ന്യുട്ടന്റെ ചലനനിയമങ്ങളും കായികരംഗവും


ഡോ. അജീഷ് പി ടി
Published on Nov 05, 2026, 02:42 PM | 4 min read
അസ്ഥികളും പേശികളും നാഡികളും സന്ധികളും പരസ്പരം സമന്വയിച്ചു പ്രവർത്തിക്കുന്ന അത്ഭുതകരമായ ഒരു ജൈവയന്ത്രമാണ് മനുഷ്യശരീരം. ബാഹ്യമായ ഓരോ സൂക്ഷ്മ ചലനത്തിനുപിന്നിലും ശരീരത്തിനുള്ളിൽ നടക്കുന്ന സങ്കീർണമായ കൂട്ടായ്മയുടെ പങ്കുണ്ട്. നാഡീവ്യൂഹത്തിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞെത്തുന്ന സന്ദേശങ്ങൾ സ്വീകരിച്ച് പേശികൾ സങ്കോചിക്കുകയും, അസ്ഥികളും സന്ധികളും ഉത്തോലകങ്ങളായി വർത്തിച്ച് ശരീരത്തെ ചലനാത്മകമാക്കുകയും ചെയ്യുന്നു. കളിക്കളത്തിലേക്ക് എത്തുമ്പോൾ ഈ ജൈവയന്ത്രത്തിന്റെ പ്രവർത്തനം കൂടുതൽ വിസ്മയകരമാകുന്നു. പതിനേഴാം നൂറ്റാണ്ടിൽ സർ. ഐസക് ന്യൂട്ടൺ ആവിഷ്കരിച്ച ചലനനിയമങ്ങളാണ് മനുഷ്യശരീരത്തിന്റെ ഇത്തരം ചലനങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യാൻ സഹായിക്കുന്നത്.
ഭൗതികശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി കായികതാരങ്ങളുടെ ശരീരചലനങ്ങളെക്കുറിച്ച് പഠിക്കുന്ന 'സ്പോർട്സ് ബയോമെക്കാനിക്സ്' എന്ന ശാസ്ത്രശാഖയുടെ അടിത്തറതന്നെ ന്യൂട്ടന്റെ ഈ നിയമങ്ങളിലാണ് ഊന്നിയിരിക്കുന്നത്. അത്ലറ്റുകൾ ട്രാക്കിലും ഫീൽഡിലും പ്രയോഗിക്കുന്ന ബലവും അതിനോട് ശരീരം പ്രതികരിക്കുന്ന രീതിയും സൂക്ഷ്മമായി അളക്കാനും ശാസ്ത്രീയമായി അപഗ്രഥിക്കാനും ബയോമെക്കാനിക്സിലൂടെ സാധിക്കുന്നു. വാസ്തവത്തിൽ, കളിക്കളത്തിലെ ഓരോ ചലനവും ഭൗതികശാസ്ത്രതത്വങ്ങളുടെ കൃത്യവും സുന്ദരവുമായ ആവിഷ്കാരമാണ്; ഒരു താരത്തിന്റെ വേഗത, പേശിബലം, വായുവിലേക്ക് ഉയരാനുള്ള ശേഷി, ശരീരതുലനാവസ്ഥ എന്നിവയെല്ലാം നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഭൗതികശാസ്ത്രനിയമങ്ങൾ മനുഷ്യശരീരത്തിലൂടെ തികഞ്ഞ പ്രഗത്ഭ്യത്തോടെ നടപ്പിലാക്കപ്പെടുന്നതിന്റെയും ഉജ്ജ്വലമായ പ്രതിഫലനമാണ്.
കായികരംഗത്തെ വിവിധചലനങ്ങളെ ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുമ്പോൾ, കളിക്കളത്തിലെ ഓരോ പ്രകടനത്തിന് പിന്നിലും ഭൗതികശാസ്ത്രതത്വങ്ങൾ എത്രത്തോളം കൃത്യതയോടെ പ്രവർത്തിക്കുന്നു എന്നതിന്റെ ശാസ്ത്രീയമായ ഉൾക്കാഴ്ച നമുക്ക് ലഭിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'നിശ്ചലാവസ്ഥയിലുള്ള ജഡത്വം'. ഫുട്ബോളിലെ പെനാൽറ്റി കിക്ക് ഇതിനൊരു മികച്ച ഉദാഹരണമാണ്; കളിക്കാരന്റെ കാൽപാദം തട്ടുന്നതുവരെ പന്ത് പെനാൽറ്റി സ്പോട്ടിൽ നിശ്ചലമായി നിലകൊള്ളുന്നത് ഈ നിയമംമൂലമാണ്. കായികതാരം കാലുകൊണ്ട് നൽകുന്ന ഈ ബാഹ്യബലമാണ് പന്തിന്റെ നിശ്ചലാവസ്ഥയിലുള്ള ജഡത്വത്തെ തകർത്ത് അതിനെ ഗോൾവല ലക്ഷ്യമാക്കി ചലിപ്പിക്കുന്നത്. അതുപോലെ, 100 മീറ്റർ, 200 മീറ്റർ തുടങ്ങിയ ഓട്ടമത്സരങ്ങളിൽ കായികതാരങ്ങൾ സ്റ്റാർട്ടിംഗ് ബ്ലോക്കിൽ നിൽക്കുമ്പോൾ അവരുടെ ശരീരം നിശ്ചലതാജഡത്വത്തിലാണ്.
