കടലാസുവില ഇല്ലെങ്കിലും...


സി കെ ദിനേശ്
Published on Oct 07, 2025, 11:03 PM | 2 min read
‘മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണം, മാത്യു കുഴൽനാടൻ സുപ്രീംകോടതിയിൽ; നിർണായക നീക്കം’ എന്നായിരുന്നു ഹർജി കൊടുത്ത ദിവസത്തെ മനോരമയുടെ തലക്കെട്ട്. ഒപ്പം കുഴൽനാടന്റെ ചിരിക്കുന്ന പടവും. കടലാസുവിലപോലും കൽപ്പിക്കാതെ സുപ്രീംകോടതി ഹർജി തള്ളിയപ്പോൾ, റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: ‘മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീംകോടതി തള്ളി. രാഷ്‌ട്രീയപോരിന് കോടതി വേദിയാക്കരുത്.’ ആരും കരയുന്ന പടമില്ല.
നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുംവിധമുള്ള ഇൗ വാർത്തകളിലും ഇതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയപ്രതികരണങ്ങളിലും ഹർജിക്കാരന്റെയും മുഖ്യമന്ത്രിയുടെയും മകളുടെയും പേരുകൾ നിരന്തരം പരാമർശിക്കപ്പെടുന്നു. ഇതേ പത്രത്തിന്റെ ഡൽഹി ലേഖകൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി കോൺഗ്രസിനെ സഹായിക്കാൻ പൊട്ടിച്ച ഉണ്ടയില്ലാ വെടിയായിരുന്നു ‘മാസപ്പടി’ എന്ന പേരിലുള്ള ആഘോഷങ്ങൾ. എന്നാൽ, എന്ത് നുണ പ്രചരിപ്പിച്ചായാലും യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് ശപഥം ചെയ്ത മനോരമയുടെ പച്ചക്കള്ളം ഏറ്റുപിടിച്ച കോൺഗ്രസ്–ബിജെപി കൂട്ടുകെട്ടിനും മറ്റു മാധ്യമങ്ങൾക്കും ഇനി എന്തു പറയാനുണ്ട്? ഇത്രകാലം പ്രചരിപ്പിച്ചത് വ്യാജവാർത്തയാണെന്ന് തുറന്ന് സമ്മതിക്കാനുള്ള ആർജവം ഉണ്ടോ. ഒരു തരിന്പുപോലും സത്യമല്ലാത്ത കാര്യം പറഞ്ഞ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അടച്ചാക്ഷേപിച്ചത് തെറ്റായി എന്ന കുറ്റബോധം ഇൗ മാധ്യമത്തിനോ കൂട്ടാളികൾക്കോ ഉണ്ടോ?
ഇല്ല, കാരണം ഇത് സ്വാഭാവികമായി ഉയർന്നുവന്ന ഒരു കേസോ വാർത്തയോ അല്ല. ലാവ്‌ലിൻ കേസ് പോലെ, ഇല്ലാത്ത ഒന്ന് സൃഷ്ടിച്ചെടുത്ത് മുഖ്യമന്ത്രിക്കും അതുവഴി സിപിഐ എമ്മിനും എതിരെ ഉപയോഗിക്കാമെന്നു കണ്ട് നടത്തിയ ആസൂത്രിതനീക്കമാണ്. വലിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്. കേന്ദ്രസർക്കാരിന്റെ ചില ഏജൻസികൾ അടക്കം നിഗൂഢതാൽപ്പര്യത്തോടെ ഇടപെട്ടു.
സിഎംആർഎൽ കന്പനിയുടെ ആദായനികുതി കണക്കുമായി ബന്ധപ്പെടുത്തിയുള്ള ഇന്ററിംസെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ മുഖ്യമന്ത്രിയെയും മകളെയും പരാമർശിക്കുന്നിടത്ത് ഗൂഢാലോചന തുടങ്ങുന്നു. അതായത് കേന്ദ്ര ഏജൻസിയുടെ സഹായം, മനോരമ വാർത്തയാക്കുന്നു, കോൺഗ്രസ് ഏറ്റെടുക്കുന്നു. ഒരു രൂപയുടെപോലും അനധികൃത ഇടപാട് നടത്തിയെന്ന് തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ആരോപണം. ഒരു കോടതിയും അടുപ്പിക്കാത്ത കേസ്. എന്നിട്ടുകൂടി ഇത്രയേറെ വാർത്താപ്രാധാന്യവും കോലാഹലവും ഉണ്ടാക്കുന്നുവെന്നതുതന്നെ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു.

