ad
Deshabhimani

തിരുവല്ലയിൽ റെയിൽവേ അടിപ്പാതകൾ മുങ്ങി; കോന്നിയിൽ വൻ നാശനഷ്ടം

pamba river kozhencherry.

കുത്തിയൊലിക്കുന്ന പമ്പാ നദി. കോഴഞ്ചേരി പുതിയ പാലത്തിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Aug 03, 2026, 08:57 AM | 3 min read

പത്തനംതിട്ട : മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും പത്തനംതിട്ടയിൽ ​ദുരിതമൊഴിയുന്നില്ല. ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടാണ്. കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്‌. റാന്നിയിൽ മിന്നൽ പ്രളയത്തെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും വ്യാപാരസ്ഥാപനങ്ങളിലടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടൽ മൂലം നിരവധി വീടുകൾ തകരുകയും, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്‌തതായി അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. ​


കല്ലാർ, കക്കാട്ടാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെള്ളം കയറാത്ത വീടുകളിൽ ഇത്തവണ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. നാട്ടുകാരും യുവാക്കളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. ഒറ്റപ്പെട്ട പല പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ നേരിട്ട് സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്‌. സംസ്ഥാന സർക്കാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും പാലിക്കണം. ദുരന്തബാധിതർക്ക് മുൻകാലങ്ങളിലെന്നപോലെ അടിയന്തര സഹായമായി 10,000 രൂപ വീതം ഉടൻ അനുവദിക്കണം.


ഓണം വിപണി ലക്ഷ്യമാക്കി തയ്യാറാക്കിയ ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചുപോയത്. പ്രാദേശിക ഉദ്യോഗസ്ഥർക്ക് മാത്രമായി ഇതിന്റെ കണക്കെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പ്രളയബാധിതമല്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി കോന്നിയിൽ നിയോഗിക്കണം. ​വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കെഎസ്‌ഇബി ജീവനക്കാരെ വിന്യസിക്കണം. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അടിയന്തരമായി ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.


തിരുവല്ലയിൽ റെയിൽവേ അടിപ്പാതകൾ മുങ്ങി


നദികൾ കരകവിഞ്ഞൊഴുകിയപ്പോൾ തിരുവല്ലയിലെ റെയിൽവേ അടിപ്പാതകൾ മുങ്ങി. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയും കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ അടിപ്പാതയുമാണ് പൂർണമായി മുങ്ങിയത്. ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. വെള്ളം പൊങ്ങുബോൾ അപകട സൂചനാ നൽകിയിരുന്ന ഉപകരണവും നശിച്ചു.


വെള്ളം കയറി ഗതാഗതം തടസപ്പെട്ട ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതവെള്ളം കയറി ഗതാഗതം തടസപ്പെട്ട ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാത

വള്ളസദ്യകൾ മാറ്റിവച്ചു


ആറന്മുള ക്ഷേത്രത്തിൽ തിങ്കളാഴ്‌ച നിശ്‌ചയിച്ചിരുന്ന വള്ളസദ്യകൾ മാറ്റിവച്ചു. വെള്ളപ്പൊക്കം കണക്കിലെടുത്താണ്‌ തീരുമാനം. പെയ്ഡ് സദ്യ ഇന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തും. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പള്ളിയോടങ്ങളുടെ യാത്ര ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ്‌ വള്ളസദ്യ നടത്തിയത്‌. തിങ്കൾ നടത്താനിരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും വെള്ളപ്പൊക്കം മൂലം മാറ്റിവച്ചിട്ടുണ്ട്‌.


മല്ലപ്പള്ളിയിൽ വ്യാപക നാശനഷ്ടം


​അപ്രതീക്ഷിത പ്രളയത്തിൽ മല്ലപ്പള്ളിയിൽ താലൂക്കിൽ വ്യാപക നാശനഷ്ടം. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 83 കുടുംബങ്ങളെയും അതിഥി തൊഴിലാളികളെയും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. വിവിധ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് കോട്ടയം കോഴഞ്ചേരി സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.


