ഇന്ത്യയുടെ ശബ്‌ദം.

എം വി ഗോവിന്ദൻ
Published on Jul 23, 2026, 12:00 AM | 3 min read
പന്ത്രണ്ട് വർഷമായി എതിർശബ്‌ദങ്ങളെ രാജ്യദ്രോഹമായും ഭീകരവാദമായും ചിത്രീകരിച്ച് അടിച്ചമർത്തുന്ന മോദിസർക്കാരിന് അതിന് കഴിയാത്ത സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. നീറ്റ്-–സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്താൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. പാർലമെന്റിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കുംവരെ പ്രതിഷേധം പടർന്നുവെന്നത് മോദിസർക്കാരിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും കൂസാതെ പതിനായിരങ്ങളാണ് പാർലമെന്റിലേക്ക് മാർച്ച് ചെയ്തത്. രണ്ടുവർഷംമുമ്പ് മോദിസർക്കാരിനെ മുട്ടുകുത്തിച്ച കർഷകർക്കുപോലും പാർലമെന്റിന്റെ മുന്നിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കോക്രോച്ച് ജനതാ പാർടിയുടെ (സിജെപി) ആഹ്വാനമനുസരിച്ച് നടന്ന പാർലമെന്റ് മാർച്ച് ലക്ഷ്യംകണ്ടു.
തിങ്കളാഴ്‌ച ലക്ഷത്തിലധികംപേരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയത്. വിദ്യാർഥികൾമാത്രമല്ല, രക്ഷിതാക്കളും മാർച്ചിനെത്തി. സ്ത്രീകളും പെൺകുട്ടികളും ധാരാളം പങ്കെടുത്തു. ജനക്കൂട്ടത്തെ തടയാൻ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ഇന്റർനെറ്റ് വിലക്കി. ലാത്തിവീശുകയും കണ്ണീർവാതക ഷെല്ലുകൾ പൊട്ടിക്കുകയും ചെയ്തു. ഷോക്ക് ബാറ്റണുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചുവെന്ന് "ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്തു. ‘എന്നെ എത്ര വേണമെങ്കിലും മർദിച്ചോ’ എന്നു പറഞ്ഞ് പൊലീസിനെ വെല്ലുവിളിക്കുന്ന നാഗ്പുരിൽനിന്നുള്ള യുവാവിന്റെ ദൃശ്യം മോദിസർക്കാരിനെതിരെ പൊരുതാനുള്ള വിദ്യാർഥികളുടെ നിശ്ചയദാർഢ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രതിഷേധശബ്ദങ്ങൾ അടിച്ചമർത്തി, എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും കൈപ്പിടിയിലമർത്തി ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്ന കേന്ദ്രസർക്കാരിനെതിരെ പൊരുതാനുള്ള ശേഷി വിദ്യാർഥികൾ നേടി. ഇത് ആശാവഹമായ മാറ്റമാണ്.
പ്രതിപക്ഷപാർടികളെ പിളർത്തിയും തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ചും രാജ്യത്തും സംസ്ഥാനങ്ങളിലും അധികാരം നേടാമെന്നതിനാൽ ജനങ്ങൾ ഉയർത്തുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനോ പ്രതികരിക്കാനോപോലും മോദിസർക്കാർ തയ്യാറല്ല. പരീക്ഷാപേപ്പർ ചോർച്ചയെക്കുറിച്ചും ഇതായിരുന്നു അവസ്ഥ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കണമെന്നതിനെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി ചോദ്യപേപ്പർ തുടർച്ചയായി ചോർന്നപ്പോൾ ‘മൗനിബാബ’യായി. അയോധ്യയിലെ ശ്രീരാമ ക്ഷേത്രക്കൊള്ള വിഷയത്തിലും അവിടെ പ്രതിഷ്ഠ നടത്തിയ മോദിക്ക് മൗനം. മോദി ഭരണകാലത്ത് 150ലധികം ചോദ്യപേപ്പറുകളാണ് ചോർന്നത്. ഏഴരക്കോടിയിലധികം കുട്ടികളെയാണ് ഇത് ബാധിച്ചത്. ചോദ്യപേപ്പറുകൾ ചോർത്തുക എന്നത് വൻ വ്യവസായമായി. ഈ സമാന്തരവ്യവസായത്തിന് കടിഞ്ഞാണിടാനല്ല, പ്രോത്സാഹിപ്പിക്കാനാണ് മോദിസർക്കാർ തയ്യാറായത്. ഇത്രയും ഗുരുതരമായ ചോർച്ചയുണ്ടായിട്ടും ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതിൽനിന്ന് അത് വ്യക്തം. വിദ്യാർഥികളുമായോ നിരാഹാരമിരുന്ന സോനം വാങ്ചുക്കുമായോ ചർച്ച നടത്താൻ സർക്കാർ തയ്യാറായില്ല.
