ഇന്ത്യയുടെ ദിശാസൂചി


പിണറായി വിജയൻ
Published on Jul 28, 2026, 12:00 AM | 4 min read
നീതിക്കുവേണ്ടി തെരുവിലിറങ്ങിയ വിദ്യാർഥികളും യുവജനങ്ങളും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. അവരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവയ്‌ക്കേണ്ടി വന്നു. മോദിസർക്കാരിന്റെ സ്വേച്ഛാധിപത്യപ്രവണതകൾക്കേറ്റ കനത്ത പ്രഹരമാണിത്. തെരുവിലിറങ്ങിയ വിദ്യാർഥികളുടെ കണ്ണീരിനെയും അവരുടെ പ്രതിഷേധങ്ങളെയും ആദ്യഘട്ടത്തിൽ അവഗണിച്ച ബിജെപി സർക്കാരിന് ഒടുവിൽ ജനാധിപത്യത്തിന്റെ കരുത്തിനുമുന്നിൽ അടിയറവ് പറയേണ്ടി വന്നു.
ഒരു മന്ത്രിയുടെ രാജികൊണ്ടുമാത്രം നമ്മുടെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധി അവസാനിക്കുന്നില്ല. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) വിശ്വാസ്യത വട്ടപ്പൂജ്യമാണ്. എല്ലാ അധികാരങ്ങളും ഒരു കേന്ദ്രത്തിൽമാത്രം ഒതുക്കിയ ഈ സംവിധാനം സമ്പൂർണപരാജയമാണെന്ന് തെളിഞ്ഞു. അർഹതയുള്ളവർക്ക് അവസരം നൽകുന്നതിനുപകരം, ലക്ഷക്കണക്കിന് വിദ്യാർഥികളെ ചോദ്യപേപ്പർ ചോർച്ചാമാഫിയകളുടെയും തട്ടിപ്പുസംഘങ്ങളുടെയും ഇരകളാക്കിമാറ്റുകയാണ് എൻടിഎ.
സ്വാതന്ത്ര്യം ലഭിച്ച് എട്ടുപതിറ്റാണ്ടാകുന്പോഴും രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ കടുത്ത അസമത്വം തുടരുകയാണ്. എന്നാൽ, പൊതുമേഖലയിൽ സൗജന്യവും ഗുണമേന്മയുള്ളതുമായ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ ശ്രമിച്ച ചില സംസ്ഥാനങ്ങളുമുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച പ്രാഥമികവിദ്യാഭ്യാസം തികച്ചും സൗജന്യമായി നൽകുന്നതിനുള്ള കർമപദ്ധതി കഴിഞ്ഞ ദശകത്തിൽ കേരളം മികച്ച രീതിയിൽ നടപ്പാക്കിയിട്ടുണ്ട്.
അസമത്വങ്ങൾ തിരിച്ചറിയാതെ, പ്രൊഫഷണൽ കോഴ്സുകൾക്ക് നീറ്റ് പോലെയുള്ള കേന്ദ്രീകൃത പ്രവേശനപരീക്ഷ അടിച്ചേൽപ്പിക്കുന്നത് വലിയൊരു വിഭാഗം വിദ്യാർഥികളെ പുറന്തള്ളുന്നതിനേ കാരണമാകൂ. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ് ഇത്തരം നടപടികൾ. സംസ്ഥാനങ്ങളെ നോക്കുകുത്തികളാക്കി, പരീക്ഷാനടത്തിപ്പിന്റെ പൂർണ അധികാരം ഏറ്റെടുത്തെങ്കിലും അഴിമതി തടയാൻ സാധിച്ചില്ലെന്നുമാത്രമല്ല, കോടികൾ കൊയ്യുന്ന മാഫിയയെ ദേശീയതലത്തിൽ സൃഷ്ടിക്കുകയാണുണ്ടായത്. പരീക്ഷാതട്ടിപ്പുകളെല്ലാം ഒരു കുടക്കീഴിലാക്കി വളർത്താൻമാത്രമാണ് ഈ കേന്ദ്രീകരണം കാരണമായത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിനുപകരം, സംഘപരിവാറിന്റെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വാണിജ്യവൽക്കരണവും കേന്ദ്രീകരണവും വർഗീയവൽക്കരണവും മുഖമുദ്രയാക്കിയ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇത് കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഒരു ദീർഘവീക്ഷണവുമില്ലാതെ അടിച്ചേൽപ്പിച്ച പരീക്ഷാപരിഷ്കാരങ്ങളാണ് ഇന്നത്തെ ഗുരുതരപ്രതിസന്ധിക്ക് കാരണം. തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ചകളും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പിഴിയുന്ന കോച്ചിങ് മാഫിയയുമെല്ലാം 12 വർഷമായി കേന്ദ്രത്തിൽ തുടരുന്ന മോദിസർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ബാക്കിപത്രമാണ്.
