മറയ്‌ക്കുന്ന നമ്മളല്ലേ ലജ്ജിക്കേണ്ടത്


സുരേന്ദ്രൻ ചീക്കിലോട്
Published on Jun 28, 2026, 04:20 AM | 3 min read
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായി കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ശിൽപ്പത്തെ ഈ വർഷം എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ കലാവിദ്യാഭ്യാസ പാഠപുസ്തകത്തിൽ വസ്ത്രം ധരിപ്പിച്ച് അവതരിപ്പിച്ചല്ലോ. ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും പ്രശസ്ത പുരാതന ശിൽപ്പങ്ങളിൽ ഒന്നാണിത്. 4500 വർഷത്തിലേറെ പഴക്കമുള്ള മോഹൻജൊദാരോയിൽനിന്ന് കിട്ടിയ ശിൽപ്പത്തിന്റെ തനിമ ചോർത്തി പാഠപുസ്തകത്തിൽ കയറ്റിയവർ ഭാരതത്തിന്റെ സാംസ്കാരിക നിലപാടുകളെത്തന്നെയാണ് തിരുത്തി എഴുതിയിരിക്കുന്നത്.
നഗ്നശിൽപ്പം നമ്മോട് പറയുന്നത്
മോഹൻജൊദാരോയിൽനിന്ന് കണ്ടെടുത്ത 10.5 സെന്റിമീറ്റർമാത്രം ഉയരമുള്ള ആ പെൺകുട്ടിയുടെ ശിൽപ്പം ലോകപ്രസിദ്ധമാണ്. ലോകത്തെ മുഴുവൻ അമ്പരപ്പിച്ചത് അവളുടെ നഗ്നതയല്ല; അവളുടെ ഭാവമാണ്. അരയിൽ കൈകുത്തി തലയുയർത്തി നിൽക്കുന്ന ആ നിൽപ്പിൽ ലജ്ജയുമില്ല, ഭയവുമില്ല! ഇരുപത്തഞ്ചോളം വളകൾ കൈയിലണിഞ്ഞ അവൾ അന്നത്തെ നഗരജീവിതത്തിന്റെ, കലയുടെ, സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. സിന്ധുനദീതടവാസികൾ ശരീരത്തെ പാപമായല്ല, ജീവിതത്തിന്റെ ഭാഗമായാണ് കണ്ടത്. അതുകൊണ്ടാണ് ആ ശിൽപ്പം നഗ്നമായത്. 4500 വർഷംമുമ്പ് ഒരു ഭാരതീയ ശിൽപ്പി ഒരു മറയുമില്ലാതെ സൃഷ്ടിച്ച ആത്മവിശ്വാസത്തെ 2026ൽ നമ്മൾ ലജ്ജയോടെ മറയ്ക്കുന്നു. ഇത് സിന്ധുനദീതട സംസ്കാരത്തോട് മാത്രമല്ല, ഭാരതീയ സംസ്കാരത്തോടുതന്നെ ചെയ്യുന്ന നീതികേടാണ്.
നഗ്നതയെ കേവലം ലൈംഗികതയ്ക്കപ്പുറം ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ദർശനങ്ങളെ പിൻപറ്റി അവതരിപ്പിക്കുന്നവയാണ് ഭാരതത്തിന്റെ ശിൽപ്പകലാ പാരമ്പര്യം.
ഒരുകാലത്ത് ഭാരതീയ ക്ഷേത്രങ്ങളിൽ സ്ത്രീകൾ അമ്മ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നു. ജനനവും രതിയും ആനന്ദവും എല്ലാം കൂടിച്ചേർന്ന് ഒരു ഉർവരതാളമായിരുന്നു സ്ത്രീശക്തിയുടെ ഗർഭഗൃഹങ്ങളായിരുന്ന ക്ഷേത്രങ്ങൾ. ഇവിടെ രതി മംഗളദായകമായിട്ടാണ് കരുതപ്പെട്ടിരുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിനും ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾക്കും പുറമേ കർണാടകത്തിലെ ഹംപിയിലെ വിരൂപാ ക്ഷേത്രം, ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രം, ഭുവനേശ്വരിയിലെ ലിങ്ക രാജ്ക്ഷേത്രം, മഹാരാഷ്ട്രയിലെ മാർക്കണ്ഡേയ ക്ഷേത്രം തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ വ്യത്യസ്ത അളവിൽ രതിശിൽപ്പങ്ങളുണ്ട്. താന്ത്രിക് യോഗ്യവിദ്യയുടെയും കാമശാസ്ത്രത്തിന്റെയും സമ്മേളനമാണ് ഈ ക്ഷേത്രങ്ങളിലെ രതിശിൽപ്പങ്ങൾ.
ജീവിതഭാവങ്ങൾ തുടിക്കുന്ന ശിൽപ്പങ്ങൾ
വെറുംകല്ലിൽ കൊത്തിയ രൂപങ്ങളല്ല; ആയിരം വർഷംമുമ്പ് ജീവിച്ച സമൂഹത്തിന്റെ തുറന്ന കാഴ്ചപ്പാടിന്റെയും ജീവിത ദർശനത്തിന്റെയും തെളിവുകളാണ് ഈ ശിൽപ്പങ്ങൾ. ലൈംഗികതയെ ജീവിതത്തിന്റെ സ്വാഭാവിക ഭാവമായി ഉൾക്കൊണ്ട സംസ്കാരത്തിന്റെ അടയാളപ്പെടുത്തലാണത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ രണ്ട് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ മാത്രമേ രതിശിൽപ്പങ്ങൾ ഉള്ളൂ എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ ദൈവങ്ങൾ, പുരാണകഥകൾ, യുദ്ധരംഗങ്ങൾ, നൃത്തം, സംഗീതം, ദൈനംദിന ജീവിതങ്ങൾ എന്നിവ കൊത്തിയിട്ടുള്ള ശിൽപ്പങ്ങളാണ്. ജീവിതത്തെ സമഗ്രമായി കണ്ടുള്ള ഒരു ദർശനമായിരുന്നു പുരാതന കാലംമുതൽ ഇവിടെ നിലനിന്നിരുന്നത്. കാമസൂത്രംപോലുള്ള ഗ്രന്ഥങ്ങൾ കാമത്തെ ശാസ്ത്രമായും കലയായും വീക്ഷിച്ചതിനാലാണ് അവ ക്ഷേത്രഭിത്തിയിലേക്ക് ആവാഹിക്കപ്പെട്ടത്. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും ആലേഖനം ചെയ്യപ്പെട്ടു.
കല്ലിൽ കൊത്തിവച്ച കവിത
