ad
Deshabhimani

Articles

വാക്കുരുക്കം

എഴുത്തിന്റെ കരുത്ത്

googivaa thiyango
avatar
എൻ ഇ സുധീർ

Published on Jun 13, 2025, 12:30 PM | 5 min read


ഒടുക്കം ആ നഷ്ടം സംഭവിച്ചു. ഗൂഗി വാ തിയോംഗോ വിടവാങ്ങി. അസാധാരണ പ്രതിഭാശാലിയായ അദ്ദേഹത്തെ ആദരിക്കുവാനുള്ള സ്വീഡിഷ് അക്കാദമിയുടെ അവസരം എന്നന്നേക്കുമായി നഷ്ടമായി. രണ്ടു പതിറ്റാണ്ടുകളായി സാഹിത്യലോകം ആഗ്രഹിച്ചതും പ്രതീക്ഷയോടെ കാത്തിരുന്നതുമാണ് ഗൂഗി വാ തിയോംഗോയ്‌ക്ക്‌ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. എന്നാൽ സ്വീഡിഷ് അക്കാദമിയിലെ വിധികർത്താക്കൾ അതിനു തയ്യാറായില്ല.


പലതവണ ആ പേര് പരിഗണിക്കപ്പെട്ടു എന്ന വാർത്തകൾ വന്നിരുന്നു. ലോക മാധ്യമങ്ങൾ തയ്യാറാക്കുന്ന സാധ്യതാ ലിസ്റ്റിൽ എപ്പോഴും ആ പേര് കാണാറുണ്ടായിരുന്നു. നഷ്ടം സ്വീഡിഷ് അക്കാദമിയുടേതാണ്. സാഹിത്യ നൊബേൽ ലഭിക്കാതെപോയ വിശ്വപ്രസിദ്ധരായ പ്രതിഭാശാലികളുടെ കൂട്ടത്തിലാണ് ഇനിയങ്ങോട്ട് ഗൂഗിയുടെ സ്ഥാനം. കാലം അദ്ദേഹത്തെ വായിച്ചുകൊണ്ടിരിക്കും.


ആഫ്രിക്കയോടൊപ്പം ലോകത്തെമ്പാടുമുള്ള സാഹിത്യ പ്രേമികൾ ഗൂഗി തിയോംഗോയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. കാരണം, എഴുത്തിലൂടെ അസാധാരണമായ പോരാട്ടം നടത്തിയ സർഗാത്മക മനസ്സാണ് നിശ്ശബ്ദമായിരിക്കുന്നത്.


ആറു പതിറ്റാണ്ടായി ആഫ്രിക്കയുടെ സ്വാഭാവികമായ സ്വത്വബോധത്തെ ലോകത്തിനുമുന്നിൽ പ്രകാശിപ്പിക്കുകയായിരുന്നു ഈ കെനിയക്കാരൻ. അദ്ദേഹം കേവലമൊരു നോവലിസ്റ്റ്‌ മാത്രമായിരുന്നില്ല.


അസാധാരണമായ ഒരു സാംസ്‌കാരിക പോരാട്ടം ഏറ്റെടുത്ത ബുദ്ധിജീവി കൂടിയായിരുന്നു. ഭാഷകൊണ്ട് യുദ്ധം ചെയ്‌ത പടയാളി. എഴുത്ത് വിപ്ലവപ്രവർത്തനമാണെന്ന് ബോധ്യപ്പെടുത്തിയ ആഫ്രിക്കക്കാരൻ. അങ്ങനെ മറ്റൊരാൾ ഇന്നിപ്പോൾ നമ്മോടൊപ്പമില്ല.


“വെള്ളക്കാരന്റെ മനസ്സറിയാൻ വലിയ പാടാണ്’’ എന്ന് ആദ്യ രചനയായ ‘Weep Not, Child’ എന്ന നോവലിൽ ഗൂഗി എഴുതുന്നുണ്ട്. അതൊരു വലിയ തിരിച്ചറിവായിരുന്നു.

വെള്ളക്കാർ എന്തു ചെയ്യുമെന്ന് നിങ്ങൾക്കൊരിക്കലും പ്രവചിക്കാനാവില്ല എന്നും അതിലൊരിടത്ത് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.


