Deshabhimani

Articles

ലോക വിപ്ലവപ്രസ്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ മാവോ സെ ദൊങ്ങിന്റെ 50–ാം ചരമവാർഷിക ദിനമാണ് സെപ്‌തംബർ ഒമ്പത്‌.

മാവോ: സംഭാവനകളും 
പാളിച്ചകളും

MAAVO
avatar
പുത്തലത്ത് ദിനേശന്‍

Published on Sep 07, 2026, 10:25 PM | 4 min read

ലോക വിപ്ലവപ്രസ്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ മാവോ സെ ദൊങ്ങിന്റെ 50–ാം ചരമവാർഷിക ദിനമാണ് സെപ്‌തംബർ ഒമ്പത്‌. ചൈനയിലെ സ്ഥിതിവിശേഷത്തെ മനസ്സിലാക്കി വിപ്ലവതന്ത്രം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് മാവോ ചെയ്തത്. അതിലൂടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ ഒരു പുതിയ വഴി രൂപപ്പെടുത്തി. ജനാധിപത്യവിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിൽ കൂട്ടിയിണക്കി ജനകീയ ജനാധിപത്യവിപ്ലവം വിജയകരമായി പൂർത്തിയാക്കി എന്നതാണ് ചൈനീസ് വിപ്ലവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.


​വർഗശക്തികളുടെ ബലാബലത്തിൽ അക്കാലത്ത് മാറ്റംവരുത്തിയ മൂന്ന് സംഭവങ്ങളിൽ ഒന്നായാണ് ചൈനീസ് വിപ്ലവത്തെ വിലയിരുത്തുന്നത്. റഷ്യയിലെ ഒക്ടോബർ വിപ്ലവവും ഫാസിസത്തിനെതിരായുള്ള വിജയവുമാണ് മറ്റു രണ്ട് സംഭവങ്ങൾ. അമേരിക്കയുടെ ഏകലോകക്രമം സ്ഥാപിക്കാനുള്ള പരിശ്രമത്തിനിടയിൽ ചൈനയുടെ സാന്നിധ്യം ലോക രാഷ്ട്രീയരംഗത്ത് സുപ്രധാനമാണ് എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.


​ചൈനയിലെ ഹുവാൻ പ്രവിശ്യയിലെ ദരിദ്രകുടുംബത്തിലാണ് മാവോ ജനിച്ചത്. 1917ലെ ഒക്ടോബർ വിപ്ലവത്തെ തുടർന്ന് മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1921ലെ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത 10 പ്രതിനിധികളിൽ ഒരാളായിരുന്നു മാവോ. 50 മെമ്പർഷിപ്പായിരുന്നു ആ ഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർടിക്കുണ്ടായിരുന്നത്.


​ചൈനീസ് സമൂഹത്തിലെ വർഗങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങൾ ഏറെ ശ്രദ്ധേയമായി. റഷ്യയിൽ നടന്ന വിപ്ലവത്തിന്റെ അതേ മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന നയമായിരുന്നില്ല മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടിക്ക്. ഓരോ നാടിന്റെയും സാഹചര്യത്തെ മനസ്സിലാക്കി മാർക്സിസം–ലെനിനിസം പ്രയോഗിക്കണമെന്ന സമീപനത്തിന്റെ വക്താവായിരുന്നു മാവോ.


​ആദ്യഘട്ടത്തിൽ തൊഴിലാളിമേഖല കേന്ദ്രീകരിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചത്. 1922 മുതൽ 1923 വരെ നൂറിലേറെ പണിമുടക്കുകൾ ചൈനയിൽ നടന്നു. അതിന്റെ വിജയം തൊഴിലാളികളെ കമ്യൂണിസ്റ്റ് പാർടിയിലേക്ക് വലിയ തോതിൽ ആകർഷിച്ചു. തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തെ അടിച്ചമർത്തുന്നതിന് ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് 1923 ഫെബ്രുവരി ഏഴിന്‌ അൻപതിൽപരം തൊഴിലാളികളെ ഭരണകൂടം കൊലപ്പെടുത്തി. ഈ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ജനസംഖ്യയുടെ 80 ശതമാനം വരുന്ന കൃഷിക്കാരുമായും പട്ടണങ്ങളിലെ പെറ്റിബൂർഷ്വാസിയുമായും തൊഴിലാളിവർഗം സഖ്യം ചേരേണ്ടതിന്റെ അനിവാര്യതയിലേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർടി എത്തിച്ചേർന്നത്.


​സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരായ സമരത്തിൽ മുതലാളിത്തവർഗത്തിലെ ജനാധിപത്യവിഭാഗവുമായി സഖ്യം ചേരേണ്ടതിന്റെ പ്രാധാന്യം ഈ അനുഭവങ്ങളിൽനിന്നാണ് മാവോ ഉൾക്കൊള്ളുന്നത്. 1871ലെ പാരിസ് കമ്യൂണിന്റെ അനുഭവപാഠങ്ങളെ വിശകലനം ചെയ്യുമ്പോൾ തൊഴിലാളിവർഗം മറ്റ് വിഭാഗങ്ങളുമായി സഖ്യം ചേരേണ്ടതിന്റെ പ്രാധാന്യം മാർക്സ് എടുത്തുപറഞ്ഞതും ഇവിടെ ഓർക്കേണ്ടതുണ്ട്. പിന്നാക്കംകിടക്കുന്ന സമൂഹത്തിൽ വിപ്ലവപാർടികൾ അവിടെയുള്ള കർഷകരെ അടിസ്ഥാനമാക്കുന്നതിനോടൊപ്പം ബൂർഷ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ സാമ്രാജ്യവിരുദ്ധ ഫ്യൂഡൽവിരുദ്ധ ശക്തികളുടെയും ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നിർദേശം ഉൾക്കൊണ്ടുള്ള ഇടപെടലാണ് മാവോ ചൈനയിൽ നടത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളെ വിമോചിപ്പിച്ച് നഗരങ്ങളെ വളയുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ലോങ് മാർച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആവേശകരമായ അനുഭവമാണ്.


​പിന്നാക്കപ്രദേശമായ രാജ്യത്ത്‌ സോഷ്യലിസം രൂപപ്പെടുത്തണമെങ്കിൽ അതിനുമുമ്പായി ജനകീയ ജനാധിപത്യവിപ്ലവം നടത്തേണ്ടതുണ്ട് എന്ന സമീപനമാണ് ചൈനയിൽ വികസിച്ചുവന്നത്. ഇന്ത്യൻ സാഹചര്യത്തെ വിലയിരുത്തി ആ കാഴ്ചപ്പാട് പ്രായോഗികമാക്കാനുള്ള നടപടികളാണ് സിപിഐ എം അതിന്റെ പാർടി പരിപാടിയിലൂടെ അവതരിപ്പിച്ചത്. എന്നാൽ, നക്സലൈറ്റുകളാകട്ടെ, ഇന്ത്യൻ സാഹചര്യം മനസ്സിലാക്കാതെ ചൈനയിലെ രീതി വികൃതമായി അനുകരിക്കാനാണ് ശ്രമിച്ചത്.


​പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിന് മാർക്സിസം മുന്നോട്ടുവയ്ക്കുന്നത് വൈരുധ്യാത്മക പഠനരീതിയാണ്. ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിരുദ്ധശക്തികൾ ഏറ്റുമുട്ടുന്നുണ്ട്. അവയുടെ ഐക്യം വസ്തുവിന്റെ നിലനിൽപ്പിനും സമരം അതിന്റെ മുന്നോട്ടുപോക്കിനും അനിവാര്യമാണ്. അതുകൊണ്ട് ഓരോന്നിലെയും വൈരുധ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുകയാണ് വേണ്ടത്. അതിലെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ വികസിപ്പിക്കുകയും വേണം. ഈ സമീപനത്തെ അടിസ്ഥാനപ്പെടുത്തി ചൈനീസ് സമൂഹത്തെ വിലയിരുത്തുകയാണ് മാവോ ചെയ്തത്.


