ad
Deshabhimani

Articles

ആടിയുലഞ്ഞ്‌ 
മോദിസംഘം

ആടിയുലഞ്ഞ്‌ 
മോദിസംഘം

article pic
എം പ്രശാന്ത്‌

Published on Jul 24, 2026, 12:00 AM | 3 min read

മോദിസർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരായി വീശിയടിക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭം രാജ്യത്തെയാകെ പ്രകമ്പനം കൊള്ളിക്കുകയാണ്‌. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കപ്പുറം കേന്ദ്രത്തിൽ സമ്പൂർണമായ ഭരണമാറ്റമെന്ന വികാരത്തിലേക്ക്‌ രാജ്യം അതിവേഗം മാറി. ജന്തർമന്തറിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം കാട്ടുതീപോലെ പടരുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉ‍ൗറ്റംകൊള്ളുന്ന 56 ഇഞ്ച്‌ നെഞ്ചളവിനെയാണ്‌ പുരോഗമനചിന്താഗതിക്കാരായ വിദ്യാർഥികളും യുവതയും മുഖാമുഖം വെല്ലുവിളിക്കുന്നത്‌. ക്രൂരമായ അടിച്ചമർത്തലുകൾക്ക്‌ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ചോറ്റുപട്ടാളം കിണഞ്ഞുശ്രമിച്ചിട്ടും ഇ‍ൗ സമരവീര്യത്തെ തടുക്കാനായിട്ടില്ല. ഭരണസംവിധാനങ്ങളും അവർക്ക്‌ കീഴ്‌പെട്ട മാധ്യമങ്ങളും തീർക്കുന്ന പ്രതിബന്ധങ്ങളെയും കുപ്രചാരണങ്ങളെയും വെല്ലുവിളികളെയുമെല്ലാം അതിജീവിച്ചാണ്‌ യുവജനങ്ങളുടെ രോഷാഗ്നി.


തിങ്കളാഴ്‌ചത്തെ പാർലമെന്റ്‌ മാർച്ചോടെ തീക്ഷ്‌ണമായ പ്രക്ഷോഭം മോദിസർക്കാരിന്റെ ഭരണപരാജയങ്ങളെയാണ്‌ തുറന്നുകാട്ടുന്നത്‌. സംഘപരിവാർ സംഘടനകളും കോർപറേറ്റ്‌ മാധ്യമങ്ങളും 12 വർഷമായി ഉ‍ൗതിപ്പെരുപ്പിച്ചുനിർത്തിയ ‘വികസിതഭാരത’ കെട്ടുകഥയെയാണ്‌ സമരക്കാർ ഇടിച്ചുനിരത്തിയത്‌. തുടർച്ചയായ നുണപ്രചാരണങ്ങളിലൂടെ സൈബറിടങ്ങളിൽ സംഘപരിവാർ കൈവരിച്ച മൃഗീയാധിപത്യത്തെയും ഇന്ത്യൻ യുവത പൊളിച്ചു. ഇൻസ്റ്റഗ്രാമും ഫെയ്‌സ്‌ബുക്കും എക്‌സും യൂട്യൂബുമെല്ലാം ‘പാറ്റ’കളുടെ കടന്നാക്രമണങ്ങളാൽ നിറയുകയാണ്‌. ഒഴുകിയെത്തുന്ന ഓരോ യുവതീയുവാക്കളും സ്വയം മാധ്യമങ്ങളായി മാറിയതോടെ ഗോദി മാധ്യമങ്ങളുടെ വ്യാജസൃഷ്ടികൾ തകർന്നടിഞ്ഞു.