ഗൺ ഷോട്ട് കേൾക്കുമ്പോൾ, പേശികൾ ഉപയോഗിച്ച് സ്റ്റാർട്ടിംഗ് ബ്ലോക്കിലേക്ക് ശക്തമായി ബലം പ്രയോഗിച്ച് അത്ലറ്റുകൾ ജഡത്വം തരണം ചെയ്യുകയും പെട്ടെന്ന് വേഗം കൈവരിക്കുകയും ചെയ്യുന്നു. ബാസ്ക്കറ്റ്ബോളിൽ വേഗത്തിൽ ഓടിവരുന്ന ഒരു കളിക്കാരന് പെട്ടെന്ന് നിശ്ചലനാകണമെങ്കിൽ, ഷൂസും തറയും തമ്മിലുള്ള ഘർഷണംവഴി ശക്തമായ ഒരു ബാഹ്യബലം പ്രയോഗിക്കേണ്ടതുണ്ട്. എങ്കിലും, ശരീരത്തിന്റെ 'ചലനജഡത്വം' കാരണം പെട്ടെന്ന് നില്ക്കാൻ ശ്രമിക്കുമ്പോൾ കളിക്കാരൻ മുന്നോട്ട് ആഞ്ഞുപോകാൻ വലിയ സാധ്യതയുണ്ട്. കായികതാരങ്ങൾക്ക് ചലനത്തിന്റെ തുടക്കത്തിലുള്ള ഈ ജഡത്വത്തെ എളുപ്പത്തിൽ മറികടക്കാനും കായികരംഗത്ത് ചുരുങ്ങിയ സമയംകൊണ്ട് ഉയർന്ന അളവിൽ ബലം ഉത്പാദിപ്പിക്കാനും അതിലൂടെ വേഗവും ത്വരണവും കൂട്ടാനും പേശികളുടെ എക്സ്പ്ലോസീവ് പവർ അനിവാര്യമാണ്. ഇതിനായി പ്ലയോമെട്രിക്സ്, വെയിറ്റ് ട്രെയിനിംഗ് തുടങ്ങിയ പ്രത്യേക പരിശീലനരീതികളിലൂടെ കായികതാരങ്ങൾ കായികക്ഷമത വർദ്ധിപ്പിക്കുന്നു.
