ad
Deshabhimani

Articles

വാക്കുരുക്കം

മാരിയോ വർഗാസ് യോസ (1936‐2025)

YOSA

മാരിയോ വർഗാസ്‌ യോസ

avatar
എൻ ഇ സുധീർ

Published on May 13, 2025, 02:14 PM | 6 min read


ലാറ്റിനമേരിക്കൻ ബൂം എന്ന പേരിലറിയപ്പെട്ട ആ കൂട്ടായ്മയിലെ അവസാനത്തെ കണ്ണിയായിരുന്നു ഏപ്രിൽ 23‐ന് അന്തരിച്ച മാരിയോ വർഗാസ് യോസ. ഇവരിലാരായിരുന്നു കേമൻ എന്ന ചോദ്യത്തിനും യോസയെന്നാണ് ഉത്തരം. ഏറ്റവും പ്രശസ്തൻ മാർകേസും. ഇവർ സാഹിത്യത്തിന്റെ വിശാലമായ ലോകത്തെ അവരുടെ എഴുത്തിന്റെ പ്രഭാവലയത്തിലേക്ക് ആവാഹിച്ചു നിർത്തി.


മാരിയോ വർഗാസ് യോസയുടെ എഴുത്തിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കോർമ വരുന്നത് കാഫ്കയെക്കുറിച്ച് കാർലോസ് ഫ്യുവന്തസ് പറഞ്ഞ ഒരു വാക്യമാണ്. “കാഫ്ക എഴുതിയിരുന്നില്ലെങ്കിൽ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ മനസ്സിലാക്കാൻ നമുക്ക് സാധിക്കുമായിരുന്നില്ല.” യോസയെക്കുറിച്ചും ഇതുതന്നെ പറയേണ്ടതുണ്ട്.


കാഫ്കയ്‌ക്കു ശേഷമുണ്ടായ കാലഘട്ടത്തെ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നത് യോസ എഴുതിയതുകൊണ്ടു കൂടിയാണ്. അത്രയും അസാധാരണമായ അന്വേഷണങ്ങളാണ് യോസ സാഹിത്യത്തിലൂടെ നടത്തിയത്. 1963‐ൽ അദ്ദേഹം തന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു.


അത് സത്യത്തിൽ ഒരു പ്രതികാരമായിരുന്നു. എഴുത്തിലും വായനയിലും മുഴുകി ജീവിക്കുന്നതു കണ്ട അച്ഛൻ യോസയെ ഒരു സൈനിക വിദ്യാലയത്തിൽ ചേർത്തു. അവിടെനിന്നും ലഭിക്കുന്ന ശിക്ഷണവും അച്ചടക്കവും യുവാവായിക്കൊണ്ടിരിക്കുന്ന മകനെ വായനയിൽ നിന്നും എഴുത്തിൽ നിന്നും മോചിപ്പിക്കും എന്നായിരുന്നു ആ പിതാവിന്റെ കണക്കുകൂട്ടൽ.


സംഭവിച്ചത് മറിച്ചാണ്. സൈനിക വിദ്യാലയത്തിൽ നിന്നും പുറത്തിറങ്ങിയ ആ യുവാവ് ആ പശ്ചാത്തലത്തിൽ ഒരു ഗംഭീരൻ നോവലെഴുതി‐ ‘ദി ടൈം ഓഫ് ദി ഹീറോ’. അത് പ്രസിദ്ധീകരിക്കുമ്പോൾ യോസയ്‌ക്ക്‌ 24 വയസ്സായിരുന്നു പ്രായം.


ഒരു വർഷം കഴിഞ്ഞ്, 1964‐ൽ സുഹൃത്തായ കാർലോസ് ഫ്യൂവന്തസ് യോസയ്‌ക്ക്‌ ഒരു കത്തെഴുതി. “ഇനിയങ്ങോട്ട് നോവലിന്റെ ഭാവി ലാറ്റിനമേരിക്കയിലാണ്; ഇവിടെ ഇനിയും പലതും പറയാൻ ബാക്കിയുണ്ട്, പലരാൽ.”


