ad
Deshabhimani

Articles

അർബുദം മരണ വാറന്റല്ല

അർബുദം മരണ വാറന്റല്ല

cancer
avatar
ഡോ. ബൈജു സേനാധിപൻ

Published on Jun 05, 2026, 10:40 PM | 2 min read

‘അർബുദം’ മനുഷ്യരാശിയെ ഇന്നും ഭയപ്പെടുത്തുന്ന പദമാണ്. അതേസമയം, ഭയത്തിന്റെ നിഴലിൽനിന്നു മാറി, പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പുതിയ പ്രഭാതം നമ്മൾ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാ വർഷവും ജൂണിൽ ആചരിക്കുന്ന ദേശീയ അർബുദ അതിജീവനദിനം (National Cancer Survivors Day) ഓർമിപ്പിക്കുന്നത് ഈ പോരാട്ടത്തിന്റെ വലിയ വിജയഗാഥകളാണ്. വൈദ്യശാസ്‌ത്രം അർബുദത്തെ മരണ വാറന്റായി കണ്ട കാലം കഴിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിക്കുന്ന ദിവസംമുതൽ ബാധിതയെ ‘അതിജീവൻ' (Survivor) എന്നാണ് വിളിക്കുന്നത്. ഈ ദിനം അർബുദത്തെ പരാജയപ്പെടുത്തിയവർക്കുള്ള ആഘോഷം മാത്രമല്ല; ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്ക് വലിയ പ്രചോദനം നൽകുന്ന ദിനംകൂടിയാണ്.


മാറുന്ന ചികിത്സാരീതി


​ആധുനിക വൈദ്യശാസ്‌ത്രം, പ്രത്യേകിച്ച് ശസ്‌ത്രക്രിയാരംഗം അർബുദചികിത്സയിൽ കൈവരിച്ച നേട്ടങ്ങൾ അതിശയകരമാണ്. ഉദരസംബന്ധമായ (ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ) അർബുദചികിത്സയിൽ ദശാബ്‌ദങ്ങൾക്കുമുമ്പുള്ള അവസ്ഥയല്ല ഇന്ന്‌. ആമാശയം, കുടൽ, പാൻക്രിയാസ്, കരൾ, അന്നനാളം തുടങ്ങിയവയെ ബാധിക്കുന്ന അർബുദത്തിന്‌, മുമ്പ്‌ വലിയ മുറിവുകളിലൂടെയുള്ള സങ്കീർണമായ ശസ്‌ത്രക്രിയ വേണ്ടിയിരുന്നു. ഇന്ന് അത്തരം സങ്കീർണകളില്ലാതെ താക്കോൽദ്വാര ശസ്‌ത്രക്രിയയിലൂടെ (ലാപ്രോസ്‌കോപ്പി) വിജയകരമായി ചെയ്യാനാകും. കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലെ അർബുദംപോലും താക്കോൽദ്വാര ശസ്‌ത്രക്രിയവഴി നീക്കം ചെയ്യാനാകും. ഇത്തരം ശസ്‌ത്രക്രിയ, രക്തസ്രാവം കുറവാണെന്നതും അണുബാധയ്‌ക്കുള്ള സാധ്യത വിരളമാണെന്നതും രോഗിയുടെ അതിജീവന നിരക്ക് പതിന്മടങ്ങ് വർധിപ്പിക്കും.

ശസ്‌ത്രക്രിയക്കുപുറമെ കീമോതെറാപ്പി, റേഡിയേഷൻ എന്നീ മേഖലകളിലും വലിയ മാറ്റം സംഭവിച്ചു. പുതിയ തലമുറയിൽപ്പെട്ട മരുന്നുകൾ അർബുദകോശങ്ങളെമാത്രം ലക്ഷ്യംവച്ച് നശിപ്പിക്കുന്നവയാണ്. ടാർഗെറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ നവീനചികിത്സകൾ പാർശ്വഫലങ്ങൾ വളരെ കുറച്ച്‌ രോഗശാന്തി നൽകാൻ പര്യാപ്തമാണ്.


