അസം എന്ന പരീക്ഷണശാല


കെ രാജേന്ദ്രൻ
Published on Jul 20, 2025, 10:15 PM | 4 min read
സ്വാതന്ത്ര്യത്തിനുമുമ്പ് സീതാറാം എന്ന പേരിൽ അസമിലെ കച്ചാർ മേഖലയിൽ ഒരു കമ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. സീതാറാമിന്റെ അച്ഛനായിരുന്നു കച്ചാറിലെ ഏറ്റവും വലിയ ഭൂഉടമ. സ്വന്തം അച്ഛനെതിരെ സീതാറാം കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. കർഷക തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിവേണം എന്നതായിരുന്നു ആവശ്യം. സമരം തകർക്കാൻ ഒറ്റ മാർഗമേ ഉള്ളൂ. സീതാറാമിനെ ജയിലിലടയ്ക്കുക. അങ്ങനെ മകനെ ജയിലിലടയ്ക്കണം എന്നാവശ്യപ്പെട്ട് സീതാറാമിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകി. സീതാറാം ഒളിവിൽ പോയി. ഗ്രാമങ്ങൾ തോറും അരിച്ചുപെറുക്കിയ ബ്രിട്ടീഷ് പൊലീസിന് സീതാറാമിനെ പിടികൂടാനായില്ല. നിസ്വവർഗത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം അച്ഛന്റെപോലും ക്രൂരതകൾക്കിരയായ സീതാറാം അസമിലെ കമ്യൂണിസ്റ്റുകാർക്ക് ഇന്നും ആവേശമാണ്.
പതിറ്റാണ്ടുകൾക്കിപ്പുറം അസമിന്റെ ഭൂപടവും പരിസ്ഥിതിയും രാഷ്ട്രീയ,സാമൂഹ്യാവസ്ഥയും എല്ലാം മാറിയിരിക്കുന്നു. പണ്ട് സ്വന്തം അച്ഛനായ ഭൂവുടമയുടെയും ബ്രിട്ടീഷ് പൊലീസിന്റെയും ക്രൂരതകളിൽനിന്ന് രക്ഷപ്പെടാനായി ഒളിവിൽ പോയിരുന്ന സീതാറാമിന്റെ സ്ഥാനത്ത്, ആയിരങ്ങളാണ് ഇന്ന് അസം ഗ്രാമങ്ങളിൽ ഒളിവിൽ കഴിയുന്നത്. ഇവരെല്ലാം മുസ്ലിങ്ങളാണ്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തപ്പെട്ടവർ. പണ്ട് ഒളിവിലായിരുന്ന സീതാറാമിനെ തേടി അലഞ്ഞു തിരിഞ്ഞിരുന്നത് ബ്രിട്ടീഷ് പൊലീസും സ്വന്തം അച്ഛൻ ഉൾപ്പെടെയുള്ള ഭൂഉടമകളുമായിരുന്നെങ്കിൽ, ഇന്ന് മുസ്ലിങ്ങളെത്തേടി ഗ്രാമങ്ങൾ അരിച്ചുപെറുക്കുന്നത് അസം പൊലീസും ആർഎസ്എസുകാരുമാണ്.
പൗരത്വത്തിന്റെ പേരിൽ വേട്ട
കുടിയേറ്റം ഒരു സാർവദേശീയ പ്രതിഭാസമാണ്. തൊഴിലും ജീവിതവും തേടി ലോകത്ത് ഏറ്റവുമധികം കുടിയേറ്റങ്ങൾ നടത്തിയത് ഇന്ത്യക്കാരാണ്. ഓസ്ട്രേലിയൻ വൻകരയിലെ രാജ്യമായ ഫിജിയിൽ ജനസംഖ്യയിലെ 43 ശതമാനം ഇന്ത്യൻ വംശജരാണ്. ഇന്ത്യ- പാക് വിഭജന സമയത്തും 1971ല ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തും ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റങ്ങളുണ്ടായി. മറ്റ് പ്രദേശങ്ങളിൽനിന്ന് വിഭിന്നമായി അസമിൽ മണ്ണിന്റെ മക്കൾവാദം വലിയ രാഷ്‌ട്രീയ, സാമൂഹ്യ പ്രശ്നമായി ഉയർന്നുവന്നു. രാഷ്‌ട്രീയ സംഘടനയായ അസം ഗണപരിഷത്തും ഭീകരസംഘടനയായ ഉൾഫയും വളർന്നത് കുടിയേറ്റവിരുദ്ധത ആളിക്കത്തിച്ചായിരുന്നു. ഇതേമാർഗത്തിലൂടെയാണ് സംഘപരിവാറും അസമിൽ വളർന്നത്.