YOSA BW.മാരിയോ വർഗാസ്‌ യോസ


നോവലിന്റെ ഭാവിയേറ്റെടുത്ത അസാധാരണമായ ഒരു കൂട്ടായ്‌മ അവിടെ രൂപംകൊണ്ടു. ഹൂലിയോ കോർത്തസാർ, അലേഹോ കാർപെന്റിയർ, ഗാർസിയ മാർകേസ്, അഗസ്‌റ്റോസ്‌കോ റോ ബസ്‌റ്റോസ്, ലോസ് ഫ്യുവന്തസ്, ഹോസേ ഡൊനോസോ, വാർഗാസ് യോസ‐ ഇവരായിരുന്നു ആ സർഗാത്മക വിപ്ലവത്തെ നിയന്ത്രിച്ചത്.


ലാറ്റിനമേരിക്കൻ ബൂം എന്ന പേരിലറിയപ്പെട്ട ആ കൂട്ടായ്‌മയിലെ അവസാനത്തെ കണ്ണിയായിരുന്നു ഏപ്രിൽ 23‐ന് അന്തരിച്ച മാരിയോ വർഗാസ് യോസ. ഇവരിലാരായിരുന്നു കേമൻ എന്ന ചോദ്യത്തിനും യോസയെന്നാണ് ഉത്തരം. ഏറ്റവും പ്രശസ്‌തൻ മാർകേസും.


ഇവർ സാഹിത്യത്തിന്റെ വിശാലമായ ലോകത്തെ അവരുടെ എഴുത്തിന്റെ പ്രഭാവലയത്തിലേക്ക് ആവാഹിച്ചു നിർത്തി. ലാറ്റിനമേരിക്കൻ സാഹിത്യം ലോകത്തിന്റേതായി. ലോകസാഹിത്യമെന്നാൽ ആദ്യം ലാറ്റിനമേരിക്കൻ എന്നും വിധിയെഴുതപ്പെട്ടു.


MARQUESമാർകേസ്‌


ലിമയിലെ സൈനിക സ്‌കൂളിൽനിന്നും തുടങ്ങിയ എഴുത്തുജീവിതം യോസ മരണംവരെ തുടർന്നു. ആധുനിക നോവലിന്റെ ലോകത്ത് നാളിതുവരെ മറ്റാരും കാണിക്കാത്ത പ്രതിഭയുടെ പ്രകാശം പരത്തി. സാഹിത്യം അഗ്നിയാണ് എന്നദ്ദേഹം പറയുക മാത്രമല്ല; എഴുതിക്കാണിക്കുകയും ചെയ്‌തു. അഗ്നി പരത്തുന്ന സൗന്ദര്യവും അതിന്റെ ശക്തിയും ആവാഹിച്ചെടുത്ത നോവലുകളാണ് ആ കരങ്ങളിലൂടെ ലോകത്തിന് ലഭിച്ചത്.


യോസ സാഹിത്യമെഴുതുക മാത്രമല്ല, സാഹിത്യത്തെ ഏറ്റവും ഭംഗിയായി വിശദീകരിക്കുകയും ചെയ്‌തു. “സാഹിത്യം ആനന്ദമാണ്, അതേസമയം അത് ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയുമാണ്.’’ ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ പ്രക്ഷോഭകാരി എന്നറിയപ്പെട്ട അദ്ദേഹത്തിന് എഴുത്തിൽ വേറിട്ട ഒരു രീതി വേണമെന്ന ശാഠ്യവുമുണ്ടായിരുന്നു. നോവലെഴുത്തിൽ അദ്ദേഹമത് കൈവരിച്ചു.


സാഹിത്യമെഴുത്തിൽ വിലക്കപ്പെട്ടതായി ഒന്നുമില്ലെന്നും വികാരങ്ങളുടെ നഗ്നവും സ്വതന്ത്രവുമായ പ്രവാഹമായി അതു നിർബാധം സഞ്ചരിക്കണമെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ജീവിതത്തിന്റെ രഹസ്യമെന്തെന്ന ചോദ്യത്തെച്ചൊല്ലിയുള്ള അവസാനിക്കാത്ത അന്വേഷണമാണ് യോസയെ സംബന്ധിച്ചിടത്തോളം നോവലെഴുത്ത്.