​നേരത്തേയുള്ള രോഗനിർണയം


​അർബുദ അതിജീവനത്തിന്റെ ഏറ്റവും വലിയ രഹസ്യം രോഗം തുടക്കത്തിൽ കണ്ടെത്തുക എന്നതാണ്. എത്ര നവീനമായ ചികിത്സ ലഭ്യമാണെങ്കിലും രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നശേഷം നിയന്ത്രിക്കുക വെല്ലുവിളിയാണ്. അതിനാൽ നേരത്തേയുള്ള രോഗനിർണയത്തിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെ നാം പലപ്പോഴും അവഗണിക്കുന്നു. വിട്ടുമാറാത്ത ചുമ, ശബ്‌ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശരീരത്തിലെ മുഴകൾ, ദഹനപ്രശ്നങ്ങൾ, മലമൂത്രവിസർജനത്തിലുണ്ടാകുന്ന അസാധാരണ മാറ്റം, വിശദീകരിക്കാനാകാത്ത ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്.


വയറ്റിലെ അർബുദം പലപ്പോഴും പ്രാരംഭദശയിൽ വലിയ ലക്ഷണം കാണിക്കാറില്ല. അതിനാൽ കൃത്യമായ പരിശോധന അനിവാര്യമാണ്. ഓരോ പ്രായക്കാർക്കും നിർദേശിച്ചിട്ടുള്ള സ്‌ക്രീനിങ്‌ ടെസ്റ്റ്‌ കൃത്യമായി ചെയ്യണം. സ്‌തനാർബുദം കണ്ടെത്താൻ മാമോഗ്രാം, ഗർഭാശയ അർബുദം കണ്ടെത്താൻ പാപ്‌സ്‌മിയർ, വൻകുടലിലെ രോഗം കണ്ടെത്താൻ കൊളോണോസ്‌കോപ്പി തുടങ്ങിയ പരിശോധന നമ്മുടെ നാട്ടിലും സുലഭമാണ്. ലക്ഷണം പ്രകടമാകുന്നതിന് ഏറെമുമ്പ്‌, ഇത്തരം പരിശോധനയിലൂടെ രോഗസാന്നിധ്യം തിരിച്ചറിയാനും പൂർണമായ രോഗമുക്തി നേടാനും സാധിക്കും. കുടുംബത്തിൽ അർബുദപാരമ്പര്യമുള്ളവരും ജനിതകമായി രോഗം വരാൻ സാധ്യതയുള്ളവരും പരിശോധനകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.


​ജീവിതശൈലിയും ഭക്ഷണക്രമവും


​രോഗികളുടെ എണ്ണം വർധിക്കുന്നതിൽ മാറിയ ജീവിതശൈലിക്കും ഭക്ഷണക്രമത്തിനും പങ്കുണ്ട്. പ്രത്യേകിച്ച് കേരളീയരുടെ ഇടയിൽ കുടൽ–ആമാശയ അർബുദം വർധിച്ചുവരുന്നു. നാരുകളടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, അമിതമായ മാംസാഹാര ഉപയോഗം, കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ചിട്ടയായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ശീലമാക്കുന്നതിലൂടെ പരിധിവരെ രോഗത്തെ അകറ്റിനിർത്താനാകും.

ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക എന്നത് പ്രതിരോധത്തിന്റെ അടിസ്ഥാനകാര്യമാണ്.​


അർബുദമെന്നത് മനുഷ്യജീവിതത്തിന്റെ അവസാന വാക്കല്ല. മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പിൽ പലപ്പോഴും പരാജയപ്പെട്ട രോഗത്തിന്റെ പേരുകൂടിയാണത്. ഓരോ അതിജീവനും സമൂഹത്തിനു നൽകുന്നത് പുതിയ പാഠങ്ങളാണ്. ശാസ്‌ത്രം അനുദിനം വളരുകയാണ്. ഇന്നത്തേക്കാൾ മികച്ച ചികിത്സാരീതികൾ നാളെ കണ്ടുപിടിച്ചേക്കാം. അർബുദമെന്ന രോഗം പൂർണമായും ഭേദമാക്കാൻ കഴിയുന്ന കാലം വിദൂരമല്ലെന്ന് ഉറച്ചുവിശ്വസിക്കാം.


​(അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ 
ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഓഫ് 
കേരള പ്രസിഡന്റാണ്‌ ലേഖകൻ)




Deshabhimani
Home