രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഇനി എത്രനാള്‍


കെ രാജേന്ദ്രൻ
Published on Aug 24, 2025, 10:47 PM | 4 min read
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. ഇന്ന് മോദിക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, രാജ്യത്തെ മഹാഭൂരിപക്ഷം മാധ്യമങ്ങളുടെയും തലക്കെട്ടും ഉള്ളടക്കവും എഡിറ്റോറിയൽ ചർച്ചാ വിഷയവുമെല്ലാം തീരുമാനിക്കുന്നത് ബിജെപിയാണ്. പല മാധ്യമപ്പുലികളും രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ പത്തി മടക്കിയിരിക്കുന്നു. നീതിബോധവും ആത്മാഭിമാനവുമുള്ള മാധ്യമ പ്രവർത്തകരാകട്ടെ, സ്വന്തമായും കൂട്ടായ്മയോടെയും ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചും ഓൺലൈൻ , ഡിജിറ്റൽ മാധ്യമ സംരംഭങ്ങൾ ആരംഭിച്ച്, ധീരമായ മാധ്യമ പ്രവർത്തനം നടത്തുന്നു.
രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ നടന്നിരുന്നത്. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമെന്ന് വിധിച്ചു. ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി. ഡിഎൽഎഫ് ഭൂമി ഇടപാട് കേസിൽനിന്ന് റോബർട്ട് വാധ്രയെ രക്ഷപ്പെടുത്താൻ ബിജെപിക്ക് കോഴയായി ഇലക്ടറൽ ബോണ്ട് നൽകിയതുൾപ്പെടെ വൻ കോഴയിടപാടുകളുടെ മലവെള്ളപ്പാച്ചിലാണ് തുടർന്നുണ്ടായത്. എന്നാൽ, ഇന്ത്യൻ മാധ്യമ ലോകം ഇതെല്ലാം തമസ്കരിച്ചപ്പോൾ, രാജ്യത്തെ ബദൽ മാധ്യമങ്ങൾ ദൗത്യം ഏറ്റെടുത്തു. ധ്രുവ് റാഠി എന്ന ഡിജിറ്റൽ ജേർണലിസ്റ്റിന്റെ ഹിന്ദിയിലുള്ള ലളിതവും ആധികാരികവുമായ വീഡിയോകൾ ഉത്തരേന്ത്യയിൽ തരംഗമായി. ബിജെപിയുടെ ‘നാനൂറ് പ്ലസ്' ലക്ഷ്യം തകർത്ത് തരിപ്പണമാക്കുന്നതിൽ ഈ ചെറുപ്പക്കാരൻ വഹിച്ച പങ്ക് വളരെ വലുതാണ്. ധ്രുവ് റാഠിയെ പൂട്ടിച്ച് അകത്തിടാൻ പരമാവധി നോക്കി. ധ്രുവ് റാഠി വിദേശത്ത് സ്ഥിരതാമസമാക്കിയതിനാൽ ഇതുവരെ ദൗത്യം നിറവേറ്റാനായില്ല.

കർഷകസമരത്തെ ജനകീയമാക്കി എന്ന കുറ്റം കണ്ടെത്തിയാണ് ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്ഡ് ചെയ്ത് പത്രാധിപർ പ്രബീർ പുർകായസ്തയെ ജയിലിലടച്ചത്. കോവിഡ് കാലത്ത് മോദിയുടെ മണ്ഡലമായ വാരാണസിയിൽ പട്ടിണി പടർന്നത് റിപ്പോർട്ട് ചെയ്തതിന് ഓണ്‍ലൈന്‍ മാധ്യമമായ സ്ക്രോളിലെ മാധ്യമ പ്രവർത്തക സുപ്രിയ ശര്‍മക്കെതിരെ കേസെടുത്തു. ‘ദി വയർ’ എക്കാലത്തും സംഘപരിവാറിന്റെ മുഖ്യ ശത്രുവാണ്. പല തവണ കേസെടുത്തെങ്കിലും ഇതുവരെ വയറിനെ പൂട്ടിക്കാനായില്ല. ഈ ദൗത്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യദ്രോഹ കുറ്റം ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടി ദി വയർ പത്രാധിപർ സിദ്ധാർഥ വരദരാജന്‍, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കരൺ ഥാപ്പർ തുടങ്ങിയവര്‍ക്കെതിരെ അസം പൊലീസ് കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി വിലക്കിയതിനാൽ ഇവരെ ജയിലിൽ അടയ്ക്കാനുള്ള നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല.