ആധുനികലോകത്ത് എങ്ങനെയൊക്കെ ജീവിക്കാം എന്ന യാഥാർഥ്യബോധത്തോടെയുള്ള പരീക്ഷണമാണ് അദ്ദേഹം എഴുത്തിലൂടെ നടത്തിയത്. വ്യക്തി എന്ന നിലയിൽ ഇരയാക്കപ്പെട്ട സന്ദർഭങ്ങളെ സൂക്ഷ്മവിശകലനം ചെയ്യുന്നതോടൊപ്പം വ്യക്തിയുടെ ചുറ്റും നിറഞ്ഞു നിൽക്കുന്ന അധികാരമെന്ന പ്രഹേളികയെ ആഴത്തിൽ മനസ്സിലാക്കാനും വിശദീകരിക്കാനും തന്റെ സർഗസിദ്ധിയെ പരമാവധി ഉപയോഗിച്ചൊരാൾ എന്നായിരിക്കും യോസയെപ്പറ്റി കാലം വിലയിരുത്തുക.


എഴുത്തിന്റെ വൈവിധ്യംകൊണ്ടും അതിൽ നിറച്ച ആധികാരികതകൊണ്ടും യോസ വേറിട്ടു നിൽക്കുന്നു എന്ന് വൈകിയാണെങ്കിലും ലോകത്തിനിപ്പോൾ ബോധ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ നോവലും ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഓരോ നാഴികക്കല്ലുകളാണ്. സർഗാത്മക ഔന്നത്യത്തിന്റെ വികാസം വിസ്മയകരമായ തലത്തിൽ കാണിച്ചുതരുന്നവയാണ്.


ജീവിതാവസ്ഥയുടെ വിചിത്രമായ ആഴങ്ങൾ അവയിലദ്ദേഹം നിറച്ചുവച്ചു. വിഭിന്നമായ അക്ഷരക്കാഴ്‌ചകളാണ് യോസ ഓരോ കൃതിയിലൂടെയും കാലത്തിനായി സമർപ്പിച്ചിരിക്കുന്നത്. എഴുത്തിലൂടെ യോസ തുറന്നിട്ടത് വേറിട്ട കുറെ ലോകങ്ങളാണ്. അവ വായനക്കാരെ ഭയപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്‌തു.


അതിനിയും, യോസയുടെ സാന്നിധ്യമില്ലാത്ത കാലത്തും തുടർന്നുകൊണ്ടിരിക്കും. യോസയുടെ ഓരോ നോവലും ഒരപൂർവ നിർമിതിയായി വേറിട്ടു നിൽക്കുന്നുണ്ട്. ഏതാണ് മാസ്‌റ്റർപീസ് എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന ഒരവസ്ഥയുണ്ട്. അദ്ദേഹത്തിന്റെ ഓരോ കൃതിയേയും ആ നിലയിൽ നോക്കിക്കാണുന്ന വായനക്കാരുമുണ്ട്.


CONVERSATION


കോൺവർസേഷൻസ് ഇൻ ദി കത്തിഡ്രൽ, വാർ ഓഫ് ദി എൻഡ് ഓഫ് ദി വേൾഡ്, ദി ഡ്രീം ഓഫ് ദി കെൽറ്റ്, ഹു കിൽഡ് പലോമിനോ മലേറോയോ, ഇൻ പ്രയ്സ് ഓഫ് സ്റ്റെപ്മദർ, ദി സ്റ്റോറി ടെല്ലർ, ദി റിയൽ ലൈഫ് ഓഫ് അയഹാന്ദ്രോ മായ്‌ത്ത, ദി വേ റ്റു പാരഡൈസ്, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്, ഹാർഷ് ടൈംസ്‐ ഇവയിലേതാണ് മെച്ചം എന്ന ചോദ്യത്തിന് വ്യത്യസ്‌ത വായനക്കാർ വ്യത്യസ്‌ത ഉത്തരങ്ങൾ തരും. യോസയുടെ കലാസൃഷ്ടികൾ അദ്ദേഹത്തിന്റെ അറിവിന്റെയും അന്വേഷണങ്ങളുടെയും കൂട്ടായ്‌മയിൽ നിന്നുണ്ടായ പരിണിതഫലങ്ങളാണ്.


