ad
Deshabhimani

Articles

india and israel

ഇസ്രയേൽ നുകത്തിലും ഇന്ത്യയെ കെട്ടണോ

modi's israel visit
avatar
വി ബി പരമേശ്വരൻ

Published on Feb 27, 2026, 10:27 PM | 3 min read

ഇറാനെതിരെ അമേരിക്ക യുദ്ധത്തിനൊരുങ്ങവേ ആ നീക്കത്തിന് പരോക്ഷപിന്തുണ നൽകുന്നതാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം. ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെമേൽ കടുത്ത സമ്മർദം ചെലുത്തുന്ന രാജ്യമാണ് ഇസ്രയേൽ എന്നറിയാതെയുള്ള നിഷ്കളങ്കമായ സന്ദർശനമൊന്നുമല്ല ഇത്. ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ വിദേശമന്ത്രാലയം ആവശ്യപ്പെടുമ്പോഴാണ് പ്രധാനമന്ത്രിതന്നെ ആ മേഖലയിലേക്ക് യാത്ര ചെയ്യുന്നത്.


ഇതുമാത്രമല്ല, മോദി കൈകൊടുത്തതും കെട്ടിപ്പിടിച്ചതും ബെന്യമിൻ നെതന്യാഹുവിനെയാണ്. യുദ്ധക്കുറ്റവാളിയെന്ന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വിശേഷിപ്പിച്ച, വംശഹത്യക്ക് അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിചാരണ നേരിടുന്ന, മുക്കാൽലക്ഷം വരുന്ന പലസ്തീൻകാരെ വധിച്ച രക്തക്കറപുരണ്ട വ്യക്തിത്വമാണ് നെതന്യാഹു. ലോകമെങ്ങുമുള്ള രാഷ്ട്രീയനേതൃത്വം ഇസ്രയേൽ സന്ദർശിക്കാൻ മടിക്കുകയും നെതന്യാഹുവുമായുള്ള കൂട്ടുകെട്ട് താൽക്കാലികമായെങ്കിലും ഉപേക്ഷിക്കുകയും ചെയ്ത വേളയിലാണ് (അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയാണ് അടുത്ത കാലത്ത് ഇസ്രയേൽ സന്ദർശിച്ച വ്യക്തി) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ തലവൻ ഭീകരരാഷ്ട്രത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തരമായി അഴിമതിക്കേസിൽ വിചാരണ നേരിടുന്ന, പ്രതിപക്ഷകക്ഷികളുടെ നിശിത വിമർശത്തിന് പാത്രമായ (മോദിയുടെ നെസറ്റ്‌ പ്രസംഗം ഇസ്രയേൽ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു) നെതന്യാഹുവിന് വലിയ ആശ്വാസമാണ് മോദിയുടെ സന്ദർശനം. അതും ഈ വർഷാവസാനം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ. നെതന്യാഹുവും ഭാര്യ സാറയും വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചതിലും എല്ലായിടത്തും നെതന്യാഹു അനുഗമിച്ചതിലും ഇത് വ്യക്തമാണ്.


modi


മോദിയുടെ സന്ദർശനം ലോകത്തെ ആദ്യം അറിയിച്ചതുപോലും നെതന്യാഹുവാണ്. ഇന്ത്യൻ വിദേശമന്ത്രാലയം സാധാരണ നടത്താറുള്ള വാർത്താസമ്മേളനംപോലും ഇക്കുറി ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഗാസ, ഇറാൻ വിഷയങ്ങളിൽ അറബ്‌ലോകം ഒന്നടങ്കം ഇസ്രയേലിനെതിരെ നിലകൊള്ളുന്ന വേളയിലാണ് അവരെയാകെ ആശങ്കയിലാഴ്ത്തി മോദി ജറുസലേമിൽ എത്തിയത്. നാസിസത്തിനെതിരെ പൊരുതിവീണ ജൂതരുടെ ഓർമയ്ക്കായി പടിഞ്ഞാറൻ ജറുസലേമിലെ ഹെർസൽകുന്നിൽ സ്ഥാപിച്ച യാദ് വഷേം ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ച മോദി, ഇസ്രയേൽ സേന പലസ്തീനികളെ കൊന്നുതള്ളിയ ഗാസ സന്ദർശിച്ചില്ലെന്നുമാത്രമല്ല, ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ അരമണിക്കൂർ സംസാരിച്ചപ്പോൾ ഗാസയിലെ വംശഹത്യയെക്കുറിച്ച് ഒരു വാക്കുപോലും ഉച്ചരിച്ചില്ല.