ഗൂഗി വാ തിയോംഗോ എന്ന എഴുത്തുകാരൻ അതൊരു ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. വെള്ളക്കാരൻ തന്റെ സമൂഹത്തിനുമേൽ നടത്തിയ സാംസ്‌കാരിക കടന്നുകയറ്റത്തെ ആഴത്തിൽ മനസ്സിലാക്കുക. പശ്ചാത്താപമില്ലാതെ അപകോളനീകരണത്തിനായി പ്രവർത്തിക്കുക.


എന്തു വില കൊടുത്തും കൊളോണിയൽ മനസ്സിനെ ഇല്ലാതാക്കുക. സാംസ്‌കാരികമായ ചെറുത്തുനിൽപ്പിനായി ജനതയെ സജ്ജമാക്കുക. അധിനിവേശം അടിച്ചേൽപ്പിച്ചതെന്തൊക്കെയാണ് എന്ന് തിരിച്ചറിയാൻപോലും കഴിയാതിരുന്ന സമൂഹത്തിലാണ് ഗൂഗി എഴുത്തിലൂടെയും നിലപാടുകളിലൂടെയും ശക്തമായ ഇടപെടലുകൾ നടത്തിയത്. അത് ലോകത്തിനുതന്നെ വലിയ പാഠമായി.


‘മനസ്സിന്റെ അപകോളനീകരണം’ (Decolonising The Mind) എന്നൊരു പ്രധാന പുസ്‌തകം ഗൂഗി എഴുതിയിട്ടുണ്ട്. സാംസ്‌കാരിക പ്രതിരോധത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രചന. ആഫ്രിക്കൻ ജീവിതത്തിന്റെ അന്തസ്സിനോടുള്ള അദ്ദേഹത്തിന്റെ സമ്പൂർണവും വിട്ടുവീഴ്‌ചയില്ലാത്തതുമായ പ്രതിബദ്ധതയാണ് ഈ പുസ്‌തകത്തിൽ നിറഞ്ഞുനിൽക്കുന്നത്.


googi vaa thiyaNgoഗൂഗി വാ തിയോംഗോ


അപകോളനീകരണം എന്നതിനെ വെറുമൊരു ഭാഷാപ്രയോഗമായല്ല അദ്ദേഹം നോക്കിക്കണ്ടത്. അത് ജനിക്കാനും ജീവിക്കാനും വിധിക്കപ്പെട്ട രാജ്യത്തോടും അവിടത്തെ സമൂഹത്തോടുമുള്ള ഒരുത്തരവാദിത്വമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.


സമൂഹത്തിന്റെ വിധിയെ മാറ്റുവാനുള്ള ഉത്തരവാദിത്വം. അതിന്റെ ഭാഗമായി തന്റെ സർഗാത്മകസിദ്ധിയെ അദ്ദേഹം വഴിതിരിച്ചുവിട്ടു എന്നു പറഞ്ഞാലും തെറ്റാവില്ല. അദ്ദേഹത്തിന്റെ സർഗാത്മക സൃഷ്ടികൾ ഈ ലക്ഷ്യം ഏറ്റെടുക്കുകയായിരുന്നു.


അദ്ദേഹം ജനങ്ങളുടെ ഒരു കലാകാരനായിരുന്നു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച കലാകാരൻ. ജനതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് അദ്ദേഹം നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നത്. സംസ്‌കാരം എന്നത് കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സാഹിത്യത്തിന് ജനങ്ങളിൽ സാംസ്‌കാരിക പ്രതിഫലനം ഉണർത്താനുള്ള കരുത്തുണ്ടെന്ന തിരിച്ചറിവ് ഗൂഗിയ്‌ക്കുണ്ടായിരുന്നു.