ശനി പുലർച്ചയോടെയാണ് വെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിലെ വീട്ടുപകരണങ്ങളും, വ്യാപാര സ്ഥാപനങ്ങളിലെ വസ്തുക്കളും നശിച്ചു. മല്ലപ്പള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ മഞ്ഞത്താനം, ആശുപത്രിപ്പടി, ആനക്കുഴി, കീഴ്വായ്‌പ്പൂര് അമ്പലത്തുംഭാഗം, മുരണി, പുന്നമറ്റം, മുട്ടത്തുമൺ, അമ്പാട്ടുഭാഗം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മല്ലപ്പള്ളി സെന്റ് മേരീസ് എൽപിഎസ്, പരിയാരം യുപിഎസ്, ആരം പുളിക്കൽ സിഎംഎസ് എൽപിഎസ്, മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ, മുരണി യുപിഎസ്, കീഴ്വായ്പൂര് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സി എസ് ഐ സൺഡേസ്കൂൾ കെട്ടിടം പരിയാരം എന്നിവിടങ്ങളിലാണ് മല്ലപ്പള്ളി പഞ്ചായത്തിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.


അപ്പർ കുട്ടനാട്ടിലും ദുരിതപ്പെയ്ത്ത്‌


ശനിയാഴ്ച പെയ്ത അതിശക്തമഴയിൽ അപ്പർകുട്ടനാട് ഉൾപ്പെടുന്ന ജില്ലയിലെ പടിഞ്ഞാറ് ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിരുവല്ല താലൂക്കിൽ മാത്രം 11 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ തുറന്നത്‌. 84 കുടുംബങ്ങളിലെ 283 പേരെയാണ് ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്.


തിരുമൂലപുരത്തെ തിരുവല്ല നഗരസഭ 18–-ാം വാർഡിൽപ്പെട്ട മംഗലശേരി, ആറ്റുമാലി, പുളിക്കത്തറക്കുഴി എന്നിവിടങ്ങളിലെ അമ്പതോളം വരുന്ന വീടുകളിൽ വെള്ളം കയറി. വീടുകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. സിപിഐ എം, ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡുകളും, എസ്എഫ്ഐ പ്രവർത്തകരും ദുരാതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തോട്ടപ്പുഴശേരിയിൽ മാരാമൺ ചെറുപുഷ്പം എൽപിഎസ്, എംഎംഎ എച്ച് എസ്, ചെട്ടിമുക്ക് എഎംഎം ടി ടി ഐ ,കുറ്റൂരിൽ ജിഎച്ച്എസ്എസ് കുറ്റൂർ, കുറ്റപ്പുഴയിൽ ഇരുവെള്ളിപ്ര സെന്റ്‌ തോമസ് എച്ച്എസ്എസ്, കാവുംഭാഗത്ത് ഡിബി ഹൈസ്കൂൾ, കവിയൂരിൽ തോട്ടഭാഗം ഗവ.എൽ പി എസ് എന്നിവിടങ്ങളിലാണ് ക്വാമ്പുകൾ തുറന്നത്.

കോയിപ്രം പഞ്ചായത്തിലെ 16–-ാം വാർഡിൽ കുഴിയിൽ അകപ്പെട്ട വൃദ്ധയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. വീടിന്റെ പുറകുവശത്തായി വേസ്റ്റ് കുഴി സ്ലാബിട്ട് മുടി മുകളിൽ ഇന്റർലോക്ക് പാകിയിരുന്നു. വെള്ളം കയറിയതോടെ സ്ലാബും ഇന്റർലോക്കുകളും ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിൽ കരിയിലമുക്ക് കുരിയനേത്ത് അന്നമ്മ വർഗീസിനെ (87) യാണ് രക്ഷപെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home