യുഡിഎഫിനെ വെളുപ്പിക്കാൻ നാലാംതൂണും

കെ വി സുധാകരൻ
Published on Jul 13, 2026, 02:01 AM | 4 min read
ജനാധിപത്യവും മാധ്യമ പ്രവർത്തനവും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെപ്പറ്റിയുള്ള സങ്കൽപ്പത്തിന് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1787 ൽ ബ്രിട്ടീഷ് പാർലമെന്റിൽ ‘ജനാധിപത്യത്തിലെ നാലാം തൂണ്'(Fourth Estate) ആണ് പത്രങ്ങൾ എന്ന് എഡ്മണ്ട് ബെർക്ക് ( Edmund Burke) പറഞ്ഞു തുടങ്ങിയതുമുതൽ കേൾക്കുന്നതാണ് ഈ പ്രയോഗം. ജനാധിപത്യ ഭരണസംവിധാനത്തിലെ പ്രശ്നങ്ങൾ, പ്രതിസന്ധികൾ, പുഴുക്കുത്തുകൾ, പോരായ്മകൾ എന്നിവയൊക്കെ ജനമധ്യത്തിൽ കൊണ്ടുവരാനും അധികാര സ്ഥാനങ്ങളെക്കൊണ്ട് അതിനാവശ്യമായ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിക്കാനും പത്രങ്ങൾക്ക് (ഇന്ന് മാധ്യമങ്ങൾ) ചുമതലയുണ്ടെന്നതാണ് ഈ ആശയത്തിന്റെ പൊരുൾ.
2016 മെയ് മുതൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെയുള്ള പത്തുവർഷവും അക്കാലത്തെ പ്രതിപക്ഷ പാർടികളേക്കാൾ തങ്ങളാണ് യഥാർഥ പ്രതിപക്ഷം എന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചത്. അന്ന് എൽഡിഎഫ് സർക്കാരിനെ സംശയമുനയിൽ നിർത്താൻ അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി കൊണ്ടുവന്നു. വസ്തുതാപരമായ പിൻബലത്തിന്റെ ലവലേശം പോലുമില്ലാതെ ആരോപണങ്ങൾ വാർത്തയായും ഫീച്ചറുകളായും മുഖപ്രസംഗങ്ങളായും ദൃശ്യമാധ്യമചർച്ചകളായും കൊണ്ടുവന്നു. പ്രമുഖ മാധ്യമപ്രവർത്തകർ പലരും അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് നേതാക്കളുടെ പി ആർ ഏജൻസികളെപ്പോലെ പ്രവർത്തിച്ചു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ആ സർക്കാരിന്റെ നടപടികളെയും വികൃതവൽക്കരിക്കാൻ ആവുന്നതൊക്കെ ചെയ്തു. യുഡിഎഫ് നേതാക്കളും അന്നത്തെ പ്രതിപക്ഷ നേതാവും എന്ത് ആക്ഷേപമുന്നയിച്ചാലും അതിന്റെ ന്യായാന്യായങ്ങളെപ്പറ്റിയൊന്നും നോക്കാതെ വാർത്തകളും വാർത്താവിശകലനങ്ങളുമായി മാധ്യമങ്ങൾ പ്രതിപക്ഷറോൾ ആഘോഷിച്ചു. പ്രാഥമിക മര്യാദകൾപോലും ലംഘിച്ച് അന്നത്തെ സർക്കാരിനെ മോശമാക്കാൻ ആവുന്നതൊക്കെ ചെയ്തു. എന്നാൽ, ഭരണം മാറി യുഡിഎഫ് വരികയും വി ഡി സതീശൻ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷസ്വരം കാണുന്നില്ല. എന്നുമാത്രമല്ല, പ്രതിപക്ഷത്തെ ഏറെക്കുറെ തമസ്കരിച്ച് ഭരണപക്ഷ ചെയ്തികളുടെ പ്രചാരകരായി മാറുകയും ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിനേക്കാൾ വലിയ വാശിയോടെയായിരുന്നുവല്ലോ മാധ്യമങ്ങൾ പ്രവർത്തിച്ചത്! സാമൂഹ്യ സാംസ്കാരിക അന്തരീക്ഷം മലീമസമാക്കിയ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചെയ്തികളൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാൻ മാധ്യമങ്ങൾ കാവൽനായ്ക്കളെപ്പോലെ നിലകൊണ്ടു. കോൺഗ്രസിന്റെ ഫണ്ട് വെട്ടിപ്പുമുതൽ മുഖ്യമന്ത്രിപദത്തിനായുള്ള വൃത്തികെട്ട കളികളിൽവരെ അവർക്ക് ഒരു പ്രശ്നവും തോന്നിയില്ല. എൽഡിഎഫ് ഭരണം മൂന്നാമതും വന്നാൽ സിപിഐ എം എന്ന പാർടി തന്നെ നശിക്കുമെന്ന ആഖ്യാനം മാധ്യമങ്ങൾ മെനഞ്ഞെടുത്തു. സിപിഐ എമ്മിന്റെ രക്ഷയ്ക്കുവേണ്ടിയാണ് തങ്ങൾ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതെന്നുവരെ മാധ്യമങ്ങൾ തട്ടിവിട്ടു.
