തിരുവനന്തപുരത്ത് നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു; അമ്മ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രസവിച്ചതിന് പിന്നാലെ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി ഫ്ളഷ് ചെയ്തു. ഫയർഫോഴ്സ് എത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മ ആശുപത്രിയിൽ ചികിത്സ തേടിയത്.
ശേഷം ആശുപത്രിയിലെ വെയിറ്റിങ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ കുഞ്ഞിനെ പ്രസവിക്കുകയും അവിടെ തന്നെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം ഗ്രീഷ്മ ശുചിമുറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ശേഷം പുറത്തിറങ്ങിയപ്പോൾ വസ്ത്രത്തിൽ രക്തക്കറ സംശയത്തിനിടയാക്കി. കൂടാതെ നിറവയറുമായി ശുചിമുറിയിൽ കയറിയശേഷം തിരിച്ചിറങ്ങിയപ്പോൾ വയറിന്റെ വലിപ്പം കുറഞ്ഞതും സംശയത്തിന്റെ ബലംകൂട്ടി.
തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താൻ ഗർഭിണിയായിരുന്നുവെന്നും ശുചിമുറിയിൽ വെച്ച് ഗർഭം അലസിയെന്നും ഗ്രീഷ്മ പറയുന്നത്. ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരേയും പൊലീസിനേയും ഫയർ ഫോഴ്‌സിനെയും അറിയിച്ചു. പിന്നീട് ശുചിമുറി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് ക്ലോസറ്റിൽ വീണതായും ഫ്‌ളഷ് ചെയ്യപ്പെട്ടതായും കണ്ടെത്തിയത്. ഉടൻ ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു.
അവിവാഹിതയായ ഗ്രീഷ്മ ഗർഭിണിയായതിനാലുള്ള അഭിമാനക്ഷതം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗ്രീഷ്മയുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗർഭം അലസിപ്പിക്കാനുള്ള ഗുളിക നേരത്തേ ഇവർ കഴിച്ചിരുന്നുവെന്നും ഇതാണ് രക്തസ്രാവമുണ്ടാകാൻ കാരണമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments