ad
Deshabhimani

Articles

ഇനി രണ്ടാം ലഹള!

ഇനി രണ്ടാം ലഹള!

Congress
avatar
സി കെ ദിനേശ്‌

Published on May 14, 2026, 10:05 PM | 2 min read

‘ഉണ്ടചോറിൽ കല്ലിടുക എന്നൊരു ചൊല്ല്’ ധാരാളം കേട്ടിട്ടുണ്ടെങ്കിലും പത്തുദിവസമായി കേരളം അത്‌ നേരിൽ കണ്ടതുപോലെ ആസ്വദിക്കുകയായിരുന്നു. ഒരുപക്ഷേ, കോൺഗ്രസിന്‌ കിട്ടിയ ജനവിധിയെ ഇപ്രകാരം അപഹസിക്കാമോ എന്ന്‌ ചോദിച്ചത്‌ മറ്റാരുമല്ല, കോൺഗ്രസിനുവേണ്ടി പണിയെടുത്ത പ്രവർത്തകരും വോട്ട്‌ ചെയ്ത നാട്ടുകാരുമാണ്‌.


​എ കെ ആന്റണി കളമൊഴിയുകയും ഉമ്മൻചാണ്ടി വേർപിരിയുകയും ചെയ്തശേഷം കോൺഗ്രസിൽ അരങ്ങേറിയ നേതൃതർക്കം ഒടുവിൽ ഒമ്പതാം ഉത്സവംപോലെ മൂന്നുപേരിലേക്ക്‌ എത്തി; കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ. സ്വയം തിടമ്പേറ്റിയ ഇവർ പരസ്‌പരം കൊമ്പുകോർക്കുന്നതാണ്‌ നാളുകളായി കേരളം കണ്ടത്‌. മാധ്യമങ്ങളുടെ മുന്നിൽ വെളുക്കെ ചിരിച്ച ഐക്യവും ‘ടീം സോങ്ങും’ പാടിയവർ അകമേ കത്തി രാകി മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. അതിന്റെ ഫലംകൂടിയാണ്‌ അതിരൂക്ഷമാംവിധം മുഖ്യമന്ത്രിത്തർക്കം കലാശിച്ചത്‌.


​കഴിവുകെട്ട നേതൃത്വമെന്ന്‌ രാജ്യമാകമാനം കുപ്രസിദ്ധി നേടിയ രാഹുൽ ഗാന്ധിയെ കോൺഗ്രസുകാർതന്നെ കേരളത്തിന്റെ തെരുവുകളിൽ പരിഹാസ്യ കഥാപാത്രമാക്കി. രാഹുലിനും പ്രിയങ്ക ഗാന്ധിക്കും വോട്ട്‌ തേടിയവർതന്നെ ‘ഡോണ്ട്‌ പ്ലേ ബോയ്‌’ എന്ന്‌ നാടാകെ ബോർഡ്‌ വച്ചു. ഓണത്തിനും സംക്രാന്തിക്കും മാത്രം കേരളത്തിലെത്തുന്ന കെ സി വേണുഗോപാലിന്‌ അനർഹ പരിഗണന നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും രാഹുൽ ഗാന്ധിയാണെന്നാണ്‌ പരക്കെ ബോർഡ്‌ ഉയർന്നത്‌. പാർടിയുടെ അവസാന വാക്കായ നേതാവിനെ ഇങ്ങനെ കൊത്തിപ്പറിക്കുന്നവരെ എവിടെ കിട്ടും.


​‘ഒന്നാം മുഖ്യമന്ത്രിലഹള’ എന്നാണ്‌ പല മാധ്യമങ്ങളും പരിഹാസ രൂപേണ കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തെ വിശേഷിപ്പിച്ചത്‌. ഉറപ്പായും രണ്ടാം മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായുള്ള ലഹള വരാനിരിക്കുന്നു. ‘ഒന്നാംലഹള’ മലയാളത്തിലെ ഹാസസാഹിത്യത്തിനും ട്രോൾ പരീക്ഷണങ്ങൾക്കും പുതിയ പ്രയോഗങ്ങൾക്കുമടക്കം വലിയ സംഭാവന നൽകിയെന്നതിൽ നമ്മളെല്ലാവരും കോൺഗ്രസിനോട്‌ കടപ്പെട്ടിരിക്കുന്നു. പുതിയ സ്‌ക്രിപ്റ്റുകളും അഭിനയപർവങ്ങളുമായി രംഗത്തെത്തിയ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്രയെത്ര!