രണ്ട്‌ തരത്തിലുള്ള എഴുത്തു ജീവിതം അദ്ദേഹത്തിന് സാധ്യമായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതം. അതിലെ ശ്രദ്ധേയമായ പഠനങ്ങൾ, എഴുത്തുകൾ. മറ്റൊന്ന് സാഹിത്യ പ്രവർത്തനങ്ങൾ. നോവലുകളും കഥകളും നാടകങ്ങളും രചിച്ചു കൊണ്ടുള്ള ബൃഹത്തായ രചനാ ജീവിതം. ഇവ രണ്ടും പരസ്‌പര പൂരകങ്ങളായി നിലനിർത്തിക്കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ വിജയം നേടി.


ആഫ്രിക്കൻ സാഹിത്യത്തിന് ഗൂഗി നൽകിയ സംഭാവനകൾ വളരെ വലുതാണ്. ആഫ്രിക്കയുടെ സാംസ്‌കാരിക അസ്‌തിത്വത്തിന് അത് കരുത്തുപകർന്നു. അടിമത്തത്തിനും അധിനിവേശത്തിനും കീഴിൽ ആഫ്രിക്കൻ ജനത നേരിടേണ്ടിവന്ന ചൂഷണങ്ങളും പീഡനങ്ങളും അദ്ദേഹത്തിന്റെ രചനകൾക്ക് പ്രമേയമായി.


ആഫ്രിക്കൻ സാഹിത്യത്തിന് ഗൂഗി പുതിയൊരു ദിശാബോധം നൽകി. അവിടെ എഴുത്തിന്റേതായ പുതിയൊരു പാത വെട്ടിത്തെളിച്ചു. അവയ്‌ക്ക്‌ ആഗോളതലത്തിൽ വായനക്കാരുണ്ടായി. ലോകത്തെ മാറി ചിന്തിപ്പിച്ചു.


ലോകത്തിന്റെ മുന്നിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഇംഗ്ലീഷിൽ എഴുതിയേ മതിയാകൂ എന്നദ്ദേഹം കരുതിയില്ല. അവിടെയും വിപ്ലവാത്മക നിലപാടാണ് ഗൂഗി വാ തിയോംഗോ സ്വീകരിച്ചത്.


1967‐ൽ അദ്ദേഹം സ്വന്തം ഭാഷയിലേക്ക് മടങ്ങി. അതേപ്പറ്റി അക്കാലത്ത് ഗൂഗി ഇങ്ങനെ എഴുതി:

“ഞാനൊരു പ്രതിസന്ധിയിലാണ്. ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്നത് ഇനിമേൽ പ്രയോജനകരമാണോ എന്നൊരു സംശയം എനിക്കുണ്ടായി.’’


1971‐ന്‌ ശേഷമുള്ള ഗൂഗിയുടെ സർഗരചനകളെല്ലാം മാതൃഭാഷയായ ഗികുയു ഭാഷയിലാണ് അദ്ദേഹം എഴുതിയത്. അതൊരു രാഷ്‌ട്രീയ തീരുമാനമായിരുന്നു. ഭാഷയുടെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉറച്ച തീരുമാനം. ആഫ്രിക്കൻ സാഹിത്യത്തിന്റെ ഭാഷ അധിനിവേശ ഭാഷയാവരുതെന്ന് അദ്ദേഹം ശഠിച്ചു. ഈ തീരുമാനം വിശദീകരിച്ചുകൊണ്ടും അദ്ദേഹം ധാരാളം എഴുതി.


മാതൃഭാഷയായ ഗികുയുവിന്‌ സാഹിത്യ പാരമ്പര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാലും തങ്ങളുടെ വേരുകളിലേക്ക് മടങ്ങാൻ, സ്വന്തം അസ്‌തിത്വത്തിലേക്ക് മടങ്ങാൻ ആ വെല്ലുവിളി ഏറ്റെടുക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.


മാതൃഭാഷയായ ഗികുയുവിന്‌ സാഹിത്യ പാരമ്പര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാലും തങ്ങളുടെ വേരുകളിലേക്ക് മടങ്ങാൻ, സ്വന്തം അസ്‌തിത്വത്തിലേക്ക് മടങ്ങാൻ ആ വെല്ലുവിളി ഏറ്റെടുക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.


ഗികുയുവിനെ പോരാട്ട ഭാഷയായി ഉയർത്തുകയായിരുന്നു ലക്ഷ്യം. അതിലദ്ദേഹം വലിയൊരളവുവരെ വിജയിച്ചു.

