യുഎൻ സെക്രട്ടറി ജനറലാകാൻ 3 വനിതകൾ


എ കെ രമേശ്
Published on Jun 26, 2026, 12:00 AM | 2 min read
ഐക്യ രാഷ്ട്രസംഘടനയുടെ പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകളും നടപടിക്രമങ്ങളും ലോകം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഇൗ ഡിസംബറിൽ അന്റോണിയോ ഗുട്ടെറസ് സ്ഥാനമൊഴിയും. യുഎൻ രൂപീകൃതമായതിന്റെ 80–-ാം വാർഷികത്തിൽ സെക്രട്ടറി ജനറലിന്റെ കസേരയിൽ വനിതയെത്തുമോ എന്നതിൽ നിർണായകമാകുന്നത് സ്ഥാനാർഥികൾ വീക്ഷണം പങ്കുവയ്‌ക്കുന്ന സംവാദമാണ്. യുഎൻ പൊതുസഭയുടെ മുൻ പ്രസിഡന്റും ഇക്വഡോറിലെ മുൻ വിദേശകാര്യ- പ്രതിരോധമന്ത്രിയുമായ മരിയ ഫെർണാണ്ട എസ്‌പിനോസ, ചിലിയുടെ മുൻ പ്രസിഡന്റും യുഎൻ മനുഷ്യാവകാശ ഹൈക്കമീഷണറുമായിരുന്ന മിഷേൽ ബാച്ചലെറ്റ്, കോസ്റ്റാറിക്കയുടെ മുൻ വൈസ് പ്രസിഡന്റും യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റിന്റെ മേധാവിയുമായ റബേക്ക ഗ്രീൻസ്‌പാൻ എന്നിവരാണ് വനിതാ സ്ഥാനാർഥികൾ.
എസ്‌പിനോസയാണ് സംവാദത്തിൽ മികച്ചുനിന്നതെന്നാണ് നിരീക്ഷണം.
യുവതലമുറയ്ക്കിടയിൽ യുഎന്നിലുള്ള വിശ്വാസം എങ്ങനെ പുനർനിർമിക്കാമെന്ന ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് ഓരോ സ്ഥാനാർഥിയും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്. 30 വയസ്സിനുതാഴെയുള്ളവരിൽ വെറും നാലുശതമാനം മാത്രമാണ് യുഎന്നിന്റെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിൽ പങ്കാളികളാകുന്നത് എന്നിരിക്കെ എസ്‌പിനോസയുടെ മറുപടി കുറെക്കൂടി കൃത്യമായിരുന്നത്രേ. തന്റെ പ്രചാരണസംഘത്തിലെ ഭൂരിഭാഗംപേരും 30 വയസ്സിൽ താഴെയുള്ളവരാണെന്ന് അവർ ചൂണ്ടിക്കാട്ടി. സെക്രട്ടറി ജനറൽ സ്വതന്ത്ര രാഷ്ട്രീയപ്രവർത്തകനാകണോ, അതോ അംഗരാജ്യങ്ങളുടെ സഹകരണത്തെ സഹായിക്കുന്ന ഒരു ഫെസിലിറ്റേറ്ററാകണോ എന്ന ചോദ്യത്തിന് ഏറ്റവും കൃത്യമായ മറുപടി നൽകിയതും എസ്‌പിനോസയാണ്.
സെക്രട്ടറി ജനറൽ പദവിയിലേക്ക് ഒരു സ്ത്രീ വരുന്നതുവഴി എന്താണ് കൊണ്ടുവരാനാവുക എന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടികൾ ശ്രദ്ധേയമായിരുന്നു. ലിംഗഭേദം പ്രധാനമാണെന്ന് ബാച്ചലെറ്റ് പറഞ്ഞു. എന്നാൽ വെറുമൊരു സ്ത്രീയായാൽ പോരാ; പരാജയങ്ങളെ നേരിടാൻ തയ്യാറുള്ള, എവിടെയും നേരിട്ടെത്താൻ തയ്യാറുള്ള ആളായിരിക്കണം. ധനസഹായത്തിലും പ്രാതിനിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ബാച്ചലെറ്റ്, കടക്കെണിയിലായ രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ ധനസഹായം വായ്പകളായല്ല മറിച്ച് ഗ്രാന്റുകളായി നൽകണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളെക്കുറിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമീഷണർ എന്ന നിലയിലുള്ള തന്റെ പരിചയസമ്പത്ത് ബാച്ചലെറ്റ് പങ്കിട്ടു.
ഈ ജോലിക്ക് ഏറ്റവും അനുയോജ്യയായ വ്യക്തി താനാണെന്ന് കരുതുന്നതിനാലാണ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നായിരുന്നു ഗ്രീൻസ്‌പാന്റെ മറുപടി.
2015നേക്കാൾ 96 ദശലക്ഷം കൂടുതൽ ആളുകൾ ഇന്ന് പട്ടിണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഗ്രീൻസ്‌പാൻ, സുസ്ഥിര വികസനലക്ഷ്യങ്ങൾ ദേശീയസൂചകങ്ങളാണെന്നും അത് നടപ്പാക്കാൻ അതത് രാജ്യത്തെ പാർലമെന്റുകൾ മുൻകൈയെടുക്കണമെന്നും ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക, ചുരുക്കം ചില രാജ്യങ്ങളും സ്വകാര്യ കമ്പനികളും ഭാവിയുടെ നിയമങ്ങൾ തീരുമാനിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന കാര്യത്തിൽ മൂവരും യോജിച്ചു. മുൻ സെനഗൽ പ്രസിഡന്റ് മാക്കിസാളും അർജന്റീനിയൻ നയതന്ത്രജ്ഞനും അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി ഡയറക്ടർ ജനറലുമായ റാഫേൽ ഗ്രോസിയുംകൂടി മത്സരരംഗത്തുണ്ടെങ്കിലും ഇത്തവണ ഒരു സ്ത്രീയാകട്ടെ സെക്രട്ടറി ജനറലെന്നാണ് പൊതു അഭിപ്രായം. ബഹുരാഷ്ട്രക്കുത്തകകൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ഒരിക്കൽ പ്രമേയം പാസാക്കിയ യുഎൻ അതിനായി ഒരു പ്രത്യേക മേൽനോട്ടസംവിധാനം രൂപപ്പെടുത്തിയിരുന്നു. യുഎൻ ബഹുരാഷ്ട്രക്കമ്പനികൾക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന് ആരോപണമുയരുന്ന കാലത്താണ് സെക്രട്ടറി ജനറൽ പദവിയിലേക്ക് വനിതാസാന്നിധ്യം തെളിയുന്നത്.














