തകർന്ന് പരീക്ഷാ സിസ്റ്റം കുറ്റക്കാരെ സംരക്ഷിച്ച് മോദി

എം പ്രശാന്ത്
Published on Jun 03, 2026, 09:41 PM | 4 min read
സ്‌കൂൾ കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സംവാദപരിപാടിയാണ് ‘പരീക്ഷാ പേ ചർച്ച’. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2018 മുതൽ എല്ലാ വർഷവും മുടങ്ങാതെ തുടരുന്നുണ്ട് ഇൗ ചർച്ചാപ്രഹസനം. ഇൗ വർഷം ആറുമുതൽ 12 വരെ ക്ലാസുകളിലായി നാലരക്കോടി വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ സംവാദപരിപാടിയിൽ പങ്കെടുത്തെന്നാണ് വിദ്യാഭ്യാസമന്ത്രാലയം അവകാശപ്പെടുന്നത്. പരീക്ഷാപ്പേടി ഏതുവിധത്തിൽ അകറ്റാം, എങ്ങനെ സമയബന്ധിതമായി പരീക്ഷ എഴുതാം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയിൽ പ്രധാനമന്ത്രി ഉൗന്നിയത്.
എന്നാൽ, പ്രധാനമായ രണ്ടു കാര്യങ്ങൾ മോദി വിട്ടുപോയി. ചോദ്യപേപ്പർ ചോർച്ചയെ എങ്ങനെ നേരിടാമെന്നും മൂല്യനിർണയത്തിലെ അപാകത്തെ ഏതു രീതിയിൽ കൈകാര്യം ചെയ്യാസിസ്റ്റമാകെ തകർന്നിട്ടും ഉത്തരവാദിയില്ലമെന്നുംകൂടി പ്രധാനമന്ത്രി പറയേണ്ടിയിരുന്നു. ഫെബ്രുവരിയിൽ മോദിയുടെ പരീക്ഷാചർച്ച കഴിഞ്ഞ് നാലുമാസം പിന്നിടുമ്പോൾ രാജ്യത്തെ ഒരുകോടി വരുന്ന വിദ്യാർഥികളും ഉദ്യോഗാർഥികളും കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതും പരീക്ഷാനടത്തിപ്പിലെ പാളിച്ചകളും മൂല്യനിർണയത്തിലെ ഗുരുതര വീഴ്‌ചകളുമാണ് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും രാജ്യവ്യാപകമായി പ്രതിസന്ധിയിലേക്ക് തള്ളിയത്.
തുടക്കം നീറ്റ് ചോദ്യം ചോർച്ച
എംബിബിഎസ് ഉൾപ്പെടെ വിവിധ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശനപരീക്ഷയാണ് നീറ്റ്. 22 ലക്ഷം വിദ്യാർഥികളാണ് ഇൗ വർഷം നീറ്റ് പരീക്ഷ എഴുതിയത്. രാജ്യമാകെ സർക്കാർ–സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 1.3 ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കും 28,000 ബിഡിഎസ് സീറ്റുകളിലേക്കും 52,000 ആയുഷ് സീറ്റുകളിലേക്കും നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒന്നരലക്ഷം ബിഎസ്‌സി നഴ്‌സിങ് സീറ്റുകളിലേക്കും ഇതേ മാർക്കാണ് പരിഗണിക്കുന്നത്.
ഒന്നാം മോദിസർക്കാരിന്റെ കാലത്ത് 2016ലാണ് വിവിധ മെഡിക്കൽ കോഴ്‌സുകളിലേക്ക് നീറ്റ് എന്ന ഏക പ്രവേശനപരീക്ഷയ്‌ക്ക് തുടക്കമാകുന്നത്. വിദ്യാഭ്യാസം സമവർത്തി പട്ടികയിലാണെങ്കിലും മോദിസർക്കാർ അധികാരത്തിൽ എത്തിയതുമുതൽ വിവിധ പ്രവേശനപരീക്ഷകളെ കേന്ദ്രവൽക്കരിക്കുന്ന ‘ഒരു രാജ്യം ഒരു പരീക്ഷ’ എന്ന നയസമീപനമാണ് സ്വീകരിക്കുന്നത്. തമിഴ്‌നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ എതിർത്തിട്ടും ഫെഡറൽ തത്വങ്ങളെ പുച്ഛിച്ചുതള്ളുന്ന ബിജെപി സർക്കാർ, നീറ്റിൽനിന്ന് പിന്നാക്കംപോയില്ല. നീറ്റ് അടക്കം വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) എന്ന പേരിൽ പുതിയൊരു സംവിധാനത്തിന് രൂപംനൽകുകയും ചെയ്‌തു. കേന്ദ്ര ബിജെപി സർക്കാരും സംഘപരിവാറുമാണ് എൻടിഎയെ പൂർണമായും നിയന്ത്രിക്കുന്നത്.
