ad
Deshabhimani

ക്രിമിനലുകൾ വാഴും മോദികാലം

modi government

അസാറാം ബാപ്പു / ഗുർമീത് റാം റഹിം സിങ്

avatar
കെ രാജേന്ദ്രൻ

Published on Jan 14, 2026, 10:47 PM | 3 min read

ബലാത്സംഗക്കേസുകളിലും കൊലക്കേസുകളിലും ശിക്ഷിക്കപ്പെട്ട ഒരു കൊടുംക്രിമിനലിന് ഏഴുവർഷത്തിനുള്ളിൽ 15 തവണ പരോൾ. രാജ്യചരിത്രത്തിലെ അപൂർവസംഭവം. ഈ ആനുകൂല്യം ലഭിച്ചത് ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിനാണ്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു ആൾദൈവവും ഇപ്പോൾ ജാമ്യം ലഭിച്ച് പുറത്താണ്– അസാറാം ബാപ്പു. ഇരുവർക്കും ഒരു പൊതു സുഹൃത്തും സംരക്ഷകനുമുണ്ട്– പ്രധാനമന്ത്രി നരേന്ദ്ര മോദി.


​റാം ചന്ദര്‍ ഛത്രപതി 
എന്ന രക്തസാക്ഷി

​ശതകോടികള്‍ കൊയ്യുന്ന മനുഷ്യദൈവങ്ങള്‍ക്കും തട്ടിപ്പുസന്യാസികള്‍ക്കും മുന്നില്‍ മുട്ടിലി‍ഴയുന്ന മുഖ്യധാരാ മാധ്യമലോകം ഓര്‍ത്തിരിക്കേണ്ട പേരുണ്ട്–- റാം ചന്ദര്‍ ഛത്രപതി. ഹരിയാന സിര്‍സയിലെ ധീരനായ ഒരു മാധ്യമപ്രവര്‍ത്തകന്‍. റാം ചന്ദര്‍ ഛത്രപതി എഡിറ്ററായിരുന്ന ‘പൂരാ സച്ച്’ (മു‍ഴുവന്‍ സത്യം) എന്ന സായാഹ്നപത്രമാണ് ഗുര്‍മീത് റാം റഹിം സിങ്‌ എന്ന മനുഷ്യദൈവത്തിന്റെ യഥാര്‍ഥ മുഖം ലോകത്തിന് കാണിച്ചുകൊടുത്തത്. അതിന്‌ ഛത്രപതിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു.


​സിര്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന "ദേര സച്ച സൗധ’ എന്ന ആത്മീയസംഘടനയുടെ നേതാവാണ് റാം റഹിം സിങ്‌. പ്രഭാഷകന്‍, സിനിമ അഭിനേതാവ്, നിര്‍മാതാവ്, ഗായകന്‍ എന്നിങ്ങനെ നിരവധി വേഷങ്ങള്‍ സിങ്‌ കെട്ടി. ഹിന്ദി, പഞ്ചാബി ആത്മീയ ചാനലുകളിലെ നിത്യസാന്നിധ്യം. 2015ല്‍ ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറ് ഇന്ത്യക്കാരെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം തെരഞ്ഞെടുത്തപ്പോള്‍ 96–ാമന്‍ സിങ്ങായിരുന്നു. സിങ്ങിനെ ആരാധിച്ചത് അഞ്ചുകോടിയോളം പേര്‍. തെരഞ്ഞെടുപ്പുകാലമായാല്‍ പ്രമുഖ നേതാക്കള്‍ ആശ്രമത്തിലെത്തി പിന്തുണ തേടും. ആദ്യം റഹിമിന്റെ വിശ്വസ്തന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങായിരുന്നു.


കോണ്‍ഗ്രസിനായിരുന്നു സിങ്ങിന്റെ പിന്തുണ. ബിജെപിയുടെ വളര്‍ച്ചയ്ക്കൊപ്പം നിലപാട് മാറ്റി മോദിയുടെ വിശ്വസ്തനായി. സിര്‍സയിലെത്തിയ നരേന്ദ്ര മോദി, സിങ്ങിനെ മഹാനായ സാമൂഹ്യപ്രവര്‍ത്തകനെന്ന് വാ‍ഴ്ത്തി. ഹരിയാന, ഡൽഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിങ്ങ്‌ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ദേര സച്ച സൗധയ്ക്ക് അഞ്ചുകോടി രൂപ സംഭാവനയായി നല്‍കി.


