മാധ്യമസ്വാതന്ത്ര്യത്തെ ഭയക്കുന്ന മോദി

എം പ്രശാന്ത്
Published on Jun 12, 2026, 10:00 PM | 3 min read
ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളിൽനിന്ന് എന്തുകൊണ്ട് ചില ചോദ്യങ്ങൾ സ്വീകരിച്ചുകൂടായെന്ന് നോർവേയിലെ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചപ്പോൾ വിറച്ചത് ഇന്ത്യയിലെ സംഘപരിവാറാണ്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് തയ്യാറാക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതാണ് സ്‌കാൻഡിനേവിയൻ രാജ്യമായ നോർവേ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന വിശേഷണമുള്ള ഇന്ത്യ, സൂചികയിൽ 157–ാം സ്ഥാനത്താണ്. 12 വർഷത്തെ മോദിഭരണത്തിൽ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വല്ലാതെ പിന്നാക്കംപോയി.
മോദിയോടുള്ള ചോദ്യത്തിനുപിന്നാലെ ഹെ ല്ലെ ലിങ്ങിനുണ്ടായ അനുഭവം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ സംഘപരിവാർ ഞെരിച്ചമർത്തുന്നത് എങ്ങനെയെന്നതിന് നേർസാക്ഷ്യമാണ്. ആർഎസ്‌എസ്–ബിജെപി അണികൾ സമൂഹമാധ്യമങ്ങളിലൂടെ ലിങ്ങിനെ വേട്ടയാടി. ചാരവനിതയെന്നും ചൈനയുടെ ഏജന്റെന്നും അധിക്ഷേപിച്ചു. ലിങ്ങിനെതിരെ സംഘം ചേർന്ന് പരാതിപ്പെട്ടുകൊണ്ട് ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു.
സംഘപരിവാർ അണികളുടെ വിവേകമില്ലായ്‌മ മനസ്സിലാക്കാം. എന്നാൽ, മോദിയോടുള്ള ലിങ്ങിന്റെ ചോദ്യത്തോട് ഇന്ത്യയുടെ വിദേശമന്ത്രാലയം പ്രതികരിച്ചത് അതിലേറെ കൗതുകകരമാണ്. ലിങ്ങിന് മറുപടി നൽകാൻ മുന്നോട്ടുവന്നത് വിദേശമന്ത്രാലയത്തിൽ പാശ്ചാത്യരാജ്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സെക്രട്ടറി സിബി ജോർജാണ്. പ്രത്യേകമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആമുഖമായി 20 മിനിറ്റോളം സിബി ജോർജ് സംസാരിച്ചു. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും ജനാധിപത്യഘടനയും ഭരണഘടനാമൂല്യങ്ങളുമെല്ലാം സിബി ജോർജ് വിശദീകരിച്ചു. ഇന്ത്യയെ എങ്ങനെ വിശ്വസിക്കുമെന്നും മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുമെന്ന് ഉറപ്പുണ്ടോയെന്നും ലിങ് ചോദിച്ചപ്പോൾ നയതന്ത്ര ഉദ്യോഗസ്ഥൻ ക്ഷുഭിതനായി. ഇത് തന്റെ വാർത്താസമ്മേളനമാണെന്നും തടസ്സപ്പെടുത്തരുതെന്നും സിബി ജോർജ് പറഞ്ഞു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ദയനീയാവസ്ഥ ഒരിക്കൽക്കൂടി ലോകമാകെ ചർച്ചയായി.
വിയോജിപ്പുകളോടുള്ള അസഹിഷ്‌ണുത ഫാസിസ്റ്റ് സംഘടനയായ സംഘപരിവാറിന്റെ അടിസ്ഥാനശിലയാണ്. കഴിഞ്ഞ 12 വർഷത്തെ മോദിഭരണത്തിൽ ചോദ്യങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നേരിടുന്നതും ഇതേ അസഹിഷ്‌ണുതയും അടിച്ചമർത്തലുമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണമാണ് പതിവുരീതി. സൈബർ ആക്രമണങ്ങളെ കൂസാതെ മുന്നോട്ടുപോകുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കായികമായി ആക്രമിക്കാനും മടിയില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉദാഹരണമാണ്. അതല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്‌ദമാക്കും. ലൈസൻസ് റദ്ദാക്കൽ അടക്കം മാധ്യമവിലക്കാണ് ഒരു മാർഗം. ഇഡി, സിബിഐ, ആദായനികുതിവകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലാണ് മറ്റൊരു പകപോക്കൽരീതി. ന്യൂസ് ക്ലിക്കിനുണ്ടായത് ഇൗ ദുരനുഭവമാണ്.
