ജോലിക്കിടെ വീണുപരിക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

ബത്തേരി : നൂൽപ്പുഴ പഞ്ചായത്തിൽ ജോലിക്കിടെ വീണുപരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. നെന്മേനിക്കുന്ന് കാരപ്പൂതാടി കാട്ടുനായ്‌ക്ക ഉന്നതിയിലെ മാധവൻ(50) ആണ് ശനിയാഴ്‌ച മരിച്ചത്. ബുധനാഴ്‌ച സമീപത്തെ വീട്ടിൽ ജോലിക്കിടെ തലച്ചുമടായി വളച്ചാക്ക് കൊണ്ടുപോകുന്നതിനിടയിൽ തെന്നിവീണ് പരിക്കേറ്റിരുന്നു. വളച്ചാക്ക് ദേഹത്തേക്ക് വീണാണ് പരിക്കേറ്റത്.
ഉടൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗിയെ രാത്രിതന്നെ ഉന്നതിയിൽ തിരിച്ചെത്തിച്ചു. മൂന്നു ദിവസം അവശനിലയിൽ ഉന്നതിയിൽ കഴിഞ്ഞു. ശനിയാഴ്‌ച പകൽ ഒന്നോടെ സഹോദരിയെത്തി വീണ്ടും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീർത്തും അവശനായ മാധവൻ വൈകിട്ടോടെ മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിനുശേഷം ഞായർ രാവിലെ മൃതദേഹം ഉന്നതിയിൽ സംസ്‌കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഉന്നതിനിവാസികളുടെ ആരോപണം. കമലയാണ് ഭാര്യ.









0 comments