പൊട്ടിത്തെറിച്ചത്‌ സർക്കാർവിരുദ്ധ രോഷം


വമ്പൻ വികസനവാഗ്‌ദാനങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വർഗീയവിദ്വേഷം പടർത്തി ഭൂരിപക്ഷവിഭാഗത്തെ ഒപ്പംനിർത്തിയുമാണ്‌ 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്‌. ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ എല്ലാ ജനാധിപത്യമര്യാദകളും മറന്ന്‌ തീവ്രവലതുപക്ഷ അജൻഡകൾ നടപ്പാക്കി. ലോക്‌സഭയെയും രാജ്യസഭയെയും നോക്കുകുത്തിയാക്കിയും നടപടിക്രമങ്ങൾ അട്ടിമറിച്ചുമുള്ള ഏകപക്ഷീയ നിയമനിർമാണങ്ങളിലൂടെയായിരുന്നു സംഘപരിവാർ അജൻഡകളുടെ നടപ്പാക്കൽ.

പ്രതിപക്ഷത്തെയും വിമതശബ്‌ദങ്ങളെയും അടിച്ചമർത്തുന്നതിനായി യുഎപിഎ, എൻഐഎ, കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്ന്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമണിയിച്ചു. ജിഎസ്‌ടി നിയമം നടപ്പാക്കിക്കൊണ്ട്‌ സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങൾ കവർന്നു. പ‍ൗരത്വ നിയമ ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടു. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദുചെയ്‌ത്‌ ജമ്മു കശ്‌മീരിന്റെ പ്രത്യോകാവകാശങ്ങൾ കവർന്നു. സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കി ഏകപക്ഷീയമായി വിഭജിച്ചു. പാർലമെന്റിന്റെ നിയമനിർമാണ നടപടിക്രമങ്ങളെ അട്ടിമറിച്ചായിരുന്നു ഇ‍ൗ നീക്കം. കുത്തകകളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി മൂന്നു കാർഷികനിയമങ്ങൾ പാസാക്കി. പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങളെയെല്ലാം കവർന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചു.


വിദ്യാഭ്യാസമേഖലയെ കാവിപൂശുകയെന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസനയം നടപ്പാക്കി. തെരഞ്ഞെടുപ്പ്‌ കമീഷനെ ദുരുപയോഗിച്ചുള്ള വോട്ടർപ്പട്ടികയുടെ പുനഃപരിശോധനയിലൂടെ ന്യൂനപക്ഷങ്ങളെയും ദളിത്‌–പിന്നാക്ക ജനവിഭാഗങ്ങളെയും കുടിയേറ്റ തൊഴിലാളികളെയുമെല്ലാം നീക്കംചെയ്‌തു. എസ്‌ഐആർ പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക്‌ ഗുണംചെയ്‌തു. ഗവർണർമാരെ കരുവാക്കി പ്രതിപക്ഷസംസ്ഥാനങ്ങളിലെ സുഗമമായ ഭരണത്തെ അട്ടിമറിച്ചു. ഭരണഘടനാവിരുദ്ധമായ പല നിയമനിർമാണങ്ങൾക്കും നീതിന്യായസംവിധാനത്തെ സ്വാധീനിച്ച്‌ പരിരക്ഷ ഉറപ്പുവരുത്തി. അഗ്നിപഥ്‌ പദ്ധതിയിലൂടെ സൈനികസേവനത്തെപ്പോലും കരാർ തൊഴിലാക്കി. കറൻസി പിൻവലിക്കലിലൂടെ ജനങ്ങളെ ദ്രോഹിച്ചു. കോവിഡ്‌ അടച്ചിടൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന്‌ വഴിവച്ചു. കോവിഡ്‌ പ്രതിരോധത്തിൽ വന്ന പാളിച്ചകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ശവപ്പറമ്പാക്കി മാറ്റി. ബിജെപിയുടെ ദുർഭരണം തൊഴിലില്ലായ്‌മ രൂക്ഷമാക്കി. തൊഴിൽസുരക്ഷ ഇല്ലാതായി. ഉൽപ്പന്നങ്ങൾക്ക്‌ വിലയില്ലാതെ കർഷകർ ദുരിതത്തിലായി. കർഷക ആത്മഹത്യകൾ പെരുകി. പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടമായി വിറ്റഴിച്ചു. തുറമുഖങ്ങളും വിമാനത്താവളങ്ങളുംപോലെ സുപ്രധാനമായ പശ്ചാത്തലസ‍ൗകര്യമേഖലകളെ ചങ്ങാത്തമുതലാളിമാർക്കായി കൈമാറി.