ചില ദൃശ്യമാധ്യമ പ്രവർത്തകർ വി ഡി സതീശന്റെ നാവായി പ്രത്യക്ഷപ്പെടുന്നതും നാം കണ്ടു. എല്ലാ അടിപിടികൾക്കുംശേഷം വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ, പിന്നെ സതീശനെ കേരളത്തിന്റെ രക്ഷകൻ എന്ന നിലയിൽ അവതരിപ്പിക്കാനായി മാധ്യമങ്ങളുടെ ശ്രമം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പാണ് സതീശൻ ദുരൂഹമായ മംഗളൂരുയാത്ര നടത്തിയത്. ചാർട്ടേഡ് വിമാനത്തിലായിരുന്നു യാത്രയെന്ന് തെളിഞ്ഞു. എന്നാൽ, ടാക്സി കാർ പിടിച്ച് സഞ്ചരിക്കുന്ന ലാഘവത്തോടെ സതീശൻ വിമാനം വാടകയ്ക്കെടുത്ത് എവിടെപ്പോയി, എന്തത്യാവശ്യത്തിന് പോയി എന്ന് ഇതേവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഉള്ളുകള്ളികൾ തേടിപ്പോകാൻ മാധ്യമങ്ങൾക്ക് ഒട്ടും താൽപ്പര്യവുമില്ല. എൽഡിഎഫ് കാലത്ത് മുഖ്യമന്ത്രിയടക്കമുള്ളവർ കിഫ്ബിയുമായി ബന്ധപ്പെട്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയതിലെ ‘ദുരൂഹത'യെപ്പറ്റി എത്ര ദിവസമാണ് ചാനലുകൾ ചർച്ച നടത്തിയത്? ഇവിടെ സതീശനും സതീശന്റെ ആതിഥേയർക്കും മാത്രമറിയുന്ന ആ യാത്രയുടെ രഹസ്യമെന്തെന്ന് മാധ്യമങ്ങൾ എന്തേ ചോദിക്കുന്നില്ല?
സംസ്ഥാനം അതിഭയങ്കരമായ സാമ്പത്തികത്തകർച്ചയിലും കടക്കെണിയിലും ആണെന്നും ഇതിന്റെ നിജസ്ഥിതി അറിയിക്കാനാണെന്നും പറഞ്ഞാണ് ജൂൺ നാലിന് സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചത്. ഇതിന് ഉപോൽബലകമെന്നോണം പ്രധാനമായും രണ്ടു കാര്യങ്ങൾ അദ്ദേഹം ആരോപിച്ചു. ഒന്ന്, സംസ്ഥാന ഖജനാവിൽ ‘പൂച്ച പെറ്റു കിടക്കുകയാണ് '. രണ്ടാമത്തെ കാര്യം. കേരളത്തിന്റെ സഞ്ചിത കട ബാധ്യത ആറുലക്ഷം കോടിയാണത്രെ. ഇത് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം ആവർത്തിച്ചു. മാധ്യമങ്ങളും ഇതേറ്റു പാടി. ന്യായാന്യായങ്ങൾ പരിശോധിച്ച് ബോധ്യപ്പെടാനുള്ള ഒരു അവധാനതയും മാധ്യമങ്ങൾ കാണിച്ചിട്ടില്ല. ഒടുവിൽ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോൾ വ്യക്തത വന്നു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന ചൊല്ലിനെ സതീശൻ ആശ്രയിച്ചത്, ഖജനാവ് കാലിയാണെന്ന് സ്ഥാപിക്കാനായിരുന്നല്ലോ. എന്നാൽ, കണക്കുകൾ പുറത്തുവന്നപ്പോൾ, ഖജനാവിൽ 6322 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് ധവളപത്രം ചൂണ്ടിക്കാട്ടി. അതുപോലെ, സംസ്ഥാന കടം ആറുലക്ഷം കോടിയാണെന്ന് പറഞ്ഞസ്ഥാനത്ത്, യഥാർഥ കടം 5.07 ലക്ഷം കോടിയാണെന്ന് സ്ഥാപിക്കപ്പെട്ടു. എന്നുപറഞ്ഞാൽ, മുഖ്യമന്ത്രിയായ സതീശൻ ആരോപിച്ചതിനേക്കാൾ ഒരു ലക്ഷം കോടിയോളം കുറവാണ് യഥാർഥ കടം എന്നു വന്നു. കേരളത്തിന്റെ ഒരു വർഷത്തെ ബജറ്റ് തുക തന്നെ രണ്ടുലക്ഷം കോടിയിൽ ചില്ല്വാനം ആയിരിക്കുമ്പോഴാണ് സതീശൻ ഒരു ലക്ഷം കോടിയോളം കൂട്ടിപ്പറഞ്ഞ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിച്ചത് എന്നർഥം. എന്നാൽ ഈ ഭീമൻ നുണ പറഞ്ഞുകൊണ്ടേയിരുന്ന സതീശന്റെ ഉളുപ്പില്ലായ്മ ഒരു മാധ്യമത്തിനും പ്രശ്നമായി തോന്നിയില്ല.