കേന്ദ്രീകൃത പരീക്ഷാസമ്പ്രദായം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്രാമീണമേഖലയിൽനിന്നുള്ള വിദ്യാർഥികളെയാണ്. സംസ്ഥാന സിലബസുകളിൽ പഠിക്കുന്ന, ലക്ഷങ്ങൾ മുടക്കി എൻട്രൻസ് കോച്ചിങ് നേടാൻ കഴിയാത്ത സാധാരണക്കാരായ വിദ്യാർഥികൾ ഈ വ്യവസ്ഥയിൽനിന്ന് അപ്പാടെ പുറന്തള്ളപ്പെടുമ്പോൾ, നഗരങ്ങളിലെ സിബിഎസ്ഇ വിദ്യാർഥികൾക്കുമാത്രമായി ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ തീറെഴുതപ്പെടുന്നു.
മറുവശത്ത്, കഴുത്തറുപ്പൻ മത്സരമുള്ള ഈ പരീക്ഷാസമ്പ്രദായം കുട്ടികളെ മാനസികസമ്മർദങ്ങളുടെ തടവറകളിലേക്ക് തള്ളുന്നു. ഈ സമ്മർദം താങ്ങാനാകാതെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത് ഒറ്റപ്പെട്ട ദുരന്തമല്ല. ‘ദ ഹിന്ദു’ ദിനപത്രത്തിൽ (ജൂലൈ 27, 2026) വന്ന ഒരു റിപ്പോർട്ടുപ്രകാരം 2014-നും 24നും ഇടയ്ക്ക് 25,000-ൽ അധികം വിദ്യാർഥികളാണ് പരീക്ഷകളിലെ പരാജയം സൃഷ്‌ടിച്ച സമ്മർദം കാരണം ആത്മഹത്യ ചെയ്തത്. യുവതലമുറയെ ഒന്നാകെ കുരുതികൊടുക്കുന്ന ഒരു നയപരാജയത്തിന്റെ ഫലമാണിത്.
ഇന്ത്യയിലെ കോച്ചിങ് വ്യവസായം വർഷംതോറും ഏകദേശം 58,000 കോടി രൂപയാണ് കൊയ്യുന്നത്. മത്സരപരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്നതിനായി രക്ഷിതാക്കൾ ഓരോ വർഷവും 1.23 ലക്ഷം കോടിരൂപയോളം ചെലവാക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ ദേശീയ വിദ്യാഭ്യാസ ബജറ്റിന് ഏതാണ്ട് തുല്യമാണ്. 2014-നുശേഷം 152 വൻകിട ചോദ്യപേപ്പർ ചോർച്ചകളാണ് നടന്നത്. 2016നും 2023നും ഇടയിൽ വെറും ഏഴുപേർക്കുമാത്രം ലഭിച്ച 720/720 എന്ന മുഴുവൻ മാർക്ക് 2024-ൽ എൺപതിലധികം പേർക്കാണ് ലഭിച്ചത്. 2026-ൽ പരീക്ഷയ്ക്ക് 15 ദിവസം മുമ്പുതന്നെ നീറ്റ് യുജി ചോദ്യപേപ്പറുകൾ ചോർന്നെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കി.
പാർലമെന്റിനോട് ഒരു ഉത്തരവാദിത്വവുമില്ലാത്ത, സുതാര്യത തീരെയില്ലാത്ത വെറുമൊരു ടെസ്റ്റിങ് ഏജൻസിമാത്രമാണ് എൻടിഎ. ആകെയുള്ള 39 തസ്തികകളിൽ 15 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ഡെപ്യൂട്ടേഷനിലുള്ള 24 ജീവനക്കാർമാത്രമാണ് ഉള്ളത്. ഡാറ്റ വിശകലനവും നിയമപരമായ കാര്യങ്ങളും ഉൾപ്പെടെയുള്ള നിർണായക ചുമതലകൾ നിർവഹിക്കുന്നത് 73 കരാർ ജീവനക്കാരും 124 പുറംകരാർ ജീവനക്കാരുമാണ്.
2026ൽ ചോദ്യപേപ്പർ ചോർച്ചകൾ സൃഷ്ടിച്ച കടുത്ത നൈരാശ്യത്തിൽ 22 വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിനെ കേവലമൊരു സാങ്കേതികത്തകരാറായോ ചില ഉദ്യോഗസ്ഥരുടെ അഴിമതിയായോ ലഘൂകരിച്ചുകാണാനാകില്ല. അതിന്റെ പൂർണ ഉത്തരവാദിത്വം ഭരണനേതൃത്വത്തിനുതന്നെ. ഈ തകർച്ച കണ്ടില്ലെന്നു നടിച്ച പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുണ്ട്.
ഇത്രയേറെ സാമ്പത്തിക, വൈകാരിക നിക്ഷേപങ്ങൾ നടത്തി പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത് രൂക്ഷമായ തൊഴിലില്ലായ്മയാണ്. 2024-–25 സാമ്പത്തിക സർവേപ്രകാരം, 2030 വരെ ഇന്ത്യയിൽ വർഷംതോറും 7.85 ദശലക്ഷം കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ, 2025ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ നൽകുന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്: ദേശീയ തൊഴിലില്ലായ്മനിരക്ക് 3.1 ശതമാനമായിരിക്കുമ്പോൾ, ബിരുദധാരികൾക്കിടയിൽ അത് മൂന്നിരട്ടിയിലധികമാണ് (11.2 ശതമാനം). 15നും 29നും ഇടയിൽ പ്രായമുള്ള 25 ശതമാനം യുവാക്കളും തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏർപ്പെടാൻ സാധിക്കാത്ത വിഭാഗത്തിലാണെന്ന യാഥാർഥ്യം ഏറെ ഗൗരവമുള്ളതാണ്.