വിദ്യാഭ്യാസമന്ത്രി ഒരു പ്രസ്താവനപോലും ഇറക്കിയില്ല. 21 ദിവസം ജന്തർ മന്തറിലും തുടർന്ന് ആശുപത്രിയിലും നിരാഹാരം തുടരുന്ന വാങ്ചുക്കുമായി ചർച്ച നടത്താൻ ഒരു ഉദ്യോഗസ്ഥനെപ്പോലും അയക്കാൻ മോദിസർക്കാർ തയ്യാറായില്ല. അവസാനം അദ്ദേഹത്തെ മഫ്തി വേഷത്തിലെത്തിയ പൊലീസുകാർ കാമറകൾ മറച്ച് അറസ്റ്റ് ചെയ്ത രീതി ഒരു ജനാധിപത്യരാഷ്ട്രത്തിനും അംഗീകരിക്കാനാകില്ല.
എന്നാൽ, ജൂലൈ 20ന് പാർലമെന്റ് മാർച്ച് നടന്നതോടെ സർക്കാർ വിറച്ചു. ആരോഗ്യമന്ത്രി ജെ പി നദ്ദ രണ്ടംഗ സിജെപി പ്രതിനിധിസംഘത്തെ കണ്ടു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാങ്‌ചുക്കിനെ മോചിപ്പിക്കുക, ആത്മഹത്യചെയ്ത കുട്ടികളുടെ കുടുംബത്തിന് ഒരുകോടി രൂപവീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചത്. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ലെങ്കിലും സിജെപിയെ സർക്കാരിന് ചർച്ചയ്‌ക്ക് വിളിക്കേണ്ടിവന്നു. അതോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷനേതാവുമായി ചർച്ച നടത്താൻ കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ് തയ്യാറായി.
എൻഡിഎ യോഗത്തിൽ പരീക്ഷാപേപ്പർ ചോർച്ചയെക്കുറിച്ച് മോദിയും പ്രതികരിച്ചു. ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോർച്ചയില്ലാതെ പരീക്ഷാനടത്തിപ്പ് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടിവന്നു. അവസാനമായി വിദ്യാഭ്യാസമന്ത്രി പ്രതിപക്ഷനേതാവ് നടത്തിയ സമരത്തെക്കുറിച്ച് പ്രതികരിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് മോദിസർക്കാരിന് ഇളക്കംതട്ടൽ ആരംഭിച്ചുവെന്നാണ്. ബിജെപിയെ എന്നും പിന്തുണയ്‌ക്കുന്ന മധ്യവർഗകുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് മോദിവിരുദ്ധ മുദ്രാവാക്യമുയർത്തി തെരുവിൽ ഇറങ്ങിയിട്ടുള്ളത് എന്നത് മോദി-–ഷാ കൂട്ടുകെട്ടിന്റെ ഉറക്കംകെടുത്തുകയാണ്.
അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ സമരത്തിന്റെ ഗുണഭോക്താവാണ് മോദി. സമാനമായ സമരത്തിന്റെ കടലിരമ്പത്തിൽ മോദിസർക്കാരും ഉലയുകയാണ്. ഇൗ സാഹചര്യത്തിലേക്ക് നയിക്കുന്നതിൽ ഇടതുപക്ഷത്തിനും പങ്കുവഹിക്കാൻ കഴിയുന്നുണ്ട്. സിജെപി ഉയർത്തിയ ആവശ്യത്തെ സിപിഐ എം മാത്രമല്ല, മറ്റു കമ്യൂണിസ്റ്റ് ഇടതുപക്ഷ പാർടികളും പിന്തുണച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും മറ്റ് നേതാക്കളും എംപിമാരും സത്യഗ്രഹപ്പന്തലിലെത്തി വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചു. എസ്എഫ്ഐ ഉൾപ്പെടെ ഇടതുപക്ഷ വിദ്യാർഥിസംഘടനകളും നിരാഹാരത്തിൽ പങ്കെടുത്തു. ഈ സമരത്തിൽ ഇടതുപക്ഷത്തിന്റെ പങ്കാളിത്തം മറയ്ക്കാൻ മലയാളമാധ്യമങ്ങൾ മത്സരിച്ചെങ്കിലും രേവതി ലോളിനെപ്പോലുള്ളവർ അത് അടയാളപ്പെടുത്താൻ തയ്യാറായി.