ദി വയറിന്റെ "രാജ്യദ്രോഹം’
ദി വയറിന്റെ സ്ഥാപക പത്രാധിപർ സിദ്ധാർഥ വരദരാജൻ, കൺസൾട്ടിങ് എഡിറ്റർ കരൺ ഥാപ്പർ എന്നിവരുൾപ്പെടെ 5 പേരെ പ്രതികളാക്കി അസം പൊലീസെടുത്ത കേസിലെ പ്രധാന ആരോപണം രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു എന്നതാണ്. പഹൽഗാം ഭീകരാക്രമണവും ഇതിനെ തുടർന്നുണ്ടായ ഇന്ത്യ-– പാക് സംഘർഷവുമായി ബന്ധപ്പെട്ട്, ദി വയറിൽ പ്രസിദ്ധീകരിച്ച മുൻ "റൊ’ മേധാവി എ എസ് ദുലത്ത്, മാധ്യമ പ്രവർത്തകരായ ഹരീഷ് ഖരെ, ആനന്ദ് കെ സഹായ് തുടങ്ങിയ 11 പേരുടെ അഭിപ്രായങ്ങൾ ഭാരതീയ ന്യായസംഹിത 152–ാം വകുപ്പ് പ്രകാരം രാജ്യദ്രോഹമാണെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. സംഘർഷ സമയത്ത് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ പാകിസ്ഥാനിൽവച്ച് കാണാതായെന്ന ദി വയറിലെ റിപ്പോർട്ട് രാജ്യദ്രോഹപരമെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
എന്നാൽ, മെയ് 30ന് സിംഗപ്പുരിൽ വച്ച് ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് അനിൽ ചൗഹാനെതിരെയല്ലേ? സുരക്ഷാവീഴ്ച മൂലമാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് എന്ന ദി വയറിലെ പരാമർശവും രാജ്യദ്രോഹപരമാണത്രെ. എന്നാൽ ഏപ്രിൽ 24ന് കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ, പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് കേന്ദ്ര സർക്കാർ പ്രതിനിധികൾ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. അങ്ങനെയെങ്കിൽ ആർക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്?
പ്രമുഖ അഭിമുഖകാരനായ കരൺ ഥാപ്പറിനെതിരെ കേസെടുക്കാനുള്ള യഥാർഥ കാരണം മറ്റു ചിലതാണ്. 2007 ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഒരിക്കൽ കരൺ ഥാപ്പറിന് അഭിമുഖം അനുവദിച്ചു. ഗുജറാത്ത് കലാപത്തിന്റെ ഇരകളായ മുസ്ലിങ്ങളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്ന കരൺ ഥാപ്പറുടെ ചോദ്യം മോദിയെ അസ്വസ്ഥനാക്കി. മോദി അതോടെ പരിപാടി അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. പിന്നീട് ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് മാത്രമേ മോദി അഭിമുഖം നൽകിയിട്ടുള്ളൂ. പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽപോലും പത്രസമ്മേളനം നടത്തിയിട്ടില്ല. ചോദ്യങ്ങളെ ഇത്രകണ്ട് ഭയക്കുന്ന മറ്റൊരു നേതാവിനെയും രാജ്യം ഇതുവരെ കണ്ടിട്ടില്ല.