അങ്ങനെ എല്ലാ ദിവസവും ചുരുങ്ങുന്ന തൊഴിലവസരങ്ങൾക്കായുള്ള ജീവന്മരണ പോരാട്ടത്തിലേക്ക് ലക്ഷക്കണക്കിന് യുവാക്കളെയാണ് നാം തള്ളിവിടുന്നത്. കടുത്ത അക്കാദമിക് മത്സരം, താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകൾ, അനിശ്ചിതമായ തൊഴിൽസാധ്യതകൾ എന്നിവയ്ക്കിടയിൽ വീർപ്പുമുട്ടുന്ന തലമുറയാണ് ഇതിന്റെ ബാക്കിപത്രം. ഇന്ത്യയുടെ പരീക്ഷാസമ്പ്രദായവും യഥാർഥ സാമ്പത്തിക ചുറ്റുപാടുകളും തമ്മിലുള്ള വലിയ അന്തരമാണ് ഇതിലൂടെ അനാവൃതമാകുന്നത്.
ഈ തകർച്ചയിൽ അടിയന്തരവും നിർണായകവുമായ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണ്. ഏകീകൃത ദേശീയ മാനദണ്ഡം വേണമെന്ന പേരിൽ പ്രവേശനം നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അധികാരം എടുത്തുമാറ്റിയത് തുടർച്ചയായ സുപ്രീംകോടതി വിധികളാണ് (പ്രത്യേകിച്ച് 2020ലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ വിധി). ഒറ്റ ദേശീയ പ്രവേശനപരീക്ഷ നിർബന്ധമാക്കിയതിലൂടെ ഈ അമിത കേന്ദ്രീകൃത സംവിധാനത്തിന് ജുഡീഷ്യറി അറിയാതെതന്നെ വഴിയൊരുക്കുകയായിരുന്നു. സ്വന്തം വിദ്യാർഥികളെ സംരക്ഷിക്കാൻ കഴിയാത്തവിധം സംസ്ഥാനങ്ങൾ നിയമപരമായി നിസ്സഹായരായി.
ഈ കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനങ്ങളെ വെറും കാഴ്ചക്കാരാക്കി മാറ്റിയതിനാൽ, പരിഹാരം കാണേണ്ട ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം സുപ്രീംകോടതിക്ക് ഏറ്റെടുക്കാവുന്നതാണ്. എൻടിഎ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണം. കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത ചോദ്യംചെയ്യുന്നതിനൊപ്പം, വിദ്യാഭ്യാസരംഗത്തെ ഫെഡറൽ സ്വയംഭരണാധികാരം പുനഃസ്ഥാപിക്കാൻ തങ്ങളുടെ മുൻ ഉത്തരവുകൾ കോടതി പുനഃപരിശോധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയമാണിത്. എൻടിഎ ഉടൻ പിരിച്ചുവിടണം. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത്, പരീക്ഷകൾ നടത്താൻ വികേന്ദ്രീകൃതമായ പുതിയൊരു നിയമസംവിധാനം ഉണ്ടാകണം. അല്ലാത്തപക്ഷം, ചോദ്യപേപ്പർ ചോർച്ചയുടെയും അവസരനിഷേധങ്ങളുടെയും ദുരവസ്ഥ തുടരും.
പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം അഴിമതി പുറത്തുകൊണ്ടുവരുന്നവരെയും പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് വേട്ടയാടാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. വിയോജിപ്പുകളെ അടിച്ചമർത്തുന്നത് പ്രശ്നപരിഹാരമല്ല. ഇവിടെ തെറ്റുപറ്റിയത് വിദ്യാർഥികൾക്കല്ല, നയരൂപകർത്താക്കൾക്കാണെന്ന് കേന്ദ്രം എത്രയുംവേഗം തിരിച്ചറിഞ്ഞേ തീരൂ.
ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകളെ അതിജീവിച്ച്, തങ്ങളുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ യുവജന–വിദ്യാർഥി സമൂഹം നേടിയ ഈ വിജയം ജനാധിപത്യത്തിന് പകരുന്ന ഊർജം ചെറുതല്ല. ജനങ്ങളുടെ കൂട്ടായ പ്രതിഷേധങ്ങൾക്ക് അധികാരവർഗത്തെക്കൊണ്ട് ഉത്തരം പറയിപ്പിക്കാൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്. അഴിമതി നിറഞ്ഞതും കേന്ദ്രീകൃതവുമായ ഈ വ്യവസ്ഥിതിയെ വേരോടെ പിഴുതെറിയാൻ ശക്തമായ ജനാധിപത്യബോധത്തോടെ നാം ഒരുമിച്ചുനിൽക്കേണ്ടതുണ്ട്.