അലയടിച്ച പ്രതിഷേധങ്ങൾ


മുന്നൂറിലേറെ സീറ്റ്‌ നേടി 2019ൽ രണ്ടാമതും അധികാരത്തിൽ എത്തിയതോടെയാണ്‌ മോദിസർക്കാരിന്റെ ജനദ്രോഹനടപടികൾ കൂടുതൽ തീവ്രമായത്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേകാധികാരം കവർന്നുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ പ‍ൗരത്വനിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ആദ്യമായി പ‍ൗരത്വത്തെ മതവുമായി ബന്ധിപ്പിച്ചു. അസമിലേതുപോലെ പ‍ൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന ഭീഷണിയുയർത്തി. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി. 29 തൊഴിൽനിയമങ്ങൾ ഏകീകരിച്ച്‌ നാല്‌ തൊഴിൽ കോഡുകളാക്കി. കർഷകരെ ദ്രോഹിച്ചുള്ള കാർഷികനിയമങ്ങൾ കൊണ്ടുവന്നു.


ഇത്തരം നിയമനിർമാണഘട്ടങ്ങളിലെല്ലാം വലിയ പ്രതിഷേധമുയർന്നു. 370–ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന്‌ മാസങ്ങളോളം കശ്‌മീർ താഴ്‌വര അടഞ്ഞുകിടന്നു. ശ്രീനഗർ യുദ്ധക്കളമായി മാറി. ഗ്രനേഡുകളും പെല്ലറ്റ്‌ തോക്കുകളുംമറ്റും തുടർച്ചയായി പ്രയോഗിച്ച്‌ പ്രതിഷേധങ്ങളെ അടിച്ചമർത്തി. പ‍ൗരത്വനിയമ ഭേദഗതി ഘട്ടത്തിലും വലിയ ജനരോഷം ഉയർന്നു. ഡൽഹി കലാപഭൂമിയായി മാറി. പ‍ൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയും സർക്കാർ കൈകാര്യം ചെയ്‌തു. ഡൽഹിയിൽ പ്രതിഷേധിച്ചവരെ കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു. യുഎപിഎ നിയമത്തെയുംമറ്റും ഇതിനായി ദുരുപയോഗിച്ചു.


കാർഷികനിയമങ്ങൾക്കെതിരായ കൂട്ടായ പ്രക്ഷോഭം സർക്കാർ കണക്കുകൂട്ടലുകളെ തെറ്റിച്ചു. പഞ്ചാബ്‌, ഹരിയാന, യുപി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ രാജ്യതലസ്ഥാനത്തേക്ക്‌ ഇരമ്പിയെത്തി. കർഷകസമരം ഒരുവർഷത്തിലേറെ നീണ്ടു. അടിച്ചമർത്താൻ സർക്കാർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാൻ സർകതൊഴിൽ കോഡുകൾക്കെതിരായ ട്രേഡ്‌ യൂണിയനുകളുടെ സമരം ഇപ്പോഴും തുടരുകയാണ്‌. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ്‌ യൂണിയനുകൾ ആറുവട്ടം അഖിലേന്ത്യ പണിമുടക്ക്‌ സംഘടിപ്പിച്ചു. നോയ്‌ഡയിലെ പ്രക്ഷോഭത്തെ യുപി പൊലീസ്‌ ദേശസുരക്ഷാ കുറ്റമടക്കം ചുമത്തി അടിച്ചമർത്തി. പ്രക്ഷോഭകരിൽ നിരവധിപേർ ഇപ്പോഴും ജയിലിലാണ്‌.


