ശക്തമായ മഴ; കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞുവീണു, വീടും കിണറും തകർന്നു

ഉളിയനാട് ചിമ്മിനി ഇടിഞ്ഞുവീണ് തകർന്ന വീട്
ചാത്തന്നൂർ: ശക്തമായ മഴയെ തുടർന്ന് ഉളിയനാട് എംഎംകെ എക്സ്പോർട്ട് കശുവണ്ടി ഫാക്ടറിയുടെ 65 അടി ഉയരമുള്ള ചിമ്മിനി ഇടിഞ്ഞുവീണ് സമീപത്തെ വീടിനും കിണറിനും കേടുപറ്റി. വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം. ചുടുകട്ട കൊണ്ട് നിർമിച്ച 65 അടി ഉയരമുള്ള പുകക്കുഴലിന് മുകളിൽ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച ചിമ്മിനിയാണ് തകർന്ന് വീണത്.
ചിമ്മിനി വീണതിൻ്റെ ആഘാതത്തിൽ ഫാക്ടറിയുടെ മതിലും ഉളിയനാട് തുണ്ടിൽ വീട്ടിലെ സദാനന്ദൻ്റെ വീടിൻ്റെ മേൽക്കൂരയും ഭിത്തികളും തകർന്നു. വീടിനോട് ചേർന്ന കിണർ പൂർണമായും ഇടിഞ്ഞ് നികന്നു. കിണർ പകുതിയോളം മൂടി.വീടിൻ്റെ മേൽക്കൂരയ്ക്ക് ഭാഗികമായി കേടുപറ്റി. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റും പൂർണമായി തകർന്ന് ചിമ്മിനി പഞ്ചായത്ത് റോഡിന് കുറുകെ വീണതോടെ രാവിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വില്ലേജ് അധികൃതരും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കശുവണ്ടി ഫാക്ടറി കഴിഞ്ഞ 11 മാസമായി പ്രവർത്തനം ഇല്ലാതെ പൂട്ടിക്കിടക്കുകയാണ്. പഴക്കം ചെന്ന ചിമ്മിനി ശക്തമായ മഴയിൽ തകരുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.









0 comments