ad
Deshabhimani

Articles

അന്തരിച്ച പ്രശസ്‌ത കെനിയൻ എഴുത്തുകാരൻ ഗൂഗി വാ തിയോംഗോ

മാർക്‌സിസ്റ്റായ ആഫ്രിക്കക്കാരൻ

googi vaa tiyango

ഗൂഗി വാ തിയോംഗോ

avatar
വിജയ് പ്രഷാദ്

Published on Jun 14, 2025, 11:58 AM | 8 min read

ആഫ്രിക്കൻ ചിന്തയിലെ യഥാർഥ റാഡിക്കലുകളിൽ ഒരാൾ, അസാമാന്യ കഥപറച്ചിലുകാരൻ. സുഹൃത്തും അധ്യാപകനുമായ ഗൂഗിക്ക് ശാന്തി നേരുന്നു, അദ്ദേഹം അനന്തകാലം ഓർമകളിൽ ജീവിക്കട്ടെ!‐ ഈയിടെ അന്തരിച്ച പ്രശസ്‌ത കെനിയൻ എഴുത്തുകാരൻ ഗൂഗി വാ തിയോംഗോയുമായുള്ള ഊഷ്‌മള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചും ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയ മൂല്യത്തെക്കുറിച്ചും ഓർമിക്കുന്നു...


വളരെ വർഷങ്ങൾക്ക് മുമ്പ്, ഏതാണ്ട് ഇറാഖിനെതിരായ യുഎസ് യുദ്ധത്തിന്റെ സമയത്താണെന്ന് തോന്നുന്നു, ഞാൻ കാലിഫോർണിയ സർവകലാശാലയിലെ ഇർവിനിൽ ഒരു പ്രഭാഷണത്തിനായി ചെന്നു.

ആതിഥേയര്‍ എന്നെ വിദ്യാർഥി കേന്ദ്രത്തിലെ ഒരു ഒതുങ്ങിയ ഇടത്തിലേക്ക് കൊണ്ടുപോയി. അവിടെ കസേരയിൽ പരിചിതനായ ഒരു വ്യക്തിയെ ഞാന്‍ കണ്ടു: ഗൂഗി. അന്ന് ഞങ്ങൾ ഒരു മണിക്കൂർ ഒരുമിച്ചിരുന്നു.


എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളോടുള്ള ഭയഭക്തിയില്‍ ഞാനും, മറുവശത്ത് ഇന്നത്തെ ലോകത്തിലെ ഇടതുപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ച് തുളച്ചുകയറുന്ന ചോദ്യങ്ങളുമായി അദ്ദേഹവും. ഇന്ത്യയിലും ചൈനയിലും വിയറ്റ്നാമിലും ഇന്തോനേഷ്യയിലും എന്താണ് സംഭവിക്കുന്നതെന്നതറിയാൻ അദ്ദേഹത്തിന്‌ അതീവ താൽപ്പര്യമുണ്ടായിരുന്നു. സംഭാഷണത്തിലെ അദ്ദേഹത്തിന്റെ ജിജ്ഞാസയും വിശപ്പും കെടാതെ സൂക്ഷിക്കാന്‍ ഞാൻ പരമാവധി ശ്രമിച്ചു.


googi vaa tiyangoഗൂഗി വാ തിയോംഗോ


പിന്നെ അദ്ദേഹം തന്റെ ജീവിതത്തിലെ എനിക്ക് അധികമൊന്നും അറിയാത്ത ചില ഭാഗങ്ങളെക്കുറിച്ച് പറഞ്ഞു: ഇന്ത്യൻ എഴുത്തുകാരുമായുള്ള അടുത്ത ബന്ധം, ആഫ്രിക്കൻ-‐ഏഷ്യൻ പ്രൊജക്ടുകളിൽ നടത്തിയ നിക്ഷേപം, മാർക്‌സിസ്റ്റ്‌ കാഴ്‌ചപ്പാട്‌ എന്നിവയെക്കുറിച്ച്‌. അദ്ദേഹത്തിന്റെ എഴുത്തിൽ റാഡിക്കലിസവും പ്രത്യാശയും ആഴത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ വികാരവും നിറഞ്ഞതാണെന്ന്‌ എനിക്കറിയാമായിരുന്നു.


ജന്മനാടായ കെനിയയിലും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും മാർക്‌സിസം ദുർബലമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ ചിന്തയിൽ ആ പ്രത്യയശാസ്‌ത്രത്തിന്റെ സ്വാധീനവും ഇടതുപക്ഷ ആശയങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും എനിക്ക് പുതിയ അറിവായിരുന്നു.


