Articles

പൊളിറ്റോറിയൽ

നിലമ്പൂരിൽ കളി ,
 തരൂരിന്റെ ചിരിയും

nilambur byelection
avatar
സി കെ ദിനേശ്‌

Published on May 29, 2025, 01:48 AM | 2 min read

നിലമ്പൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥികൂടി വരുന്നതോടെ രംഗം ചൂടുപിടിക്കും. ‘നിൽക്കണോ പോണോ’ എന്ന്‌ ചോദിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെ വോട്ട്‌ യുഡിഎഫ്‌ പെട്ടിയിൽ ഭദ്രമാകുമോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ വിജയിച്ച മണ്ഡലമാണിത്‌. അതിനു മുന്നേ ഉപതെരഞ്ഞെടുപ്പിലടക്കം അഞ്ചു തവണ ഇടതുപക്ഷം ഇവിടെ ജയിച്ചിട്ടുണ്ട്‌.


2016ലെ സാഹചര്യം പ്രധാനമാണ്‌. വികസന മുരടിപ്പും അഴിമതിയും അക്രമവും അഴിഞ്ഞാടിയിരുന്ന യുഡിഎഫ്‌ ഭരണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ തീരുമാനം അലയടിച്ച ഘട്ടത്തിലായിരുന്നു അന്ന്‌ തെരഞ്ഞെടുപ്പ്‌. ദേശീയപാതപോലും വേണ്ടെന്നുവച്ച അത്യപൂർവ മുഖ്യമന്ത്രി! നിലമ്പൂർ മാത്രമല്ല, തുടർച്ചയായി യുഡിഎഫ്‌ വിജയിച്ച കണ്ണൂർ, മാനന്തവാടി, കൽപ്പറ്റ, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, ചെങ്ങന്നൂർ, ഇരവിപുരം, വർക്കലപോലുള്ള ഒട്ടേറെ മണ്ഡലങ്ങളിൽ എൽഡിഎഫ്‌ മികച്ച വിജയം നേടി. പിന്നീട്‌ എന്താണ്‌ കേരളം കണ്ടത്‌. ഉമ്മൻചാണ്ടിയുടെ കാലവും 2016ലെ ഒന്നാം പിണറായി സർക്കാരും തമ്മിലുള്ള താരതമ്യംപോലും അപ്രസക്തമായി. സ്വർണക്കടത്ത്‌ അടക്കം കള്ളക്കഥകളുടെ കുത്തൊഴുക്കുണ്ടായിട്ടും 2021ൽ ജനം എൽഡിഎഫിനൊപ്പം നിന്നു. അതോടെ കേരളത്തെ പുതിയൊരു ദിശയിലേക്ക്‌ നയിക്കാൻ രണ്ടാം പിണറായി സർക്കാരിനായി. മൂന്നാമതും എൽഡിഎഫ്‌ എന്ന ചർച്ച ജനം ഏറ്റെടുത്ത ഘട്ടത്തിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.


മാറിയും മറിഞ്ഞും നേതാക്കൾ

കോൺഗ്രസിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ പിന്നിൽ അൻവർ മാത്രമല്ല വിഷയം. മുതിർന്ന നേതാവായ, അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന കെ സുധാകരനെ ഒതുക്കിയതിലൂടെ ‘തനിപ്പിടി’ നടത്താനുള്ള പുറപ്പാടിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പുതിയ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ തലവേദനയാകില്ലെന്ന ധാരണയിൽ സതീശൻ തീരുമാനങ്ങൾ സ്വയം എടുത്ത്‌ നടപ്പാക്കുന്നു. ഈ ശൈലി അംഗീകരിക്കില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ പ്രഖ്യാപനംകൂടിയാണ്‌ സുധാകരന്റെ പൊട്ടിത്തെറി. വിഷയങ്ങൾ ‘പ്രതിപക്ഷ നേതാവുമാത്രം തീരുമാനിച്ചാൽ പോരാ, പാർടിയിൽ ചർച്ച ചെയ്യണം’ എന്ന തുറന്നുപറച്ചിൽ. സുധാകരനു പിന്നിൽ രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയവരുണ്ടെന്നതിൽ സംശയമില്ല. അതേസമയം, സുധാകരന്റെ അനുയായികളായ ഏതാനും നേതാക്കൾ അൻവറിന്റെ വീട്ടിൽ പോയതിനെപ്പോലും സതീശനൊപ്പമുള്ളവർ ചോദ്യം ചെയ്യുന്നു. താൻ പറയുന്നത്‌ പാർടിയുടെയും യുഡിഎഫിന്റെയും ഒറ്റക്കെട്ടായ തീരുമാനമാണെന്ന സതീശന്റെ ആവർത്തിച്ചുള്ള പ്രതികരണത്തിന്റെ അർഥമെന്താണ്‌. തനിക്ക്‌ തന്ന ഉറപ്പ്‌ എന്തുകൊണ്ട്‌ സതീശൻ ജനങ്ങളോട്‌ പറയുന്നില്ലെന്ന ചോദ്യംകൂടി അൻവർ ഉന്നയിച്ചിട്ടുണ്ട്‌. അതെന്ത്‌ ഉറപ്പാണ്‌, കോൺഗ്രസുകാരെങ്കെിലും അറിയണ്ടേ.