1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുൻകൈയെടുത്ത് കേന്ദ്രസർക്കാരും അസം സർക്കാരും അസുവും (ഓൾ അസം സ്റ്റുഡന്റ് യൂണിയൻ) എജിപിയും ( അസം ഗണ പരിഷത്ത് ) അസംകരാറിൽ ഒപ്പുവച്ചു. 1971 മാർച്ച് 24നുശേഷം ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്തി തിരിച്ചയക്കുമെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. യഥാർഥ പൗരൻമാരെ കണ്ടെത്താനുളള നടപടിക്രമങ്ങൾ സങ്കീർണവും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സംവിധാനമായിരുന്നു. 2018 ജൂലൈയിൽ കരട് പൗരത്വ പട്ടിക പുറത്തുവിട്ടിരുന്നു. അക്കാലത്ത് കൊക്രാജർ ജില്ലയിലെ അജ്മൽ ഗ്രാമത്തിൽ ഈ ലേഖകൻ ഒരു മുസ്ലിം കുടുംബത്തെ കണ്ടുമുട്ടി-. കുത്സുംഭായും മൂന്ന് പെൺകുട്ടികളും. കുടുംബനാഥൻ മുബൈയിലെ നിർമാണത്തൊഴിലാളിയാണ്. കുത്സുംഭായിയുടെയും ഭർത്താവിന്റെയും പേരുകൾ കരട് പട്ടികയിൽ ഉണ്ടായിരുന്നു. പക്ഷേ, മൂന്ന് പെൺകുട്ടികളുടെയും പേരുകൾ ഇല്ല. അഥവാ അവർ "ബംഗ്ലാദേശികൾ’ ആണ്. ഇതിന്റെ കാരണം ചോദിച്ചപ്പോൾ കുത്സുംഭായി നൽകിയ മറുപടി ഇങ്ങനെ–-‘ ഞാൻ കൂലി വേല ചെയ്താണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. ഇവരുടെ രേഖകൾ തയ്യാറാക്കണമെങ്കിൽ ഞാൻ കുറെ ദിവസം നിരവധി ഓഫീസുകൾ കയറിയിറങ്ങണം. പണിക്ക് പോകാൻ പറ്റില്ല. പണിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണിയിലാകും’.
2019 ആഗസ്‌ത് 31ന് അന്തിമ പൗരത്വ പട്ടിക പുറത്തിറക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ പുറത്തുവിട്ട കണക്കുകൾ പ്രകാരം പട്ടികയിൽ ഇടം കിട്ടാത്തവർ, അഥവാ ഇന്ത്യൻ പൗരൻമാരല്ലാത്തവരായി 16 ലക്ഷം പേർ ഉണ്ട്. ഇവരിലെ 7 ലക്ഷം പേർ മുസ്ലിങ്ങളാണ്. ബാക്കിയുള്ളവർ സ്വാഭാവികമായും ഹിന്ദുക്കളാകും. എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം ഹിന്ദുക്കൾക്കെല്ലാം ഇന്ത്യൻ പൗരത്വം ലഭിക്കും. മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയോ അസമിലെ തടങ്കൽപ്പാളയത്തിൽ അടയ്ക്കുകയോ ചെയ്യും. കഴിഞ്ഞ മെയ് മാസത്തിനുശേഷം അസം പൊലീസും ബിഎസ്എഫും ചേർന്ന് ഇതുവരെ 303 പേരെ ബംഗ്ലാദേശിലേക്ക് തള്ളി നീക്കി. പലരേയും തങ്ങളുടെ പൗരൻമാരല്ല എന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സൈന്യം തിരിച്ചയക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ കിടന്ന് കുറെ പരമദരിദ്രർ നട്ടം തിരിയുകയാണ്. യഥാർഥ അനധികൃത കുടിയേറ്റക്കാരാകട്ടെ, സ്വാധീനം ഉപയോഗിച്ചും കോഴനൽകിയും വളരെ നേരത്തെതന്നെ ഇന്ത്യൻ പൗരത്വം ഉറപ്പിച്ചിരുന്നു.