ഒരു ദുരന്തമാണ് ഗൂഗിയെ കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനാക്കിയത്‌. ബ്രിട്ടീഷുകാർ കെനിയയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കാലത്തെ ഒരു സംഭവം. ഗൂഗിക്ക് ഗിറ്റോഗോ എന്ന ബധിരനായ സഹോദരനുണ്ടായിരുന്നു. ആക്രമണത്തിനിടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഗിറ്റോഗോയോട് അനങ്ങാതെ നില്‍ക്കാന്‍ അലറി. ഇത്‌ കേൾക്കാൻ കഴിയാത്ത ഗിറ്റാഗോയെ ബ്രിട്ടീഷുകാർ വെടിവച്ച്‌ കൊന്നു


ഒരു ദുരന്തമാണ് ഗൂഗിയെ കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനാക്കിയത്‌. ബ്രിട്ടീഷുകാർ കെനിയയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കാലത്തെ ഒരു സംഭവം. ഗൂഗിക്ക് ഗിറ്റോഗോ എന്ന ബധിരനായ സഹോദരനുണ്ടായിരുന്നു. ആക്രമണത്തിനിടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഗിറ്റോഗോയോട് അനങ്ങാതെ നില്‍ക്കാന്‍ അലറി.


ഇത്‌ കേൾക്കാൻ കഴിയാത്ത ഗിറ്റാഗോയെ ബ്രിട്ടീഷുകാർ വെടിവച്ച്‌ കൊന്നു (ഈ സംഭവം ഗൂഗി ആദ്യകാല നോവലായ ‘എ ഗ്രെയിൻ ഓഫ് വീറ്റി’ൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്). ഗൂഗിയുടെ ഗ്രാമമായ ലിമുരു ബ്രിട്ടീഷ്‌ സൈന്യം നിലംപരിശാക്കിയിരുന്നു (അദ്ദേഹത്തിന്റെ അമ്മയെ മൂന്ന് മാസത്തേക്ക് അവര്‍ ഏകാന്തതടവിൽ പാര്‍പ്പിച്ചു). കൊളോണിയലിസത്തോടുള്ള ഗൂഗിയുടെ ആഴത്തിലുള്ള വിദ്വേഷത്തിന്‌ കാരണം ഇത്തരം അനുഭവങ്ങളാണ്‌.


kenya in britishകെനിയയിലെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വവാഴ്‌ചക്കാലത്തെ കാഴ്‌ച


അന്നത്തെ കൂടിക്കാഴ്‌ചയില്‍ വളരെ വികാരാധീനതയോടെ ഗൂഗി ഈ കഥകൾ എന്നോട് പറഞ്ഞു.

ആ ആദ്യ കൂടിക്കാഴ്‌ച ഒരു ചിത്രമായി പകര്‍ത്തിയതായി ഞാൻ ഓര്‍ക്കുന്നില്ല എന്ന് മാത്രമല്ല, ഞങ്ങൾ പരസ്‌പരം സമയം ചെലവഴിച്ചിട്ടും നിരവധി ഇ മെയിലുകൾ പരസ്‌പരം കൈമാറിയിട്ടും (ഈ ഹ്രസ്വ ഓർമക്കുറിപ്പിന്റെ തുടര്‍ച്ചയില്‍ ഞാൻ അതിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാനിരിക്കുകയാണ്) ഞങ്ങളുടെ ഒന്നിച്ചുള്ള ഒരു ചിത്രവും എനിക്ക് കണ്ടെത്താൻ കഴിയില്ല. ഗൂഗിയുടെ കൃതികളിൽ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിലത് ഇവിടെ ചേര്‍ക്കുന്നു:


വീപ് നോട്ട്‌ ചൈൽഡ് (1964), ദി റിവർ ബിറ്റ്‌വീന്‍ (1965), എ ഗ്രേയ്ൻ ഓഫ് വീറ്റ് (1967), പെറ്റൽസ് ഓഫ് ബ്ലഡ് (1977), ഡെവിൾ ഓൺ ദി ക്രോസ് (1980), വിസാർഡ് ഓഫ് ദി ക്രോ (2006)....


a grain of wheat.


ഈ നോവലുകളിൽ, എന്നെ ഏറ്റവും ആകർഷിച്ചത് ‘പെറ്റൽസ് ഓഫ് ബ്ലഡ്’ ആണ്‌. 1963‐ൽ കെനിയ സ്വാതന്ത്ര്യം നേടുമ്പോൾ ഇരുപത്തിയഞ്ച് വയസ്സായിരുന്നു ഗൂഗിക്ക്. സാമ്രാജ്യത്വ ഭരണാധികാരികൾ കെനിയയുടെ സമ്പത്തിന്റെ വലിയൊരു ഭാഗം കയ്യടക്കിയിരുന്നു. പുതിയൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അപര്യാപ്തമായ ഒരു ഭരണകൂടമാണ്‌ അവശേഷിച്ചത്‌. അതുകൊണ്ടുതന്നെ രാഷ്‌ട്ര പുനർനിർമാണം സങ്കീർണമായിരുന്നു.


സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിവിധ പ്രക്ഷോഭങ്ങളിൽ, ഉദാഹരണത്തിന് മൗ മൗ കലാപം, (1952-‐1960) പോലെയുള്ളവയിൽ പങ്കാളികളായവരുടെ കഥയാണ്‌ ഈ നോവലിന്റെ പ്രതിപാദ്യം. നോവലിലെ കഥാപാത്രങ്ങൾ ഒരു ഗ്രാമത്തിലേക്ക് (ഇൽമോറോഗ്) താമസം മാറുന്നു. അവിടെനിന്ന് വികസന മുരടിപ്പും അഴിമതിയുമെല്ലാം അവർ അറിയുന്നു, അനുഭവിക്കുന്നു.


petals of blood


മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും കുറിച്ചുള്ള ഗൂഗിയുടെ ഏറ്റവും മൂർച്ചയുള്ള വിമർശനമാണ്‌ ഈ നോവൽ. മാന്യതയും നീതിയും നിറഞ്ഞ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിടേണ്ടിവരുന്ന അപമാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്‌തകം. ‘അത് പുതിയ കെനിയയായിരുന്നു. അത് പുതിയ ഇൽമോർഗ് ആയിരുന്നു. ഒന്നും സൗജന്യമായിരുന്നില്ല’ (പേജ് 332).


ലോകത്ത് മുഴുവൻ വ്യാപിക്കുന്ന മാർക്‌സിസത്തെയാണ് പുസ്‌തകത്തിലെ കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നത്. പഴയകാലത്ത് ഭൂമി ‘വാങ്ങാനുള്ളതല്ല’, മറിച്ച് ‘ഉപയോഗത്തിനുള്ളതായിരുന്നു’ എന്ന് ഇൽമോർഗിലെ മുതിർന്നവരിൽ ഒരാൾ പറയുന്നു. അദ്ദേഹം പറയുന്നു, ‘കൊളോണിയലിസ്റ്റുകൾക്ക്, എല്ലാം എങ്ങനെ കഴിക്കണം, എങ്ങനെ കൈവശപ്പെടുത്തിക്കൊണ്ടുപോകണം എന്ന് മാത്രമേ അറിയൂ’ (പേജ് 82).


കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ കരേഗ സോഷ്യലിസ്റ്റ് ചിന്തയിലേക്കും പ്രവർത്തനത്തിലേക്കും സ്വയം മാറുന്നു. മുതലാളിത്തം എങ്ങനെയാണ് "സമൂഹത്തിന്റെ പരമോന്നത ലക്ഷ്യമായി പരാദജീവികളെയും നരഭോജികളെയും വളർത്തിയെടുത്ത ഒരു വ്യവസ്ഥ’ ആകുന്നത് എന്ന് അദ്ദേഹം ആളുകളോട് പറയാൻ തുടങ്ങുന്നു. ‘തൊഴിലാളികളോട് എപ്പോഴും രക്തം ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്ന പരാന്നഭോജികളെ' അദ്ദേഹം വെറുത്തു.


സ്വാതന്ത്ര്യാനന്തരം, കെനിയയിലെ ഉന്നതർ ‘മുഴുവൻ ഭൂമിയെയും വേശ്യാവൃത്തിക്ക് വിധേയമാക്കി, സമ്പൂർണ ചൂഷണത്തിനായി വിദേശികൾക്ക് കൈമാറി’യതിൽ രോഷാകുലനായ കരേഗ നോവലിസ്റ്റ്‌ ഗൂഗിയുടെ പ്രതിരൂപം തന്നെയാണ്‌.


googi book cover


1981-‐ൽ ഹൈന്‍മാൻ പ്രസിദ്ധീകരിച്ച ‘റൈറ്റേഴ്സ് ഇൻ പൊളിറ്റിക്‌സ്‌’ എന്ന പുസ്‌തകത്തിൽ ഗൂഗി പറഞ്ഞു, ‘സാമ്രാജ്യത്വത്തിന് ഒരിക്കലും ഒരു രാജ്യത്തെയോ ജനതയെയോ വികസിപ്പിക്കാൻ കഴിയില്ല. പെറ്റൽസ് ഓഫ് ബ്ലഡ് എന്ന പുസ്‌തകത്തിൽ ഞാൻ കാണിക്കാൻ ശ്രമിച്ചത് ഇതാണ്; സാമ്രാജ്യത്വത്തിന് ഒരിക്കലും കെനിയക്കാരായ നമ്മളെ വികസിപ്പിക്കാൻ കഴിയില്ല.’


ഞാൻ ആദ്യമായി ‘പെറ്റൽസ് ഓഫ് ബ്ലഡ്’ വായിച്ചത് 1987-‐ലാണ്. അതിനുശേഷം പലതവണ വായിച്ചിട്ടുണ്ട്, രണ്ടുതവണ അത് പഠിപ്പിച്ചിട്ടുണ്ട്. സാമ്രാജ്യത്വാനന്തര അവസ്ഥയെക്കുറിച്ചുള്ള വിസ്‌മയിപ്പിക്കുന്ന പുസ്‌തകമാണിത്, സൂര്യനു കീഴിലുള്ള എല്ലാ പുരസ്‌കാരങ്ങൾ അതിന്റെ രചനയ്‌ക്ക്‌ ഗൂഗിക്ക് ലഭിക്കേണ്ടതായിരുന്നു.


