കേന്ദ്രം മൗനം വെടിയണം


എം വി ഗോവിന്ദൻ
Published on Mar 04, 2026, 11:15 PM | 3 min read
അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുന്നു. എഴുപതിനായിരത്തിലധികം പലസ്തീൻകാരെ കൂട്ടക്കുരുതി നടത്തിയവർതന്നെയാണ് ഇപ്പോൾ കാരണമേതുമില്ലാതെ ഇറാനെ ആക്രമിച്ച് മറ്റൊരു യുദ്ധമുഖംകൂടി തുറന്നത്. ജനുവരി മൂന്നിനാണ് വെനസ്വേലയിലെ ഇടതുപക്ഷ ഭരണാധികാരി നിക്കോളാസ് മഡുറോയെയും ഭാര്യയെയും അർധരാത്രി തട്ടിക്കൊണ്ടുപോയി അമേരിക്ക ജയിലിലടച്ചത്. ഫെബ്രുവരി 28ന് നടത്തിയ ബോംബിങ്ങിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും കുടുംബത്തെയും യുഎസ്–ഇസ്രയേൽ സംയുക്തസേന വധിച്ചു. എല്ലാ അന്താരാഷ്ട്രനിയമങ്ങളും കാറ്റിൽപ്പറത്തി, മനുഷ്യാവകാശങ്ങൾ ലംഘിച്ച്, രാജ്യങ്ങളുടെ പരമാധികാരം അട്ടിമറിച്ച് കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുകയാണ് അമേരിക്ക. സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്ക് വഴങ്ങാത്തവരെ തട്ടിക്കൊണ്ടുപോയും അട്ടിമറിച്ചും ആക്രമിച്ചും വരുതിയിലാക്കുന്ന രീതിക്കെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം ഉയരണം. ഈ പ്രവണത തുടരാൻ അനുവദിച്ചാൽ ലോകസമാധാനം തകരും. അതിനാൽ സാമ്രാജ്യത്വഹുങ്കിനെതിരെ വലിയ ജനകീയപ്രതിരോധം ഉയരണം.
യുദ്ധത്താൽ തടിച്ചുകൊഴുക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേത്. ഒരുലക്ഷം കോടി ഡോളറോളം വളർന്നിരിക്കുന്നു അവരുടെ സൈനിക ബജറ്റ്. ലോകത്തെമ്പാടും സേനാതാവളങ്ങൾ സ്ഥാപിച്ച് ഏതു രാജ്യത്തിലും എളുപ്പത്തിൽ ഇടപെടാനുള്ള പശ്ചാത്തലസൗകര്യം വളർത്തിയതുതന്നെ ഈ രീതിയിലുള്ള സൈനിക ഇടപെടൽ നടത്താനാണ്
യുദ്ധം ഒഴിവാക്കാൻ അമേരിക്കയുമായി സമാധാനസംഭാഷണത്തിന് ഇറാൻ തയ്യാറായിരുന്നു. ഒമാൻ വിദേശമന്ത്രിയുടെ മധ്യസ്ഥതയിൽ അമേരിക്ക–ഇറാൻ അധികൃതർ മൂന്നുവട്ടം സംഭാഷണങ്ങൾ മസ്കത്തിൽ നടത്തുകയും ചെയ്തു. മൂന്നാംവട്ടത്തിനുശേഷം ഒമാൻ വിദേശമന്ത്രി ബദർ അൽ ബുസൈദി അമേരിക്കൻ ചാനലിനോട് പറഞ്ഞത് ഇരുപക്ഷവും സമാധാന സന്ധിയിൽ എത്തിയെന്നായിരുന്നു. ഈ ഘട്ടത്തിൽ ആക്രമണം ആരംഭിച്ചതിന്റെ അർഥം അമേരിക്കയ്‌ക്കോ ഇസ്രയേലിനോ സമാധാനത്തിന് ഒട്ടും താൽപ്പര്യമില്ലെന്നാണ്. സമാധാനത്തിന്റെ പ്രസിഡന്റാകാനാണ് ആഗ്രഹമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ട്രംപാണ് ഇറാനെ വീണ്ടും ആക്രമിച്ചത്. കഴിഞ്ഞ ജൂണിലും ആണവായുധനിർമാണം സംബന്ധിച്ച് ഇറാനും അമേരിക്കയും ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച പൂർത്തിയായ വേളയിലാണ് ആദ്യം ഇസ്രയേലും പിന്നീട് യുഎസും ഇറാനെ ആക്രമിച്ചത്. ബരാക് ഒബാമ പ്രസിഡന്റായപ്പോൾ ഇറാനുമായി ഒപ്പിട്ട ആണവക്കരാർ പിച്ചിച്ചീന്തിയതും ട്രംപായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് സമാധാനം അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നാണ്. യുദ്ധത്താൽ തടിച്ചുകൊഴുക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേത്. ഒരുലക്ഷം കോടി ഡോളറോളം വളർന്നിരിക്കുന്നു അവരുടെ സൈനിക ബജറ്റ്. ലോകത്തെമ്പാടും സേനാതാവളങ്ങൾ സ്ഥാപിച്ച് ഏതു രാജ്യത്തിലും എളുപ്പത്തിൽ ഇടപെടാനുള്ള പശ്ചാത്തലസൗകര്യം വളർത്തിയതുതന്നെ ഈ രീതിയിലുള്ള സൈനിക ഇടപെടൽ നടത്താനാണ്. അമേരിക്കൻ സാമ്രാജ്യത്വം ശക്തമാകുന്നിടത്തോളം യുദ്ധങ്ങളും സംഘർഷങ്ങളും തുടരും.

