അങ്ങാടിയിൽ തോറ്റതിനോ ‘പാരിതോഷികം’?


സി കെ ദിനേശ്
Published on Jun 16, 2025, 10:08 PM | 2 min read
അജൻഡ സെറ്റ് ചെയ്യാനായി നടത്തിയ വസ്തുതാവിരുദ്ധ പ്രചാരണങ്ങൾ ഓരോന്നായി തിരിച്ചടിച്ചതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട വലിയ പ്രതിസന്ധി. യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ രാപകലില്ലാത്ത അധ്വാനമുണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ തങ്ങളുടെ അധീനതയിൽ കൊണ്ടുവരാനായില്ല. ആ തിരിച്ചറിവിലാകണം രണ്ട് ‘യുവ നേതാക്കൾ’ രക്ഷപ്പെടൽ സൂത്രമെന്നനിലയിൽ പെട്ടി പൊട്ടിച്ചത്! അതും ‘ബൂമറാങ്’ ആയി. ആറുമാസം മുമ്പുമാത്രം, അതും പ്രതിപക്ഷ എംഎൽഎ ആയ നേതാവ് സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ പറഞ്ഞത് കേരളം മുഴുവൻ കേട്ടു: ‘‘നിന്റെ സർവീസിനുള്ള പാരിതോഷികം ഞാൻ തരാം, കേട്ടോ’’!
ഈ രണ്ട് നേതാക്കളാണോ നിലമ്പൂരിൽ തന്ത്രങ്ങൾ മെനയുന്നത്? ഇവരാണോ ഇനി നയിക്കുന്നത്? സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല മുതിർന്ന നേതാക്കൾക്കുമുണ്ട് സംശയം. മാധ്യമങ്ങളെ കണ്ടപ്പോൾ മിസൈൽ വേഗത്തിൽ കടന്നുകളഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും സംശയം തീർക്കുമായിരിക്കും. ഏതായാലും കെപിസിസി പ്രസിഡന്റിന് ഒരു കാര്യത്തിൽ തെല്ലും തർക്കമില്ല; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനമായി കാണാൻ താൽപ്പര്യപ്പെടുന്നില്ല. അടുത്ത വൃത്തങ്ങളിൽ അതു സൂചിപ്പിച്ചെന്നും കണ്ണൂർ വർത്തമാനം.
യോജിപ്പില്ല, പക്ഷേ, ‘മുന്നണി’!
ജമാഅത്തെ ഇസ്ലാമിയടക്കമുള്ള കൊടും വർഗീയശക്തികളുമായുള്ള ബാന്ധവം തലവേദനയാകുമോയെന്ന തിരിച്ചറിവിലാകാം ചർച്ചാവിഷയം മാറ്റാനായി ‘പെട്ടി’ ഇറക്കിയത്. ജമാഅത്തെ ഇസ്ലാമി ബന്ധത്തോട് ആശയപരമായി തങ്ങൾക്ക് യോജിപ്പില്ലെന്ന് ലീഗ് തള്ളി നോക്കിയെങ്കിലും ഏറ്റില്ല. യോജിക്കാത്തവരെ ആരെങ്കിലും മുന്നണിയുടെ ഭാഗമാക്കുമോ? അവർ മതരാഷ്‌ട്രവാദികളല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ന്യായവാദങ്ങൾ കേട്ട് കൂടുതൽ ചിരിച്ചത് ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർടിയുമായിരിക്കും. അവരുടെ അടിസ്ഥാന പ്രമാണം ഇസ്ലാം മതരാഷ്‌ട്രമാണെന്ന് അതിന്റെ അമീർ തന്നെ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് ആർഎസ്‌എസിന്റെ മറുഭാഗമാണ് ജമാഅത്തെ ഇസ്ലാമി എന്ന് വിശേഷിപ്പിച്ച് പോരുന്നത്. ഇന്ത്യൻ ഭരണഘടനയേയോ ജനാധിപത്യത്തേയോ അല്ല അവർ അംഗീകരിച്ചിട്ടുള്ളത്, മതപരമായ ഭരണ സംവിധാനമാണ്.