1970‐കളിൽ അദ്ദേഹം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1973-‐ൽ ആൽമ അറ്റയിലെ (യുഎസ്എസ്ആർ) ആഫ്രോ- ഏഷ്യൻ റൈറ്റേഴ്‌സ് അസോസിയേഷന്റെ സാഹിത്യത്തിനുള്ള ലോട്ടസ് അവാർഡായിരുന്നു. വർഷങ്ങൾക്ക് ശേഷം, ആ പുരസ്‌കാരമാണ്‌ താൻ ഏറ്റവും വിലമതിക്കുന്നതെന്ന് ഗൂഗി എന്നോട് പറഞ്ഞു.


‘പെറ്റൽസ് ഓഫ് ബ്ലഡി’നായുള്ള നന്ദി പേജ് ഇത് വെളിപ്പെടുത്തുന്നു. ഇതില്‍ നോവലിന്റെ എഴുത്ത് പൂർത്തിയാക്കാൻ യാൽറ്റയിലുള്ള അവരുടെ വീട് ഉപയോഗിക്കാൻ തന്നെ അനുവദിച്ചതിന്‌ സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയനോട് ഗൂഗി നന്ദി പറയുന്നു. മറ്റാരെയും ആ രീതിയിൽ കൃതജ്ഞതയില്‍ അദ്ദേഹം ഉൾച്ചേർക്കുന്നില്ല.


‘ദി ഈസ്റ്റ് വാസ് റെഡ്: സോഷ്യലിസ്റ്റ് കൾച്ചർ ഇൻ ദി തേർഡ് വേൾഡ്' എന്ന പുസ്‌തകം എഡിറ്റ് ചെയ്യുമ്പോൾ, ഞാൻ അദ്ദേഹത്തെ വിളിച്ച് യാൽറ്റയിലെ വീടിന്റെ കഥ പുസ്‌തകത്തിനായി പറയുമോ എന്ന് ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ ഒരു ഡ്രാഫ്റ്റ് എഴുതി എനിക്ക് അയച്ചുതന്നു.


ഞാൻ അത് വായിച്ചു, മറുപടിയെഴുതി: ‘ഈ ഉപന്യാസം ആകർഷണീയവും നമ്മെ ഉപേക്ഷിച്ചതായി തോന്നുന്ന ഒരു ഭൂതകാലത്തോടുള്ള ശക്തമായ വികാരം ഉൾക്കൊള്ളുന്നതുമാണ്.


വേർതിരിവുകൾക്കിടയിലുമുള്ള ഐക്യത്തിന്റെ കണ്ണികളാൽ ബന്ധിതരാകുക എന്ന ആശയം വളരെ ശക്തവും അത്യാവശ്യവുമാണ്. ആഫ്രോ -ഏഷ്യൻ മീറ്റിങ്ങിൽ നിങ്ങൾക്ക് തോന്നിയ വികാരം ഇതാണ് എന്നത് എന്നെ അനന്തമായി സന്തോഷിപ്പിക്കുന്നു.’


അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘


പ്രിയപ്പെട്ട വിജയ്,


നന്ദി. എന്റെ ജോലിയിൽ പലരും നൽകിയ സംഭാവനകൾക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവനാണ് (പലപ്പോഴും അവർ അങ്ങനെ ചെയ്‌തിട്ടുണ്ടെന്ന് അവർക്ക് അറിയില്ലെങ്കിലും), അതിനാൽ എനിക്ക് കഴിയുന്നിടത്ത് ഞാൻ ഇത് അംഗീകരിക്കാൻ ശ്രമിക്കുന്നു. ചില കാര്യങ്ങളില്‍ ഊന്നി സംസാരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് നോക്കാം. പ്രശ്നം എന്റെ കൈവശം മെറ്റീരിയലുകൾ/ രേഖകൾ ഇല്ല എന്നതാണ്. അതിനാൽ എല്ലാം ഓർമയിൽനിന്ന് എടുത്തതാണ്.


ചിലപ്പോൾ പ്രത്യക്ഷത്തിൽ ചെറിയ കാര്യങ്ങളാണ്: മുൽക്ക്‌ രാജ് ആനന്ദുമായുള്ള എന്റെ കൂടിക്കാഴ്‌ച പോലെ. അദ്ദേഹം രണ്ട് പെൺമക്കളോടൊപ്പമായിരുന്നു വന്നത്‌. ചില കാരണങ്ങളാൽ അവർ അവിശ്വസനീയമാംവിധം സുന്ദരികളാണെന്ന് ഞാൻ ചിന്തിച്ചു. അവരും അവരുടെ അച്ഛനും ഒരേ മേശയിൽ ഇരിക്കുന്ന ചിത്രം, ബെയ്റൂട്ടിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും.


mulkraj.മുൽക്ക്‌രാജ്‌ ആനന്ദ്‌


ലെബനൻ വളരെ മനോഹരമായ രാജ്യമായിരുന്നുവെന്ന്‌ ഒരിക്കൽ ഞാൻ കരുതി (1967-‐ൽ തുടങ്ങിയ യുദ്ധങ്ങൾക്ക് മുമ്പായിരുന്നു ഇത്). പക്ഷേ, ശ്രദ്ധേയമായത്, ഞങ്ങൾ സന്ദർശിച്ച പലസ്‌തീൻ അഭയാർഥി ക്യാമ്പ് ആയിരുന്നു. അത് ഇപ്പോൾ അവിടെ ഉണ്ടാകില്ലായിരിക്കാം, പക്ഷേ ഇസ്രയേൽ-‐പലസ്‌തീൻ പ്രശ്നങ്ങൾ വരുമ്പോഴെല്ലാം, ആ ക്യാമ്പിന്റെ ചിത്രം ഓർമവരും. ഞങ്ങൾ ഡമാസ്‌കസിലും എത്തി.