ഖമനേയിയെ വധിച്ച് ഭരണമാറ്റം ഉറപ്പാക്കി യുദ്ധം അവസാനിപ്പിക്കാമെന്നായിരുന്നു അമേരിക്ക കണക്കുകൂട്ടിയതെന്ന് ട്രംപിന്റെ ആദ്യപ്രസ്താവനകൾ സൂചിപ്പിക്കുന്നു. നാലുദിവസത്തിനകം ലക്ഷ്യം നേടി യുദ്ധം നിർത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. കാരണം അമേരിക്കൻ ജനതയിൽ 64–70 ശതമാനംപേരും യുദ്ധത്തിന് എതിരാണെന്ന് ചില സർവേകൾ വ്യക്തമാക്കുന്നു. ഇറാൻ ശക്തമായി തിരിച്ചടിച്ചതോടെ യുദ്ധം നീളുമെന്ന് ട്രംപിന് പറയേണ്ടിവന്നു. ദീർഘയുദ്ധത്തിന് എല്ലാ തയ്യാറെടുപ്പുകളും ഇറാൻ നടത്തിയെന്ന് അവർ തുടരുന്ന യുദ്ധരീതി പരിശോധിച്ചാൽ വ്യക്തമാകും. ആദ്യം ഗൾഫിലെ അമേരിക്കൻ സൈനികതാവളങ്ങളാണ് ആക്രമിച്ചത്. പിന്നീട് അമേരിക്കൻ കമ്പനികളുടെ ഓഫീസ് സമുച്ചയങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമാക്കി. തുടർന്ന് അമേരിക്കൻ എംബസികൾ (സൗദിയിലെയും കുവൈത്തിലെയും) ആക്രമിച്ചു. ഇപ്പോൾ എണ്ണക്കിണറുകളും ലക്ഷ്യമാക്കുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതവും തടഞ്ഞു. ഇതുമാത്രമല്ല, ജിസിസി രാഷ്ട്രങ്ങൾക്കുപുറമെ ഇറാഖിലേക്കും ലെബനനിലേക്കും സൈപ്രസിലേക്കും യുദ്ധം വ്യാപിച്ചു. ബാലിസ്റ്റിക് മിസൈലിന്റെ വൻ ശേഖരംതന്നെ ഇറാനുണ്ടെന്നത് എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ യുദ്ധം നീട്ടാൻ ഇറാന് കഴിയും. ചർച്ചയാകാമെന്ന് യുഎസ് പറഞ്ഞപ്പോൾ അതിന് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ നാണക്കേട് മറയ്ക്കാനാണ് ഇറാനാണ് ചർച്ചയ്ക്ക് ആദ്യം അപേക്ഷിച്ചത് എന്ന ആഖ്യാനവുമായി ട്രംപ് മുന്നോട്ടുവന്നത്. ഇസ്രയേലാണ് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് യുഎസ് വിദേശ സെക്രട്ടറി നടത്തിയ പ്രസ്താവനയും അവരുടെ ആശങ്ക വെളിപ്പെടുത്തുന്നു.

യുദ്ധം നീളുന്നത് ഒട്ടും അഭികാമ്യമല്ല. ലോകത്ത് വിനിമയം ചെയ്യപ്പെടുന്ന എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് ഉൾക്കടലിലൂടെയുള്ള കപ്പൽയാത്ര അസാധ്യമായതോടെ ലോകവിപണിയിൽ ഇന്ധനവില ക്രമാതീതമായി ഉയരും. ഇന്ത്യയിലേക്കുള്ള എണ്ണയുടെ 15 ശതമാനവും പ്രകൃതിവാതകത്തിന്റെ 25 ശതമാനവും പേഴ്സ്യൻ ഉൾക്കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇപ്പോൾത്തന്നെ ഇന്ധനവില 13 ശതമാനത്തോളം ഉയർന്നു. ഇന്ത്യയിലേക്കുള്ള ഏതാണ്ട് 40 കപ്പലുകൾ കുടുങ്ങി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 25 ദിവസത്തേക്കുള്ള കരുതൽശേഖരം മാത്രമാണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോർട്ട്. യുദ്ധം നീണ്ടാൽ ഇന്ത്യയിലുൾപ്പെടെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ധനക്ഷാമമുണ്ടായാൽ ചരക്കുഗതാഗതം താറുമാറാകും. സാധനവില ഉയരും. ജനജീവിതം ദുസ്സഹമാകും.