സാഹിത്യസൃഷ്ടിയോട് ഇത്രയേറെ പ്രതിബദ്ധത പുലർത്തിയ എഴുത്തുകാരനെ വെറെ കാണാൻ പ്രയാസം.

എന്തെല്ലാം വൈവിധ്യമാർന്ന വിഷയങ്ങളാണ് അദ്ദേഹം നോവലുകൾക്കായി തെരഞ്ഞെടുത്തത്! അദ്ദേഹം തന്നെ ഇക്കാര്യം പാരീസ് റിവ്യു അഭിമുഖത്തിൽ വിശദീകരിച്ചിട്ടുമുണ്ട്. “എന്നെ സംബന്ധിച്ചിടത്തോളം, വിഷയം എഴുത്തുകാരനെ തെരഞ്ഞെടുക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.


MARIO


ചില കഥകൾ സ്വയം എന്നിൽ വന്നു പതിക്കുകയായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സത്യത്തിൽ എനിക്കവയെ അവഗണിക്കാൻ കഴിയാതെ വരികയാണ്… ഒരു കഥയെഴുതാൻ യുക്തിപൂർവമായി ഞാൻ തീരുമാനമെടുക്കുന്നു എന്നൊന്നും എനിക്കു തോന്നാറില്ല.


മറിച്ച്, ചില സംഭവങ്ങൾ, ആളുകൾ, ചില സ്വപ്‌നങ്ങൾ, വായനകൾ പെട്ടെന്ന് എന്റെ മേൽ വന്നു പതിക്കുകയും എന്റെ ശ്രദ്ധ ആവശ്യപ്പെടുകയുമാണ്… എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന അതേ രീതിയിൽ എന്റെ നോവലുകളും വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം… അവ എന്നെ വശീകരിച്ചവയാണ്.


കഥകൾ വായനക്കാരനെ വശീകരിക്കേണ്ടത് അവയിലുള്ള ആശയങ്ങൾ കൊണ്ടല്ല, അവയുടെ നിറം കൊണ്ടാണ്. അവ സൃഷ്ടിക്കുന്ന വികാരങ്ങൾ കൊണ്ടാണ്. അവയിലെ വിസ്മയഹേതുക്കൾ കൊണ്ടാണ്. അവയുണ്ടാക്കുന്ന നിഗൂഢതകളും ഉദ്വേഗങ്ങളും കൊണ്ടാണ്… കഥയും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്‌ക്കുക, സാധിക്കുമെങ്കിൽ ആ ദൂരം ഇല്ലാതാക്കുക.”


അധികാരത്തെക്കുറിച്ചുള്ള ആകുലതകൾ‐ അതിലേക്കുള്ള ആത്മാന്വേഷണമായിരുന്നു ആത്യന്തികമായി യോസയുടെ സാഹിത്യം എന്നുതന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തിയുടെ ആന്തരിക ജീവിതവും ബാഹ്യ ജീവിതവും തമ്മിലുള്ള സംഘട്ടനത്തെ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. അവിടെ നിങ്ങൾ അധികാരത്തെ നേരിടേണ്ടതായി വരും.