എല്ലാ മേശകളിലും കഴിക്കാനായി ആട്/ ചെമ്മരിയാട്‌ വിഭവങ്ങൾ വച്ചിരുന്ന വലിയ ഹാൾ ഞാൻ ഓർക്കുന്നു. ആ സമയത്ത് സിറിയയുടെ പ്രസിഡന്റ് ആരായിരുന്നുവെന്ന് എനിക്ക് ഓർമയില്ല, പക്ഷേ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു, ഒരു സ്വാഗതം പറച്ചില്‍. ഇന്നത്തെ സിറിയ ആ ചിത്രവുമായും പൗരാണിക ചിത്രവുമായും ഇടകലർന്നിരിക്കുന്നു.


ശ്രദ്ധിക്കൂ, അക്കാലത്ത് ഇതെല്ലാം വളരെ പുതിയതായിരുന്നു. അപ്പോള്‍ ചൈന-‐സോവിയറ്റ് വിഭജനം ആരംഭിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. കാരണം ചില ചൈനീസ് എഴുത്തുകാരോ പ്രതിനിധികളോ സാമൂഹിക സാമ്രാജ്യത്വത്തെക്കുറിച്ചോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആളുകളോട് സംസാരിക്കുകയും ലഘുലേഖകൾ കൈമാറുകയും ചെയ്‌തത് എനിക്ക് ഓർമയുണ്ട്.


faiz ahmedഫൈസ്‌ അഹമ്മദ്‌ ഫൈസ്‌


ഫൈസിനെക്കുറിച്ച്‌ ഒരു ധാരണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ നെയ്‌റോബിയിൽ കണ്ടുമുട്ടിയതും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചതും പിന്നീടാണ്. അദ്ദേഹം ലോട്ടസിന്റെ എഡിറ്ററായിരുന്നുവെന്ന് തോന്നുന്നു. അടുത്തതവണ ആഫ്രോ-‐ഏഷ്യൻ എഴുത്തുകാരുടെ സമ്മേളനം നെയ്‌റോബിയിൽ നടത്താനുള്ള സാധ്യതകൾ ആരായുകയായിരുന്നു എന്നോട്‌ അദ്ദേഹം.


അൽമ-അറ്റ സമ്മേളനത്തിൽ കവി ഒകോട്ട് പിബിടെക് നൽകിയ അപ്രതീക്ഷിത വാക്കാലുള്ള ക്ഷണത്തിന്റെ ഫലമായിരുന്നു ഇത്. പക്ഷേ കെനിയയിൽ പ്രവാസിയായി താമസിക്കുന്ന ഉഗാണ്ടക്കാരനായ ഒകോട്ട് പിന്നീടൊന്നും അന്വേഷിച്ചില്ല എന്നതായിരുന്നു പ്രശ്നം. നെയ്‌റോബിയിൽ തന്നെ നടത്താനുള്ള ഒരു പ്രമേയം, പിന്നീട് അവതരിപ്പിച്ച് അംഗീകരിച്ചപ്പോൾ, തുടർനടപടികൾ എനിക്ക് വിട്ടു.


okkot pib techഒകോട്ട് പിബിടെക്


ഞാൻ അന്നത്തെ സാംസ്‌കാരിക മന്ത്രിയെ കണ്ടു. അദ്ദേഹം വളരെയധികം താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് അദ്ദേഹം തണുപ്പൻ നിലപാട് സ്വീകരിച്ചു. അത് ലോട്ടസിനുള്ള സോവിയറ്റ് ബന്ധം കാരണം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.


സാഹിത്യ വ്യക്തിത്വമുള്ള, എന്നാൽ എളിമയുള്ള, ഫൈസിനെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. എപ്പോഴെങ്കിലും എവിടെയെങ്കിലും ഞങ്ങൾ വീണ്ടും കാണുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ല.


ആശംസകൾ,

ഗൂഗി.’