എഴുത്തിന്റെ തലത്തിലുള്ള ആ വേർപിരിയൽ ആ സർഗാത്മകതയെ ഒട്ടും തളർത്തിയില്ല. തുടർന്നിങ്ങോട്ടും അദ്ദേഹം ലോകത്തിന്റെ വായനയിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു. വലിയ പുരസ്‌കാരങ്ങൾ തേടിയെത്തി.


ആഗോളതലത്തിൽ എത്തിച്ചേരാനുള്ള മാർഗമായി കൊളോണിയൽ ഭാഷയിലെഴുതണം എന്ന വഴക്കത്തെ മറികടന്നു. ഭാഷ വെറുമൊരു ഉപകരണമല്ലെന്ന് തെളിയിച്ചു. അത് ഓർമ, ഐഡന്റിറ്റി, പ്രതിരോധം എന്നിവയുടെയൊക്കെ സ്രോതസ്സാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തി.


ഒരു സമൂഹത്തിന്റെ സംസ്‌കാരവും വ്യക്തിത്വവും തിരിച്ചുപിടിക്കാൻ അതുവഴി എഴുത്തുകാരന് സാധിച്ചു. ഇതിന് തുടക്കം കുറിക്കുമ്പോൾ ഗൂഗി വാ തിയോംഗോ നെയ്റോബി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.


ഒരു സമൂഹത്തിന്റെ സംസ്‌കാരവും വ്യക്തിത്വവും തിരിച്ചുപിടിക്കാൻ അതുവഴി എഴുത്തുകാരന് സാധിച്ചു. ഇതിന് തുടക്കം കുറിക്കുമ്പോൾ ഗൂഗി വാ തിയോംഗോ നെയ്റോബി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ പോരാടുന്ന ഇംഗ്ലീഷ് പ്രൊഫസർ! 1972‐ൽ ‘On the Abolition of the English Department’ എന്നൊരു ലേഖനമെഴുതിയത് വലിയ വിവാദമായി.


ആഫ്രിക്കൻ സാഹിത്യത്തിന്റെ സ്വഭാവത്തെപ്പോലും അത് ചോദ്യം ചെയ്‌തു. സാഹിത്യവും സംസ്‌കാരവും പാശ്ചാത്യ രീതികളുടെ തുടർച്ച മാത്രമായി ചുരുങ്ങുന്നതിനെ എതിർക്കുകയായിരുന്നു അദ്ദേഹം.


1938‐ൽ കെനിയയിലെ ജെയിംസ് ഗൂഗി എന്ന സ്ഥലത്താണ് ഗൂഗി വാ തിയോംഗോ ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിലെ ലീഡ്‌സ് സർവകലാശാലയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. അക്കാലത്തുതന്നെ സാഹിത്യത്തിൽ തൽപ്പരനായി.


സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും മുതിർന്ന സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്‌തു. ‘Weep Not, Child’ എന്ന ആദ്യ നോവൽ 1964‐ൽ പുറത്തുവന്നു. തുടർന്ന് ‘The River Between’ (1965), ‘A Grain of Wheat’ (1967), ‘Petals of Blood’ (1977),‘Devil on the Cross’ (1980), ‘Matagiri’ (1986), ‘Wizard of the Crow’ (2006), ‘The Perfect Nine’ (2020) തുടങ്ങിയ നോവലുകളും.


googi book


ഇവയിലൂടെ കെനിയയുടെ കൊളോണിയൽ, പോസ്റ്റ്കൊളോണിയൽ ഐഡന്റിറ്റിയുടെ സങ്കീർണതകൾ ലോകത്തിന് അദ്ദേഹം പരിചയപ്പെടുത്തി. സ്വന്തം ജനതയുടെ ദുരിതവും ചെറുത്തുനിൽക്കാനുള്ള കരുത്തും കാണിച്ചുതരുന്നവയായിരുന്നു ഈ നോവലുകളെല്ലാം.