അത് കാണാതെ ജീവിതത്തെ മനസ്സിലാക്കാൻ കഴിയില്ല. ജീവിതമെന്നത് സാധ്യമെന്ന തോന്നലിനുമപ്പുറമുള്ള പലതും ചേർന്നതാണ്. അത് കണ്ടെത്തുക എന്നത് സാഹിത്യത്തിന്റെ ധർമമാണ്. സാഹിത്യമെന്നത് വ്യക്തിയുടെ സ്വകാര്യ ജീവിതാനുഭവങ്ങളും ചിന്തകളുമായി ചുരുക്കിക്കാണേണ്ട ഒന്നല്ല; അത് വ്യക്തിയുടെ ജീവിതപരിസരത്തെ നിർണയിക്കുന്ന, രാഷ്‌ട്രീയത്തെ അടയാളപ്പെടുത്തുന്ന ഒന്നുകൂടിയാണ്.


അധികാരവും ജനങ്ങളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെ നിർവചിക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. അധികാരവും ലൈംഗികാനുഭവങ്ങളുമാണ് യോസയുടെ രചനകളിലെ മുഖമുദ്രകൾ. ശരീരത്തിന്റെ ആനന്ദം ഒരുയർന്ന സാംസ്‌കാരിക ബോധ്യമാണെന്ന് അദ്ദേഹം വിലയിരുത്തി. രതിയുടെ സൗന്ദര്യവും അധികാരത്തിന്റെ ബീഭത്സതയും രചനകളിലൂടെ കാണിച്ചുതന്നു.


കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ സാഹിത്യവായനയിൽ അഭയം തേടിയ ആ മനസ്സ് വായനയിലും ചിന്തയിലും വലിയ ഔന്നത്യങ്ങൾ കൈവരിച്ചു. അച്ഛന്റെ അധികാരപ്രയോഗത്തെ ചെറുക്കാനായാണ് ആദ്യകാലത്ത് വായിച്ചതെങ്കിൽ ഏകാധിപതികളുടെ അധികാര ഭ്രാന്തിനെ മനസ്സിലാക്കാനായി പിന്നീടുള്ള ബൗദ്ധികാന്വേഷണങ്ങൾ.


കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ സാഹിത്യവായനയിൽ അഭയം തേടിയ ആ മനസ്സ് വായനയിലും ചിന്തയിലും വലിയ ഔന്നത്യങ്ങൾ കൈവരിച്ചു. അച്ഛന്റെ അധികാരപ്രയോഗത്തെ ചെറുക്കാനായാണ് ആദ്യകാലത്ത് വായിച്ചതെങ്കിൽ ഏകാധിപതികളുടെ അധികാര ഭ്രാന്തിനെ മനസ്സിലാക്കാനായി പിന്നീടുള്ള ബൗദ്ധികാന്വേഷണങ്ങൾ.


വായിച്ചാനന്ദിച്ച പ്രധാന കൃതികളെക്കുറിച്ചൊക്കെ വലിയ പഠനങ്ങൾ എഴുതുകയും ചെയ്‌തു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ ഫ്ലോബറിന്റെ ‘മദാം ബോവറി’യായിരുന്നു.


അതേക്കുറിച്ചെഴുതിയ ‘ദ് പെർപെച്വൽ ഓർജി’ എന്ന പുസ്‌തകം അസാധാരണമാനങ്ങളുള്ള ഒരു സാഹിത്യ പഠനമാണ്. സൈനിക വിദ്യാലയ കാലംമുതൽ വായിച്ച വിക്തോർ യൂഗോയുടെ ‘ലേ മിസെറാബ്ൾ’ എന്ന നോവലിനെപ്പറ്റി ‘ദി ടെംപ്റ്റേഷൻ ഓഫ് ദി ഇംപോസ്സിബൾ’ എന്ന പുസ്‌തകവും അദ്ദേഹം എഴുതി. വായനയിലൂടെ നേടിയ ആവേശം യോസയെ കരുത്തനാക്കി.


ജീവിതത്തിന്റെ അസംതൃപ്തിയെ നേരിടാൻ സാഹിത്യം സഹായിച്ചു എന്നദ്ദേഹം പറയുകയും ചെയ്‌തു. മനുഷ്യാനുഭവങ്ങളുടെ ഈ ആരാധകന് ജീവിതത്തോട് വലിയ അനുരാഗം തന്നെയായിരുന്നു. അയാളതിനെ പൂർണതയിൽ ഉൾക്കൊള്ളാൻ ശ്രമിച്ചു. തന്റെ വായനക്കാരെ അതിന് പ്രാപ്തരാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്‌തു.


