ബ്രാൻഡിംഗ് നിർമാണത്തിലെ മാധ്യമക്കാഴ്ചകൾ

കെ വി സുധാകരൻ
Published on May 21, 2026, 11:20 PM | 3 min read
കോൺഗ്രസിലെ മൂന്നു മുൻനിര നേതാക്കളെ ജനങ്ങളുടെ മനസ്സിൽ ആദരം നൽകി പ്രതിഷ്ഠിക്കാൻ മാധ്യമങ്ങൾ മത്സരബുദ്ധിയോടെ നടത്തിയ ‘ബ്രാൻഡിങ്' നിർമിതികൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സവിശേഷ മാധ്യമപ്രവണതയായി. മുഖ്യമന്ത്രിസ്ഥാനം തരപ്പെടുത്തിയ വി ഡി സതീശനെയും ഈ മത്സരയോട്ടത്തിൽ കൗശലപൂർവം പിൻവാങ്ങേണ്ടിവന്ന കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും മഹത്വവൽക്കരിക്കാനായിരുന്നു മാധ്യമങ്ങളുടെ പെടാപ്പാട്.
സതീശനെ ‘വി ഡി'യായും (അതോ വി ഡി എസോ) വേണുഗോപാലിനെ ‘കെ സി'യായും രമേശ് ചെന്നിത്തലയെ ‘ആർ സി’യായും അവതരിപ്പിച്ച്, അവരെ ജനങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തിയത്. മുൻകാലങ്ങളിൽ, പ്രതിജ്ഞാബദ്ധമായ ജനസേവനത്താലും മനുഷ്യജീവിതത്തിൽ ജനാധിപത്യവും തുല്യതയും നീതിയും സ്ഥാപിക്കാൻ നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങളാലും ചൂഷണശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടത്തിയ കലഹങ്ങൾകൊണ്ടും മുന്നേറിയ നേതാക്കൾക്ക് ജനങ്ങളാണ് ആദരമോടെ ചുരുക്കപ്പേരുകൾ നൽകിയത്.
അങ്ങനെയാണ് എ കെ ഗോപാലൻ എ കെ ജിയും ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് ഇ എം എസും വി എസ് അച്യുതാനന്ദൻ വി എസും ഒക്കെയായി എല്ലാ വിഭാഗമാളുകളിലും ചിരപ്രതിഷ്ഠ നേടിയത്. എന്നാൽ, രാഷ്ട്രീയാധികാരലബ്‌ധിക്കും അനുബന്ധ കൊടുക്കൽവാങ്ങലുകൾക്കും വേണ്ടിമാത്രം ഒളിഞ്ഞും തെളിഞ്ഞും ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും പടവെട്ടുകയും ഗൂഢതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നവരെ അക്ഷരദ്വയങ്ങളും ത്ര്യക്ഷരികളുംകൊണ്ട് വല്ലാതെ വെളുപ്പിക്കാനും വിശുദ്ധരാക്കി അവതരിപ്പിക്കാനുമാണ് ഇപ്പോൾ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ 1996ലാണ് തെരഞ്ഞെടുപ്പുരംഗത്തേക്ക് വരുന്നത്. 2001 മുതൽ എംഎൽഎയും കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷനേതാവുമായിരുന്നു.
ഈ ഘട്ടത്തിലൊന്നും സതീശനെ വി ഡി എന്ന അപരാഭിധാനംകൊണ്ട് ആരും വിശേഷിപ്പിച്ചിരുന്നില്ല. അതുപോലെ, നാലരപ്പതിറ്റാണ്ടിലേറെയായി പാർലമെന്ററി രംഗത്തുനിൽക്കുന്ന രമേശ് ചെന്നിത്തലയെ വിളിക്കാനുള്ള സൗകര്യത്തിനുവേണ്ടി ‘ചെന്നിത്തല' എന്നു വിളിക്കുന്നതല്ലാതെ ആർ സി എന്ന് വിളിച്ചുകേട്ടിട്ടില്ല. കെ സി വേണുഗോപാലിനെ കെ സിയെന്നും വിളിച്ചിരുന്നില്ല. എന്തിനാണ് ഇനിഷ്യലുകളിൽ ഇങ്ങനെ അവതരിപ്പിക്കുന്നത്? അത് കേവലം വിളിക്കാനുള്ള സൗകര്യത്തിനുവേണ്ടിമാത്രമല്ല. ഇത് ഒരുതരം ‘ബ്രാൻഡിങ്ങാ'ണ്. ഇതുവഴി അവർ രാഷ്ട്രീയത്തിലെ തേജോമയരൂപങ്ങളാണെന്ന പ്രതീതിനിർമാണമാണ് നടത്തുന്നത്. ഇതിൽ മനശ്ശാസ്ത്രപരമായ വശംകൂടിയുണ്ട്.