ഇവിടെ, ലോട്ടസിന്റെ എഡിറ്ററായിരുന്ന പാകിസ്ഥാൻ കമ്യൂണിസ്റ്റ്‌ കവി ഫൈസ് അഹമ്മദ് ഫൈസ്‌ (1911-‐1984), ഇന്ത്യൻ നോവലിസ്റ്റ്‌ മുൽക്ക് രാജ് ആനന്ദ്‌ (1905-‐2004), സോങ് ഓഫ് ലൗവിനോ (1966) എഴുതിയ ഉഗാണ്ടൻ കവി ഒകോട്ട് പിബിടെക് (1931-‐1982) എന്നിവരെയാണ് ഗൂഗി പരാമർശിക്കുന്നത്. അതിനെക്കുറിച്ചു ഞാൻ മറ്റൊരിക്കൽ എഴുതാം (പ്രത്യേകിച്ച് എനിക്ക് അറിയാവുന്ന മുൽക്ക് രാജ് ആനന്ദിനെ പറ്റി, അതിന്‌ എന്റെ അമ്മയ്‌ക്ക്‌ നന്ദി).


ദി ഈസ്റ്റ് വാസ് റെഡ് എന്ന മാസികയിൽ ‘പെറ്റൽസ് ഓഫ് ബ്ലഡ്’ സോവിയറ്റ് യൂണിയനിൽ വച്ച് എഴുതിയതിന്റെ കഥ പ്രസിദ്ധീകരിച്ചു. ആതിഥേയർക്ക് നന്ദി പറയാൻ ഗൂഗി എഴുതിയ കവിതയോടെയാണ് അത് അവസാനിച്ചത്.


തന്റെ മുത്തച്ഛന്റെ സോവിയറ്റ് ലൈബ്രറിയെക്കുറിച്ച് ദീപ ബസ്‌തി എഴുതിയ മനോഹരമായ ഒരു ലേഖനവും പുസ്‌തകത്തിലുണ്ട്. ബുക്കർ പ്രൈസ്‌ നേടിയ ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാമ്പ്’ എന്ന കൃതി ഇംഗ്ലീഷിലേക്കുള്ള വിവർത്തനം ചെയ്‌തത്‌ ദീപയാണ്‌.


deepa basthi.ദീപ ബസ്‌തി


‘പെറ്റൽസ് ഓഫ് ബ്ലഡ്’ എഴുതിയതിനുശേഷം നെയ്‌റോബി സർവകലാശാലയിലെ സാഹിത്യ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനായി ഗൂഗി കെനിയയിലേക്ക് മടങ്ങി. യൂനിവേഴ്സിറ്റിയിൽ ഗൂഗി സാമ്രാജ്യത്വാനന്തര പഠനങ്ങൾക്ക് തുടക്കമിട്ടു. ഇംഗ്ലീഷ് വിഭാഗത്തെ ഗൂഗി മാറ്റിമറിച്ചു.


ആഫ്രിക്കൻ ഭാവനയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ, കെനിയൻ, ആഫ്രിക്കൻ കലകളിലും സംസ്‌കാരത്തിലും ആഴത്തിൽ ആഴ്‌ന്നിറങ്ങാൻ പണ്ഡിതർക്കും പഠിതാക്കൾക്കും അവസരം നൽകി.


കിബെരയുടെ സൗന്ദര്യശാസ്‌ത്രം സർവകലാശാലയിലേക്ക് കൊണ്ടുവന്നു. കെനിയയിലെ തൊഴിലാളികളുമായുള്ള ഇടപെടലുകളിൽ നിന്നാണ് ഇംഗ്ലീഷിൽ എഴുതുന്നത് നിർത്തി ഗികുയു ഭാഷയിലേക്ക് മാറാൻ അദ്ദേഹം തീരുമാനിച്ചത്‌ (ഇംഗ്ലീഷിൽ എഴുതിയ അവസാന നോവലായിരുന്നു ‘പെറ്റൽസ് ഓഫ് ബ്ലഡ്’).


ദരിദ്രരായ തൊഴിലാളികൾ ജീവിക്കുന്ന പ്രദേശങ്ങളിൽ ഗൂഗിക്ക്‌ വർധിച്ചുവരുന്ന പിന്തുണ ഭരണവർഗത്തെ വിറളിപിടിപ്പിച്ചു. ഗൂഗിയെ 1978-‐ൽ സർവകലാശാലയിൽനിന്ന് പുറത്താക്കുകയും പിന്നീട് ജയിലിലടയ്‌ക്കുകയും ചെയ്‌തു (ജയിലിലായിരിക്കുമ്പോൾ അദ്ദേഹം തന്റെ ആദ്യത്തെ ഗികുയു നോവലായ ‘ഡെവിൾ ഓൺ ദി ക്രോസ്’ ടോയ്‌ലറ്റ് പേപ്പറിൽ എഴുതി). കെനിയയിലെ പ്രമുഖർ പിന്തുണക്കാത്തിനാലാണ്‌ അദ്ദേഹം രാജ്യം വിട്ടത്.

.........................................................................................................


googi vaa tiangഗൂഗി വാ തിയോംഗോ


ആദ്യം അവർ ഞങ്ങൾക്ക്

അവരുടെ നാവുകൾ തന്നു.

ഞങ്ങൾ പറഞ്ഞു, കുഴപ്പമില്ല,

നമുക്ക് അവയെ നമ്മുടേതാക്കാം.

പിന്നെ അവർ പറഞ്ഞു, ആദ്യം

നാം നമ്മുടേത് നശിപ്പിക്കണം.