നീറ്റ് പരീക്ഷയിലെ പോരായ്‌മകൾ 2017ൽത്തന്നെ വെളിപ്പെട്ടു. തമിഴ് അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നീറ്റ് ചോദ്യങ്ങൾ കടുപ്പമേറിയതാണെന്ന നിരീക്ഷണം മദ്രാസ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായി. 2021, 2022, 2024 വർഷങ്ങളിലും നീറ്റ് പരീക്ഷയെച്ചൊല്ലി ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിവാദങ്ങൾ ഉയർന്നു. ഏറ്റവും ഗുരുതരവീഴ്‌ച ഇൗ വർഷമാണ് സംഭവിച്ചത്. കെമിസ്‌ട്രി, ബയോളജി ചോദ്യങ്ങൾ വ്യാപകമായി ചോർന്നു. ‘ഉൗഹ പേപ്പർ’ എന്ന പേരിൽ നീറ്റ് ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് ദിവസങ്ങൾ മുമ്പുതന്നെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിൽപ്പനയ്‌ക്ക് വച്ചു. ഉൗഹ പേപ്പറിലെ ഇരുനൂറോളം ചോദ്യങ്ങളും നീറ്റ് ചോദ്യങ്ങളും ഒന്നുതന്നെയായിരുന്നു.
കുട്ടികളും രക്ഷിതാക്കളും തെളിവുസഹിതം പരാതിയുമായി രംഗത്തുവന്നതോടെ മോദിസർക്കാർ പ്രതിരോധത്തിലായി.
അന്വേഷണം സിബിഐക്ക് വിട്ടു. പരീക്ഷാനടത്തിപ്പ് ഏജൻസിയായ എൻടിഎയിലേക്കും ഭരണകക്ഷിയായ ബിജെപിയിലേക്കുമാണ് അന്വേഷണം എത്തിയത്. പരീക്ഷാപ്രക്രിയയുടെ മേൽനോട്ടത്തിനായി എൻടിഎ ചുമതലപ്പെടുത്തിയ പി വി കുൽക്കർണി എന്ന കെമിസ്‌ട്രി അധ്യാപകനിലേക്കും ഫിസിക്‌സ് വിഷയ വിദഗ്‌ധയായി എൻടിഎ പാനലിലുള്ള മനീഷ സഞ്‌ജയ് ഹവൽദാർ എന്ന സ്‌കൂൾ അധ്യാപികയിലേക്കുമാണ് അന്വേഷണം എത്തിയത്. പരീക്ഷയ്‌ക്ക് ദിവസങ്ങൾമുമ്പ് കുൽക്കർണി തനിക്ക് വേണ്ടപ്പെട്ട വിദ്യാർഥികളെ വിളിച്ചുവരുത്തി ഉൗഹ പേപ്പർ കൈമാറുകയായിരുന്നു. കുൽക്കർണിയുടെ സഹായി ഇത് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുകയും സമൂഹമാധ്യമങ്ങളിലൂടെയുള്ള കച്ചവടത്തിന് തുടക്കമിടുകയും ചെയ്‌തു. രണ്ടുലക്ഷംമുതൽ പത്തുലക്ഷംവരെ രൂപയ്‌ക്കാണ് ഉൗഹ പേപ്പർ സമൂഹമാധ്യമങ്ങളിൽ കച്ചവടം ചെയ്‌തത്. സിക്കർ, കോട്ട, നാസിക് തുടങ്ങി നീറ്റ് കോച്ചിങ്ങിന് പേരുകേട്ട സ്ഥലങ്ങളിൽ ഉൗഹ പേപ്പർ കച്ചവടം പൊടിപൊടിച്ചു. രാജസ്ഥാനിലെ ബിജെപി നേതാവ് ദിനേഷ് ബിവാലും സഹോദരനുമടക്കം അറസ്റ്റിലായവരിലുണ്ട്.
ഉത്തരാഖണ്ഡുകാരനായ കോളേജ് പ്രൊഫസർ പ്രദീപ്‌കുമാർ ജോഷിയാണ് എൻടിഎ ചെയർമാൻ. സംഘപരിവാറുകാരനായ ജോഷി, പഴയകാല ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷിയുടെയും എ ബി വാജ്‌പേയിയുടെയും അടുത്ത സുഹൃത്താണ്. 2006–11 കാലയളവിൽ മധ്യപ്രദേശ് പിഎസ്‌സി തലവനുമായിരുന്നു. വിവിധ പ്രവേശനപരീക്ഷകളും റിക്രൂട്ട്‌മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വ്യാപം കുംഭകോണം മധ്യപ്രദേശിലും രാജ്യമാകെയും കത്തിപ്പടർന്നത് ഇക്കാലത്താണ്. വ്യാപം കുംഭകോണത്തിനുപിന്നാലെ പ്രദീപ്‌കുമാർ ജോഷി ഛത്തീസ്‌ഗഡ് പിഎസ്‌സിയുടെ തലപ്പത്തെത്തി. ഇപ്പോൾ നീറ്റ് പരീക്ഷയിൽ ഗുരുതരവീഴ്‌ച സംഭവിച്ചിട്ടും എൻടിഎ തലപ്പത്ത് ജോഷി ഇളക്കമില്ലാതെ തുടരുകയാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കാൻ എൻടിഎ നിർബന്ധിതമായി. ഇപ്പോൾ ജൂൺ 21ന് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ കടുത്ത സമ്മർദത്തിലാണ്. ചോർച്ച ഇനിയും തുടരില്ലെന്ന് എന്താണുറപ്പ്.