കായികതാരങ്ങൾ തങ്ങളുടെ പേശിബലത്തെ വേഗതയും ദൂരവുമാക്കി മാറ്റുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഏറ്റവും നിർണായകശാസ്ത്രതത്വമാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമം. ഈ ചലനനിയമപ്രകാരം, ഒരു വസ്തുവിന്റെ സംവേഗമാറ്റത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിതബലത്തിന് നേരനുപാതത്തിലായിരിക്കും. ഈ ശാസ്ത്രീയതത്വമനുസരിച്ച്, കളിക്കളത്തിൽ ഒരു താരം പ്രയോഗിക്കുന്ന ബലത്തിന്റെ തീവ്രത കൂടുന്തോറും ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന ശരീരത്തിന്റെയോ ഉപകരണത്തിന്റെയോ വേഗത ത്വരിതപ്പെടുന്നത് കാണാൻ സാധിക്കും. ഉദാഹരണത്തിന്, ഫുട്ബോളിലെ പെനാൽറ്റികിക്കിൽ പന്തിന്റെ വേഗം നിർണയിക്കുന്നത് കളിക്കാരൻ പ്രയോഗിക്കുന്ന ബലമാണ്. കുറഞ്ഞ ബലമാണ് നൽകുന്നതെങ്കിൽ കുറഞ്ഞ ത്വരണം കാരണം പന്ത് സാവധാനത്തിൽ നീങ്ങും; മറിച്ച്, പേശിബലം പൂർണമായി ഉപയോഗിച്ച് ശക്തിയായി അടിക്കുമ്പോൾ ഉയർന്നത്വരണത്തോടെ പന്ത് മിന്നൽവേഗത്തിൽ ഗോൾവലയിലേക്ക് പാഞ്ഞടുക്കുന്നു. അതേസമയം, പ്രയോഗിക്കുന്ന ബലം സ്ഥിരമായിരിക്കുമ്പോൾ വസ്തുവിന്റെ പിണ്ഡം (ങമൈ) കൂടുംതോറും അതിന് ലഭിക്കുന്ന ത്വരണം കുറയുന്നു. ഉദാഹരണമായി, ഭാരം കുറഞ്ഞ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുമ്പോൾ അത് എളുപ്പത്തിൽ വീശാനും പന്തിന് പെട്ടെന്ന് വേഗത നൽകാനും സാധിക്കുമെങ്കിലും, ടി20 ക്രിക്കറ്റിലെ അവസാന ഓവറുകളിൽ അതിവേഗം കൂറ്റൻ സിക്സറുകൾ പറത്താൻ ബാറ്റർമാർ കനമുമുള്ള ബാറ്റുകൾ തിരഞ്ഞെടുക്കാറുണ്ട്. ഭാരമേറിയ ബാറ്റിന് കൂടുതൽ ആക്കം ഉള്ളതിനാൽ, പന്തുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിലേക്ക് വൻതോതിൽ ഗതികോർജ്ജം കൈമാറ്റംചെയ്യപ്പെടുകയും പന്ത് ഗാലറിക്ക് മുകളിലൂടെ അതിദൂരത്തേക്ക് പറന്നുയരുകയും ചെയ്യുന്നു.
കായികരംഗത്തെ ഒട്ടുമിക്ക ശരീരചലനങ്ങളുടെയും ജീവനാഡിയാണ് ഭൗതികശാസ്ത്രത്തിലെ ന്യൂട്ടന്റെ മൂന്നാം ചലനനിയമമായ ക്രിയാപ്രതിക്രിയാ തത്വം. ഏതൊരു ക്രിയയ്ക്കും സമവും വിപരീതവുമായ ഒരു പ്രതിക്രിയ ഉണ്ടായിരിക്കുമെന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്. അതായത്, രണ്ട് വസ്തുക്കൾ പരസ്പരം ബലംപ്രയോഗിക്കുമ്പോൾ ആദ്യത്തെ വസ്തു രണ്ടാമത്തെ വസ്തുവിൽ എത്രത്തോളം ബലംനൽകുന്നുവോ, അത്രതന്നെ ബലം രണ്ടാമത്തെ വസ്തു വിപരീതദിശയിൽ ആദ്യ വസ്തുവിലേക്ക് തിരികെ പ്രയോഗിക്കുന്നു. കായികതാരങ്ങൾ കളിക്കളത്തിൽ സ്വന്തം ശരീരംകൊണ്ട് സൃഷ്ടിക്കുന്ന ഓരോ മിന്നൽവേഗത്തിനും കുതിപ്പിനും ആധാരവും ഈ ഭൗതികശാസ്ത്രതത്വത്തിന്റെ തികവുറ്റ ആവിഷ്കാരം തന്നെയാണ്. അത്ലറ്റിക്സിലെ ഓട്ടമത്സരങ്ങൾ പരിശോധിച്ചാൽ ഈ ശാസ്ത്രീയതത്വം കായികരംഗത്ത് പ്രായോഗികമാകുന്നത് വ്യക്തമായി മനസിലാക്കാം. ഓട്ടമത്സരങ്ങളിൽ അത്ലറ്റുകൾ കാലുകൾകൊണ്ട് ട്രാക്കിൽ പിന്നോട്ട് ബലംകൊടുക്കുമ്പോൾ, പ്രതലത്തിൽ നിന്ന് 'ഗ്രൗണ്ട് റിയാക്ഷൻ ഫോഴ്സ്' എന്ന രൂപത്തിൽ ലഭിക്കുന്ന വിപരീതബലമാണ് അവരെ മുന്നോട്ടുകുതിക്കാൻ സഹായിക്കുന്നത്. ഹൈജമ്പിലും ലോംഗ് ജമ്പിലും ടേക്ക്ഓഫ് എടുക്കുന്നതിന് തൊട്ടുമുമ്പ് അത്ലറ്റുകൾ ട്രാക്കിലെ ഉപരിതലത്തിലേക്ക് ആഞ്ഞു ചവിട്ടുന്നു.