​​2002ല്‍ സിങ്ങിന്റെ സഹായകവൃന്ദത്തിലെ ഒരു സ്ത്രീ പഞ്ചാബ്–ഹരിയാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും സിബിഐ ഡയറക്ടര്‍ക്കും ദേശീയ മനുഷ്യാവകാശ കമീഷനും അയച്ച കത്ത് വ‍ഴിത്തിരിവായി. തന്നെ സിങ്‌ ക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പൊലീസില്‍ പരാതിപ്പെട്ടാല്‍ കേസെടുക്കുന്നതിനുപകരം കൊല്ലപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നു. കത്തയച്ച് കുറച്ചുകാലം കാത്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒരുദിവസം റാം ചന്ദര്‍ ചത്രപതിയുടെ ‘പൂരാ സച്ച്’ സായാഹ്നപത്രം ആ കത്ത് പ്രസിദ്ധീകരിച്ചു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം സിങ്ങിന്റെ മായികവലയത്തിലായിരുന്നു. ആ വാര്‍ത്താവിസ്ഫോടനത്തിനു പിന്നാലെ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടു. സിങ്ങിന്റെ ഗുണ്ടാസംഘം ഛത്രപതിയെ വെടിവച്ചുകൊന്നു.


​ബലാത്സംഗക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. 2017 ആഗസ്ത്‌ 25ന് കോടതി വിധി പറഞ്ഞു. പണമൊ‍ഴുക്കിയും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യംകണ്ടില്ല. സിങ്ങിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. സിങ്‌ കുറ്റക്കാരനെന്ന് വിധിച്ച ദിവസം ഗുണ്ടാസംഘങ്ങൾ കോടതിപരിസരത്ത് അ‍ഴിഞ്ഞാടി. 38 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നാലെ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും റാം റഹിം സിങ്ങിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. സിങ്‌ 2017 ആഗസ്ത്‌ 25 മുതല്‍ ജയിലിലാണ്. തെരഞ്ഞെടുപ്പുകാലമായാല്‍ ബിജെപിക്ക് വോട്ട് ഉറപ്പിക്കാനായി സിങ്‌ പരോളില്‍ ഇറങ്ങും. 2022 ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്‌ 21 ദിവസവും 2024 ഒക്ടോബറിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‌ 20 ദിവസവും 2025 ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‌ 21 ദിവസവും പരോൾ ലഭിച്ചു. ഇത്തവണത്തെ പരോളിന്റെ ലക്ഷ്യവും അടുത്ത തെരഞ്ഞെടുപ്പുതന്നെയാകും.


​മദ്യവിൽപ്പനയില്‍നിന്ന് 
ആത്മീയതയിലേക്ക്‌

​2004 സെപ്തംബറിൽ, ശങ്കരരാമന്‍ വധക്കേസില്‍ ജയിലിലായ മുഖ്യപ്രതി ജയേന്ദ്ര സരസ്വതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൽഹി ജന്തര്‍മന്ദറില്‍ സംഘപരിവാർ നടത്തിയ സമരങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന മനുഷ്യദൈവമായിരുന്നു അസാറാം ജി ബാപ്പു. ഗുജറാത്തിലെ അഹമ്മദാബാദില്‍ മദ്യക്കച്ചവടമായിരുന്നു ബാപ്പുവിന്‌. മദ്യത്തേക്കാള്‍ പണമുണ്ടാക്കാന്‍ എളുപ്പം ആത്മീയതയാണെന്ന് തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ സംരക്ഷണത്തില്‍ ത‍ഴച്ചുവളര്‍ന്ന ആത്മീയവ്യാപാരം ബാപ്പുവിനെ കോടീശ്വരനാക്കി. 18 രാജ്യങ്ങളിലായി നാനൂറോളം ആശ്രമങ്ങളുടെയും 40 സ്കൂളുകളുടെയും അധിപനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി തുടങ്ങിയവരെല്ലാം ബാപ്പുവിന്റെ വിശ്വസ്തരായിരുന്നു. "സന്ദ്ശ്രീ ആശ്രംജി’ എന്ന യൂട്യൂബ്‌ ചാനലിന് മൂന്നുലക്ഷത്തോളം വരിക്കാരുണ്ടായിരുന്നു. ബാപ്പു ഇറക്കിയിരുന്ന ഋഷി പ്രസാദ്, ലോക കല്യാണ്‍ സേതു എന്നീ അന്ധവിശ്വാസ പ്രചാരണ മാസികകളുടെ 14 ലക്ഷത്തോളം കോപ്പികളാണ് പ്രചരിച്ചിരുന്നത്.


