ad
Deshabhimani

Articles

കാവിയിൽ മുങ്ങി‍, കണ്ടാലറിയാതായി ലീഗിനെ

കാവിയിൽ മുങ്ങി‍, കണ്ടാലറിയാതായി ലീഗിനെ

Muslim League BJP
avatar
റഷീദ്‌ ആനപ്പുറം

Published on Aug 16, 2026, 08:13 PM | 3 min read

മൂന്നുമാസം കൊണ്ട്‌ കേരളത്തിൽ കാവിവൽക്കരണം പാര്യമ്യത്തിലേക്ക്‌ കടക്കുമ്പോഴും ചെറുവിരലനക്കാൻ കൂട്ടാക്കാത്ത മുസ്ലിംലീഗിന്റെ സമുദായസ്‌നേഹ മുഖംമൂടി അഴിഞ്ഞു വീഴുന്നു. അധികാരത്തിനായി സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കുന്ന കൊടും വഞ്ചകരുടെ വേഷം ഒരു മടിയുമില്ലാതെ എടുത്തണിഞ്ഞിരിക്കുകയാണ്‌ ലീഗ്‌ നേതൃത്വം. വിശ്വസിച്ച്‌ അധികാരത്തിലേറ്റിയ ജനങ്ങളുടെ സ്വൈര്യജീവിതത്തിന്റെ കടയ്‌ക്കൽ കത്തിവെക്കുന്ന പരിപാടിയാണ്‌ കുഞ്ഞാലിക്കുട്ടിയും സംഘവും ചെയ്‌തു കൊണ്ടിരിക്കുന്നത്‌. സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട്‌ നടപ്പാക്കുന്ന സംഘപരിവാർ അജണ്ടകൾക്ക്‌ കുടപിടിക്കുന്ന ലീഗ്‌ മന്ത്രിമാർക്കെതിരെ അണികളിൽനിന്ന്‌ കടുത്ത രോഷം ഉയരുന്നുണ്ട്‌.


1991 ലെ കോലീബി സഖ്യത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ്‌ ഇപ്പോൾ കേരളത്തിൽ കാണുന്നത്‌. ഇ‍ൗ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനോട്‌ പോലും പ്രതികരിക്കാൻ മടിച്ച ലീഗ്‌ മന്ത്രിമാരും നേതൃത്വവും സർവമേഖലയിലും സതീശൻ സംഘപരിവാറിന്‌ പരവതാനി വിരിച്ചു കൊടുക്കുന്നതിനെതിരെ ഒരക്ഷരം എതിർത്ത്‌ പറയാതെ ഓഛാനിച്ചു നിൽക്കുകയാണ്‌. സ്വന്തം വകുപ്പുകളിലും ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കാൻ മുസ്ലിം ലീഗ്‌ മന്ത്രിമാർ മത്സരിക്കുകയാണ്‌. പി എം ശ്രീ നടപ്പാക്കൽ, വഖഫ്‌ നിയമ ഭേദഗതി, ലൈഫ്‌ ഭവനങ്ങളിൽ കേന്ദ്രത്തിന്റെ എംബ്ലം വയ്‌ക്കാനുള്ള തീരുമാനം എന്നീ കാര്യങ്ങളിൽ ലീഗ്‌ അനായാസം വഴങ്ങി.


കേന്ദ്രത്തിൽ ആർഎസ്‌എസ്‌ നിയന്ത്രിത സർക്കാർ അധികാരത്തിലേറി ഒന്നര പതിറ്റാണ്ടായിട്ടും അവരുടെ അജണ്ടകൾക്ക്‌ കേരളത്തിൽ സ്ഥാനമില്ലായിരുന്നു. എന്നാൽ, മൂന്ന്‌മാസം കൊണ്ട്‌ കേരളം ആർഎസ്‌എസിന്റെ സ്വന്തം മണ്ണായി. പല വിഷയങ്ങളിലും കേരളസർക്കാരിനെ ആർഎസ്‌എസ്‌ ആസ്ഥാനം നേരിട്ട്‌ അഭിനന്ദിക്കുകയാണ്‌. ആ അഭിനന്ദനത്തിന്റെ വലിയ പങ്കും ലീഗിനുള്ളതാണ്‌.

ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കാൻ ഗവർണർക്ക്‌ നിയമപരമായ സഹായം നൽകിയ ജാജു ബാബുവിനെ അഡ്വക്കറ്റ്‌ ജനറലായി നിയമിച്ചു. പി എം ശ്രീ പദ്ധതിക്ക്‌ പച്ചക്കൊടി കാട്ടി. എം ജി യൂണിവേഴ്‌സിറ്റിയിൽ ആർഎസ്‌എസുകാരനായ ഡോ. മാവൂദിനെ ഗവർണർ താൽക്കാലിക വിസിയാക്കിയപ്പോൾ കുടപിടിച്ചു. തൊട്ടു പിന്നാലെ സെനറ്റിൽ 19 സംഘികളെയും ഗവർണർ നിയമിച്ചു. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗത്‌ പങ്കെടുത്ത ചടങ്ങിൽ മൂന്ന്‌ വിസിമാർ പങ്കെടുത്തു. കേരള കാർഷിക സർവകലാശാലയിലും ആർഎസ്‌എസ്‌ ബന്ധമുള്ളയാളെ വിസിയാക്കി. ഇതിനെല്ലാം നേരെ മനസ്സാക്ഷിക്കുത്തില്ലാതെ ലീഗ്‌ കണ്ണടച്ചു.


കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ വഖഫ്‌ ബോർഡ്‌ പുന:സംഘടിപ്പിച്ചപ്പോൾ 11 പേരിൽ ഒന്പതുപേരെ മാത്രമാണ്‌ നിയമിച്ചത്‌. അമുസ്ലിങ്ങളെ നിയമിക്കണമെന്ന്‌ വ്യവസ്ഥയുള്ള രണ്ട്‌ സ്ഥാനം ഒഴിച്ചിട്ടു. അതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷോൺ ജോർജ്‌ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ ഹരജി നൽകി. ഷോണിന്റെ ആവശ്യം അംഗീകരിച്ച്‌ ബോർഡ്‌ പുനഃസംഘടിപ്പിക്കാമെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുപ്രിംകോടതിയിൽ കേരളത്തിനായി ഹാജരായ അഭിഭാഷകനും അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതിൽ യോജിപ്പാണെന്ന്‌ വ്യക്തമാക്കി.


വി ഡി സതീശൻ നടപ്പാക്കുന്ന എല്ലാ ആർഎസ്‌എസ്‌ നയങ്ങൾക്കും ഒപ്പു ചാർത്തുകയാണ്‌ അഞ്ച്‌ലീഗ്‌ മന്ത്രിമാരും. അധികാരത്തിൽവന്നാൽ പിഎം ശ്രീ അറബിക്കടലിൽ എന്ന്‌ പ്രഖ്യാപിച്ച ലീഗിലെ യുവതുർക്കിയാണ്‌ ഇപ്പോഴത്തെ തദ്ദേശമന്ത്രി കെ എം ഷാജി. ഇന്ന്‌ ഇ‍ൗ വാക്കുകൾ ഷാജി ആവർത്തിച്ചിട്ടുമുണ്ട്‌. പിഎംഎവൈ പദ്ധതിയുടെ ഭാഗമായുള്ള വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും ലോഗോയും വയ്‌ക്കുന്നതിൽ തെറ്റില്ലെന്ന്‌ പറഞ്ഞതും ഷാജിയാണ്‌. ഷാജിയുടെ തദ്ദേശ വകുപ്പാണ്‌ ഇ‍ൗ സംസ്ഥാനത്ത്‌ ഭവന പദ്ധതിയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌.


യുഡിഎഫ്‌ അധികാരത്തിലെത്തിയ ശേഷം ആകെ നടന്നത്‌ ഒറ്റ യുഡിഎഫ്‌ യോഗമാണ്‌. പിഎം ശ്രീയുടെ കാര്യം അവിടെ ചർച്ചക്ക്‌ വന്നപ്പോൾ ലീഗ്‌ എതിർത്തില്ല. എന്നാൽ പദ്ധതിയിൽനിന്ന്‌ പിൻമാറാം, കേരളം പദ്ധതി നടപ്പാക്കിയിട്ടില്ല, പി എം ശ്രീയുടെ ഭാഗമായി കേരളത്തിന്‌ പണം നൽകിയിട്ടില്ല തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പാർലമെന്റിൽ പറഞ്ഞപ്പോൾ ലീഗ്‌ മലക്കം മറിഞ്ഞു.


വഖഫ്‌ നിയമ ഭേദഗതിപ്രകാരം രണ്ട്‌ അമുസ്ലിങ്ങളെ വഖഫ്‌ ബോർഡിൽ ഉൾപ്പെടുത്താമെന്ന്‌ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഉറപ്പ്‌ കൊടുത്തതും ലീഗ്‌ മന്ത്രിയുടെ കൈവശമുള്ള വകുപ്പാണ്‌. പിഎംഎവൈ പദ്ധതിയുടെ അർബൺ രണ്ടിന് കരാർ ഒപ്പിടുന്ന തദ്ദേശവകുപ്പ്‌ മന്ത്രിയും ലീഗുകാരനാണ്‌. ഇ‍ൗ വീടുകളിൽ ലോഗോ വയ്‌ക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. എൽഡിഎഫ്‌ കാലത്തും സമാന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ അന്ന്‌ സർക്കാർ അതിന്‌ തയ്യാറായില്ല.


കടലിൽ മുസല്ലയിട്ട്‌ നിസ്‌ക്കരിച്ചാലും ആർഎസ്‌എസുമായി കൂട്ടുകൂടില്ലെന്ന്‌ പ്രഖ്യാപിച്ച സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പാർടിയാണ്‌ ലീഗ്‌. ആ ലീഗ്‌ ഇപ്പോൾ ആർഎസ്‌എസിനു മുന്പിൽ മുട്ടിലിഴയുകയാണ്‌. ലീഗ്‌ നേതാക്കളുമായി ബന്ധപ്പെട്ട രണ്ട്‌ കേസുകൾ ഇ ഡി അന്വേഷണത്തിലാണ്‌. അതിൽ രക്ഷപ്പെടാനായിരിക്കും ഇ‍ൗ വിധേയത്വം. നാളെ സ്വന്തം നിയോജക മണ്ഡലത്തിൽ എത്തുന്പോൾ വോട്ടർമാരുടെ മുഖത്തെങ്ങനെ നോക്കുമെന്ന ആശങ്ക പോലുമില്ലാതെ കള്ളന്‌ കഞ്ഞിവെക്കുകയാണ്‌ ലീഗ്‌ മന്ത്രിമാരും നേതൃത്വവും



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home