ഒടുവിൽ കുഴൽനാടൻ സുപ്രീംകോടതിയെ സമീപിക്കുന്നതിനുമുന്പ് നടന്ന ചില സംഭാഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ചർച്ചയാണ്. ഹർജി കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ കുഴൽനാടന്റെ സുഹൃത്തുക്കളായ ചില മാധ്യമപ്രവർത്തകർ ഇനിയും അതിന്റെ പിന്നാലെ പോകണോ, നിൽക്കില്ലല്ലോ എന്ന് ഉപദേശിച്ചത്രേ. സഹികെട്ടാകും ഇൗ ഉപദേശമെങ്കിലും അപ്പോൾ നൽകിയ മറുപടിയാണ് രസകരം; ‘ഹർജി നൽകുന്നത് വാർത്തയാകും, മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ സംസാരിക്കാം. ഹർജി പരിഗണിച്ചാൽ വാദത്തിന് അവസരമുണ്ടാകും. അപ്പോഴും ചർച്ചയാക്കാം. വിധി പലപ്പോഴും നീട്ടിവയ്ക്കും. അത് തെരഞ്ഞെടുപ്പുവരെ നീളും.’
ഇതുതന്നെയാണ് കേരളത്തിൽ കാലങ്ങളായി നടക്കുന്ന യുഡിഎഫ് രാഷ്‌ട്രീയം. ജനകീയ വിഷയങ്ങളിലുള്ള രാഷ്‌ട്രീയമോ ക്രിയാത്മക ഇടപെടലോ നടത്താൻ കഴിയാത്തവിധം തകർന്നു പ്രതിപക്ഷം. അവർക്ക് പിടിച്ചുനിൽക്കാൻ വ്യാജങ്ങൾകൊണ്ടുള്ള ആയുധങ്ങൾ സംഭാവന നൽകുന്ന ചില മാധ്യമങ്ങൾക്ക് ഇനിയും നേരംപുലർന്നിട്ടില്ലെന്നതും പകൽപോലെ വ്യക്തമാകുന്നു. ഒരുകാലത്ത് നിഷ്ഠുരമായ നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പുവിധികൾതന്നെ അട്ടിമറിക്കാനും ഇത്തരം ഗൂഢാലോചനകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ന് ‘വരന്പത്ത് കൂലി’ എന്നതുപോലെ അവർക്ക് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു.
വിജിലൻസ് കോടതിയിൽ തുടങ്ങി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി മുഖത്ത് അടി വാങ്ങിവരുന്ന കുഴൽനാടനെ തള്ളിവിടുന്നത് കെപിസിസി നേതൃത്വമാണെന്നത് പരസ്യമായ രഹസ്യമാണ്. അനുകൂല പരാമർശങ്ങൾ വരുന്പോൾ അത്യാഹ്ലാദത്തോടെ രംഗത്തിറങ്ങിയ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾതന്നെ ഉദാഹരണമാണ്. ഉത്തരവാദിത്വബോധമുള്ള ഒരു പാർടിനേതൃത്വം ഇത്തരം ജനാധിപത്യവിരുദ്ധമായ ഗൂഢാലോചനകൾക്കും നുണക്കോട്ടകൾ പണിയുന്നതിനും കൂട്ടുനിൽക്കുമോ? മാസപ്പടി എന്നൊരു പേരിട്ട് കേരളത്തിലെ എല്ലാ ജനങ്ങളെയും കബളിപ്പിക്കാൻ ശ്രമിച്ചവർ ആരായാലും അവരും വിചാരണയ്ക്ക് വിധേയമാകേണ്ടവരല്ലേ. ഉറപ്പായും ജനാധിപത്യത്തിൽ അതിനുള്ള അവസരങ്ങൾ വരികതന്നെ ചെയ്യും.
കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ നൽകിയ ഹർജിപരന്പരകളുടെ അവസ്ഥ ജനങ്ങൾ കണ്ടതാണ്. എഐ കാമറ, കിഫ്‌ബി, കെ ഫോൺ തുടങ്ങിയ ഹർജികളെല്ലാം കുട്ടയിലാണിട്ടത്. ഒടുവിൽ അയ്യപ്പസംഗമത്തിനെതിരെ നൽകിയ ഹർജികളും ഇതേ അവസ്ഥയിലായി. എങ്കിലും ഇനിയും അടുത്ത ഹർജിയുമായി വരും, മാധ്യമങ്ങൾ ചിരിച്ച പടം കൊടുത്ത് വീണ്ടും ആഘോഷിക്കും.