​ബാപ്പു ഭക്തിയുടെ മറവില്‍ നടത്തിയിരുന്നത് ക്രിമിനല്‍, മാഫിയ പ്രവര്‍ത്തനങ്ങളായിരുന്നു. ഭയംമൂലം ഏറെ കാലം ഇരകള്‍ പരസ്യമായി പറയാന്‍ മടിച്ചു. എന്നാല്‍, 2013ല്‍ യുപിയിലെ ഷാജഹാന്‍പുര്‍ സ്വദേശിയായ പതിനാറുകാരി രാജസ്ഥാനിലെ ജോദ്പുരിലെ മനാലി ഗ്രാമത്തിലെ ആശ്രമത്തില്‍വച്ച്‌ ബാപ്പു ബലാത്സംഗം ചെയ്തെന്ന് പൊലീസില്‍ പരാതി നല്‍കി. രാജസ്ഥാന്‍ പൊലീസ് ബാപ്പുവിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ സംഘപരിവാര്‍ പ്രക്ഷോഭം ആരംഭിച്ചു. ശക്തമായ തെളിവുകളും സാക്ഷിമൊ‍ഴികളും ബാപ്പുവിനെതിരെ ഉണ്ടായിരുന്നു. രണ്ട് സാക്ഷികളെ കൊലപ്പെടുത്തി. ഒരാള്‍ക്ക് വെടിയേറ്റു. കോടതിവളപ്പില്‍ രണ്ട് സാക്ഷികള്‍ ആക്രമിക്കപ്പെട്ടു.


2018 ഏപ്രിലില്‍ അസാറാം ജി ബാപ്പുവിന് ജോദ്പുര്‍ കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. മാധ്യമവാർത്തകളിൽ ബാപ്പുവിന്റെ സംഘപരിവാര്‍ബന്ധം വളരെ കുറച്ചുമാത്രമേ പരാമര്‍ശിച്ചുള്ളൂ. ബാപ്പുവിനും പലതവണ പരോൾ ലഭിച്ചു. പരോളല്ല, വിരാമമില്ലാത്ത ജാമ്യമാണ് ബാപ്പുവിന്റെ ജയിൽമോചനതന്ത്രം. 2024 ഡിസംബറിൽ 17 ദിവസത്തെ പരോളിൽ ഇറങ്ങിയ ബാപ്പു, പിന്നീടൊരിക്കലും ജയിലിലേക്ക്‌ മടങ്ങിയിട്ടില്ല. ചികിത്സിക്കാനെന്ന കാരണം പറഞ്ഞ് 2025 ജനുവരിയിൽ ഇടക്കാല ജാമ്യം നേടിയ ബാപ്പുവിന്, ഗുജറാത്ത് ഹൈക്കോടതിയും രാജസ്ഥാൻ ഹൈക്കോടതിയും ജാമ്യം നീട്ടിനൽകുകയായിരുന്നു.


​ഉമർ ഖാലിദിനെപ്പോലുള്ള വിചാരണത്തടവുകാർക്ക്, ഗൗരവമുള്ള കാരണങ്ങൾ ഒന്നുമില്ലാതെതന്നെ സുപ്രീംകോടതി ജാമ്യം നിഷേധിക്കുമ്പോൾ റാം റഹിം സിങ്ങിനെയും അസാറാം ബാപ്പുവിനെയുംപോലുള്ള കൊടും ക്രിമിനലുകൾ ബിജെപി സർക്കാരുകളുടെയും നീതിന്യായസംവിധാനങ്ങളുടെയും ഒത്താശയോടെ അഴിഞ്ഞാടുകയാണ്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home