നൊബേൽ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തിൽ ഇതെക്കുറിച്ചൊക്കെ അദ്ദേഹം തന്നെ വിശദമാക്കിയിട്ടുണ്ട്. “എഴുത്തുപോലെത്തന്നെ വായനയും ജീവിതത്തിന്റെ അപര്യാപ്തതകൾക്കു നേരെയുള്ള ഒരു പ്രതിഷേധമാവാം. ജീവിതത്തിൽ നഷ്ടപ്പെടുന്നതിനെത്തേടി നമ്മൾ നോവലിലേക്കു പോകുന്നു.


കിട്ടിയൊരു ജീവിതം നേരായി നയിക്കാൻ പാടുപെടുമ്പോൾ തന്നെ നയിക്കാൻ കൊതിക്കുന്ന അനേകം ജീവിതങ്ങൾ ജീവിക്കാൻ വേണ്ടിയാണല്ലോ നമ്മൾ ഫിക്ഷൻ കണ്ടെത്തിയത്… വായന സ്വപ്‌നങ്ങൾക്ക് ജീവൻ പകരാനും ജീവിതത്തെ സ്വപ്‌നമാക്കി മാറ്റാനും ഉപകരിച്ചു. മാത്രമല്ല, സാഹിത്യപ്രപഞ്ചത്തെ ഞാനെന്ന കുട്ടിക്ക് എത്തിപ്പിടിക്കാവുന്ന വിധത്തിലാക്കി.


ഞാൻ എഴുതിയതൊക്കെ ഞാൻ വായിച്ച കഥകളുടെ തുടർച്ചയായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. അതിനൊരു കാരണമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വായിച്ച കഥകളുടെ അന്ത്യഭാഗങ്ങൾക്ക് മാറ്റം വരുത്താനായിരുന്നു എന്റെ ശ്രമം. ഇതൊരു പക്ഷേ, തിരിച്ചറിവില്ലാതെ ഞാൻ നടത്തിയ പ്രയത്നമായിരിക്കാം.”


ഒരു നോവലിസ്‌റ്റ്‌ എന്ന നിലയിൽ ചുരുക്കിക്കാണേണ്ട വ്യക്തിത്വമല്ല യോസ. ഒരു വായനക്കാരൻ, അക്കാദമിഷ്യൻ, നിരൂപകൻ, രാഷ്‌ട്രീയചിന്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വലിയ ഉയരങ്ങൾ താണ്ടിയിരുന്നു. നോവലുകളോളം തന്നെ പ്രാധാന്യമുള്ള പല സാഹിത്യ പഠനഗ്രന്ഥങ്ങളും അദ്ദേഹത്തിൽനിന്നും വായനാലോകത്തിന് ലഭിച്ചിരുന്നു.


വെൽ സ്പ്രിങ്‌സ്‌, ദി ലാംഗ്വേജ് ഒഫ് പാഷൻ, മേക്കിങ് വേവ്സ്, നോട്ട്സ് ഓൺ ദി ഡെത്ത് കൾച്ചർ, എ ഫിഷ് ഇൻ ദി വാട്ടർ, ലറ്റേഴ്സ് റ്റു എ യങ്‌ നോവലിസ്‌റ്റ്‌, സാബേർസ് ആൻഡ്‌ ഉട്ടോപ്യാസ്, ദി കാൾ ഓഫ് ദി ട്രൈബ്, കോൺവർസേഷൻ ഇൻ പ്രിൻസ്ട്ടൺ, ടച്ച് സ്റ്റോൺസ്, ദി പെർപ്പെച്വൽ ഓർജി, എ റൈറ്റേഴ്സ് ഡയറി... ഇങ്ങനെ പലതും.