വർഷങ്ങൾ നീണ്ട വേട്ടയാടൽ
സിപിഐ എം അംഗവും ശാസ്‌ത്രപ്രവർത്തകനുമായ പ്രബിർ പുർകായസ്ത 2009ലാണ് ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാധ്യമത്തിന് തുടക്കമിട്ടത്. വൻകിട കോർപറേറ്റുകൾ മാധ്യമലോകത്തെയാകെ വിഴുങ്ങിത്തുടങ്ങിയ ഘട്ടത്തിൽ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദമാകാനാണ് ന്യൂസ് ക്ലിക്ക് ശ്രമിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികളുംമറ്റും വിശദമായ റിപ്പോർട്ടുകളിലൂടെ ജനങ്ങളുടെ മുമ്പാകെ എത്തിച്ചു. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനുശേഷം സർക്കാരിന്റെ കോർപറേറ്റ് അനുകൂല സാമ്പത്തികനയങ്ങളെയും വർഗീയനിലപാടുകളെയും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ ന്യൂസ് ക്ലിക്ക് നിരന്തരം പ്രസിദ്ധീകരിച്ചു.
കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ ഐതിഹാസികസമരം മുഖ്യധാരാ മാധ്യമങ്ങൾ പരമാവധി തമസ്‌കരിച്ചപ്പോൾ അടിത്തട്ടിൽനിന്നുള്ള ന്യൂസ് ക്ലിക്ക് പ്രവർത്തകരുടെ റിപ്പോർട്ടുകൾ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരവും കോവിഡ് കാലത്തെ തൊഴിലാളികളുടെ കൂട്ടപ്പലായനം അടക്കമുള്ള ദുരിതങ്ങളും വിശദമായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ കേന്ദ്രസർക്കാരിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ടു.
2020 ആഗസ്തിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗം ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തു. നിയമവിരുദ്ധമായി വിദേശനിക്ഷേപം സ്വീകരിച്ചു എന്നായിരുന്നു ആക്ഷേപം. ഡൽഹി പൊലീസ് കേസെടുത്തതിനുപിന്നാലെ ഇഡിയെത്തി. 2021 ഫെബ്രുവരിയിൽ പ്രബിറിന്റെ വസതിയിലും ന്യൂസ് ക്ലിക്ക് ഓഫീസുകളിലുമായി ഇഡി തിരച്ചിൽ നടത്തി. പ്രബിർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല സംരക്ഷണം നേടി. അമേരിക്കൻ സർക്കാരും സംഘപരിവാറുമെല്ലാം ഉൾപ്പെട്ട ആഗോളതലത്തിലുള്ള ഗൂഢാലോചനയാണ് തുടർന്ന് അരങ്ങേറിയത്. 2023 ആഗസ്തിൽ ന്യൂയോർക്ക് ടൈംസിൽ ‘തിരക്കഥ’ പ്രത്യക്ഷപ്പെട്ടു. അമേരിക്കൻ ശതകോടീശ്വരനായ നെവില്ലെ റോയ് സിംഗം ന്യൂസ് ക്ലിക്ക് ഉൾപ്പെടെ ആഗോളശൃംഖലയ്‌ക്ക് ഫണ്ടുകൾ നൽകിയെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ‘കണ്ടെത്തൽ.’ ചൈനയുടെ അജൻഡ പ്രചരിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസ് ആരോപിച്ചു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് യുഎപിഎ അടക്കം ചുമത്തി ന്യൂസ് ക്ലിക്കിനെതിരായ പകപോക്കലിന് തുടക്കമിട്ടു. ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കാനും പ്രതിച്ഛായ തകർക്കാനുമായി ന്യൂസ് ക്ലിക്ക് 115 കോടി രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നായിരുന്നു പുതിയ കേസ്. 2023 ഒക്‌ടോബർ മൂന്നിന് അഞ്ഞൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 88 ഇടങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. പ്രബിറിന്റെ ഡൽഹിയിലെ വസതിയിലെ തിരച്ചിൽ 113 മണിക്കൂർ നീണ്ടു. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരെയും വേട്ടയാടി. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് പലരും വിധേയരായി. ലാപ്‌ടോപ്പുകളും മൊബൈൽഫോണുകളുംമറ്റും പിടിച്ചെടുത്തു. ന്യൂസ് ക്ലിക്കിന്റെ അടച്ചുപൂട്ടലായിരുന്നു ലക്ഷ്യം. പ്രബിറും ന്യൂസ് ക്ലിക്ക് എച്ച്‌ആർ ഹെഡ് അമിത് ചക്രവർത്തിയും അറസ്റ്റിലായി. ഭിന്നശേഷിക്കാരനായ അമിത്തിനെ പല രീതിയിൽ പൊലീസ് പീഡിപ്പിച്ചു. കേസിൽ ഇടപെട്ട സുപ്രീംകോടതി 2024 മേയിൽ പ്രബിറിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ചു. എത്രയുംവേഗം വിട്ടയക്കാനും നിർദേശിച്ചു.
മോദിസർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
ന്യൂസ് ക്ലിക്കിനെതിരായ ഇഡി കേസ് റദ്ദാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി ബുധനാഴ്‌ച പുറപ്പെടുവിച്ച വിധി, മാധ്യമങ്ങളെ വേട്ടയാടുന്ന മോദിസർക്കാരിനുള്ള തിരിച്ചടിയാണ്. സത്യത്തിന്റെ കണികപോലുമില്ലാത്ത ആരോപണങ്ങളാണ് ഇഡി കേസിന്റെ ആധാരമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ വിധിച്ചു. നിയമ നടപടികളുടെ കടുത്ത ദുരുപയോഗമാണ് കേസിലുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഒന്നരവർഷം കാടിളക്കി അന്വേഷിച്ചിട്ടും തെളിവിന്റെ കണികപോലും കണ്ടെത്താനായില്ല. കേസ് ദുരുദ്ദേശ്യപരം മാത്രമല്ല, ഹർജിക്കാർ തുടർന്നുവന്ന സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമപ്രവർത്തനത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്– കോടതി പറഞ്ഞു.
ഇഡി കേസ് റദ്ദാക്കപ്പെട്ടതോടെ ന്യൂസ് ക്ലിക്കിനെതിരായി രാഷ്‌ട്രീയകാരണങ്ങളാൽ മോദിസർക്കാർ മെനഞ്ഞെടുത്ത നുണക്കഥകൾ അപ്പാടെ പൊളിയുകയാണ്. പ്രബിറിനെതിരായ യുഎപിഎ കേസും സമാനമായി അവസാനിക്കും. കശ്‌മീർ ടൈംസ്, ദ വയർ, ന്യൂസ്‌ലോൺഡ്രി, ആൾട്ട് ന്യൂസ് തുടങ്ങി മോദിസർക്കാർ പകയോടെ വേട്ടയാടുന്ന മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും നിരവധിയാണ്. കേന്ദ്രസർക്കാരിനൊപ്പം യുപിപോലെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും മാധ്യമങ്ങളെ വേട്ടയാടുന്നതിൽ പിന്നിലല്ല. സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ തുടങ്ങി അറിയപ്പെടുന്ന മാധ്യമപ്രവർത്തകർ രാജ്യദ്രോഹക്കേസുകളെ അഭിമുഖീകരിക്കുകയാണ്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിനുപിന്നാലെ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതിവകുപ്പ് റെയ്‌ഡ് നടത്തി. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെയും ലജ്ജിപ്പിക്കുംവിധമാണ് മോദിസർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും മാധ്യമങ്ങളെ വേട്ടയാടുന്നത്. ന്യൂസ് ക്ലിക്ക് കേസിലെ ഹൈക്കോടതി വിധി, അടിച്ചമർത്തലുകളെ ചെറുക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ആശ്വാസമാണ്.
