2023 ഒക്ടോബർ ഏഴിന്‌ ഹമാസ് നടത്തിയ ഇസ്രയേൽ ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഗാസയിലെ കൂട്ടക്കുരുതി ബോധപൂർവം പരാമർശിച്ചില്ല. "ഞങ്ങൾ (ഇന്ത്യ) ഇപ്പോഴും എപ്പോഴും ഇസ്രയേലിനൊപ്പം നിലകൊള്ളും’ എന്ന് നെസറ്റിൽ പ്രസംഗിച്ച മോദി, ഇന്ത്യ ഔദ്യോഗികമായി ഇപ്പോഴും പറയുന്ന ദ്വിരാഷ്ട്ര നിർമാണത്തിലൂടെയുള്ള പലസ്തീൻ പ്രശ്നപരിഹാരത്തെക്കുറിച്ചോ പലസ്തീൻ രാഷ്ട്രരൂപീകരണത്തെക്കുറിച്ചോ പരാമർശിച്ചില്ല. ഹമാസിന്റേത് ഭീകരാക്രമണമാണെങ്കിൽ (ഇന്ത്യയോ യുഎന്നോ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല) 75,000 പലസ്തീൻകാരെ വധിച്ച ഇസ്രയേൽ സേനയെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? അമേരിക്ക മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയെ പിന്തുണയ്‌ക്കുമെന്നു പറഞ്ഞ ഘട്ടത്തിൽമാത്രമാണ് ഗാസ എന്ന പദപ്രയോഗംപോലും മോദി നടത്തിയത്‌. 2008ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പറഞ്ഞ മോദി, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശിക്കാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. വെടിനിർത്തൽ കരാറിന്റെ പിതൃത്വം തനിക്കാണെന്ന് 30ലധികം തവണ പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പിണക്കേണ്ടെന്നു കരുതിയാണോ ഈ "മറവി’യെന്ന് പറയാനാകില്ല. ഏതായാലും അമേരിക്കയുമായും ട്രംപുമായും വഷളായ ബന്ധം മെച്ചപ്പെടുത്തിയെടുക്കുക എന്നതും മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനുപിന്നിലുള്ള ലക്ഷ്യമാണെന്ന് ചില ഇസ്രയേൽ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്‌തു. സയണിസ്റ്റ് ലോബിവഴി ട്രംപിന്റെ ഗുഡ്ബുക്കിൽ എത്താമെന്ന വ്യാമോഹം മോദിക്കുണ്ടായിരിക്കാം. ഇതേ ലക്ഷ്യംവച്ചാണ് ലൈംഗികക്കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻവഴി ട്രംപിന്റെ ശ്രദ്ധ നേടാൻ 2017ൽ മോദി ഇസ്രയേൽ സന്ദർശനം നടത്തിയതെന്ന ആഖ്യാനം ഉയർന്നിട്ടുണ്ട്.


മോദി രണ്ടാമതും ഇസ്രയേൽ സന്ദർശിച്ചുവെന്നുമാത്രമല്ല, പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയുമായി. ആ പ്രസംഗത്തിൽ യുഎസ്‌ മുന്നോട്ടുവച്ച രണ്ട് സഖ്യത്തെക്കുറിച്ചും മോദി എടുത്തുപറഞ്ഞു. അതിലൊന്ന് ഐടു യുടു സഖ്യവും (ഇന്ത്യ–ഇസ്രയേൽ, യുഎസ്–യുഎഇ), ഇന്ത്യ–മീഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോറുമാണ്


ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്രയേൽ സന്ദർശനമായിരുന്നു അത്. അതിനുശേഷം സ്വാഭാവികമായും ഉണ്ടാകേണ്ട ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം ഉണ്ടായിട്ടില്ല. എന്നാൽ, മോദി രണ്ടാമതും ഇസ്രയേൽ സന്ദർശിച്ചുവെന്നുമാത്രമല്ല, പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയുമായി. ആ പ്രസംഗത്തിൽ യുഎസ്‌ മുന്നോട്ടുവച്ച രണ്ട് സഖ്യത്തെക്കുറിച്ചും മോദി എടുത്തുപറഞ്ഞു. അതിലൊന്ന് ഐടു യുടു സഖ്യവും (ഇന്ത്യ–ഇസ്രയേൽ, യുഎസ്–യുഎഇ), ഇന്ത്യ–മീഡിൽ ഈസ്റ്റ് -യൂറോപ്പ് ഇക്കണോമിക് കോറിഡോറുമാണ്.