‘പെറ്റൽസ് ഓഫ് ബ്ലഡ്' എന്ന നോവൽ കെനിയയിലെ ഭരണകൂടത്തെ ചൊടിപ്പിച്ചു. ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന പ്രസിഡന്റ്‌ ജോമോ കെനിയാത്തയെ വിമർശിച്ചതിന്റെ പേരിൽ ഗൂഗിയെ ജയിലിലടച്ചു. ഒരു വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്നു. ജയിൽവാസക്കാലത്തെ ഓർമക്കുറിപ്പ്‌ "Detained: A Writer’s Prison Diary’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.


ആഫ്രിക്കയിലെ കലാപപരമായ അടിച്ചമർത്തലിന്റെയും പ്രത്യയശാസ്‌ത്രപരമായ ധിക്കാരത്തിന്റെയും ഏറ്റവും ശക്തമായ സാക്ഷ്യങ്ങളിലൊന്നായി അത് വിലയിരുത്തപ്പെട്ടു. അത്‌ ജയിലിലെ ടോയ്‌ലറ്റ് പേപ്പറിലാണ് എഴുതിയത്! ജയിൽ ഡയറി കൂടാതെ മൂന്ന് ഓർമക്കുറിപ്പുകൾ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. ‘Dreams in a Time of War’, ‘In the House of Interpreter- A Memoir’, ‘Birth of a Dream Weaver’ എന്നിവയാണവ.


ഗൂഗിയുടെ സാഹിത്യേതര കൃതികളായ ‘Decolonizing the Mind’, ‘Something Torn and New’ ചലം’ തുടങ്ങിയവ പോസ്റ്റ് കൊളോണിയൽ ചിന്തയെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണങ്ങളാണ്. ഓരോ വാക്കും ആയുധങ്ങളായാണ് അദ്ദേഹം പ്രയോഗിച്ചത്.


സാഹിത്യം കേവലം കലാപരമായ ആവിഷ്‌കാരമായിരുന്നില്ല, അത് പ്രത്യയശാസ്‌ത്രപരമായ യുദ്ധത്തിനുള്ള ആയുധങ്ങളായിരുന്നു, ഗൂഗിയ്‌ക്ക്. അദ്ദേഹത്തിന്റെ നാടകങ്ങളും ഇതേ പ്രവൃത്തി ഏറ്റെടുത്തു. അക്കാദമിഷ്യൻ എന്ന നിലയിൽ പ്രധാനപ്പെട്ട പാശ്ചാത്യ സർവകലാശാലകളിൽ ഗൂഗി പ്രവർത്തിച്ചിട്ടുണ്ട്.


കാലം അദ്ദേഹത്തെ ഓർക്കുക ഒരു എഴുത്തുകാരൻ എന്ന നിലയിൽ മാത്രമായിരിക്കില്ല. അധിനിവേശാനന്തര ആഫ്രിക്കൻ ജനതയുടെ മനഃസാക്ഷി എന്ന നിലയിൽ കൂടിയായിരിക്കും. എഴുത്തിലൂടെ ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തെ ഓർക്കാതെ ആഫ്രിക്കൻ സാംസ്‌കാരിക ലോകത്തിന് ഇനിയങ്ങോട്ട് മുന്നോട്ടു നടക്കാനാവില്ല.


ഒരു ജനതയുടെ മനസ്സിനെ അടിമത്ത മനോഭാവത്തിൽനിന്നും കരകയറ്റാൻ ശ്രമിച്ച, സാഹിത്യത്തിന്റെ ഭാഷയെ പുതുക്കിപ്പണിത മഹാനായ എഴുത്തുകാരനാണ് മെയ് 28‐ന് ലോകത്തോട് വിടപറഞ്ഞ ഗൂഗി വാ തിയോംഗോ. ആഫ്രിക്കയോടൊപ്പം ലോകവും അദ്ദേഹത്തിന്റെ രചനകളിൽനിന്നും ഇടപെടലുകളിൽ നിന്നും ഊർജം നേടിക്കൊണ്ടിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യാവസ്ഥയെ ആഴത്തിലറിയാൻ വരുംതലമുറകൾ ഗൂഗിയുടെ സാഹിത്യത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കും.


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home