മുസ്ലിം വിരുദ്ധതയ്ക്ക്
പൗരത്വ വിഷയം മാത്രം പോര
അസമിൽ ഒരു കോടിയിലേറെ മുസ്ലിങ്ങൾ ഉണ്ട്. ഇവരെല്ലാം തന്നെ ബംഗ്ലാദേശ് പൗരൻമാരാണെന്നതായിരുന്നു സംഘപരിവാറിന്റെ പ്രചാരണം. ദേശീയ പൗരത്വ രജിസ്റ്റർ ഉദ്ധരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ പറഞ്ഞ കണക്ക് പ്രകാരം പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത മുസ്ലിങ്ങളുടെ എണ്ണം 7 ലക്ഷം കവിയില്ല. അസമിൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാൻ ബിജെപിക്ക് പൗരത്വ വിഷയം മാത്രം പോര. ഈ സാഹചര്യത്തിലാണ് അസമിൽ മുസ്ലിങ്ങളുടെ വീടുകൾ വ്യാപകമായി ഇടിച്ചു നിരത്തുന്നത്. അദാനി ഗ്രൂപ്പിന്റെ പുതിയ താപനിലയത്തിന് സ്ഥലം കണ്ടെത്താനായി ധുബ്രി ജില്ലയിലെ ബിലാഷിപ്പാറയിൽ മുസ്ലിങ്ങളുടെ രണ്ടായിരത്തോളം വീടുകളാണ് നൂറോളം ബുൾഡോസറുകൾ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്. വെറും അഞ്ച് ദിവസം മുമ്പ് മാത്രമാണ് വീടും സ്ഥലവും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ഇവർക്ക് നോട്ടീസ് നൽകിയത്. നഷ്ടപരിഹാരമായി നൽകിയത് വെറും 50,000 രൂപ മാത്രം. പതിനായിരത്തോളം മിയോ മുസ്ലിങ്ങളാണ് ഇപ്പോൾ കയറിക്കിടക്കാൻ ഇടമില്ലാതെ ധുബ്രിയിലൂടെ അലഞ്ഞു തിരിയുന്നത്. വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ തദ്ദേശവാസികൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം പദ്ധതികൾ മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറ്റി, പദ്ധതികൾക്ക് ഭൂമി കണ്ടെത്തുന്നതോടൊപ്പം മതവൈരം തീർക്കുക എന്ന ആത്യന്തിക ലക്ഷ്യംകൂടി അസം ബിജെപി സർക്കാർ നിറവേറ്റുന്നു. വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ മെയ് 28ന് മറ്റൊരു നടപടികൂടി അസം സർക്കാർ കൈക്കൊണ്ടു. മുസ്ലിം ഭൂരിപക്ഷമുള്ള അഞ്ച് ജില്ലകളിലെ ഹിന്ദുക്കൾക്ക് തോക്കുകൾ കൈവശംവയ്ക്കാനുള്ള ലൈസൻസുകൾ വ്യാപകമായി അനുവദിക്കാൻ ഉത്തരവിട്ടു. ഹിന്ദുക്കൾ ന്യൂനപക്ഷമായ ജില്ലകളിൽ സ്വയരക്ഷയ്ക്ക് തോക്ക് വേണമത്രെ. തോക്ക് ലൈസൻസിന് മതം മാനദണ്ഡമാക്കുന്ന ആദ്യത്തെ സംഭവമാണിത്.
വർഗരാഷ്ട്രീയത്തെ മറികടന്ന്
സ്വത്വരാഷ്ട്രീയം
അസമിന്റെ ആദ്യകാല ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നത് ‘ഹരിത തടങ്കൽപ്പാളയങ്ങൾ ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തേയിലത്തോട്ടങ്ങളുടെ ഉടമകളുടെ ചൂഷണങ്ങൾക്കെതിരെ, കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ആയിരുന്നു. തേയിലത്തോട്ടങ്ങൾ വിട്ടിറങ്ങിയ തൊഴിലാളികൾ, അടിമ ജീവിതത്തേക്കാൾ നല്ലത് മരണമാണെന്ന് പ്രഖ്യാപിച്ച് റെയിൽവേ പാളങ്ങളിലൂടെ നടത്തിയ ‘ചാർഗോള എക്സോഡസ് ' എന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് ലേബർ പാർടിയുടെ നേതാക്കൾവരെ രംഗത്തെത്തിയിരുന്നു.
ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന് പരിഹാരം തേടി ‘ജീവൻ നൽകാം നെല്ല് തരില്ലേ ' എന്ന മുദ്രാവാക്യം ഉയർത്തി കിസാൻ സഭ നടത്തിയ പോരാട്ടങ്ങളാണ് സ്വാതന്ത്ര്യാനന്തരം അസമിലെ പാട്ടക്കുടിയാൻമാർക്ക് ഭൂമിയും സുരക്ഷിതത്വവും നൽകിയത്. കിസാൻ സഭ നേതാവ് മേഘനാഥിനെയും വനിതാ പോരാളി ഇമൗച്ചു ദേവിയെയും പൊലീസ് വെടിവച്ചുകൊന്നു. അധികാരത്തോടടുത്തില്ലെങ്കിലും, കമ്യൂണിസ്റ്റ് പാർടി മുഖ്യശക്തിയായിരുന്നു. 1978ൽ അസം നിയമസഭയിൽ ഇടതുപക്ഷം 23 സീറ്റു നേടി. തേയിലത്തോട്ടം മേഖലകളിലെ ബംഗാളികളായ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർടികളെ പിന്തുണച്ചത് തോട്ടം ഉടമകളെ അസ്വസ്ഥരാക്കിയിരുന്നു. അസം പ്രാദേശിക വാദം ആളിക്കത്തിക്കുന്നതിന് ഏറ്റവും പണമൊഴുക്കിയത് തേയില മുതലാളിമാർ ആയിരുന്നു. തൊഴിലാളി മുന്നേറ്റങ്ങളെ പ്രാദേശിക വികാരവും വർഗീയതയും ആളിക്കത്തിച്ച് ദുർബലമാക്കുക എന്ന ലക്ഷ്യം നിറവേറി. പക്ഷേ, പഴയ തോട്ടം തൊഴിലാളികളുടെ പിൻമുറക്കാർ, ഇന്ന് തൊഴിൽ തേടി കേരളത്തിലേക്കാണ് വണ്ടി കയറുന്നത്. അസമാകട്ടെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ വടക്ക് കിഴക്കൻ പരീക്ഷണശാലയായും മാറി.