പിന്നെ അവർ പറഞ്ഞു,

കുഴപ്പമില്ല, കാരണം

അവരുടേതിന് കീഴില്‍

നമ്മൾ ഒന്നാമനാകും.

ആദ്യം അവരുടെ വിമാനങ്ങളും

യുദ്ധ യന്ത്രങ്ങളും വാങ്ങണം.

ആദ്യം അവരുടെ കാറുകളും

വസ്‌ത്രങ്ങളും വാങ്ങണം.


അങ്ങനെ നമുക്ക്,

നമ്മുടെ ഏറ്റവും മികച്ചതിൽ നിന്ന്

അവർ നിർമിക്കുന്ന

ഏറ്റവും മികച്ചവ,

ആദ്യം വാങ്ങുന്നവരാകാം.


എന്നാൽ നമ്മുടെ ഏറ്റവും

മികച്ചതിൽ നിന്ന്

ഏറ്റവും മികച്ചത്

സ്വയം ഉണ്ടാക്കുന്നതിലൂടെ

നമുക്ക് അവരെപ്പോലെ

മികച്ചതാക്കാൻ കഴിയുമെന്ന്

നമ്മള്‍ പറഞ്ഞപ്പോൾ

അവർ തടഞ്ഞു,

നിങ്ങൾ ഞങ്ങളിൽ നിന്ന്

വാങ്ങണം.


നിങ്ങളുടെ ഏറ്റവും

മികച്ചതിൽ നിന്ന്

നിങ്ങൾ ഏറ്റവും മികച്ചത്

ഉണ്ടാക്കിയിട്ടും

ഇപ്പോൾ അവർ ഇതിനകം

ഉപയോഗിച്ചതിൽ നിന്ന്

ഏറ്റവും മികച്ചത് വാങ്ങാൻ

നമ്മളെ നിർബന്ധിക്കുന്നു

നമ്മള്‍ക്ക് തിരിച്ചടിച്ച്

സ്വന്തമായി നിർമിക്കാമെന്ന്

നമ്മള്‍ പറഞ്ഞപ്പോൾ

നമ്മുടെ ആയുധങ്ങളുടെ

എല്ലാ രഹസ്യങ്ങളും

അവർക്കറിയാമെന്ന്

അവർ നമ്മളെ ഓർമിപ്പിച്ചു.


അതെ, അവർ ഇതിനകം

ഉപയോഗിച്ചതിൽ

ഏറ്റവും മികച്ചത്

വാങ്ങാൻ നമ്മളെ

നിർബന്ധിക്കുന്നു

‘സെക്കൻഡ് ഹാൻഡ്’,

അവർ അതിനെ വിളിക്കുന്നു.


സ്വാഹിലിയിൽ അവയെ

* മിതുംബ എന്ന് വിളിക്കുന്നു.

മിതുംബ ആയുധങ്ങൾ.

മിതുംബ കാറുകൾ.

മിതുംബ വസ്‌ത്രങ്ങൾ.

ഇപ്പോൾ ഐ‌എം‌എഫ് മിതുംബ

സർവകലാശാലകളോട്

നിർദേശിക്കുന്നു

മിതുംബ ബുദ്ധിജീവികളെ

സൃഷ്ടിക്കാൻ.


എല്ലാ വകുപ്പുകളും

അടച്ചുപൂട്ടണമെന്ന്

അവർ ആവശ്യപ്പെടുന്നു

അതായത് നമ്മൾ നമ്മുടെ

സ്വന്തം തറയിലായിരിക്കണം,

നക്ഷത്രങ്ങളിലേക്ക് എത്താൻ

ഏറ്റവും നല്ല അടിത്തറയില്‍.


പക്ഷേ മിതുംബ രാഷ്‌ട്രീയക്കാർ

ഐ‌എം‌എഫിന് മുന്നിൽ

മുട്ടുകുത്തുന്നു.

ഇന്റർനാഷണൽ മിതുംബ

ഫൗണ്ടേഷൻ,

ഒപ്പം നിലവിളിക്കുക

അതെ സാറന്‍മാരേ

നവ കൊളോണിയൽ

അനുകരണക്കാരായ നമ്മൾ

ഏറ്റവും മികച്ച കൈക്കൂലിപ്പാൽ

കുടിക്കുന്നു.


മിതുംബ മനസ്സുള്ള ചിലർക്ക്

മിതുംബ സംസ്‌കാരം വയറിനു

കൈക്കൂലി നല്‍കുന്നു.

(*മിതുംബ‐ സെക്കൻഡ് ഹാൻഡ്)

..............................................................................................................


ഞാനും ഗൂഗിയും നെയ്‌റോബിയിൽ അദ്ദേഹം ചെയ്‌ത കാര്യങ്ങളെക്കുറിച്ചും നവലിബറൽ, സ്വകാര്യവൽക്കരണം, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളമുള്ള സർവകലാശാലകൾക്കെതിരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും സംസാരിച്ചു.