എന്നാൽ, വർഗീയവാദികളുടെ വോട്ടുവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് എൽഡിഎഫ് എല്ലാ ഘട്ടത്തിലും പ്രചാരണം നടത്തിയിട്ടുള്ളത്. അതിലൊന്നും ഒട്ടും സംശയവുമില്ല. ആശയവും പ്രവർത്തന മികവും മുന്നോട്ടുവച്ച് എൽഡിഎഫ് സമീപിക്കുമ്പോൾ ഈ രണ്ട് കീശയും കാലിയായവരെ എന്തിന് പിന്തുണയ്ക്കണമെന്ന് ജനങ്ങൾ ചിന്തിക്കുക സ്വാഭാവികം.
എഴുത്തുകാരുടെ കാര്യംതന്നെ
നിലമ്പൂരിലേക്ക് കേരളത്തിലെ സാംസ്കാരിക ലോകം ഒഴുകിയെത്തുന്നതും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ പിന്താങ്ങുന്നതും മഹാപാതകമായി ചിത്രീകരിക്കാനുള്ള വെമ്പൽ കലശലായതും കണ്ടു. ‘‘നിങ്ങൾ ആരാണ് എഴുത്തുകാരുടെ കാര്യം പറയാൻ ?’’ എന്നാണ് മലയാളം ആദരവോടെ കാണുന്ന കഥാകൃത്ത് വൈശാഖനോട് കൽപ്പറ്റയിലെ കവി ചോദിക്കുന്നത്. അതായത് ഇടതുപക്ഷത്തോടൊപ്പമാണ് എന്ന് എഴുത്തുകാരോ കലാകാരരോ പറയരുതെന്നാണ് വിവക്ഷ. അതും, സാമൂഹ്യ ജീവിതത്തിൽ അടിമുടി ഇടപെട്ട് പുരോഗമനോന്മുഖമായ പാതവെട്ടിത്തെളിച്ച മഹദ്‌വ്യക്തികളും മഹത്തായ കൃതികളും പിറന്ന കേരളത്തിൽ ! പക്ഷേ, താൻ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചോദിക്കുമെന്നും കവി! രാഷ്‌ട്രീയ പക്ഷപാതം പാടില്ലപോലും. കവി തന്റെ മുൻകാല പ്രസ്താവനകൾ മറന്നോ? പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളും മാത്രമായിരുന്ന യുഡിഎഫ് മുഖ്യമന്ത്രിയുടെ ‘ജനസമ്പർക്കപരിപാടി മഹത്തായ സംരംഭ’മെന്ന് പ്രചരിപ്പിച്ചതിൽ ഒരു രാഷ്‌ട്രീയ പക്ഷപാതവുമുണ്ടായിരുന്നില്ല, വിശ്വസിച്ചു! സ്ഥാനലബ്‌ധിക്കു വേണ്ടിയാണ് എഴുത്തുകാർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതെന്ന് മറ്റൊരു വിദ്വാൻ! ഇവിടെ കൊടുക്കാൻ പറ്റുന്ന പരമാവധി സ്ഥാനമാനങ്ങളുടെയും ഇടതുപക്ഷം ചേർന്നുനിൽക്കുന്ന എഴുത്തുകാരുടെയും എണ്ണം തമ്മിൽ ചുമ്മാ ഗുണിച്ചും ഹരിച്ചും നോക്കിയാൽ തീരാവുന്ന സംശയം മാത്രമാണത്.
നിലമ്പൂർ ആയിഷയെപോലെ വന്ദ്യവയോധികയായ കലാകാരിയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന്റെ പേരിൽ സമൂഹ മാധ്യമത്തിൽ പകയോടെ കടിച്ചുകീറുന്നത് കണ്ട് ആസ്വദിക്കുന്നവരാണ് ‘നിങ്ങൾ പക്ഷം പിടിക്കരുത്’ എന്ന് തീട്ടൂരമിറക്കുന്നത്. ഇടതുപക്ഷത്തെ പിന്തുണച്ചാൽ അവരെയെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കും. പക്ഷേ, അവർ പറയുന്ന ആശയത്തിന് മുന്നിൽ ഒളിച്ചോടും! പണ്ട് മഹത്തായ കൃതികൾ മലയാളത്തിലുണ്ടാകുന്നില്ലെന്ന ചർച്ച സജീവമായപ്പോൾ വി ടി ഭട്ടതിരിപ്പാട് പറഞ്ഞ മറുപടിയാണ് ഇവിടെ പ്രസക്തം: ‘‘ ഇവിടെ വിഷയം ഇല്ലാത്തതല്ല, അത് കാണാനുള്ള കണ്ണില്ലാത്തതാണ് പ്രശ്‌നം.’’--83828