ഗൾഫ് മേഖലയിലെ സംഘർഷം കേരളത്തെയും ഏറെ ആശങ്കയിലാഴ്‌ത്തും. 90 ലക്ഷം ഇന്ത്യക്കാർ പശ്ചിമേഷ്യയിലുണ്ടെന്നാണ് കണക്ക്. അതിന്റെ മൂന്നിലൊന്നും മലയാളികളാണ്. യുഎഇയിൽമാത്രം 39 ലക്ഷം ഇന്ത്യക്കാരുണ്ട്. അതിൽ 12 ലക്ഷവും മലയാളികൾ. ഒരുവർഷം ശരാശരി 1.3 ലക്ഷം കോടി രൂപയാണ് ഗൾഫ് മലയാളികൾ കേരളത്തിലേക്ക് അയക്കുന്നത്. അവിടെയുണ്ടാകുന്ന ഏതു പ്രശ്നവും കേരളത്തെയും ബാധിക്കും. പ്രവാസികളും കുടുംബാംഗങ്ങളും കടുത്ത ആശങ്കയിലാണ്. വിമാനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ആശങ്കയകറ്റാൻ പര്യാപ്തമല്ല. അതിനാൽ കേന്ദ്രസർക്കാർ സത്വരനടപടികൾ സ്വീകരിക്കണം. ഗൾഫ് നാടുകളിലെ ഇന്ത്യൻ എംബസികളിൽ പ്രത്യേക സംവിധാനം ഉൾപ്പെടെ ആരംഭിക്കണം. രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കാനും കേന്ദ്രം മുൻകൈയെടുക്കണം. യുദ്ധം ആരംഭിച്ച ഉടനെതന്നെ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സിനോട് പ്രത്യേക സെൽ തുറക്കാൻ നിർദേശിച്ചു. നിരവധിപേരാണ് നോർക്ക ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസംപകരാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും എല്ലാ സഹായവും നൽകാൻ ഓരോ മലയാളിയും രംഗത്തുവരണം.

പശ്ചിമേഷ്യൻ സംഘർഷത്തിൽ മോദിസർക്കാർ കൈക്കൊണ്ട നടപടികൾ ഇന്ത്യയുടെ പരമ്പരാഗത നയത്തിൽനിന്നുള്ള വ്യതിചലനമാണ്. ഇന്ത്യയുടെ സുഹൃദ്‌രാഷ്ട്രമായിട്ടും ഇറാനെതിരായ ആക്രമണത്തെ തുറന്ന് അപലപിക്കാൻപോലും ഇന്ത്യ തയ്യാറായിട്ടില്ല. ഇറാനിലെ സമീപകാല സംഭവങ്ങൾ ഉൽക്കണ്ഠ ഉളവാക്കുന്നുവെന്നും എല്ലാ രാഷ്ട്രങ്ങളും അതിർത്തിയും പരമാധികാരവും ബഹുമാനിക്കണമെന്നുമാണ് വിദേശമന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇറാന്റെ പരമാധികാരം ലംഘിച്ച് ആക്രമണം നടത്തിയത് ഇസ്രയേലും അമേരിക്കയുമാണെന്ന് പറയാൻപോലും ഇന്ത്യ തയ്യാറായിട്ടില്ല. ഇതിനേക്കാൾ ലജ്ജാകരം ഖമനേയിയുടെ വധത്തെ അപലപിക്കാനോ ദുഃഖം രേഖപ്പെടുത്താനോ ഇതെഴുതുന്നതുവരെ ഇന്ത്യ തയ്യാറായില്ല. യുദ്ധം ആരംഭിക്കുന്നതിന് 48 മണിക്കൂർമുമ്പാണ് പ്രധാനമന്ത്രി മോദി ഇസ്രയേൽ സന്ദർശിച്ചതും ഇസ്രയേലിന് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചതും. ഇന്ത്യയുമായി അടുത്തബന്ധമുള്ള പശ്ചിമേഷ്യയിൽ ഇടപെടുമ്പോൾ എന്നും കൈക്കൊണ്ട ചേരിചേരാനയമാണ് കൈവിട്ടത്. ഇത് ഇന്ത്യൻ താൽപ്പര്യങ്ങളെ ഹനിക്കും. ഈ നയം തിരുത്താൻ മോദിസർക്കാർ തയ്യാറാകണം. അതോടൊപ്പം വിനാശകരമായ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മുൻകൈയെടുക്കുകയും വേണം. സൈനികനടപടി നിർത്തിവയ്ക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണം.