ഇനിഷ്യലുകളിൽ നേതാവ് അറിയപ്പെടുന്ന സ്ഥിതിയുണ്ടാക്കിയാൽ, അവർക്ക് യഥാർഥത്തിലുള്ളതിനേക്കാൾ മഹത്വമുണ്ടെന്ന കൃത്രിമബോധം സൃഷ്ടിക്കപ്പെടും.
ഇത്തരം ബ്രാൻഡിങ് തന്ത്രം ചാനലുകൾ ആഘോഷിച്ചപ്പോൾ ആ ബ്രാൻഡുകൾക്കുപിന്നിലെ രാഷ്ട്രീയകുതന്ത്രങ്ങളും കരുനീക്കങ്ങളും തമസ്‌കരിക്കപ്പെട്ടുവെന്നതാണ് സത്യം. വസ്‌തുതാപരമായി ബോധ്യമില്ലാത്ത കാര്യങ്ങൾപോലും ബ്രാൻഡിങ് നിർമാണവ്യഗ്രതയിൽ മാധ്യമങ്ങൾ വിളിച്ചുപറയുന്ന സ്ഥിതിയായി. തെരഞ്ഞെടുപ്പിൽ ‘സിപിഐ എം–- ബിജെപി ഡീൽ'എന്ന് വി ഡി സതീശൻ ആവർത്തിച്ചുതട്ടിവിട്ട ആക്ഷേപത്തിന്റെ ന്യായാന്യായങ്ങളോ വസ്‌തുതാപരമായ പിൻബലമോ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ, മാധ്യമങ്ങൾ വാർത്ത നൽകുകമാത്രമല്ല, ദിവസങ്ങളോളം ചർച്ചകൾ നടത്തുകയും ചെയ്തു.
പണ്ഡിതരും പ്രൊഫസർമാരുമായ ചില രാഷ്ട്രീയനിരീക്ഷകർപോലും ചർച്ചകളിൽ ഗവേഷണപ്രബന്ധങ്ങൾവരെ അവതരിപ്പിച്ചു. വാർത്താ തലവാചകത്തിനായി ‘ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെ'ന്ന സതീശന്റെ നിരുത്തരവാദപ്രസ്‌താവനയെയും ഒന്നും അന്വേഷിക്കാതെ പരമസത്യമെന്ന മട്ടിലാണ് അവതരിപ്പിച്ചത്.
കോൺഗ്രസ് നേതാക്കൾ സ്ഥാനാർഥിനിർണയത്തിനായും മുഖ്യമന്ത്രിപദത്തിനായും മന്ത്രിസ്ഥാനലബ്ധിക്കായും പരസ്‌പരം പോരടിക്കുകയും കാലുവാരുകയും ചെയ്‌തതിനെ ജനാധിപത്യത്തിന്റെ വിശാലമേലങ്കി അണിയിച്ചാണ് മാധ്യമങ്ങൾ കൊണ്ടാടിയത്. നേതാക്കൾ തമ്മിൽ ഈ കലഹങ്ങളും കാലുവാരലുകളും കുത്തിത്തിരിപ്പുകളും തകൃതിയായി അരങ്ങേറുമ്പോഴും ‘ടീം യുഡിഎഫ്'എന്നാണ് ഇക്കൂട്ടർതന്നെ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത്. പിണറായി വിജയൻ ധാർഷ്‌ട്യക്കാരനും കർക്കശക്കാരനുമാണെന്ന പ്രതീതി സൃഷ്‌ടിക്കാനും മാധ്യമങ്ങൾ ശ്രമിച്ചു. അതിനായി പ്രത്യേക തരത്തിലുള്ള ചില ചിത്രങ്ങൾവരെ മാധ്യമങ്ങൾ കണ്ടെത്തി. സ്വാഭാവികചിത്രങ്ങൾ ലഭിക്കാത്ത ഘട്ടങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചും അതൊക്കെ സൃഷ്ടിച്ചു.