ഒമ്പതാം നൂറ്റാണ്ടിന്റെയും പതിനൊന്നാം നൂറ്റാണ്ടിന്റെയും ഇടയിൽ ഭാരതത്തിൽ പണിയിച്ച ക്ഷേത്രങ്ങളിലാണ് പ്രധാനമായും രതിശിൽപ്പങ്ങൾ കാണുന്നത്. ഇവയിൽ ഏറ്റവും സവിശേഷതയാർന്നത് കൊണാർക്കിലെ സൂര്യക്ഷേത്രമാണ്. ഒഡീസിയുടെയും ഭരതനാട്യത്തിന്റെയും കഥക്കിന്റെയും പദചലനങ്ങൾക്കൊത്ത നൃത്തശിൽപ്പങ്ങളുടെ ധാരാളിത്തം അവിടെ പ്രകടമാണ്. ഇവിടത്തെ ശിൽപ്പങ്ങളിലും ഈ താളാത്മകത ദർശിക്കാനാകും. ഭാരതീയ ദർശനപ്രകാരമുള്ള ധർമ അർഥ കാമ മോക്ഷ സങ്കൽപ്പത്തെ പിൻപറ്റുന്ന ശിൽപ്പങ്ങളും പ്രതിമകളുമാണ് ഈ ക്ഷേത്ര ചുമരുകളിൽ വിതാനിച്ചിട്ടുള്ളത്. താഴെഭാഗം കുട്ടികളെ ആകർഷിക്കത്തക്ക വിധത്തിൽ ആന സിംഹം കുതിര മയിൽ തുടങ്ങിയ നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും ശിൽപ്പങ്ങൾ. മധ്യഭാഗത്ത് യുവതി യുവാക്കളെ ദാമ്പത്യജീവിതത്തിന്റെ സർഗാത്മകത നുകരാൻ പ്രേരിപ്പിക്കുന്ന മൈഥുനശിൽപ്പങ്ങൾ. താന്ത്രികരതിയുമായി കണ്ണുചേർന്നു നിൽക്കുന്ന ഈ രതിശിൽപ്പങ്ങൾ പലതും കാമസൂത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക കേളികൾ കരിങ്കൽ ശിൽപ്പങ്ങളിൽ ഉരവംകൊണ്ടവയാണ്. സ്ത്രീപുരുഷന്മാരായ മനുഷ്യർ തമ്മിൽ മാത്രമല്ല, മൃഗങ്ങളും മൃഗങ്ങളും തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള രതിക്രീഡകളുടെ സൂക്ഷ്മഭാവങ്ങൾവരെ നമുക്ക് ഇവിടെ ദർശിക്കാനാകും. ക്ഷേത്ര ചുമരുകളുടെ മുകൾഭാഗത്ത് ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കുന്ന ദേവി ദേവന്മാരുടെയും അപ്സരസുകളുടെയും ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ നിറഞ്ഞതാണ്.
ഭാരതീയ രതിശാസ്ത്ര ഗ്രന്ഥങ്ങളായ കാമസൂത്രത്തിൽനിന്നും രതിരഹസ്യത്തിൽനിന്നും പകർത്തിയെടുത്ത അത്യപൂർവ രഹസ്യനിലകളാണ് ഖജുരാഹോക്ഷേത്രങ്ങളുടെ പുറംചുവരുകളിൽ ഖനീഭവിച്ചിരിക്കുന്നത്. സാമ്പ്രദായികമായ ലൈംഗിക സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന രതിക്രീഡകളാണ് ഓരോ ശിൽപ്പത്തിലുമുള്ളത്.
ഖജുരാഹോ ശിൽപ്പങ്ങളുടെ കേന്ദ്രബിന്ദു സ്ത്രീയാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടത്തെ ശിൽപ്പങ്ങളിലെ സ്ത്രീരൂപങ്ങൾ ഭോഗപ്രതീകങ്ങളെന്നതുപോലെതന്നെ ശക്തിപ്രതീകങ്ങൾകൂടിയാണ്. പുരുഷന്റെമേലുള്ള സ്ത്രീയുടെ ആധിപത്യത്തിന്റെ സൂചനകളുണ്ടിതിൽ. രതിശിൽപ്പങ്ങളിലെ ലൈംഗിക കേളികളിലധികവും സ്ത്രീയുടെ മുൻകൈയിൽ നടക്കുന്ന സർഗാത്മക യജ്ഞംപോലെയാണ് അനുഭവപ്പെടുക.
