ad
Deshabhimani

ജയിൽമാറ്റത്തിനിടെ രക്ഷപ്പെടാൻ ശ്രമം; ജാർഖണ്ഡിലെ കുപ്രസിദ്ധ കുറ്റവാളി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

sujith

പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാർഖണ്ഡിലെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളിൽ ഒരാളായ സുജിത് സിൻഹ| Photo Credit:India Today

വെബ് ഡെസ്ക്

Published on Aug 03, 2026, 07:49 AM | 1 min read

റാഞ്ചി: ജാർഖണ്ഡിലെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളിൽ ഒരാളായ സുജിത് സിൻഹ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സാഹിബ്ഗഞ്ച് ഡിവിഷണൽ ജയിലിൽ നിന്ന് ധൻബാദ് ജയിലിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് ഞായറാഴ്ച അർധരാത്രിയോടെ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു.


ജയിൽമാറ്റത്തിനിടെ ജംതാര അതിർത്തിക്ക് സമീപത്തായിരുന്നു സംഭവം. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തിയപ്പോൾ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനിൽ നിന്ന് റൈഫിൾ തട്ടിയെടുത്ത് സുജിത് സിൻഹ ഇരുട്ടിലേക്ക് ഓടിപ്പോയെന്നാണ് പോലീസിന്റെ വിശദീകരണം.


രക്ഷപ്പെടുന്നതിനിടെ പോലീസ് സംഘത്തിന് നേരെ സിൻഹ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതോടെ പോലീസ് തിരിച്ചും വെടിവെക്കേണ്ടിവന്നുവെന്നും അധികൃതർ അറിയിച്ചു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സിൻഹയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


ജാർഖണ്ഡ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന സുജിത് സിൻഹക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇയാളുടെ മരണത്തോടെ വർഷങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ കഥയ്ക്കാണ് വിരാമമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


സംഭവത്തിന് പിന്നാലെ ഏറ്റുമുട്ടൽ നടന്ന പ്രദേശം പോലീസ് സീൽ ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവക്രമം വിലയിരുത്തിയതായും ഏറ്റുമുട്ടലിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home