ad
Deshabhimani

പമ്പയിലും പുന്നമടക്കായലിലും ജലനിരപ്പുയരുന്നു; മീനച്ചിലാറിന്റെ സ്ഥിതിയിൽ ആശങ്ക

pamba river kozhencherry.
വെബ് ഡെസ്ക്

Published on Aug 03, 2026, 09:09 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പെയ്യുന്ന ശക്തമായ മഴയ്ക്ക് ഇപ്പോഴും ശമനമായില്ല. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. കോട്ടയത്ത് രാത്രി മുഴുവൻ മഴ തുടർന്നു. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നുതന്നെ. പമ്പാ നദിയിലും പുന്നമടക്കായലിലും ജലനിരപ്പുയരുകയാണെന്ന ഏറ്റവും പുതിയ വിവരവും പുറത്തുവരുന്നുണ്ട്. ന​ഗരത്തിലും ഉള്‍വഴികളിലുമുണ്ടാകുന്ന വെള്ളക്കെട്ടനൊപ്പം കായലും ആറും നിറയുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. വെള്ളം കുതിച്ചുവരുന്ന കാഴ്ചയാണ് മീനച്ചിലാറിൽ‌ ജലനിരപ്പ് ഉയരുന്നതിന്റെ ഭാ​ഗമായി കോട്ടയത്തുള്ളത്


കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോട്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ നാല് മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകൾക്കും യെലോ അലർട്ടാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം, പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ പെയ്യുന്നതിനാൽ ഷട്ടറുകൾ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ കാരണമാകുമെന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആളുകളോട് മാറിതാമസിക്കാൻ ഭരണകൂടം അറിയിച്ചു.


കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നുള്ള വെള്ളം എത്തിയതോടെ കോട്ടയത്ത് ​ നഗരമേഖലകളിൽ ദുരിതം ഇരട്ടിയായി. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുന്നു. പാല–ഈരാറ്റുപേട്ട, പാല–ഏറ്റുമാനൂർ റോഡിൽ പലയിടത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാല–ഈരാറ്റുപേട്ട റോഡിലെ പനയ്ക്കപ്പാലത്ത് സ്ഥിതി രൂക്ഷമാണ്. ഇവിടെ ചിലഭാഗങ്ങളിൽ 3–4 അടിയോളം വെള്ളം കയറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം


എറണാകുളം ജില്ലയിൽ കാറ്റും മഴയും തുടരുന്നു. മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്, ഇവിടെ നേരത്തെ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ആലുവ ശിവക്ഷേത്രം ഇപ്പോഴും ഭാഗികമായി വെള്ളത്തിനടിയിലാണ്. മഴ നിർത്താതെ പെയ്താൽ പെരിയാറിലും ജലനിരപ്പ് ഉയരും.അതേ സമയം തന്നെ എറണാകുളത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഡാമുകൾ തുറക്കാനും സാധ്യതയുണ്ട്. ജില്ലയിൽ നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.


273 ദുരിതാശ്വാസ ക്യാംപുകളിലായി 7674 പേരെ പുനരധിവസിപ്പിച്ചെന്നു മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തി‍ൽ മുങ്ങിയ പത്തനംതിട്ട റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങി. അതേസമയം, അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം ന​ഗരത്തിലും ഉൾപ്രദേശങ്ങളിലും വൻ വെള്ളക്കെട്ടുണ്ടാകുന്നതായും പുതിയ റിപ്പോർട്ടുകളുണ്ട്


ജനത്തെ വലച്ച് ദുരന്തങ്ങൾ തുടരുകയാണ്. ഇന്നലെ ആറ് മരണം കൂടിയായതോടെ ആകെ മരണം 15 ആയി. 11 മരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തിരുവനന്തപുരത്തും കൊല്ലത്തുമായി കടലിൽ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്


മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കണമെന്ന നിർദേശമുണ്ട്. കടൽ ശാന്തമാകാത്ത സാഹചര്യത്തിൽ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്നുള്ള മത്സ്യ ബന്ധനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home