ഇന്ത്യയും ഗൾഫ് മേഖലയും യൂറോപ്പുമായി ഗതാഗത, വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചൈനയുടെ ബെൽറ്റ് ആൻഡ്‌ റോഡ് പദ്ധതിക്ക് ബദൽ എന്ന രീതിയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, പുതിയ പശ്ചിമേഷ്യൻ രാഷ്ട്രീയസാഹചര്യത്തിലും സൗദിയും യുഎഇയും തമ്മിൽ വർധിക്കുന്ന അകൽച്ചയും കാരണം സൗദിപോലുള്ള അറബ്‌രാജ്യങ്ങൾപോലും ഇതിൽനിന്ന്‌ അകലം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇസ്രയേൽ ഹെക്സഗോൺ സഖ്യത്തെക്കുറിച്ച് പറയാനാരംഭിച്ചത്. സുന്നി തീവ്രവാദത്തിനും (സൗദി അറേബ്യ, തുർക്കി) ഷിയാ തീവ്രവാദത്തിനും (ഇറാൻ) എതിരായ സഖ്യം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യ, ഗ്രീസ്, സൈപ്രസ് എന്നീ രാഷ്ട്രങ്ങളാണ് ഈ സഖ്യത്തിലുള്ള പ്രധാന രാഷ്ട്രങ്ങളായി ഇസ്രയേൽ ഉൾപ്പെടുത്തുന്നത്.


ഇസ്ലാമിനെതിരെ വിശാലസഖ്യം എന്നത് പ്രത്യയശാസ്ത്രപരമായി മോദിയുടെ ഇന്ത്യക്ക് സ്വീകാര്യമായിരിക്കാം. ഹിന്ദുത്വ രാഷ്ട്രവാദികൾ എന്നും ആവേശം ഉൾക്കൊണ്ടത്‌ ഫാസിസത്തിൽനിന്നും സയണിസത്തിൽനിന്നുമാണ്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത് നരസിംഹറാവു സർക്കാരായിരുന്നു. ഈ ബന്ധം ശക്തമാക്കപ്പെട്ടത് ബിജെപി സർക്കാരുകളുടെ കാലത്താണ്. 1998ൽ പൊക്രാനിൽ ആണവപരീക്ഷണം നടത്തിയപ്പോൾ അപലപിക്കാൻ തയ്യാറാകാത്ത ഇസ്രയേലുമായി വാജ്പേയി അടുത്തബന്ധം സ്ഥാപിച്ചു. അടുത്തവർഷം കാർഗിൽ യുദ്ധം ഉണ്ടായപ്പോൾ ഇസ്രയേൽ, ഇന്ത്യക്ക് ആയുധസഹായവും ചെയ്തു. തുടർന്ന് ആഭ്യന്തരമന്ത്രി അദ്വാനി 2000 ജൂണിൽ ഇസ്രയേൽ സന്ദർശിച്ചു. 2003ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കേ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ് മോദിയുടെ സന്ദർശനം. ഇതോടൊപ്പം ആയുധവ്യാപാരം ശക്തമായി.


2014നും 2024നും ഇടയിൽ ഇസ്രയേൽ കയറ്റുമതി ചെയ്ത ആയുധത്തിന്റെ 38 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ഉഭയകക്ഷിവ്യാപാരം ഒരുവേള 1070 കോടി ഡോളറായി വർധിച്ചു. ഗാസ അധിനിവേശവേളയിൽ ഇന്ത്യ, ഇസ്രയേലിനും ആയുധങ്ങൾ നൽകി. അതായത് രാജ്യതാൽപ്പര്യത്തേക്കാൾ പ്രത്യയശാസ്ത്ര താൽപ്പര്യമാണ് മോദിയുടെ സന്ദർശനത്തിനും ഇസ്രയേലുമായുള്ള അടുത്തബന്ധത്തിനും പിന്നിലുള്ളത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home