​മലയാളികളെ കുറച്ചുദിവസത്തേക്കെങ്കിലും ‘മുഖ്യമന്ത്രിയില്ലാത്തവർ’ ആക്കിയില്ലേ എന്നായിരുന്നു ഏറെ ഓടിയ ട്രോൾ. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും ജയിച്ചവർ ഭരണം തുടങ്ങിയെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിക്കും തിരിച്ചും വിമാനം കയറുന്ന തിരക്കിലാണെന്നായിരുന്നു മറ്റു പരിഹാസങ്ങൾ.


ചിലർ വിചിത്രമായ ടൈംടേബിൾ മുന്നോട്ടുവച്ചു. തിങ്കളും ചൊവ്വയും രമേശ് ചെന്നിത്തല, ബുധനും വ്യാഴവും വി ഡി സതീശൻ, വെള്ളിയും ശനിയും കെ സി വേണുഗോപാൽ എന്നിങ്ങനെ ‘ഷെയർ ഇടാം’ എന്ന നാടൻപ്രയോഗം. തങ്ങൾ തമ്മിൽ തർക്കമൊന്നുമില്ലെന്ന് ആവർത്തിച്ച നേതാക്കൾതന്നെയാണ്‌ പിന്നിൽനിന്ന്‌ ഓരോ ചരടും വലിച്ചിരുന്നതെന്ന്‌ തെളിഞ്ഞുകഴിഞ്ഞു. തർക്കമില്ലെന്ന്‌ പറയുന്നവർ ‘പ്ലീസ്‌ കണ്ണൊന്ന്‌ ടെസ്റ്റ് ചെയ്യൂ’ എന്ന്‌ ട്രോളർമാർ.


​ശ്രദ്ധേയമായ മറ്റൊരു പരിഹാസം, മകനും മരിക്കാറായ അച്ഛനും തമ്മിലുള്ള സംഭാഷണമാണ്. ‘മരിക്കുംമുമ്പ്‌ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന് അച്ഛന് അറിയണം’ എന്ന ആഗ്രഹം കേട്ട് മകന്‌ കണ്ണ് നിറയുന്നു. നേതാക്കൾ തമ്മിലുള്ള ഈ കസേരകളി കാരണം കോൺഗ്രസ് അനുഭാവികൾക്കുപോലും നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥ. മുതിർന്നവരെയും മുതിരാത്തവരെയും നിരനിരയായി ഡൽഹിക്ക്‌ വിളിപ്പിച്ചപ്പോൾ വോട്ടർമാരും സംശയിച്ചു, ഇനി തങ്ങളെക്കൂടി വിളിക്കുമോ. 10 വർഷത്തിനുശേഷം ലഭിച്ച വിജയം ആഘോഷിക്കാൻപോലും സാധിക്കാത്ത നിലയിലായല്ലോ എന്ന്‌ പരിതപിച്ചത്‌ കോൺഗ്രസ് അനുഭാവികൾതന്നെ. കോൺഗ്രസ് നേതാക്കളുടെ കസേരകളിയെ ട്രോളി വെളുപ്പിക്കാൻ എഐയും രംഗത്തിറങ്ങി; ‘തേങ്ങയുടയ്ക്ക്‌ സാമി’യിൽ വെളിച്ചപ്പാടായി അവതരിച്ചത്‌ രാഹുൽ ഗാന്ധി!


തമിഴ്നാട്ടിൽ പല പാർടികളിൽനിന്നുള്ളവർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുമ്പോൾ, ഒരേ പാർടിയിൽനിന്നുള്ള പലരും മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നതാണ്‌ കേരളത്തിൽ കണ്ടതെന്നും പോസ്റ്റുകൾ. ഏതായാലും അതിന്‌ പരിഹാരമായതിൽ കോൺഗ്രസിനോട്‌ നന്ദി പറയാനും മലയാളികൾ മറക്കുന്നില്ല. നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന്‌ പരസ്യമായി പറഞ്ഞ ലീഗ്‌ നേതാക്കളടക്കം രണ്ടാംലഹളയുടെ ഭാഗമാകുമെന്നും കേൾക്കുന്നു. ഉപമുഖ്യമന്ത്രി, അഞ്ച്‌ മന്ത്രി, പ്രധാന വകുപ്പുകൾ... ഇനി എന്തൊക്കെയാണാവോ.



Deshabhimani
Home