കെനിയയുടെ അഭിമാനമായ നെയ്‌റോബി സർവകലാശാല ഉൾപ്പെടെയുള്ളവയിലെ പഠനകേന്ദ്രങ്ങൾ നിർത്തണമെന്ന്‌ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്‌) അതിന്റെ കടം സ്ഥിരപ്പെടുത്തൽ പാക്കേജിന്റെ ഭാഗമായി നിർബന്ധിക്കുന്നുണ്ട്‌.


മലാവിക്കാരനായ രാഷ്‌ട്രീയ സാമ്പത്തിക ശാസ്‌ത്രജ്ഞൻ തണ്ടിക മകന്ദവയർ മുതൽ ബെനിനോയിസ് തത്വചിന്തകൻ പൗളിൻ ഹൗൻഡോൺജി വരെയുള്ള പ്രധാനപ്പെട്ട ആഫ്രിക്കൻ ബുദ്ധിജീവികളുമായി 2000-‐ന്റെ തുടക്കംമുതൽ ഞാൻ നടത്തിയ ഒരു സംവാദ പരമ്പരയുടെ ഭാഗമായിരുന്നു ഈ സംഭാഷണം. അവർ ഐഎംഎഫിന്റെ നീക്കത്തെ അപലപിച്ചു.


സെനഗലിലെ ഡാക്കർ ആസ്ഥാനമായുള്ള CODESRIA (കൗൺസിൽ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഇൻ ആഫ്രിക്ക) പോലുള്ള പ്രധാനപ്പെട്ട പാൻ- ആഫ്രിക്കൻ സ്ഥാപനങ്ങളിലൂടെയടക്കം ഐഎംഎഫിന്റെ നീക്കം തടയാൻ ശ്രമിക്കുകയും ചെയ്‌തു.


കോവിഡ്‌ കാലത്ത്‌ നെയ്‌റോബി സർവകലാശാല സാഹിത്യ വിഭാഗം അടച്ചുപൂട്ടി. ഞാൻ ഗൂഗിയെ വിളിച്ചു. അദ്ദേഹം ക്ഷുഭിതനായിരുന്നു (2019‐ ൽ ട്രിപ്പിൾ ബൈപാസ് സർജറി കഴിഞ്ഞതിനാൽ കോപം അൽപ്പം നിയന്ത്രിക്കേണ്ടിയിരുന്നു).


അദ്ദേഹം ‘ഐഎംഎഫ്‌: ഇന്റർനാഷണൽ മിതുംബ ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്‌. ഞാൻ അത് പ്രസിദ്ധീകരിക്കണമെന്ന് ഗൂഗി ആഗ്രഹിച്ചു, അങ്ങനെ ഞാൻ 2021 ഡിസംബർ 2‐ലെ ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ ന്യൂസ്‌ ലെറ്ററിൽ അത് പ്രസിദ്ധീകരിച്ചു.


അദ്ദേഹം ‘ഐഎംഎഫ്‌: ഇന്റർനാഷണൽ മിതുംബ ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്‌. ഞാൻ അത് പ്രസിദ്ധീകരിക്കണമെന്ന് ഗൂഗി ആഗ്രഹിച്ചു, അങ്ങനെ ഞാൻ 2021 ഡിസംബർ 2‐ലെ ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ ന്യൂസ്‌ ലെറ്ററിൽ അത് പ്രസിദ്ധീകരിച്ചു.

മിതുംബ (സെക്കൻഡ്‌ ഹാൻഡ്‌) മനോനിലയുള്ളവരെ ഗൂഗി അപലപിച്ചു.


ആഫ്രിക്കൻ യാഥാർഥ്യങ്ങളെക്കുറിച്ച് വ്യക്തമായ ചിന്ത ആഗ്രഹിച്ച അദ്ദേഹത്തിന്റെ 87-‐ാം വയസ്സിലെ വിയോഗം ദുഃഖിപ്പിക്കുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം, അത് ആഘോഷിക്കപ്പെടേണ്ടതാണ്.


2020 ഏപ്രിലിൽ, ഗൂഗി പ്രസിദ്ധീകരിക്കാൻ എനിക്ക് മറ്റൊരു കവിത അയച്ചുതന്നു. മുഴുവൻ കൃതി 2020 ഏപ്രിൽ 23‐ലെ ന്യൂസ്‌ ലെറ്ററിൽ നിങ്ങള്‍ക്ക് വായിക്കാം. എന്നാൽ നമ്മുടെ കാലഘട്ടത്തിന് ബാധകവും അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ കേന്ദ്രബിന്ദുവുമായ ഒരു ചെറിയ ഭാഗം ഞാനിവിടെ ചേര്‍ക്കുന്നു:


wanjik


ആഫ്രിക്കൻ ചിന്തയിലെ യഥാർഥ റാഡിക്കലുകളിൽ ഒരാളായ, അസാമാന്യ കഥപറച്ചിലുകാരനായ, സുഹൃത്തും അധ്യാപകനുമായ ഗൂഗിക്ക് ശാന്തി നേരുന്നു. അദ്ദേഹം അനന്തകാലം ഓർമകളിൽ ജീവിക്കട്ടെ! .


വിവർത്തനം: ആര്യ കെ


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home