സിബിഎസ്‌ഇയുടെ ഗുരുതരവീഴ്‌ച
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഞെട്ടൽ മാറുംമുമ്പാണ് സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഗുരുതര ആക്ഷേപങ്ങൾ ഉയർന്നത്. 18 ലക്ഷം വിദ്യാർഥികളാണ് ഇൗ വർഷം സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷ എഴുതിയത്. ഫലം വന്നതോടെ രാജ്യമെങ്ങും വിദ്യാർഥികൾ കൂട്ടനിലവിളിയായി. മിക്ക വിഷയങ്ങൾക്കും 90 ശതമാനത്തിനുമുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾ ചില വിഷയങ്ങളിൽ വല്ലാതെ പിന്നാക്കംപോയി. ലക്ഷക്കണക്കിന് കുട്ടികളുടെ മൊത്തത്തിലുള്ള പരീക്ഷാഫലത്തെ ഇത് ബാധിച്ചു. 90 ശതമാനത്തിനുമുകളിൽ മാർക്കുള്ള കുട്ടികളുടെ എണ്ണം മുൻവർഷത്തേക്കാൾ 16 ശതമാനം കുറഞ്ഞു. മൂന്നുലക്ഷത്തോളം കുട്ടികൾ പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടു.
പുനർമൂല്യനിർണയത്തിനായി സിബിഎസ്‌ഇ തയ്യാറാക്കിയ വെബ്‌സൈറ്റും സോഫ്‌റ്റ്‌വെയറും പാളി. വിദ്യാർഥികൾക്ക് സൈറ്റിലേക്ക് പ്രവേശിക്കാൻപോലുമാകാത്ത ഗുരുതരസാഹചര്യം ഉരുത്തിരിഞ്ഞു. പരാതിപ്രവാഹമായതോടെ പുതിയ വെബ്‌സൈറ്റിലേക്ക് മാറാനായി സിബിഎസ്‌ഇയുടെ ശ്രമം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി ശനിയാഴ്‌ചവരെ നീട്ടുകയും ചെയ്‌തു. ഇപ്പോഴും സാങ്കേതികപ്രശ്‌നങ്ങൾ തുടരുകയാണ്.
ഹൈദരാബാദ് കേന്ദ്രീകരിച്ച കോഎംപ്‌റ്റ് എഡ്യുടെക് എന്ന സ്ഥാപനത്തെയാണ് സിബിഎസ്‌ഇ ഓൺ–സ്‌ക്രീൻ മാർക്കിങ്ങിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നത്. നേരത്തേ, ഗ്ലോബരീന എന്ന പേരിലാണ് ഇൗ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 2019ൽ തെലങ്കാനയിലെ പ്ലസ്‌ടു പരീക്ഷയ്‌ക്കായുള്ള സോഫ്‌റ്റ്‌വെയറിന്റെ ചുമതല ഗ്ലോബരീനയ്‌ക്കായിരുന്നു. മൂല്യനിർണയത്തിലെ പാളിച്ചയും സാങ്കേതികപ്രശ്‌നങ്ങളും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഗ്ലോബരീനയ്‌ക്കെതിരെ ഉയർന്നു. പിന്നീടാണ് കോഎംപ്‌റ്റ് എന്ന പേരുമാറ്റലും സിബിഎസ്‌ഇയുടെ കരാർനേടലും. ഐടി മേഖലയിൽ മുൻനിരയിലുള്ള ടിസിഎസിനെ പിന്തള്ളിയാണ് കോഎംപ്‌റ്റ് കരാർ നേടിയത് എന്നതും സംശയകരമാണ്.
സിസ്റ്റമാകെ തകർന്നിട്ടും ഉത്തരവാദിയില്ല
നീറ്റ്, സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷകൾക്കുപുറമെ കേന്ദ്ര സർവകലാശാലകളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള സിയുഇടി പരീക്ഷാനടത്തിപ്പിലും വിവിധ കേന്ദ്രസേനകളിലേക്ക് കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുന്ന എസ്‌എസ്‌സി ജിഡി പരീക്ഷയിലും ഗുരുതര ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. 40 ലക്ഷത്തോളംപേരാണ് എസ്‌എസ്‌സി ജിഡി പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഓരോ പരീക്ഷയുടെ കാര്യത്തിലും ഉയർന്നിട്ടുള്ളത്. ഇതെല്ലാമായിട്ടും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ് മോദിസർക്കാർ. സിബിഎസ്‌ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥലംമാറ്റി പ്രശ്‌നത്തിൽനിന്ന് തലയൂരാനാണ് സർക്കാർ നീക്കം. പരീക്ഷാചർച്ച എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന മോദി, ലക്ഷക്കണക്കിന് വിദ്യാർഥികൾ പ്രതിസന്ധിയിലായിട്ടും മൗനം തുടരുകയാണ്.
