​​മാവോയുടെ പ്രസിദ്ധമായ ‘വൈരുധ്യത്തെക്കുറിച്ച്’ എന്ന ഉപന്യാസം ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളെ വ്യക്തമാക്കുന്നു. സമൂഹത്തെ പഠിക്കുമ്പോൾ പ്രശ്നങ്ങളുടെ എല്ലാ വശങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം വിവിധ വർഗങ്ങളുടെ സവിശേഷതകളെയും തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മാവോ ഓർമപ്പെടുത്തുന്നു. തൊഴിലാളിവർഗത്തെമാത്രം മനസ്സിലാക്കുകയും മുതലാളിവർഗത്തെ മനസ്സിലാക്കാതെയും പോകരുത്. കർഷകരെമാത്രമല്ല, ജന്മിമാരെയും മനസ്സിലാക്കേണ്ടതുണ്ട്. ഭൂതകാലംമാത്രം അറിഞ്ഞാൽ പോരാ, ഭാവിയെയും മനസ്സിലാക്കേണ്ടതുണ്ട്. പോരായ്മകൾമാത്രമല്ല, നേട്ടങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.


"ഒരുഭാഗംമാത്രം കാണുകയും മുഴുവനായത് കാണാതിരിക്കുകയും ചെയ്യുക എന്നും മരങ്ങൾമാത്രം കാണുകയും വനം കാണാതിരിക്കുകയും ചെയ്യുക എന്നും ഇതിനെ വിശേഷിപ്പിക്കാം. ഈ മാർഗം അവലംബിച്ചാൽ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിനുള്ള രീതി കണ്ടെത്തുക അസാധ്യമാണ്. വിപ്ലവത്തിന്റെ കടമകൾ പൂർത്തിയാക്കുക എന്നതും അസാധ്യമാണ്.' ഇത്തരത്തിൽ പ്രശ്നങ്ങളെ അതിന്റെ സമഗ്രതയിലാണ് കാണേണ്ടതെന്ന് മാവോ ഓർമപ്പെടുത്തുന്നു.


​ചൈനയിലെ ഒരു കഥയിലെ ഭാഗം ഇതിനായി മാവോ ഉദ്ധരിക്കുന്നുണ്ട്– "രണ്ടു ഭാഗക്കാരും പറയുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾ പ്രബുദ്ധരായിത്തീരും. ഒന്നുമാത്രം ശ്രദ്ധിച്ചാൽ ഇരുട്ടിലായിത്തീരും.' ഇത്തരത്തിൽ സമഗ്രതയോടെ പ്രശ്നങ്ങൾ വിലയിരുത്തിയാൽമാത്രമേ അവ പരിഹരിക്കാനാകൂ എന്നും മാവോ ഓർമപ്പെടുത്തുന്നു.


​പാർടിക്കകത്തെ ഇടത്–വലത് വ്യതിയാനങ്ങളെ പരാജയപ്പെടുത്തേണ്ടതിന്റെ കാര്യവും മാവോ ഓർമപ്പെടുത്തുന്നുണ്ട്. വലതുപക്ഷപരമായ പാളിച്ച ഐക്യംമാത്രം കാണുന്നു, സമരത്തെ അവഗണിക്കുന്നു. ഇടതുപക്ഷപരമായ പാളിച്ച സമരംമാത്രം കാണുകയും ഐക്യം കാണാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇടത്–വലത് വ്യതിയാനങ്ങൾക്കെതിരായി നിലപാടെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ മാവോ ഓർമപ്പെടുത്തിയത്.

​ചൈനീസ് വിപ്ലവം പൂർത്തിയാക്കിയശേഷം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനത്തിൽ വേഗംവർധിപ്പിക്കണമെന്ന കാഴ്ചപ്പാട് മാവോ അവതരിപ്പിക്കുന്നുണ്ട്. അതിനായി മഹത്തായ കുതിച്ചുചാട്ടത്തിന്റെയും സാംസ്കാരികവിപ്ലവത്തിന്റെയും പ്രസ്ഥാനങ്ങൾക്ക് മാവോ നേതൃത്വം നൽകി. എന്നാൽ, ഇത് പ്രയോഗത്തിൽ വന്നപ്പോൾ വലിയ പാളിച്ചയാണ് സംഭവിച്ചത്. പാർടി വൈസ് ചെയർമാനും റിപ്പബ്ലിക്കിന്റെ ചെയർമാനുമായ ലിഷ്വാഹിയടക്കമുള്ള നിരവധിപേർ ജയിലിൽ കിടന്ന് മരിച്ചു.


​ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ലോക പരിസ്ഥിതിയെ വിശകലനം ചെയ്യുന്നതിനായി മുന്നോട്ടുവച്ച മാവോയുടെ മൂന്നുലോക സിദ്ധാന്തം സംബന്ധിച്ച കാഴ്ചപ്പാട് തെറ്റായിരുന്നു. ഒന്നാംലോകം എന്ന നിലയിൽ അമേരിക്കൻ സാമ്രാജ്യത്വത്തെയും സോവിയറ്റ് യൂണിയനെയും ഒന്നായി കണ്ടു. രണ്ടാമത്തേത്, വികസിത മുതലാളിത്തരാഷ്ട്രം എന്നനിലയിൽ രാജ്യങ്ങളെ കണ്ടു. മൂന്നാംലോകമായി, വികസ്വര മുതലാളിത്ത രാജ്യങ്ങളെയാണ് വിശേഷിപ്പിച്ചത്. ഈ ത്രിലോക സിദ്ധാന്തം സോഷ്യലിസത്തിന്റെ അസ്തിത്വത്തെത്തന്നെ തകർത്തു. ഈ കാഴ്ചപ്പാടുകൾ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കകത്തുതന്നെ വലിയ ഭിന്നതകളിലേക്ക് എത്തിച്ചു.


​മാവോയുടെ കാലശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 11–ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനറി യോഗം മാവോയുടെ പ്രവർത്തനത്തെ വിലയിരുത്തി. സ്റ്റാലിന്റെ സംഭാവനകളെ ഉൾക്കൊള്ളാതെയുള്ള ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ റഷ്യയിലെ കമ്യൂണിസ്റ്റ് പാർടി നടത്തിയ വിമർശങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്. മാവോയുടെ നേതൃഗുണവും ദൗർബല്യങ്ങളുമെല്ലാം വിലയിരുത്തിയുള്ള വിശകലനമായിരുന്നു അത്. സാംസ്കാരികവിപ്ലവത്തിനുണ്ടായ ഇടതുപക്ഷപിശകിന് ഉത്തരവാദി മാവോയാണ്. ഭരണകൂടത്തിന് ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കുന്നതിന് മാവോ ശ്രദ്ധിച്ചിരുന്നുവെങ്കിലും സാംസ്കാരികവിപ്ലവത്തിന്റെ കാലത്ത് ഗുരുതരമായ പിശകുകളാണ് ഉണ്ടായതെന്നും ചൈനീസ് പാർടി വിലയിരുത്തി. മാവോയുടെ കഴിവുകളെ അംഗീകരിച്ചുകൊണ്ടും സംഭാവനകളെ ഉൾക്കൊണ്ടുമുള്ള വിലയിരുത്തലായിരുന്നു ഇത്.

​മാർക്സിസത്തിനും ലെനിനിസത്തിനും, ചൈനയിൽ നിലനിന്നിരുന്ന മൂർത്തമായ പരിതസ്ഥിതിയിൽ അത് പ്രയോഗിക്കുന്നതിനും മാവോ നൽകിയ സംഭാവന എക്കാലവും വിലമതിക്കപ്പെടുന്നതാണ്. മാവോ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പുതിയ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പ്രവർത്തനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി നടത്തുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ വികാസത്തെ ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്തി മുന്നേറുകയെന്ന, ഡെങ്‌ സിയാവോ പിങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ച കാഴ്ചപ്പാട് ആധുനിക കാലത്തെ സോഷ്യലിസ്റ്റ് നിർമാണപ്രക്രിയയിലെ പുതിയ ചുവടുവയ്‌പാണ്. ലെനിൻ മുന്നോട്ടുവച്ച പുത്തൻ സാമ്പത്തികനയത്തിന്റെ കാഴ്ചപ്പാടുകൾ ഇതിന് അടിത്തറയായിട്ടുണ്ട് എന്നു കാണാം.


​പുതിയ ഇത്തരം ഇടപെടലുകൾ ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അഴിമതി ഉൾപ്പെടെയുള്ള ചില ദൗർബല്യങ്ങൾ പാർടിയിലും സർക്കാരിലും ഉണ്ടാക്കിയ കാര്യങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർടിതന്നെ വിലയിരുത്തിയിട്ടുണ്ട്. അവ പരിഹരിക്കാനുള്ള പ്രവർത്തനത്തിൽ അവർ വ്യാപൃതരായിരിക്കുകയാണ്. ഇന്ന്‌, ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ കാലത്ത് ചൈനയുടെ സാന്നിധ്യവും നിലപാടും മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home