റെ പ്രതികാര തീരുവനയം അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു
ആണവകരാര്‍ സമയത്താണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ഇന്ത്യയിലെ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുളള ബൃഹദ് പദ്ധതി നൂതന രൂപത്തില്‍ നടപ്പിലാക്കാനാരംഭിച്ചത്. അമേരിക്കയുടെ ലക്ഷ്യം ഇന്ത്യയുടെ തകര്‍ച്ചയാണെന്നും യുഎസ് പക്ഷ നിലപാടുകള്‍ ഇന്ത്യയെ അമേരിക്കയുടെ ദാസ്യരാജ്യമാക്കി മാറ്റുമെന്നുമുള്ള ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.