ഗോദി മീഡിയയും മാധ്യമ സ്വാതന്ത്ര്യവും
2025 ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 151 ആണ്. 2024 ലെ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 127 രാജ്യങ്ങളിൽ 105. എന്നാൽ മാധ്യമങ്ങളുടെ പിന്തുണയോടെ കള്ളക്കണക്കുകളും വ്യാജ റിപ്പോർട്ടുകളും പുറത്തിറക്കിയാണ് മോദി സര്‍ക്കാരിന്റെ പ്രതിരോധം. ലോക അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്കോർ 25.5 ആണെന്ന ലോകബാങ്കിന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച്, ലോകത്ത് അസമത്വം ഏറ്റവും കുറഞ്ഞ നാലാമത്തെ രാജ്യമായി ഇന്ത്യ മാറ്റിയെന്ന് അവകാശപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താക്കുറിപ്പിറക്കി. സാമാന്യയുക്തിക്ക് നിരക്കാത്ത ഈ അവകാശവാദം അതുപോലെ തലക്കെട്ട് വാർത്തയാക്കുകയാണ് ‘ഗോദി മീഡിയ ' ചെയ്തത്. രാജ്യത്തെ 70 മാധ്യമ സംരംഭങ്ങൾ ഇന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ്. മോദിയുടെയും സംഘപരിവാറിന്റെയും വെറും വാഴ്ത്തുപാട്ടുകാരായി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ ലോകം മാറിയിരിക്കുന്നു. പണ്ടെല്ലാം മാധ്യമങ്ങൾ നടത്തിയിരുന്ന ക്രിയാത്മക അന്വേഷണങ്ങൾ ഇപ്പോൾ പ്രതിപക്ഷ പാർടികളാന്ന് നടത്തുന്നത്. വോട്ടർപട്ടിക ക്രമക്കേട് വിഷയമാണ് മികച്ച ഉദാഹരണം.
മാധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ ബിജെപിയിൽനിന്ന് ഒട്ടും പിറകിലല്ല കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ വാർത്ത കൊടുത്തതിന് രണ്ട് വനിതാ മാധ്യമ പ്രവർത്തകരെ അടുത്തിടെ തെലങ്കാന ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമ പ്രവർത്തകരെ നഗ്നരാക്കി തെരുവിലൂടെ നടത്തും എന്നതാണ് രേവന്ത് റെഡ്ഢിയുടെ ഭീഷണി.
രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സ്വാതന്ത്ര്യമുള്ള സംസ്ഥാനം കേരളമാണ്. ഒമ്പത് വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ കേരളത്തിലെ ഒറ്റ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് പോലും സര്‍ക്കാരിനെതിരെ വാര്‍ത്ത എഴുതിയതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നിട്ടില്ല. എന്നാല്‍, രാജ്യത്ത് ഏറ്റവുമധികം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ ചമച്ച വ്യാജവാര്‍ത്തകള്‍ പൊളിഞ്ഞതിനെ തുടര്‍ന്ന സമീപകാലത്ത് രണ്ടുതവണയാണ് മലയാള മനോരമ വായനക്കാരോട് മാപ്പു പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ആകട്ടെ, ജീവനക്കാരിയുടെ മകളെ ഓഫീസിലിരുത്തി വ്യാജവീഡിയോവരെ സൃഷ്ടിച്ചു. മാധ്യമങ്ങളെ വരിഞ്ഞുമുറുക്കുന്ന മോദി സര്‍ക്കാരിനെതിരെ വിമര്‍ശത്തിന്റെ ചെറുവിരല്‍ അനക്കാന്‍ കേരളത്തിലെ ഗോദി മീഡിയകള്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. സിദ്ധാർഥിനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും കേരളത്തിലെ വലതുപക്ഷ മാധ്യങ്ങൾ കാര്യമായ പ്രതിഷേധമൊന്നും ഉയർത്തിക്കണ്ടില്ല. ഏതാണ്ട് മൗനം തന്നെ പാലിച്ചു.