ഡിസിസി പ്രസിഡന്റുകൂടിയായ വി എസ്‌ ജോയിയുടെ പേരായിരുന്നു കോൺഗ്രസ്‌ ആദ്യംമുതൽ നിലമ്പൂരിൽ സജീവമായി പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞത്‌ ഒരു വിഭാഗത്തിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്‌. അൻവറിന്‌ ഒട്ടും വഴങ്ങണ്ടെന്ന സതീശന്റെ തീരുമാനമാണ്‌ അതിനു പിന്നിലുള്ളത്‌. അതിനെയാണ്‌ മുതിർന്ന നേതാക്കൾ ചോദ്യം ചെയ്യുന്നത്‌. അൻവറിൽ തീരുമാനമായാലും ഈ തർക്കം ഇവിടംകൊണ്ട്‌ തീരില്ലെന്നുറപ്പ്‌.


തരൂർ തിരിച്ചുവരുമ്പോൾ

കോൺഗ്രസ്‌ നൽകിയ പട്ടികയിലില്ലായിരുന്ന ശശി തരൂർ നരേന്ദ്ര മോദി തയ്യാറാക്കിയ ലിസ്റ്റിൽ മുമ്പനായി കേറി വിദേശപര്യടനത്തിന്‌ പുറപ്പെട്ടു. തിരിച്ചെത്തുമ്പോൾ എന്തായിരിക്കും സ്ഥിതി. ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ഇന്ത്യയുടെ നിലപാട്‌ വിശദീകരിക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ കോൺഗ്രസ്‌ തീരുമാനം വകവയ്ക്കാതെ കേറിയെന്നു മാത്രമല്ല, മോദി സ്തുതി ആവോളം നടത്തിയാണ്‌ തിരിച്ചുവരുന്നത്‌. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌, അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ തരൂരിനെ ഇനി ഇവിടെ വേണ്ടെന്ന സൂചനയാണ്‌ നൽകുന്നത്‌. പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. പാർലമെന്റിലേക്ക്‌ ഇനി മത്സരിക്കുന്നില്ലെന്ന്‌ തരൂർ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്‌. നിയമസഭയിലേക്ക്‌ മത്സരിച്ച്‌ പുതിയ അധ്യായം കുറിക്കുകയെന്നതാണ്‌ ലക്ഷ്യം. അത്‌ നടക്കില്ലെന്ന്‌ കെപിസിസി വ്യക്തമാക്കിക്കഴിഞ്ഞു. തരൂർ ഇനി എന്ത്‌ ചെയ്യും.


സോണിയ ഗാന്ധിക്ക്‌ വ്യക്തിപരമായിത്തന്നെ ചില കടപ്പാടുകൾ തരൂരിനോടുണ്ടെന്നും അല്ലെങ്കിൽ പണ്ടേ തെറിച്ചേനെയെന്നുമാണ്‌ ഡൽഹി ‘കമന്റ്‌’. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ചില ആയുധ ഇടപാടിൽപ്പെടാതെ രക്ഷിച്ചതിൽ തരൂരിന്‌ പങ്കുണ്ടെന്ന്‌ വിവരിക്കുന്ന നട്‌വർസിങ്ങിന്റെ പുസ്തകം പണ്ടേ വിവാദമായതാണ്‌. അതുകൊണ്ട്‌ ഡൽഹിയിൽനിന്ന്‌ പുറത്താക്കില്ല. പച്ചയായി പറഞ്ഞാൽ പുകച്ച്‌ പുറത്ത്‌ ചാടിക്കണം. അതിനുള്ള തീ കെപിസിസിയിൽ കൊളുത്തിയിട്ടുണ്ട്‌. പക്ഷേ, വെള്ളവുമായി ചില നേതാക്കൾ അപ്പുറത്തുണ്ടെന്നതിനാൽ നിലമ്പൂർ കഴിഞ്ഞാൽ തരൂർ ആയിരിക്കും കോൺഗ്രസ്‌ ‘അജൻഡ’!





deshabhimani section

Dont Miss it

Recommended for you

Home