നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തിലേക്ക്

എം വി ഗോവിന്ദൻ
Published on Jan 01, 2026, 12:00 AM | 3 min read
ലോകം പുതുവർഷത്തിലേക്ക് കടന്നിരിക്കുകയാണല്ലോ. ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് പുതുവർഷത്തെ വരവേൽക്കുന്നത്. സ്വാഭാവികമായും കഴിഞ്ഞവർഷത്തെ സംഭവങ്ങളെ വിലയിരുത്തി പുതുവർഷത്തെ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. കേരളത്തെ സംബന്ധിച്ച് 2026 നിർണായക വർഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണിത്. ഒമ്പതരവർഷമായി അധികാരത്തിലുള്ള എൽഡിഎഫിന്റെ തുടർഭരണം പ്രതീക്ഷിക്കുന്ന സുപ്രധാന ജനവിധിയാണ് നടക്കാൻ പോകുന്നത്. നവകേരള നിർമിതിയുമായി മുന്നോട്ടുപോകണമോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനമാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്.
പിണറായി സർക്കാരിനുമുമ്പ് അഞ്ചുവർഷം ഉമ്മൻചാണ്ടി സർക്കാരായിരുന്നു ഭരിച്ചത്. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇന്ത്യയിൽ അവതരിപ്പിച്ച നവ ഉദാരവാദ പരിഷ്കാരങ്ങൾ കേരളത്തിൽ പൂർണമായും നടപ്പാക്കാൻ ശ്രമിച്ച സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടേത്. ജനങ്ങൾക്ക് ലഭ്യമായിരുന്ന പല സാമൂഹ്യ ക്ഷേമ–സേവനങ്ങളും നിർത്തലാക്കാനും ശ്രമിച്ചു. ക്ഷേമപെൻഷൻ കൊടുക്കാതിരുന്നതും സ്കൂളുകൾ അടച്ചുപൂട്ടിയതും ആരോഗ്യമേഖലയിൽനിന്ന് പിൻവാങ്ങിയതും പൊതുവിതരണസമ്പ്രദായം തകർത്തതും ഇക്കാലത്തായിരുന്നു. ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കി കേരളത്തെ പുറകോട്ടുവലിച്ച സർക്കാരായിരുന്നു അത്. അതോടൊപ്പം അവശ്യംവേണ്ട പശ്ചാത്തലവികസന പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്‌തു. ഇൗ ഘട്ടത്തിലാണ് നവകേരള നിർമിതി എന്ന ലക്ഷ്യവുമായി പിണറായി സർക്കാർ അധികാരത്തിൽ വന്നത്.
പ്രളയവും മഹാമാരികളും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനും ക്ഷേമ–വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനും പിണറായി സർക്കാരിന് കഴിഞ്ഞു. വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. 2025ലെ ചില നേട്ടങ്ങളെക്കുറിച്ചുമാത്രം ഓർമിപ്പിക്കാം. വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ആരോഗ്യമേഖലയിൽനിന്ന് വന്ന വാർത്ത, ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിൽ കേരളം അമേരിക്കയെ കടത്തിവെട്ടി എന്നതാണ്. അതുപോലെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന അതിദാരിദ്ര്യമുക്തമായത് 2021ലാണ്. സോഷ്യലിസ്റ്റ് ചൈന നേടിയ ആ നേട്ടം 2025 നവംബർ ഒന്നിന് കേരളവും കൈവരിച്ചു. മാനവ വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനംമാത്രമല്ല, പല വികസിതരാജ്യങ്ങൾക്കും ഒപ്പമാണ് കേരളത്തിന്റെ സ്ഥാനം. സ്ത്രീസുരക്ഷാ പെൻഷൻ 1000 രൂപവീതം നൽകാനും യുവജനങ്ങൾക്ക് നൈപുണ്യ വികസനത്തിനും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാനും 1000 രൂപവീതം നൽകാനും തീരുമാനിച്ചത് കഴിഞ്ഞവർഷത്തിലായിരുന്നു. അത് നൽകാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.