ഇങ്ങനെ വമ്പൻ നുണകൾ പറഞ്ഞ് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കുന്നത് സൈദ്ധാന്തികമായി ഹിറ്റ്‌ലറുടെ തന്ത്രമാണ്. പെരുംനുണകൾകൊണ്ട് എങ്ങനെ പൊതുബോധം കൈയടക്കാം എന്ന ഹിറ്റ്‌ലറിന്റെ തന്ത്രം സതീശൻ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. അതിപ്പോഴും പൂർവാധികം ഭംഗിയായി പ്രയോഗിക്കുന്നുമുണ്ട്. 6322കോടി രൂപ നീക്കിയിരിപ്പുള്ള സംസ്ഥാന ഖജനാവ് ശൂന്യമാണെന്ന് പറയാനുള്ള ഔദ്ധത്യം സതീശൻ കാട്ടിയത് ഈ പെരുംനുണ (Big Lie) ടെക്‌നിക്കുകൊണ്ടാണ്. പെരുംനുണകൾക്ക് ചെറിയ നുണകളേക്കാൾ വിശ്വാസ്യതയുണ്ടാകും എന്നായിരുന്നു ഹിറ്റ്‌ലർ വിശ്വസിച്ചിരുന്നത്. ഈ വിശ്വാസം ഒരുപക്ഷേ, സതീശനെയും പിടികൂടിക്കാണും. ഒരു മുഖ്യമന്ത്രി ഇങ്ങനെ നുണകൾ ആവർത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ലേശംപോലും രോഷമുണ്ടാകുന്നില്ല എന്നതാണ് വിചിത്രം.
മെയ് 29 ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ സർക്കാരിനുവേണ്ടി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകിടം മറിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങളെപ്പറ്റി ഒരു നെടുനിശ്വാസം കൊണ്ടുപോലും വിമർശിക്കാത്തത് മാധ്യമങ്ങൾ കണ്ടില്ല. ആരോഗ്യ പൊതുമരാമത്ത് മേഖലകൾ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുമെന്ന് പറഞ്ഞതിലും കേന്ദ്ര സർക്കാർ ഫെഡറലിസം തകർക്കുന്നതിനെപ്പറ്റി ഒന്നുംപറയാതിരുന്നതിലും കിഫ്ബി, കുടുംബശ്രീ, കെ -ഫോൺ, ലൈഫ് എന്നിങ്ങനെ രാജ്യാന്തര ശ്രദ്ധനേടിയ സംസ്ഥാനത്തിന്റെ പദ്ധതികളെപ്പറ്റി മൗനം അവലംബിച്ചതിലും പരാതിയില്ല. 69 വർഷത്തോടടുക്കുന്ന കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായി സഭാസമ്മേളനത്തിൽ ‘വന്ദേമാതരം' ആലപിച്ചതിലും മാധ്യമങ്ങൾക്ക് അശേഷം അലോഹ്യം തോന്നിയില്ല.
മാധ്യമങ്ങൾക്ക് നിലവിലെ പ്രതിപക്ഷമായ ഇടതുപക്ഷത്തോടുള്ള വിവേചനത്തിന്റെയും വി ഡി സതീശനടക്കമുള്ള യുഡിഎഫുകാരോടുള്ള വിധേയത്വത്തിന്റെയും ഒടുവിലത്തെ പ്രതിഫലനമായിരുന്നു ജൂലൈ ഒമ്പതിന് പിണറായി വിജയനും എം വി ഗോവിന്ദനും അടക്കമുള്ള എൽഡിഎഫ് നേതാക്കളുടെ കള്ളാടി ദുരന്തമേഖല സന്ദർശനത്തോടുകാട്ടിയ അനീതി. ഇതുമായി ബന്ധപ്പെട്ടുനടത്തിയ വാർത്താസമ്മേളനം പരമാവധി കൊടുക്കാതിരിക്കാൻ മാധ്യമങ്ങൾ കാട്ടിയ സമീപനവും ഈ വിവേചനം വ്യക്തമാക്കുന്നുണ്ട്.
വാർത്താസമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർക്കുനേരെ മനഃശാസ്ത്രപരമായ മേധാവിത്വം സ്ഥാപിച്ചതിനുശേഷം, സതീശൻ പറയുന്ന കാര്യങ്ങളുടെ ‘കേട്ടെഴുത്തുകാരാ'യി , ‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ടു ചെയ്യും' എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പിൻമുറക്കാർ മാറുകയാണോ എന്നാണ് സംശയിക്കേണ്ടത്.