പ്രയോഗിക്കുന്ന ബലത്തിന് സമവും വിപരീതവുമായ പ്രതിബലം നിലത്തുനിന്നുംതിരികെ ലഭിക്കുന്നത് കൊണ്ടാണ് താരത്തിന് ശരീരത്തെ വായുവിൽ പരമാവധി ഉയരത്തിലേക്കും ദൂരത്തിലേക്കും നയിക്കാൻ സാധിക്കുന്നത്. ട്രാക്കിൽ വഴുതിപ്പോകാതെ പരമാവധി പ്രതിബലം തിരികെ ലഭിക്കാൻ അത്ലറ്റുകൾ സ്പൈക്ക് ഷൂസുകളും ഫുട്ബോൾ താരങ്ങൾ സ്റ്റഡ് ഷൂസുകളും ഉപയോഗിക്കുന്നു. ഇത് കളിക്കളവുമായുള്ള ഗ്രിപ്പ് വർദ്ധിപ്പിക്കുകയും ഊർജ്ജനഷ്ടമില്ലാതെ പ്രതിബലം മുഴുവനായി ശരീരത്തിലേക്ക് ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഊർജ്ജനഷ്ടം കുറയ്ക്കുന്ന സിന്തറ്റിക് ട്രാക്കുകളിൽ ഓടുമ്പോൾ മികച്ച പ്രതിബലം ലഭിക്കുന്നതിനാൽ താരങ്ങൾക്ക് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുന്നു. എന്നാൽ മണ്ണിലോ മണലിലോ ഓടുമ്പോൾ പ്രയോഗിക്കുന്ന ബലത്തിന്റെ ഒരു ഭാഗം മണ്ണ് ആഗിരണം ചെയ്യുന്നതിനാൽ പ്രതിബലം കുറയുകയും ഓട്ടത്തിന്റെ വേഗത കുറയുകയും ചെയ്യുന്നു.
കേവലം ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ എന്നതിലുപരി, കായികരംഗത്തെ ഓരോ ചലനത്തിന്റെയും നിർണായകമായ അടിത്തറയായി പ്രവർത്തിക്കുന്നത് ന്യൂട്ടൺ ആവിഷ്കരിച്ച ഈ മൂന്ന് ചലനനിയമങ്ങളാണ്. കളിക്കളത്തിൽ മനുഷ്യശരീരമെന്ന സങ്കീർണയന്ത്രം പ്രകടിപ്പിക്കുന്ന ഏതൊരു ചലനത്തിനുപിന്നിലും ഈ ശാസ്ത്രീയസത്യങ്ങൾ കൃത്യതയോടെ സ്വാധീനം ചെലുത്തുന്നുണ്ട്. ബയോമെക്കാനിക്കൽ വിശകലനങ്ങൾക്കും വ്യവസ്ഥാപിതമായ പരിശീലനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഇന്നത്തെ കാലഘട്ടത്തിൽ, ഈ നിയമങ്ങൾ ശരിയായി ഗ്രഹിക്കുന്നത് അത്ലറ്റുകളുടെ പ്രകടനം മികച്ചതാക്കാനും പരിക്കുകളേൽക്കാതെ കൂടുതൽ നേട്ടങ്ങൾകൈവരിക്കാനും അത്യന്താപേക്ഷിതമാണ്.
കളിക്കളത്തിലെ ചലനങ്ങളുടെ ആരംഭം മുതൽ അവസാനം വരെ ഈ മൂന്ന് നിയമങ്ങളും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ഒരു ഘട്ടത്തിലും ഇവയെ വേർതിരിച്ചു കാണാനാകില്ല. ഈ ഭൗതികനിയമങ്ങളെ തികഞ്ഞ കൃത്യതയോടെ ശരീരചലനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനെയാണ് കായികരംഗത്തെ മികവ് എന്നതിലൂടെ നിർവചിക്കുന്നത്. കായികതാരങ്ങൾക്ക് കുറഞ്ഞ ഊർജ്ജചെലവിൽ പരമാവധി ശക്തിയും വേഗതയും കൈവരിക്കാനും, സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് സ്വന്തംശരീരത്തെയും ഉപകരണങ്ങളെയും ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സഹായിക്കുന്ന പ്രായോഗിക ശാസ്ത്രമാർഗരേഖയാണ് ന്യൂട്ടന്റെ ചലനനിയമങ്ങൾ.