രതിശിൽപ്പങ്ങളെ മാറ്റിനിർത്തിയാൽ ആകാരവടിവിൽ കൊത്തിയെടുത്ത ദേവതകളുടെയും അപ്സരസുകളുടെയും സുരസുന്ദരിമാരുടെയും സാലഭഞ്ചികമാരുടെയും സുന്ദരശിൽപ്പങ്ങളാണ് ഖജുരാഹോ ശിൽപ്പങ്ങളെ ആകർഷകമാക്കുന്നത്. സ്ത്രീ ശരീരത്തിന്റെ നിമ്നോന്നതങ്ങളെ അളന്നുതൂക്കി ത്രിമാന രൂപത്തിൽ അവതരിപ്പിക്കാനുള്ള ശിൽപ്പികളുടെ അനിതര സാധാരണമായ കരവിരുതാണ് ഈ ശിൽപ്പങ്ങളെ ഭാവസാന്ദ്രമാക്കുന്നത്. ഓരോ കോണിൽനിന്ന് നോക്കുമ്പോഴും ഓരോ ഭാവം സ്‌ഫുരിക്കുന്നവയാണിവ. കേവലം അംഗലാവണ്യത്തിനപ്പുറം രതിഭാവം തുടിക്കുന്ന മുഖചേഷ്ടകളും പ്രകോപനപരമായ അംഗചലനങ്ങളും ശിൽപ്പിയുടെ കരവിരുതിന് വിഷയമായിട്ടുണ്ട്. നായികമാരെ പരിചരിക്കുന്ന തോഴിയുടെ ചിത്രീകരണത്തിൽപ്പോലും ഈ സൂക്ഷ്മാംശങ്ങൾ വളരെ പ്രകടമാണ്.
മനഃശാസ്ത്രത്തിന്റെ സ്വാധീനം
പാശ്ചാത്യലോകത്ത് മനഃശാസ്ത്ര സിദ്ധാന്തങ്ങൾ വെളിപ്പെടുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഭാരതീയർ ലൈംഗികതയെ മനുഷ്യമനസ്സിന്റെ സ്വാഭാവിക ഭാവമായാണ് വീക്ഷിച്ചത്. മനുഷ്യന്റെ അടിസ്ഥാനചോദനകളെ അടിച്ചമർത്തുന്നതിനു പകരം അവയെ അംഗീകരിച്ച് അതിനപ്പുറത്തേക്ക് പോകാനുള്ള ആഹ്വാനമാണിത്. ക്ഷേത്രങ്ങളുടെ പുറംചുമരുകളിൽ മാത്രമാണ് നമുക്ക് രതിശിൽപ്പങ്ങളെ കാണാൻ കഴിയുക. ശ്രീകോവിൽ പൂർണമായും നിർമലമാണ്. താന്ത്രിക സങ്കൽപ്പമനുസരിച്ച് ഭക്തൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ലൗകികമായ എല്ലാ ആഗ്രഹങ്ങളും പുറത്ത് ഉപേക്ഷിക്കണം. രതിശിൽപ്പങ്ങൾ കണ്ട് ആ ചിന്തകളെ അതിജീവിച്ച് വേണം ദൈവസന്നിധിയിലേക്ക് പ്രവേശിക്കാൻ. ശരീരത്തെ നിന്ദിക്കാതെ ആഗ്രഹങ്ങളെ അടിച്ചമർത്താതെ അവയെ അറിഞ്ഞ് അതിനപ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴാണ് യഥാർഥ ആത്മീയതയിലെത്തുന്നത് എന്ന സന്ദേശമാണ് കല്ലിൽ കൊത്തിയ പ്രതിമകളും രതിശിൽപ്പങ്ങളുമൊക്കെ നമ്മോട് പറയുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് വിക്ടോറിയൻ സദാചാരചിന്തകൾ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടതോടെ രതിശിൽപ്പങ്ങളും നഗ്നതയിൽ രൂപപ്പെട്ട പ്രതിമകളുമൊക്കെ അശ്ലീലമായി മുദ്രകുത്തപ്പെട്ടു. ബ്രിട്ടീഷുകാർ നാടുവിട്ട് ദശാബ്‌ദങ്ങൾ പിന്നിട്ടിട്ടും നമുക്ക് നമ്മുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് നാണക്കേട് തോന്നിത്തുടങ്ങുന്നു എന്നതാണ് എൻസിഇആർടി ചരിത്രപണ്ഡിതന്മാരുടെ പ്രതിമകളെ വസ്ത്രം ധരിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് വെളിപ്പെടുന്നത്.