അതായത് നവ ഉദാരവാദകാലത്തും ക്ഷേമത്തിലും വികസനത്തിലും ഊന്നുന്ന കേരളമാതൃക മുന്നോട്ടുകൊണ്ടുപോകാൻ പിണറായി സർക്കാരിന് കഴിഞ്ഞു. മുതലാളിത്തപാത അംഗീകരിച്ച കേന്ദ്രസർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ചെറിയ സംസ്ഥാനം നവ ഉദാരവാദ നയങ്ങൾക്ക് ബദൽ ഉയർത്തുന്നത് സകലമാന വലതുപക്ഷശക്തികളെയും പ്രകോപിപ്പിച്ചു. ലാറ്റിനമേരിക്കയിൽ ഇപ്പോൾ തീവ്രവലതുപക്ഷം അമേരിക്കൻ സഹായത്തോടെ ഇടതുപക്ഷസർക്കാരുകൾക്കെതിരെ എങ്ങനെയാണോ അക്രമാസക്തമായി നീങ്ങുന്നത് അതുപോലെയാണ് കേരളത്തിലെ വലതുപക്ഷം പ്രത്യയശാസ്ത്രവും കൊടിയുടെ നിറവും മാറ്റിവച്ച് ഇടതുപക്ഷത്തിനെതിരെ യോജിക്കുന്നത്. മതരാഷ്ട്രവാദികളും തീവ്രവാദികളും സ്വത്വവാദികളും വലതുപക്ഷമാധ്യമങ്ങളും മുഖ്യധാരാ വലതുപക്ഷവുമെല്ലാം കൈകോർത്ത് ഇടതുപക്ഷത്തിനെതിരെ തിരിയുന്നതാണ് 2025ന്റെ ഒടുവിൽ കണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങി പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വികസിച്ച ഈ അവിശുദ്ധസഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലും ഫലപ്രഖ്യാപനത്തിനുശേഷവും പ്രകടമായി. തൃശൂരിലെ മറ്റത്തൂരിലും ചൊവ്വന്നൂരിലും കോട്ടയത്തെ കുമരകത്തും കണ്ടത് അതാണ്. ഏത് ഹീനമാർഗത്തിലൂടെയും അവിശുദ്ധമായ കൂട്ടുകെട്ടിലൂടെയും ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഏക അജൻഡയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു പഞ്ചായത്തിൽ ജയിച്ച എട്ട് യുഡിഎഫ് അംഗങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പാർടിയിൽനിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് ഇടതുപക്ഷം ഭരണത്തിൽ വരുന്നത് തടഞ്ഞു. അതിനുശേഷം ഈ കാവിപുതക്കലിനെ ഒരുമടിയും കൂടാതെ പ്രതിപക്ഷനേതാവ് അടക്കം ന്യായീകരിക്കുകയാണ്.
മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ചേർന്ന് പല തദ്ദേശസ്ഥാപനങ്ങളിലെയും ഭരണം പിടിക്കാനും കോൺഗ്രസിനും ബിജെപിക്കും ഒരു മടിയുമില്ല. ഇടതുപക്ഷം തോറ്റുകണ്ടാൽമാത്രം മതി. ആർഎസ്എസും ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചില ജാതിസംഘടനകളും ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷത്തിനെതിരെ തിരിയുന്നുവെന്നതാണ് പുതുവർഷത്തിലെ രാഷ്ട്രീയസമവാക്യം. രാഷ്ട്രീയരംഗത്തെ മലീമസമാക്കുന്ന, മതനിരപേക്ഷതയ്‌ക്കും സമാധാനജീവിതത്തിനുമെതിരായ ഈ നീക്കം പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമങ്ങൾ. മറ്റത്തൂരിലെ രാഷ്ട്രീയ മലക്കംമറിച്ചിലിൽ ഒരു രാഷ്ട്രീയ അട്ടിമറിയും ഈ മാധ്യമങ്ങൾ കാണുന്നില്ല.
മുഖ്യധാരാ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവർ ഒരു മുഖപ്രസംഗംപോലും എഴുതാൻ തയ്യാറായില്ല. ബിജെപി സർക്കാരുകളെ അനുകരിച്ച് ബംഗളൂരുവിലെ യെലഹങ്കയിൽ ഇരുനൂറോളം വരുന്ന മുസ്ലിം–ദളിത് വീടുകൾ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. വീട് നഷ്‌ടപ്പെട്ടവരുടെ കണ്ണീരൊപ്പാൻ എത്തിയ സിപിഐ എം നേതാവും എംപിയുമായ എ എ റഹിമിനെ ഭാഷയുടെ പേരിൽ അധിക്ഷേപിക്കാനാണ് മാധ്യമങ്ങൾക്ക് തിടുക്കം. നിരാലംബരാക്കപ്പെട്ടവരുടെ വേദനകളോ അതിന് കാരണക്കാരായ ഭരണാധികാരികളുടെ ധാർഷ്‌ട്യമോ ഇവർക്ക് വാർത്തയേ ആയില്ല. ഈ വിഷയത്തിൽ പ്രതിസ്ഥാനത്തായ കോൺഗ്രസിനെയും വലതുപക്ഷത്തെയും രക്ഷിച്ചെടുക്കാനാണ് ശ്രമം.
ഇടതുപക്ഷത്തിന് ഒരു മേൽക്കൈയും ലഭിക്കരുതെന്ന ചിന്തയാണ് ഇവിടെയും കാണുന്നത്. അതായത് ഇടതുപക്ഷത്തിനെതിരെ വലിയ ധ്രുവീകരണമാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെ ചെറുത്തുതോൽപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതുവർഷത്തിൽ സിപിഐ എം–ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്ക് ഏറ്റെടുക്കാനുള്ളത്. നിശ്ചയദാർഢ്യത്തോടെയും ഒത്തൊരുമയോടെയും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചാൽ ഈ ശക്തികളെ തോൽപ്പിക്കാൻ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അതിജീവിക്കാൻകഴിഞ്ഞ ഇടതുപക്ഷത്തിന്, ഈ അവിശുദ്ധ രാഷ്ട്രീയകൂട്ടുകെട്ടിനെയും പരാജയപ്പെടുത്താനും തുടർഭരണം ഉറപ്പിക്കാനും കഴിയും. ഏവർക്കും നവവർഷാശംസകൾ.













