ad
Deshabhimani

'ശ്വാസം പിടയുമ്പോഴും തിരിഞ്ഞുനോക്കിയില്ല' ; മുതലപ്പൊഴിയിലേത് ​ഗുരുതര അനാസ്ഥ

muthalappozhi accident

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് രക്ഷപ്പെട്ട സ്മിത്ത് അപകടസ്ഥലം ചൂണ്ടിക്കാണിക്കുന്നു. ഒരാഴ്ച മുമ്പ് അപകടത്തിൽപ്പെട്ട മറ്റൊരു 
ബോട്ട് ചിത്രത്തിൽ കാണാം

avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 07:28 AM | 1 min read

അഞ്ചുതെങ്ങ് : "കൂറ്റൻ തിരയിൽപ്പെട്ട് ആടിയുലഞ്ഞ ബോട്ടിൽനിന്ന് ഷിജിനും ഫ്രീമോനും തെറിച്ചുവീണപ്പോൾ കോസ്റ്റൽ പൊലീസും ഫിഷറീസ് ഗാർഡുമാരും മുതലപ്പൊഴിയുടെ തീരത്തുണ്ടായിരുന്നു. ഇരുവരും മുങ്ങിത്താഴുമ്പോൾ സഹായത്തിനായി ഞങ്ങൾ നിലവിളിച്ചു. അവർ തിരിഞ്ഞുനോക്കിയില്ല. ബോട്ടിൽ വെള്ളംകയറിയതോടെ എൻജിനും നിലച്ചു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയില്ലെങ്കിൽ ഇതുപറയാൻ ഞങ്ങളും ഉണ്ടാകുമായിരുന്നില്ല'– മുതലപ്പൊഴിയിലെ ബോട്ട് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സ്മിത്തിന്റെ വാക്കുകൾ.


ഷിജിനും ഫ്രീമോനും സ്മിത്തും ബോട്ടുടമ ജോസുമാണ് വെള്ളി വൈകിട്ട് മൂന്നരയോടെ മീൻപിടിക്കാൻ പുറംകടലിൽ പോയത്. രക്ഷപ്പെട്ടത്‌ അഞ്ചുതെങ്ങ് സ്വദേശികളായ ജോസും സ്മിത്തുംമാത്രം. ശനി രാത്രി ഒമ്പതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴാണ്‌ തിരയിൽപ്പെട്ടത്. ഷിജിനും ഫ്രീമോനും കടലിലേക്ക് വീണെങ്കിലും ഒരാൾ അഴിമുഖത്തിനുസമീപത്തെ പാറയിൽ പിടിച്ചു. കടൽ പ്രക്ഷുബ്‌ധമായതിനാൽ വെള്ളത്തിൽച്ചാടി അവരെ രക്ഷപ്പെടുത്താനായില്ല.


കരയിൽനിന്ന് മീൻപിടിക്കുകയായിരുന്ന ചിലർ നിലവിളികേട്ട് നീളംകൂടിയ ചൂണ്ടക്കമ്പ് എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങിത്താണു. ജോസും സ്മിത്തും ചരിഞ്ഞ വള്ളത്തിൽപ്പിടിച്ച്‌ കിടന്നു. സമീപത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ വള്ളം ഉയർത്തിയാണ്‌ ഇവരെ രക്ഷിച്ചത്‌. അവിടെയുണ്ടായിരുന്ന കോസ്റ്റൽ പൊലീസ് രണ്ട് ലൈഫ്ബോയ നൽകി മത്സ്യത്തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താൻ പറയുകയായിരുന്നു.


തിരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ "ഞങ്ങൾ എന്ത് ചെയ്യാൻ ' എന്ന് കൈമലർത്തി. കടലിൽ തിരച്ചിൽ നടത്താനാകുന്ന ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ തങ്ങൾക്കില്ലെന്നാണ് കോസ്റ്റൽ പൊലീസിന്റെ ന്യായീകരണം. കനത്ത മഴയും കടലാക്രമണവും വെളിച്ചക്കുറവും കാരണം വെള്ളി രാത്രിയും രക്ഷാപ്രവർത്തനം നടത്തിയില്ല. ‌ശനി രാവിലെയും രക്ഷാപ്രവർത്തനം വൈകിയതോടെ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെയാണ് ഉച്ചയോടെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും കൊച്ചിയിൽനിന്ന് നാവിക സേനാംഗങ്ങളും എത്തി തിരച്ചിൽ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home