"ജന്തർ മന്തറിലെ തെരുവുകളിൽ ഞാൻ കണ്ടത് സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും മാത്രമല്ല, ആശയപരമായി പ്രതിബദ്ധവും ശക്തവുമായ ഇടതുപക്ഷത്തിന്റെ സാന്നിധ്യമായിരുന്നു’ എന്ന് രേവതി ലോൾ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മൂന്നു കരിനിയമങ്ങൾ പിൻവലിച്ച് മോദിക്ക് കീഴടങ്ങേണ്ടിവന്ന കർഷകപ്രക്ഷോഭത്തിനുപിന്നിലും ഇടതുപക്ഷം നിലയുറപ്പിച്ചിരുന്നു. പാർലമെന്റിൽ ലഭിക്കുന്ന സീറ്റിന്റെയും വോട്ടിന്റെയും ബലത്തിൽമാത്രം സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും വിലയിരുത്തുന്നത് ഭീമാബദ്ധമായിരിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്. അമേരിക്കയുമായും ബ്രിട്ടനുമായുംമറ്റും ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാറുകൾ രാജ്യത്തെ കർഷകരുടെ താൽപ്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് നീങ്ങുകയാണ്. ഈ പ്രക്ഷോഭത്തെയും ഇടതുപക്ഷം പിന്തുണയ്‌ക്കുന്നു.
ഇത്തരം പ്രക്ഷോഭങ്ങളെ ബിജെപി എന്നപോലെ കോൺഗ്രസും സംശയത്തോടെയാണ് വീക്ഷിക്കാറുള്ളത്. കാരണം, രാജ്യത്ത് നിലവിലുള്ള ബൂർഷ്വാ- ഭൂപ്രഭു വർഗ ഭരണത്തിന്റെ താൽപ്പര്യങ്ങളാണ് കോൺഗ്രസിനെയും നയിക്കുന്നത്. അതുകൊണ്ട് സംശയത്തോടെയാണ് സിജെപിയെ കോൺഗ്രസ് വീക്ഷിച്ചത്. മോദിസർക്കാരിനെതിരെയുള്ള രോഷം തണുപ്പിക്കാൻ സംഘപരിവാർ സൃഷ്ടിച്ച പ്രസ്ഥാനമാണ് ഇതെന്നും അതിനാലാണ് ജന്തർ മന്തറിൽ പ്രക്ഷോഭത്തിന് അനുമതി ലഭിച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രചരിപ്പിച്ചിരുന്നു. ജയ്റാം രമേഷ്തന്നെ ഇക്കാര്യം തുറന്നുസമ്മതിക്കുന്നു. തുടക്കംമുതൽ സിജെപിയോട് ശത്രുതാസമീപനമാണ് കോൺഗ്രസ് കൈക്കൊണ്ടത്. വർഷങ്ങളായി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോൺഗ്രസും അതിന്റെ വിദ്യാർഥിസംഘടനയും സമരം ചെയ്യുകയാണെന്നും അതിനാൽ സിജെപി സമരത്തെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നുമുള്ള സമീപനമായിരുന്നു രാഹുൽ ഗാന്ധിക്ക്. വാങ്ചുക് നിരാഹാരമിരുന്നപ്പോൾ രാഹുലോ പ്രിയങ്കയോ തിരിഞ്ഞുനോക്കിയില്ല. മറ്റെല്ലാ പ്രതിപക്ഷനേതാക്കളും സമരപ്പന്തലിൽ എത്തി. സമരത്തിന് നാൾക്കുനാൾ പിന്തുണ വർധിച്ചതോടെയാണ് കോൺഗ്രസ് വക്താവിനെ സമരപ്പന്തലിലേക്ക് അയച്ചത്. കോൺഗ്രസിന്റെ പിന്തുണയില്ലാതെതന്നെ പാർലമെന്റ് മാർച്ച് വൻ വിജയമായതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി പ്രക്ഷോഭത്തിനൊപ്പമാണ് തങ്ങളെന്ന് കാണിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്.
കേന്ദ്രസർക്കാരിനെതിരെ എല്ലാ പ്രതിപക്ഷപാർടികളെയും സംസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിക്കേണ്ട കോൺഗ്രസ് അതിനുള്ള മുൻകൈ എടുക്കാത്തതാണ് മോദിക്ക് ഊർജംപകരുന്നത്. ഇനിയെങ്കിലും മോദിസർക്കാരിനെതിരെയുള്ള മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന സമീപനം ഉപേക്ഷിച്ച് വിശാല പ്രതിപക്ഷവേദി കെട്ടിപ്പടുക്കാൻ കോൺഗ്രസ് തയ്യാറാകണം. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് ചാഞ്ചല്യമോ സംശയമോ ഇല്ല. സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന മോദിസർക്കാരിനെതിരെ യോജിക്കുന്ന എല്ലാവരുമായും കൈകോർത്ത് മുന്നേറാൻ സിപിഐ എമ്മും ഇടതുപക്ഷവും എപ്പോഴും തയ്യാറാണ്.