വീഴ്‌ചകളെ വെള്ളപൂശുന്ന കുപ്രചാരണം


ഭരണപരാജയങ്ങൾക്കിടയിലും ആസൂത്രിതമായ നുണപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ്‌ കമീഷൻ അടക്കമുള്ള ഭരണഘടനാസംവിധാനങ്ങളെ നിയന്ത്രണത്തിലാക്കിയും ബിജെപി തുടർച്ചയായി ജയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ഏകപക്ഷീയ നടപടികളിലൂടെ വർഗീയധ്രുവീകരണ സാഹചര്യം തന്ത്രപൂർവം നിലനിർത്തി. ഒപ്പം വികസന കെട്ടുകഥയും സമൂഹമാധ്യമങ്ങളിലൂടെയുംമറ്റും വ്യാപകമായി പ്രചരിപ്പിച്ചു. വിശ്വഗുരുവായി ചിത്രീകരിച്ചുള്ള വ്യാജപരിവേഷം മോദിക്ക്‌ ചാർത്തിക്കൊടുത്തു. രാജ്യം വികസനപാതയിൽ അതിവേഗം കുതിക്കുകയാണെന്നും ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി വൈകാതെ മാറുമെന്നും അവകാശപ്പെട്ടു. പ്രതിപക്ഷത്തെ അനൈക്യവും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌ ദുർബലപ്പെട്ടതുമെല്ലാം ബിജെപിയുടെ തുടർവിജയങ്ങൾക്ക്‌ കാരണമായി. ഒപ്പം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷവേട്ടയാടലും പ്രതിപക്ഷപാർടികളിൽ സൃഷ്ടിച്ച ഭിന്നിപ്പുകളുമെല്ലാം സംഘപരിവാറിനെ സഹായിച്ചു.


ചീഫ്‌ ജസ്റ്റിസ്‌ വഴിയൊരുക്കിയ 
കോക്രോച്ച്‌ വിപ്ലവം


തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളായി അപഹസിച്ചുള്ള സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ പരാമർശമാണ്‌ ഇപ്പോഴത്തെ ജനകീയപ്രക്ഷോഭത്തിന്‌ വഴിതുറന്നത്‌. യുഎസിൽ ജേർണലിസം വിദ്യാർഥിയായ അഭിജിത്‌ ദീപ്‌കെ എന്ന ചെറുപ്പക്കാരൻ കോക്രോച്ചുകളായി അണിനിരക്കാൻ യുവാക്കളോട്‌ ആഹ്വാനം ചെയ്‌തു. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിലുണ്ടായ ക്രമക്കേടുമെല്ലാം വിദ്യാർഥി–യുവജന രോഷം അണപൊട്ടിയൊഴുകാൻ കാരണമായി. ജന്തർ മന്തറിൽ ജൂൺ ആദ്യവാരം തുടക്കമായ പ്രക്ഷോഭത്തിന്‌ ആദ്യനാളുകളിൽ കാര്യമായ പ്രതികരണമുണ്ടായില്ല. എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകൾകൂടി അണിനിരന്നതോടെ സമരം ചൂടുപിടിച്ചു. സോനം വാങ്‌ചുക് നിരാഹാരസമരം ആരംഭിച്ചതോടെ ജനപ്രവാഹം ആരംഭിച്ചു. പാർലമെന്റ്‌ മാർച്ചിനുമുന്പായി വാങ്‌ചുക്കിനെ ബലമായി നീക്കിയതോടെ ജനരോഷം ആളി. പൊലീസ്‌ നടപടിയിലൂടെ പ്രക്ഷോഭകരെ എളുപ്പത്തിൽ ചിതറിക്കാമെന്ന സർക്കാർ കണക്കുകൂട്ടലുകൾ തെറ്റി. പ്രക്ഷോഭകരുമായി ചർച്ചയ്‌ക്ക്‌ സർക്കാർ സന്നദ്ധമായി. നീറ്റ്‌ വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ സന്നദ്ധമാണെന്ന്‌ സർക്കാർ അറിയിച്ചെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന നിലപാടിലാണ്‌ പ്രക്ഷോഭകരും പ്രതിപക്ഷപാർടികളും. പ്രക്ഷോഭം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ സർക്കാരിനുമുന്നിൽ വഴികൾ പരിമിതമാവുകയാണ്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home