ഇവയിൽ യോസയുടെ ജീവിതവും രാഷ്‌ട്രീയവും അറിയാൻ ‘എ ഫിഷ് ഇൻ ദി വാട്ടർ’ എന്ന ആത്മകഥയും യോസയുടെ രചനകളെ മനസ്സിലാക്കാൻ ‘എ റൈറ്റേഴ്സ് ഡയറി’യും യോസയുടെ സാഹിത്യവായനാസംസ്‌കാരം ഉൾക്കൊള്ളാൻ ‘ലറ്റേഴ്സ് റ്റു എ യങ്‌ നോവലിസ്‌റ്റ്‌’ എന്ന കൃതിയും പുതിയ വായനക്കാർക്കായി ഞാൻ നിർദേശിക്കുന്നു.


അറിവിന്റെയും അന്വേഷണത്തിന്റെയും ഭാവനയുടെയും താപം ഒരുപോലെ സമ്മേളിച്ച ഒരു ജീവിതമാണ് അവസാനിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെയും ലോകസാഹിത്യത്തിലെയും അഭിരുചിയെ മാറ്റിമറിച്ച ഒരു പ്രതിഭാശാലി.


പതിവു വഴക്കങ്ങളോട് ചേർന്നു നിൽക്കാത്ത ഒരു ധിഷണാശാലി. അനശ്വരമായ എന്തെല്ലാമോ സൃഷ്ടിക്കണം എന്ന തോന്നൽ അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നു. അതുകൊണ്ടാണ് സൗന്ദര്യശാസ്‌ത്രപരമായ പ്രകോപനങ്ങൾ അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരുന്നത്.


മാനുഷിക യാഥാർഥ്യത്തെ ഭയലേശമെന്യേ നോക്കിക്കാണുകയാണ് സാഹിത്യത്തിന്റെ ധർമം. അതിനാലാവാണം താനൊരു റിയലിസ്‌റ്റാണെന്ന് അദ്ദേഹം മടികൂടാതെ തുറന്നുപറഞ്ഞത്. ആ നിലപാട് ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ പതിവുള്ളതുമല്ല. രാഷ്‌ട്രീയ നിലപാടിലും യോസ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു.


എല്ലാംകൊണ്ടും ലാറ്റിനമേരിക്കയിലെ ഒരു ഒറ്റയാനെയാണ് യോസയുടെ മരണത്തിലൂടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. 2023‐ൽ എഴുതി പൂർത്തിയാക്കിയ അവസാനത്തെ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്‌ക്കായി ലോകമെമ്പാടുമുള്ള യോസാ പ്രേമികൾ കാത്തിരിക്കുമ്പോഴാണ് എഴുത്തുകാരന്റെ വിയോഗം സംഭവിക്കുന്നത്.


അദ്ദേഹം അവസാനകാലത്ത് ഏറ്റെടുത്ത മറ്റൊരു വലിയ രചനാപദ്ധതിയും മരണത്തോടെ നടക്കാതെ പോകുന്നു. യോസയുടെ അധ്യാപകൻ കൂടിയായിരുന്ന ഫ്രഞ്ച് ചിന്തകൻ സാർത്രിനെപ്പറ്റിയുള്ള പ്രബന്ധം.


FLOBERഫ്ളോബർ


യോസയുടെ മരണാനന്തരമുള്ള ലോകസാഹിത്യത്തിലെ സ്ഥാനം അദ്ദേഹം ഏറെ ആദരവോടെ നോക്കിക്കണ്ട ഫ്ളോബർ, ഫോക്‌നർ, ബോർഹസ് എന്നിവരുടെ അതേ ശ്രേണിയിലാണ്. വരാനിരിക്കുന്ന സാഹിത്യത്തെ, ലോകത്തെ ഭാഷകളിലെല്ലാമുള്ള സാഹിത്യത്തെ ഈ പ്രതിഭാധനന്റെ എഴുത്ത് സ്വാധീനിച്ചുകൊണ്ടിരിക്കും.


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home