ad
Deshabhimani

പെരുമഴയിൽ കിഴക്കൻവെള്ളം ഒലിച്ചെത്തി; കുട്ടനാടും മുങ്ങുന്നു

kuttanad rain

തലവടി ഗ്രാമപഞ്ചായത്തിലെ കുതിരച്ചാൽ–കുന്നുമ്മാടി മേഖലയിൽ വെള്ളം കയറിയ വീടുകൾ

വെബ് ഡെസ്ക്

Published on Aug 03, 2026, 08:36 AM | 2 min read

മങ്കൊമ്പ് : മഴ കനത്തതോടെ ആലപ്പുഴയിലെ കുട്ടനാടും മുങ്ങുന്നു. കിഴക്കൻവെള്ളത്തിന്റെ ശക്തമായ വരവിൽ തലവടി പഞ്ചായത്ത് പൂർണമായും മുങ്ങിയ സ്ഥിതിയാണ്. വെള്ളപ്പൊക്കബാധിത മേഖലയിൽനിന്ന് നിരവധിപേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധിപേരെ വെള്ളംകയറിയ വീടുകളിൽനിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. നെഞ്ചുവേദനയെത്തുടർന്ന് അവശനിലയിലായ ഒരാളെ എടത്വാ എസ്ഐ റിജോയുടെ നേതൃത്വത്തിൽ വെള്ളത്തിലൂടെ ഗൂർഖ ജീപ്പിൽ നീരേറ്റുപുറത്തേക്ക് എത്തിച്ചു. പഞ്ചായത്തിന്റെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.


കുതിരച്ചാൽ–കുന്നുമ്മാടി പ്രദേശത്തെ വെള്ളംകയറിയ വീടുകളിൽനിന്ന് അഗ്നിരക്ഷാസേനയുടെ ബോട്ടിൽ ദുരിതബാധിതരെ നീരേറ്റുപുറത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുട്ടാർ പഞ്ചായത്തിലെയും താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങി. മുട്ടാർ സെന്റർ റോഡിൽ ഗതാഗതംമുടങ്ങി. രാമങ്കരി, പുളിങ്കുന്ന്, വെളിയനാട്, കാവാലം പഞ്ചായത്തുകളിലെയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളംകയറി.


kuttanad waste rain.jpgകിഴക്കൻ വെള്ളത്തോടൊപ്പം കുട്ടനാട്ടിലേക്ക് ഒഴുകിയെത്തിയ മുളം കൂട്ടങ്ങളും മാലിന്യങ്ങളും പുളിംകുന്നിലെ താലൂക്കാശുപത്രിക്ക് മുൻവശത്തുള്ള പാലത്തിൽ അടിഞ്ഞു കൂടിയപ്പോൾ


കുട്ടനാട്ടിൽ ഇതുവരെ നാല് ക്യാമ്പ്‌ തുറന്നു. തലവടി ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ 22 കുടുംബത്തിലെ 128 പേരും തലവടി എബനേസർ ഫെലോഷിപ് ഹാളിൽ എട്ടാം വാർഡിലെ 11 കുടംബത്തിലെ 73 പേരും മുട്ടാർ സെന്റ്‌ ജോർജ് ഹയർ സെക്കൻൻഡറി സ്കൂളിൽ ആറു കുടുംബത്തിലെ 18 പേരും രാമങ്കരി എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് കുടുംബത്തിലെ 10 പേരുമാണ് ക്യാമ്പിൽ.

ഗ്രുവൽ സെന്ററുകളിൽ ധാന്യങ്ങളില്ല


തലവടി എട്ടാം വാർഡിലെ മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌. 11 കുടുംബം താമസിക്കുന്ന പാലത്തിങ്കൽ പുതുവൽ പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറി. എന്നാൽ ഗ്രുവൽ സെന്ററുകളിൽ ഭക്ഷണം പാകംചെയ്യുന്നതിന്‌ ധാന്യങ്ങൾ വിതരണംചെയ്തിട്ടില്ല. വെള്ളം ഉയർന്നാൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരുന്ന സാഹചര്യമാണ്‌. എന്നാൽ വെള്ളപ്പൊക്കബാധിത മേഖലയിൽനിന്ന് ക്യാമ്പിലേക്ക് വരാൻ ആളുകൾ തയ്യാറാകുന്നില്ല. അവിടങ്ങളിൽ മുൻവർഷങ്ങളിലെ പോലെ ഗ്രൂവൽ സെന്ററുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പമ്പ കരകവിഞ്ഞു വീടുകളിൽ വെള്ളം


പമ്പാനദി കരകവിഞ്ഞൊഴുകി ചെങ്ങന്നൂരിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. മുളക്കുഴ തുലാക്കുഴി, തിരുവൻവണ്ടൂർ നന്നാട്, ഇരമല്ലിക്കര, മാടവന ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. പ്രാവിൻകൂട് തിരുവൻവണ്ടൂർ റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു .

ചെങ്ങന്നൂർ നഗരസഭയിൽ മംഗലം, ഇടനാട്, കീഴ്‌ചേരിമേൽ, അങ്ങാടിക്കൽ, കോടയാട്ടുകരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ദുരിതം വിതച്ചു. എം കെ റോഡിൽ പുത്തൻകാവ് ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാൽ ഗതാഗതം നിരോധിച്ചു. മംഗലം ഭാഗത്ത് ചിറത്തറപ്പടി, മൈലാറ്റുംതറ, മൂലേത്ത് ഭാഗങ്ങളിൽ മംഗലം കുറ്റിക്കാട്ടുപടി കൈപ്പാലക്കടവ് , ഹെൽത്ത് സെന്റർ കോവേലിപ്പടി, ചണ്ണത്തിൽ റോഡുകൾ വെള്ളത്തിലായി.


mulakkuzha rainമുളക്കുഴ തുലാക്കുഴിയിൽ വെള്ളം കയറിയ വീടുകൾ


അച്ചൻ കോവിലാറിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെൺമണി ശാർങ്‌ഗക്കാവ് ദേവീക്ഷേത്ര മൈതാനത്തിൽ വെള്ളം കയറി. പടിഞ്ഞാറേത്തുരുത്ത് മുളമുക്ക് ഭാഗത്തും വെള്ളക്കെട്ടുണ്ട്‌. ചെങ്ങന്നൂർ താലൂക്കിൽ 12 ദുരിതാശ്വസക്യാമ്പ്‌ തുറന്നു. എംഡി എൽപി സ്‌കൂൾ, പിരളശേരി സെന്റ്‌ ജോർജ് എൽപി സ്‌കൂൾ, മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തിരുവൻവണ്ടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ശ്രീ അയ്യപ്പ കോളേജ്, വാഴാർ മംഗലം സെന്റ്‌ മേരീസ് എൽപി സ്‌കൂൾ, ഇടനാട് ഗവ. ജെബി സ്‌കൂൾ, മംഗലം ഓർത്തഡോക്‌സ്‌ ചർച്ച്, പാണ്ടനാട് ജെബി സ്‌കൂൾ, കീഴ്‌വന്മഴി ജെബി സ്‌കൂൾ, ഗവ. ഹോമിയോ ഇല്ലിമല, ഉമയാറ്റുകര എംഡിഎൽപി സ്‌കൂൾ എന്നീ ക്യാമ്പുകളിൽ 114 കുടുംബത്തിൽനിന്ന്‌ 395 പേരാണുള്ളത്‌.

​ചെങ്ങന്നൂർ പാണ്ടനാട്ടിൽ 100 കുടുംബം ഒറ്റപ്പെട്ടു


പമ്പയാർ കരകവിഞ്ഞൊഴുകി പാണ്ടനാട് വെസ്‌റ്റ്‌ നാക്കടയിൽ നൂറോളം കുടുംബങ്ങൾ വെള്ളത്തിലായി. ആർകെവി – നാക്കട റോഡും നാക്കട – ഇല്ലിമല റോഡും പൂർണമായി വെള്ളത്തിനടിയിലായി. താഴ്‌ന്ന മേഖലയായ മുട്ടാണി ഉന്നതിയിൽ സ്ഥിതിഗതികൾ അതിരൂക്ഷം. പമ്പ കരകവിഞ്ഞതോടെ ഉന്നതിയിലെ ഇരുപതിലേറെ വീടുകളിൽ വെള്ളംകയറി. പമ്പയാറിന്റെ തിട്ടകൾ ഇടിഞ്ഞുവീഴുകയാണ്. ആഴം നഷ്‌ടപ്പെട്ട് കിഴക്കും വടക്കും പടിഞ്ഞാറും പമ്പയാറിലും തെക്ക് കൈവഴിയായ ഇല്ലിമലയാറാലും ചുറ്റപ്പെട്ട ദ്വീപ് സമാനമായ പ്രദേശമാണ് നാക്കട. പമ്പാനദി അടിത്തട്ടിൽ ചെളിയും മണ്ണും അടിഞ്ഞുകൂടി ശോഷിച്ചു. നദിയുടെ സ്വാഭാവിക ജലസംഭരണശേഷി നഷ്‌ടപ്പെട്ടതാണ് മഴ പെയ്യുമ്പോൾതന്നെ വെള്ളം വീടുകളിലേക്കും വഴികളിലേക്കും ഇരച്ചുകയറാൻ കാരണം.


paandanadu പാണ്ടനാട് വെസ്റ്റ് നാക്കടയിൽ വെള്ളം കയറിയ വീടുകൾ


പമ്പയെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിക്കുന്ന ഇല്ലിമലയാറിന്റെ അവസ്ഥയും ഭിന്നമല്ല. ഇരുവശങ്ങളിലെയും കാടുകളും മുളകളും ആറ്റിലേക്ക് വീണുകിടക്കുന്നതും പോളയും എക്കലും അടിഞ്ഞുകൂടിയതും നീരൊഴുക്ക് പൂർണമായി തടസപ്പെടാൻ കാരണമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home