ക്ഷണിക്കാതെ ചെന്ന മാധ്യമപ്രവർത്തകരോട് പിണറായി വിജയൻ കടക്കുപുറത്ത് എന്നു പ്രതികരിച്ചത് മോശമായിപ്പോയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മാധ്യമങ്ങൾ, അലോസരമുണ്ടാക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കാൻ പാടില്ലെന്നും മര്യാദയ്ക്കിരുന്നില്ലെങ്കിൽ വാർത്താസമ്മേളന ഹാളിൽനിന്ന് പിടിച്ചുപുറത്താക്കുമെന്നും വി ഡി സതീശൻ ആക്രോശിച്ചുപറഞ്ഞതിൽ പന്തികേടൊന്നും കാണുന്നില്ല.
വാർത്താസമ്മേളനത്തിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു ഇൗ ആക്രോശം. നേരത്തേ, ഒരിക്കൽ വാർത്താസമ്മേളന വേദിയിൽ കെ സുധാകരനും വി ഡി സതീശനും ചാനൽ കാമറകൾക്കുമുന്നിൽ നടത്തിയ മണിപ്രവാള ഭാഷാപ്രയോഗത്തിലെ ‘ചാരുത’യെ എത്ര നിഷ്‌കളങ്കമായാണ് മാധ്യമങ്ങൾ സ്വീകരിച്ചത്?
യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിനുപിന്നാലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലളിതജീവിതത്തിന്റെ മൂർത്തിമദ്ഭാവങ്ങളെന്ന രീതിയിൽ അവതരിപ്പിക്കാൻ മാധ്യമങ്ങൾ, വിശേഷിച്ച് മലയാള മനോരമ എത്ര ഓവർ ടൈം ജോലിയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം നൽകിയ വാർത്ത എട്ടു മന്ത്രിമന്ദിരങ്ങളുടെ ‘അറ്റകുറ്റപ്പണി'ക്കായി 3.95 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്നാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിൽ അറ്റകുറ്റപ്പണി, ‘മോടിപിടിപ്പിക്കലാ'ണ്. അറ്റകുറ്റപ്പണി എന്നു പറയുമ്പോൾ നമുക്കുതോന്നുക വീടിന്റെ വാതിലോ ജനലോ വിജാഗിരികളോ മാറ്റിവയ്ക്കുകയോ പൊട്ടിയ ടൈൽസ് മാറ്റിസ്ഥാപിക്കുകയോ ചെയ്യുക എന്നാണല്ലോ. ഇങ്ങനെ അല്ലറ ചില്ലറ സാധനങ്ങൾ മാറ്റിവയ്ക്കാനാണ് ഒരു മന്ത്രിമന്ദിരത്തിന് ശരാശരി 50 ലക്ഷംവീതം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന്റെ വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണിക്കായി വെറും 135 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്.
ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പേതന്നെ മനോരമ സതീശനെ എണ്ണതേപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ‘ബജറ്റിൽ മന്ത്രി പുലർത്തുന്ന ശ്രദ്ധ ഉറപ്പിക്കുക മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളിയാണ്. എന്നാൽ, താരതമ്യേന പ്രായക്കുറവും ഓർമശക്തിയുമാണ് സതീശന്റെ അനുകൂലഘടകങ്ങൾ' എന്നാണ് ഇപ്പോഴേ മനോരമ കണ്ടെത്തിയിരിക്കുന്നത്. അറുപത്തിരണ്ടുകാരനായ സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
എൽഡിഎഫ് സർക്കാരിൽ 2021ൽ ആദ്യബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാലിന് 57 വയസ്സേ ഉള്ളൂ. 2006ലെ ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രായം ഇതിലും ചെറുപ്പമായിരുന്നു–- 53 വയസ്സ്. അന്നൊന്നും പ്രായക്കുറവും ഓർമശക്തിയും അന്വേഷിക്കാതിരുന്ന മനോരമ, ഷഷ്ടിപൂർത്തി പിന്നിട്ട സതീശന്റെ ‘ചെറുപ്പം' ഗവേഷണം ചെയ്തെടുക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായില്ലേ? ഏറ്റവും ഒടുവിൽ പുതിയ മുഖ്യമന്ത്രിയുടെ ‘പ്രത്യേക ഭാവ'ത്തിന് പേരു കണ്ടെത്തേണ്ട ചുമതല കാശുകൊടുത്ത് പത്രം വരുത്തുന്ന പാവം വായനക്കാരന്റെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് മനോരമ. ബ്രാൻഡിങ് പോകുന്ന പോക്ക് നോക്കണേ.














